ശുദ്ധമായ കൈകളോടെ യഹോവയെ ആരാധിക്കുവിൻ
സങ്കീർത്തനക്കാരനായ ദാവീദ് നിശ്വസ്തതയിൽ ഇങ്ങനെ പാടി: “ഞാൻ കുറ്റമില്ലായ്മയിൽ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാൻ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.”—സങ്കീർത്തനം 26:6.
ഈ വാക്കുകൾ രചിച്ചപ്പോൾ ദാവീദ്, ഇസ്രായേലിലെ ലേവ്യ പുരോഹിതന്മാർ യാഗപീഠത്തിലേക്കുള്ള ചെരിഞ്ഞ പ്രതലത്തിലൂടെ കയറിപ്പോയി തങ്ങളുടെ യാഗവസ്തുക്കൾ തീയിൽ വയ്ക്കുന്ന ആചാരത്തെ പരോക്ഷമായി പരാമർശിക്കുകയായിരുന്നിരിക്കാം. എന്നാൽ ഇത്തരം ആരാധനാക്രിയ അനുഷ്ഠിക്കുന്നതിനു മുമ്പു പുരോഹിതന്മാർ തങ്ങളുടെ കൈകാലുകൾ കഴുകണമായിരുന്നു. ഇത് അപ്രധാനമായ ഒരു വിശദാംശമായിരുന്നില്ല. ഈ പ്രാരംഭനടപടി കൈക്കൊള്ളാതിരിക്കുന്ന പുരോഹിതനു തന്റെ ജീവൻ വിലയൊടുക്കേണ്ടി വരുമായിരുന്നു!—പുറപ്പാടു 30:18-21.
പ്രതീകാത്മക കഴുകൽ ആത്മീയവും ധാർമികവുമായ ശുദ്ധിയിൽ കലാശിക്കുന്നു. (യെശയ്യാവു 1:16; എഫെസ്യർ 5:26) ഇന്നു നാം യഹോവയെ സേവിച്ചുകൊണ്ട് ‘അവന്റെ യാഗപീഠത്തെ വലംവെക്കുന്ന’തിന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ നാം ശുദ്ധമായ കൈകളോടെ, ദാവീദ് പറഞ്ഞതുപോലെ, “കുറ്റമില്ലായ്മയിൽ” കഴുകിയ കൈകളോടെ അതു ചെയ്യാൻ അവൻ നിഷ്കർഷിക്കുന്നു. അതു കാര്യഗൗരവമില്ലാത്ത നിബന്ധനയല്ല, എന്തുകൊണ്ടെന്നാൽ അശുദ്ധ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല. (ഗലാത്യർ 5:19-21) ദൈവിക വേലയിൽ ജീവിതം നയിക്കുന്നത് അധാർമിക നടത്തയിൽ ഏർപ്പെടുന്നതിന് ഒരുവന് അനുവാദം നൽകുന്നില്ല. അതുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻ തന്നേ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന്നു എന്റെ ശരീരത്തെ ദണ്ഡിപ്പിച്ചു അടിമയാക്കുകയത്രേ ചെയ്യുന്നതു.”—1 കൊരിന്ത്യർ 9:27.
ദിവ്യാംഗീകാരവും യഥാർഥ സന്തുഷ്ടിയും തേടുന്നവർ ശുദ്ധമായ കൈകളോടെ യഹോവയെ സേവിച്ചേ പറ്റൂ. ദാവീദിനെപ്പോലെ അവരും “ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടും” കൂടെ നടക്കുന്നു.—1 രാജാക്കന്മാർ 9:4.