പുരാതന ഇസ്രായേലിലെ നൃത്തങ്ങൾ
ഒരു മന്ദതാളക്രമത്തിൽ തുടങ്ങി ഭ്രാന്തമായ ഉന്മാദാവസ്ഥവരെ എത്താവുന്ന, മിക്കപ്പോഴും സംഗീതത്തിന്റെ അകമ്പടിയോടെയുള്ള താളലയാത്മകമായ അംഗവിക്ഷേപങ്ങൾ. ഒരാളുടെ വികാരങ്ങളുടെയും ഭാവഹാവാദികളുടെയും—പലപ്പോഴും സന്തോഷം, ആനന്ദനിർവൃതി എന്നിവയുടെയും അപൂർവമായി വിദ്വേഷം, പ്രതികാരം (യുദ്ധനൃത്തങ്ങളിൽ പ്രകടിപ്പിക്കുന്നതുപോലെ) എന്നിവയുടെയും—പ്രകടനമാണു നൃത്തം. നൃത്തത്തിൽ പ്രകടിപ്പിക്കുന്ന വികാരാനുഭൂതികൾ അനുയോജ്യവർണങ്ങളിലുള്ള വേഷഭൂഷാദികൾ, അതോടൊപ്പമുള്ള പ്രത്യേക അർഥങ്ങളുള്ള തൊങ്ങലുകൾ എന്നിവയാൽ തീവ്രമാക്കപ്പെടുന്നു.
നൃത്തകലയുടെ ആവിർഭാവം വളരെ പുരാതനമാണ്. അതിപ്രാചീനകാലം മുതൽക്കേ തങ്ങളുടെ വികാരാനുഭൂതികളുടെ പ്രകാശനത്തിനുള്ള ഒരു മാധ്യമമെന്നനിലയിൽ എല്ലാ ജനവർഗങ്ങളും തന്നെ അതുപയോഗപ്പെടുത്തിയിരുന്നു, പ്രത്യേകിച്ചും ആരാധനയിൽ. “നൃത്തംചെയ്യൽ,” “വർത്തുളനൃത്തം” “നൃത്തം,” “ചുറ്റും നൃത്തംചെയ്യുക,” “തുള്ളിക്കളിക്കുക” എന്നിങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്ന നിരവധി പദപ്രയോഗങ്ങൾ എബ്രായതിരുവെഴുത്തുകളിലുണ്ട്.
ഈജിപ്തുകാരെ നശിപ്പിച്ചസമയത്തു യഹോവയുടെ വിശ്വാസോദ്ദീപകമായ ശക്തിപ്രകടനത്തിനു സാക്ഷ്യംവഹിച്ചുകഴിഞ്ഞപ്പോൾ ഇസ്രായേലിലെ നർത്തകർ യഹോവക്ക് അവരുടെ ഹൃദയപൂർവകമായ നന്ദിയും സ്തുതിയും പ്രകാശിപ്പിച്ചു. പുരുഷന്മാർ മോശയോടൊപ്പം ഒരു ജയഗീതം ആലപിച്ചപ്പോൾ മിര്യാം തപ്പുകൊട്ടിക്കൊണ്ടു നൃത്തംചെയ്യുന്ന സ്ത്രീകളെ നയിച്ചു. (പുറപ്പാടു 15:1, 20, 21) ആഴമായ മതവികാരങ്ങളാൽ പ്രേരിതമായ മറ്റൊരു വിജയനൃത്തം അമ്മോന്യരെ കൈകളിൽ ഏല്പിച്ചുകൊടുത്തതിനു യഹോവയെ സ്തുതിച്ചുകൊണ്ടിരുന്ന തന്റെ പിതാവിനോടൊപ്പം ചേരാൻവേണ്ടി വന്ന യിഫ്താഹിന്റെ മകളുടേതാണ്. (ന്യായാധിപന്മാർ 11:34) യഹോവ ഫെലിസ്ത്യരുടെമേൽ വിജയം വരിച്ചുകഴിഞ്ഞപ്പോൾ ഇസ്രായേലിലെ സ്ത്രീകൾ വീണയുടെയും തപ്പിന്റെയും സംഗീതത്തിനൊപ്പിച്ചു നൃത്തംചെയ്തുകൊണ്ട് യുദ്ധം കഴിഞ്ഞു മടങ്ങിവന്ന ശൗലിനെയും ദാവീദിനെയും വരവേറ്റു. (1 ശമൂവേൽ 18:6, 7; 21:11; 29:5) യഹോവയുടെ ആരാധനയോടനുബന്ധിച്ചുണ്ടായിരുന്ന ചില വാർഷികാഘോഷങ്ങളിൽ നൃത്തത്തിന് ഒരു പങ്കുണ്ടായിരുന്നു. (ന്യായാധിപന്മാർ 21:19-21, 23) സങ്കീർത്തനങ്ങളും നൃത്തത്തെ യഹോവയെ ബഹുമാനിക്കുന്നതിനും സ്തുതിക്കുന്നതിനുമുള്ള ഒരു മാർഗമായി സാക്ഷ്യപ്പെടുത്തുന്നു. “യഹോവയെ സ്തുതിപ്പിൻ . . . അവർ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീർത്തനം ചെയ്യട്ടെ.” “തപ്പിനോടും വർത്തുളനൃത്തത്തോടും കൂടെ അവനെ സ്തുതിക്കുക.”—സങ്കീർത്തനങ്ങൾ 149:1, 3; 150:4, NW.
നിയമപെട്ടകം യെരുശലേമിലെത്തിയ സന്ദർഭം വളരെ മഹത്തായ ഒന്നായിരുന്നു, പ്രത്യേകിച്ചു ദാവീദിന്. അവൻ ആവേശഭരിതമായ ഒരു നൃത്തത്തിലൂടെ തന്റെ ഹൃദയവികാരങ്ങൾ പ്രകടിപ്പിച്ചു. “ദാവീദ് . . . പൂർണശക്തിയോടെ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്തു . . . യഹോവയുടെ മുമ്പാകെ കുതിച്ചു നൃത്തം ചെയ്യുന്നതു” കണ്ടു. (2 ശമൂവേൽ 6:14-17) അതിന്റെ സമാന്തരവാക്യത്തിൽ ദാവീദ് “തുള്ളിച്ചാടുന്ന”തായി വർണിക്കുന്നു.—1 ദിനവൃത്താന്തം 15:29, NW.
ഇസ്രായേലിൽ നൃത്തപ്രകടനങ്ങൾ സംഘങ്ങളായിട്ടായിരുന്നു നടത്തിയിരുന്നത്, പ്രത്യേകിച്ചു സ്ത്രീകൾ. പുരുഷന്മാർ നൃത്തത്തിൽ പങ്കുചേരുമ്പോൾ അവർ പ്രത്യേകസംഘങ്ങളായിരുന്നു; അവരുടെ നൃത്തങ്ങളിൽ സ്ത്രീപുരുഷന്മാർ ഇടകലർന്നു കളിക്കാറേയില്ലായിരുന്നു. നൃത്തങ്ങളിൽ ഘോഷയാത്രകൾപോലെയുള്ളവയും വർത്തുളമായവയും ഉണ്ടായിരുന്നു. എന്നാൽ ഈ രീതികൾ അവയെ വിജാതീയരുടെ ഘോഷയാത്രാനൃത്തങ്ങളോ വർത്തുളനൃത്തങ്ങളോ പോലെയാക്കി മാറ്റിയില്ല. (ന്യായാധിപന്മാർ 21:21; 2 ശമൂവേൽ 6:14-16) നൃത്തങ്ങൾക്കു പിന്നിലുള്ള യഥാർഥ പ്രചോദനങ്ങളും ലക്ഷ്യങ്ങളും, നൃത്തത്തിന്റെ പ്രഖ്യാപിത ഉദ്ദേശ്യം, നൃത്തം ചെയ്യുന്നവരുടെ അംഗചലനങ്ങൾ, അത്തരം അംഗവിക്ഷേപങ്ങൾ കാണികൾക്കു പകർന്നുകൊടുക്കുന്ന ആശയങ്ങൾ എന്നിവയാണു നൃത്തരൂപങ്ങളുടെ സമാനതകൾ താരതമ്യം ചെയ്യുമ്പോൾ പരിഗണിക്കേണ്ട പ്രധാനപ്പെട്ട സംഗതികൾ.