ഫലപ്രദമായ മുഖവുരകൾ
1 നാം വീടുതോറുമുളള വേലയിൽ ഏർപ്പെടുമ്പോൾ “ഞാൻ ആദ്യം എന്തു പറയും?” എന്ന ചോദ്യം നമ്മെ നിരന്തരം അഭിമുഖീകരിക്കുന്നു. വയൽസേവനത്തിൽ നല്ല ഫലം ലഭിക്കുന്ന അനുഭവസമ്പന്നരായ പ്രസാധകർ സഹായകമായ നിരവധി നിർദ്ദേശങ്ങൾ നൽകുന്നു. ഇവയിൽ ചിലത് ഏവയാണ്?
2 ഒന്നാമതായി, നാം സംസാരിക്കുന്ന ആളുകളിൽ നമുക്ക് ആത്‌മാർത്ഥമായ താത്‌പര്യമുണ്ടായിരിക്കുന്നത് പ്രധാനമാണ്. അങ്ങനെയുളള വ്യക്തിപരമായ താത്‌പര്യം വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാക്കപ്പെടുന്നു. വീട്ടുകാരന്റെ വീക്ഷണഗതി പരിഗണിക്കുന്നത് പ്രധാനമാണ്. ഉചിതമായ ചോദ്യങ്ങൾ ചോദിക്കുകയും അനന്തരം അയാളുടെ ഉത്തരം ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യുക. തീർച്ചയായും നാം ചർച്ചചെയ്യുന്ന വിഷയം പരിചിന്തിക്കുന്നതിനാൽ അയാൾക്കെങ്ങനെ പ്രയോജനം നേടാൻ കഴിയുമെന്ന് കാണാൻ നാം വീട്ടുകാരനെ സഹായിക്കാൻ ശ്രമിക്കണം.
അവരുടെ വീക്ഷണഗതി പരിഗണിക്കുക
3 സുഖാറിനു സമീപമുളള ഒരു കിണററിങ്കൽ നിന്ന ശമര്യ സ്‌ത്രീയോട് യേശു സാക്ഷീകരിച്ചുകൊണ്ടിരുന്നപ്പോൾ അവന്റെ പ്രസ്‌താവനകളിൽ ചിലത് അവൾക്ക് വിചിത്രമായിത്തോന്നി. അവ അവളുടെ ചിന്തയോടൊ അവളുടെ ആരാധനാരീതിയോടൊ യോജിപ്പിലല്ലായിരുന്നു. യേശു ശ്രദ്ധിച്ചുകേട്ടിരുന്നു. ഒരു മറുപടി പറഞ്ഞപ്പോൾ അവൾ പറഞ്ഞതിനെ അവൻ പരിഗണനയിൽ എടുത്തു. അവളെ സഹായിക്കാൻ അവൻ ആഗ്രഹിച്ചു. (യോഹ. 4:13, 14, 19-26.) നാം സാക്ഷ്യവേലയിൽ പങ്കെടുക്കുമ്പോൾ നാം യേശുവിന്റെ ദൃഷ്‌ടാന്തം പിൻതുടരാൻ ശ്രമിക്കുന്നുണ്ടോ?
4 “എനിക്കെന്റെ സ്വന്തം മതമുണ്ട്” എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ പ്രാരംഭവാക്കുകളോട് നിങ്ങളുടെ പ്രദേശത്തെ ആളുകൾ പ്രതികരിക്കുന്നുവെങ്കിൽ നിങ്ങൾക്കെന്തുചെയ്യാം? “നീതിമാന്റെ ഹൃദയം ഉത്തരം പറയാൻവേണ്ടി ധ്യാനിക്കുന്നു” എന്ന് ബൈബിളെഴുത്തുകാരൻ പറഞ്ഞു. (സദൃശ. 15:28) നിങ്ങളിതു ചെയ്യുന്നുവോ? ഈ തിരുവെഴുത്തിലെ തത്വം മനസ്സിൽ പിടിച്ചുകൊണ്ട് ന്യായവാദം പുസ്‌തകത്തിന്റെ 18-19 പേജുകളിലെ വിവരങ്ങൾ നിങ്ങൾ പരിചിന്തിച്ചിട്ടുണ്ടോ? നിങ്ങളുടെ മുഖവുരകൾ കൂടുതൽ ഫലപ്രദമാക്കാൻ പഠിക്കുന്നതിന് വയൽസേവനത്തിൽ ഫലപ്രദരായ പ്രസാധകരുമൊത്ത് നിങ്ങൾക്കു പ്രവർത്തിക്കാവുന്നതുമാണ്.
5 തങ്ങൾക്കു സ്വന്തം മതമുണ്ടെന്നുളള തടസ്സവാദം അനേകർ ഉപയോഗിക്കുന്ന പ്രദേശങ്ങളിൽ അവരുടെ പ്രസ്‌താവന പ്രതീക്ഷിക്കുന്നതും ആദ്യം തന്നെ ആ വിഷയം ഉന്നയിക്കുന്നതും പ്രയോജനകരമായിരുന്നേക്കാം. ദൃഷ്‌ടാന്തത്തിന് പ്രാരംഭ അഭിവാദ്യത്തിനുശേഷം “നിങ്ങൾക്കു സ്വന്തം മതമുണ്ടോ? [അവരുടെ മറുപടി ശ്രദ്ധിക്കുക.] നിങ്ങൾക്കുണ്ടായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. കാരണം ഈ പ്രദേശത്തുളള മിക്കവർക്കുമുണ്ട്. എന്നിരുന്നാലും, ഇന്നു രാവിലെ ഞാൻ സന്ദർശിക്കുന്നതിന്റെ കാരണം. . . ” എന്നു നിങ്ങൾക്കു പറയാവുന്നതാണ്. പിന്നീട് നിങ്ങൾ ചർച്ചചെയ്യാൻ ആഗ്രഹിക്കുന്ന വിഷയം തുടരുക.
6 “ഞാൻ തിരക്കിലാണ്” എന്ന് അനേകം വീട്ടുകാർ പറയുന്നുവെങ്കിൽ ന്യായംവാദം പുസ്‌തകത്തിന്റെ 19-20 പേജുകളിൽ പ്രകാശിപ്പിച്ചിരിക്കുന്ന ഒന്നോ അധികമോ ആശയങ്ങൾ നിങ്ങൾക്കു തിരഞ്ഞെടുക്കാവുന്നതും അവയെ നിങ്ങളുടെ പ്രദേശത്തിന്റെ ആവശ്യങ്ങൾക്കനുസരണമായി പൊരുത്തപ്പെടുത്താവുന്നതുമാണ്. കൂടെകൂടെ കേൾക്കുന്ന തടസ്സവാദങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് ഈ ആശയങ്ങളെ വ്യത്യാസപ്പെടുത്തി ഉപയോഗിക്കാവുന്നതാണ്.
ന്യായവാദം പുസ്‌തകത്തിൽനിന്ന് മുഖവുരകൾ ഉപയോഗിക്കൽ
7 ന്യായവാദം പുസ്‌തകത്തിന്റെ 9-15 പേജുകളിലെ മുഖവുരകൾ ഉപയോഗിക്കുന്നതിൽ അനേകർക്കും നല്ല വിജയം ലഭിക്കുന്നുണ്ട്. ഇവ ആനുകാലികസംഭവങ്ങൾ, വ്യക്തിപരമായ സുരക്ഷിതത്വം, തൊഴിൽ, ഭവനം, കുടുംബജീവിതം, ഭാവി എന്നിങ്ങനെ ആളുകൾക്ക് സാധാരണയായി താത്‌പര്യമുളള വിഷയങ്ങളെ സംബന്ധിക്കുന്നതാണെന്ന് നിങ്ങൾ കണ്ടെത്തും. എന്നിരുന്നാലും, ന്യായവാദം പുസ്‌തകത്തിലെ നിർദ്ദിഷ്‌ട മുഖവുരകളുടെ വാചകരീതി സ്വയം ആശയപ്രകടനം നടത്താൻ വീട്ടുകാരനെ ക്ഷണിക്കുന്നുവെന്നും കുറിക്കൊളളുക. അവതരിപ്പിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും അത് അയാളെ വ്യക്തിപരമായി ബാധിക്കുന്നുവെന്നും മനസ്സിലാക്കാൻ അത് അയാളെ സഹായിക്കുന്നു. ഈ മുഖവുരകളുടെ ഫലപ്രദമായ ഉപയോഗം കൂടുതൽ സാധാരണമായ തടസ്സവാദങ്ങളിൽ ചിലത് ഉപയോഗിക്കുന്നതിൽനിന്ന് വീട്ടുകാരെ തടഞ്ഞേക്കാം.
8 നിങ്ങളുടെ പ്രദേശത്ത് ഏററവും ഫലപ്രദമായിരിക്കുമെന്ന് നിങ്ങൾ വിശ്വസിക്കുന്ന മുഖവുരകളെക്കുറിച്ചു ശ്രദ്ധാപൂർവം ചിന്തിക്കുക. ന്യായവാദം പുസ്‌തകത്തിലെ മുഖവുരകൾ ഉപയോഗിക്കാൻ പഠിക്കുക. മററു പ്രസാധകരുടെ അനുഭവത്തിൽനിന്ന് പ്രയോജനം നേടുക. നിങ്ങളുടെ ശ്രമങ്ങളിൽമേൽ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർത്ഥിക്കുക. നല്ല ശ്രമവും യഹോവയുടെ അനുഗ്രഹവുമുണ്ടെങ്കിൽ നിങ്ങളുടെ പ്രദേശത്തെ കൂടുതൽ ആളുകൾ രക്ഷയുടെ സുവാർത്തയോട് അനുകൂലമായി പ്രതിവർത്തിച്ചേക്കാം.