കൂടെക്കൂടെ പ്രവർത്തിച്ചു തീരുന്ന പ്രദേശംപ്രവർത്തിക്കൽ
1 ചില സഭകൾ അവയുടെ പ്രദേശം ആവർത്തിച്ചാവർത്തിച്ചു പ്രവർത്തിക്കുന്നുവെന്നുളള റിപ്പോർട്ടുകൾ ലഭിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. (മത്താ. 24:14; 1 തിമൊ. 2:3, 4) ഇത് അസാധാരണമായ ഒരു വെല്ലുവിളി ഉയർത്തുന്നുവെങ്കിലും, ഉയർന്നുവരുന്ന വ്യത്യസ്ത സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ നാം നല്ലവണ്ണം ഒരുക്കമുളളവരും സജ്ജരുമാണെങ്കിൽ ഇതിനെ വിജയപ്രദമായി നേരിടാൻ കഴിയുമെന്ന് അനുഭവം തെളിയിച്ചിരിക്കുന്നു.
2 ഫലപ്രദമായ മുഖവുരകളാണു താക്കോൽ: നന്നായി ചിന്തിച്ചെടുത്ത ഒന്നോ അതിലധികമോ മുഖവുരകൾ ഉപയോഗിക്കാൻ സജ്ജരായിരിക്കുന്നതു വളരെ പ്രധാനമാണ്. നാം ആവർത്തിച്ചാവർത്തിച്ചു സന്ദർശനം നടത്തുന്നതിന്റെ അടിയന്തിര കാരണങ്ങളെ വ്യക്തമാക്കുന്ന പ്രസ്താവനകൾ അവയിൽ ഉണ്ടായിരിക്കണം.
3 ഉപയോഗിക്കുന്നതിന് അനുയോജ്യമായ മുഖവുരകളുടെ ധാരാളം നല്ല മാതൃകകൾ ന്യായവാദം പുസ്തകം നൽകുന്നു. അതിന്റെ 15-ാം പേജിൽ “കൂടെക്കൂടെ പ്രവർത്തിക്കപ്പെടുന്ന പ്രദേശത്ത്” എന്ന തലക്കെട്ടിൻ കീഴിൽ മൂന്നു മുഖവുരകൾ പട്ടികപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ പ്രദേശത്ത് ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നവ പരിശീലിച്ചു നോക്കുക.
4 കൂടെക്കൂടെ പ്രവർത്തിച്ചു തീരുന്ന പ്രദേശത്തു സംഭാഷണങ്ങൾക്കു തുടക്കമിടാൻ പ്രാദേശിക വർത്തമാനപത്രത്തിൽനിന്നുളള ഇനങ്ങൾ ഉപയോഗിക്കുന്നതിൽ ചില പ്രസാധകർ വിജയം കണ്ടെത്തുന്നു. ഇത് എങ്ങനെ ചെയ്യാമെന്നതിനു ന്യായവാദം പുസ്തകം മൂന്ന് ഉദാഹരണങ്ങൾ തരുന്നു. 10-ാം പേജിലുളള “കുററകൃത്യം⁄സുരക്ഷിതത്വം” എന്ന തലക്കെട്ടിനു കീഴിലുളള രണ്ടാമത്തെ മുഖവുരയും 11-ാം പേജിലുളള “ആനുകാലിക സംഭവങ്ങൾ” എന്ന തലക്കെട്ടിനു കീഴിലുളള ആദ്യത്തെ രണ്ടു മുഖവുരകളും പരിചിന്തിക്കുക.
5 നിങ്ങൾ തയ്യാറാക്കുന്ന മുഖവുരകൾ: ന്യായവാദം പുസ്തകത്തിൽ കൊടുത്തിരിക്കുന്ന മുഖവുരകളോടു സമാനമാക്കിയ ആമുഖ പ്രസ്താവനകൾ വികസിപ്പിക്കാനും ഉപയോഗിക്കാനും മടിക്കാതിരിക്കുക. ഇവ നിങ്ങളുടെ സ്വാഭാവികമായ വിധത്തിലും നിങ്ങളുടെ സ്വന്തം വാക്കുകളിലും പ്രകടിപ്പിക്കുക. വയലിൽ ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങൾക്ക് അവ അനുഭവപരിചയമുളള ഒരു പ്രസാധകനോടൊത്തു പരിശീലിച്ചുനോക്കാവുന്നതാണ്.
6 ദൃഷ്ടാന്തത്തിനു നിങ്ങൾ ഇതുപോലെ പറഞ്ഞേക്കാം:
◼“കഴിഞ്ഞ വാരത്തിൽ ഞങ്ങൾ നിങ്ങളെ സന്ദർശിച്ചതിനുശേഷം [ജനസമുദായത്തിൽ ആളുകളുടെ സംസാരവിഷയമായിരിക്കുന്ന ഒരു സംഭവം പരാമർശിക്കുക]. കാരണം നാമെല്ലാം ഒരു വിധത്തിൽ അല്ലെങ്കിൽ മറെറാരു വിധത്തിൽ ബാധിക്കപ്പെട്ടിരിക്കുന്നു, നമ്മുടെ അയൽക്കാരിൽ പലരും വലിയ ഉത്കണ്ഠ പ്രകടിപ്പിച്ചിരിക്കുന്നു. ഒരുപക്ഷേ ഇതു സംബന്ധിച്ചു നിങ്ങളും ചിന്തിച്ചിട്ടുണ്ടായിരിക്കാം. [സാധ്യതയുളള പ്രതികരണത്തിനായി ചെറുതായൊന്നു നിർത്തുക.] ഈ സ്ഥിതിവിശേഷം സംബന്ധിച്ച് എന്തെങ്കിലും ചെയ്യാനാകുമെന്നു നാം തീർച്ചയായും പ്രത്യാശിക്കുന്നു. എന്നിരുന്നാലും, ഒരു ശാശ്വത പരിഹാരത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ യിരെമ്യാ പ്രവാചകൻ 10-ാം അധ്യായത്തിന്റെ 23-ാം വാക്യത്തിൽ എഴുതിയതിനോടു നിങ്ങൾ യോജിക്കില്ലേ?” ആ തിരുവെഴുത്തു വായിച്ചശേഷം വീട്ടുകാരന്റെ അഭിപ്രായങ്ങൾ മനസ്സിലാക്കുക, അതിനുശേഷം ചർച്ചാവിഷയമായ പ്രത്യേക പ്രശ്നം യഹോവ എങ്ങനെ പരിഹരിക്കുമെന്നു കാണിക്കുന്ന ഒരു തിരുവെഴുത്തിലേക്കു ശ്രദ്ധ തിരിക്കുക.
7 അല്ലെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼“നിങ്ങൾ ഇന്നത്തെ വാർത്തയിൽ [ഒരു പ്രത്യേക സംഭവം പരാമർശിക്കുക] ശ്രദ്ധിച്ചുവെന്നതിനു സംശയമില്ല. ഇതു നമ്മെയെല്ലാം ബാധിക്കുന്നു എന്നതിനോടു നിങ്ങൾ ഒരുപക്ഷേ യോജിക്കുമായിരിക്കും. [സാധ്യതയുളള പ്രതികരണത്തിനായി ചെറുതായൊന്നു നിർത്തുക.] ഒരു താത്കാലിക പരിഹാരവുമായി അധികാരികൾ രംഗത്തെത്തുമെന്നു നമുക്കു പ്രതീക്ഷിക്കാവുന്നതാണ്; എന്നാൽ ഈ പ്രശ്നം എല്ലാക്കാലത്തേക്കുമായി എങ്ങനെ പരിഹരിക്കപ്പെടുമെന്നു ബൈബിൾ പ്രകടമാക്കുന്നു.” ദൈവം ചെയ്യാൻ പോകുന്ന കാര്യത്തെ വിശദീകരിക്കുന്ന ഒരു പ്രത്യേക തിരുവെഴുത്തിലേക്കു ശ്രദ്ധ തിരിക്കുക.
8 “നിങ്ങൾ ഇത്ര കൂടെക്കൂടെ സന്ദർശിക്കുന്നത് എന്തിനാണ്?” സാധ്യതയുളള ഈ സംഭാഷണം മുടക്കിയോടു പ്രതികരിക്കാവുന്ന ഉചിതമായ വിധങ്ങൾ ന്യായവാദം പുസ്തകത്തിന്റെ 20-ാം പേജിലെ “നിങ്ങൾ ഇത്ര കൂടെക്കൂടെ സന്ദർശിക്കുന്നത് എന്തിനാണ്?” എന്ന തലക്കെട്ടിൻ കീഴിൽ കൊടുത്തിരിക്കുന്നു. ദൈവത്തോടും അയൽക്കാരനോടുമുളള യഥാർഥ സ്നേഹമാണു മററുളളവരെ സാധ്യമാകുന്നിടത്തോളം കൂടെക്കൂടെ സന്ദർശിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇതു വിലമതിക്കാൻ മററുളളവരെ സഹായിക്കാനുളള ഏതവസരവും ഉപയോഗിച്ചുകൊണ്ട്—നമ്മോട് ആവശ്യപ്പെടാതെപോലും—നല്ലൊരു സാക്ഷ്യം കൊടുക്കാൻ നമുക്കു കഴിയും. ഈ സംഗതിയിൽ യോഹന്നാൻ 21:15-17-ലെ യേശുവിന്റെ വാക്കുകളെക്കുറിച്ചുളള ഒരു ചർച്ച വളരെ പ്രയോജനപ്രദമാണെന്നു തെളിയും.
9 മതി എന്നു യഹോവ പറയുന്നതുവരെ കൂടെക്കൂടെ പ്രവർത്തിച്ചു തീരുന്ന പ്രദേശം പ്രവർത്തിക്കുകയെന്ന വെല്ലുവിളി നമുക്കു നേരിടാം. ഈ ദൃഢതീരുമാനം ഉണ്ടായിരിക്കുന്നെങ്കിൽ അവിടുത്തെ മാർഗനിർദേശവും സംരക്ഷണവും അനുഗ്രഹവും അന്ത്യത്തോളം ഉണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും.—മത്താ. 28:19, 20.