യഹോവയുടെ ആടുകൾക്ക് ആർദ്രമായ പരിപാലനം ആവശ്യമാണ്
‘യഹോവ തന്നേ ദൈവം എന്നറിവിൻ; നാം അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.’—സങ്കീർത്തനം 100:3.
1. യഹോവ തന്റെ ദാസന്മാരോട് എങ്ങനെയാണ് ഇടപെടുന്നത്?
യഹോവ വലിയ ഇടയനാണ്. നാം അവന്റെ ദാസരാണെങ്കിൽ, അവൻ നമ്മെ തന്റെ ആടുകളായി വീക്ഷിച്ച് ആർദ്രമായി പരിപാലിക്കും. നമ്മുടെ സ്വർഗീയ പിതാവ് നമ്മെ ആശ്വസിപ്പിച്ച്, നവോന്മേഷപ്രദരാക്കി ‘തിരുനാമംനിമിത്തം നമ്മെ നീതിപാതകളിൽ നടത്തു’ന്നു. (സങ്കീർത്തനം 23:1-4) നല്ല ഇടയനായ യേശുക്രിസ്തു നമ്മെ വളരെയധികം സ്നേഹിക്കുന്നു, അതുകൊണ്ട് നമുക്കുവേണ്ടി അവൻ തന്റെ ദേഹിയെ അർപ്പിച്ചു.—യോഹന്നാൻ 10:7-15.
2. തങ്ങൾ ഏത് അവസ്ഥയിൽ ആയിരിക്കുന്നതായി ദൈവജനത മനസ്സിലാക്കുന്നു?
2 ആർദ്രമായ പരിപാലനം കൈപ്പറ്റുന്നവരെന്ന നിലയിൽ, സങ്കീർത്തനക്കാരനോടൊപ്പം നമുക്ക് ഇങ്ങനെ പറയാനാവും: “സന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ. യഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി; നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.” (സങ്കീർത്തനം 100:2, 3) അതേ, നാം സന്തോഷമുള്ളവരും സുരക്ഷിതരുമാണ്. ശക്തമായ കൽഭിത്തികളുള്ള ഒരു ആട്ടിൻതൊഴുത്തിൽ, കൊടിയ ഇരപിടിയന്മാരിൽനിന്നു സുരക്ഷിതരായിരിക്കുന്നതുപോലെയാണു നാം.—സംഖ്യാപുസ്തകം 32:16; 1 ശമൂവേൽ 24:3; സെഫെന്യാവു 2:6.
ആട്ടിൻകൂട്ടത്തിന്റെ മനസ്സൊരുക്കമുള്ള ഇടയന്മാർ
3. നിയമിത ക്രിസ്തീയ മൂപ്പന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് എങ്ങനെ ഇടപെടുന്നു?
3 ദൈവത്തിന്റെ ആടുകൾ എന്നനിലയിൽ നാം സന്തോഷവാന്മാരാണ് എന്നതിനു യാതൊരു സംശയവുമില്ല! നിയമിത മൂപ്പന്മാർ നമ്മുടെ ഇടയിൽ നേതൃത്വമെടുക്കുന്നു. അവർ “അധിപതിയാകാൻ,” നമ്മുടെമേൽ കർത്തൃത്വം നടത്താൻ, അഥവാ നമ്മുടെ വിശ്വാസത്തിന്റെ യജമാനന്മാർ ആകാൻ ശ്രമിക്കുന്നില്ല. (സംഖ്യാപുസ്തകം 16:13, പി.ഒ.സി. ബൈബിൾ; മത്തായി 20:25-28; 2 കൊരിന്ത്യർ 1:24; എബ്രായർ 13:7) അതിനുപകരം, പത്രോസ് അപ്പോസ്തലന്റെ ബുദ്ധ്യുപദേശം ബാധകമാക്കുന്ന സ്നേഹസമ്പന്നരായ ഇടയന്മാരാണവർ: “നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അതു നിർബന്ധംമൂലമായിരിക്കരുത്, ദൈവത്തെപ്രതി സൻമനസ്സോടെ ആയിരിക്കണം; ലാഭേച്ഛയോടെ ആയിരിക്കരുത്, തീക്ഷ്ണതയോടെ ആയിരിക്കണം; അജഗണത്തിന്റെമേൽ ആധിപത്യം ചുമത്തിക്കൊണ്ടായിരിക്കരുത്, സൻമാതൃക നല്കിക്കൊണ്ടായിരിക്കണം.” (1 പത്രോസ് 5:2, 3, പി.ഒ.സി. ബൈ.) അപ്പോസ്തലനായ പൗലോസ് സഹമൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.” പരിശുദ്ധാത്മാവിനാൽ നിയമിതരായ ഈ പുരുഷന്മാർ “ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ ഇടപെടുന്ന”തിൽ ആടുകൾ എത്ര നന്ദിയുള്ളവരാണ്!—പ്രവൃത്തികൾ 20:28-30.
4. ആട്ടിൻകൂട്ടവുമായുള്ള ഏതുതരം ബന്ധം നിമിത്തമാണു ചാൾസ് റ്റി. റസ്സൽ പരക്കെ അറിയപ്പെട്ടിരുന്നത്?
4 യഹോവയുടെ ആടുകളോട് ആർദ്രമായ വിധത്തിൽ ഇടപെടുന്ന “മനുഷ്യരാം ദാനങ്ങ”ളെ, ചിലരെ “പാസ്റ്റർമാ”രായി അഥവാ ഇടയന്മാരായി, യേശു സഭയ്ക്കു നൽകി. (എഫേസ്യർ 4:8, 11; ജയിംസ് രാജാവിന്റെ ഭാഷാന്തരം) വാച്ച് ടവർ സൊസൈറ്റിയുടെ ആദ്യ പ്രസിഡൻറായിരുന്ന ചാൾസ് റ്റി. റസ്സൽ അവരിൽ ഒരുവനായിരുന്നു. മുഖ്യ ഇടയനായ യേശുക്രിസ്തുവിന്റെ കീഴിലുള്ള ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിൽ കാട്ടിയ സ്നേഹനിർഭരവും അനുകമ്പാപൂർവകവുമായ പ്രവർത്തനങ്ങൾ നിമിത്തം അദ്ദേഹത്തെ പാസ്റ്റർ റസ്സൽ എന്നു വിളിച്ചിരുന്നു. ഇന്ന്, ക്രിസ്തീയ മൂപ്പന്മാർ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്താലാണു നിയമിക്കപ്പെടുന്നത്. എന്നാൽ, “പാസ്റ്റർ,” “മൂപ്പൻ,” അല്ലെങ്കിൽ “ഗുരു” മുതലായ പദപ്രയോഗങ്ങൾ സ്ഥാനപ്പേരുകളായി ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധ ചെലുത്തുന്നുണ്ട്. (മത്തായി 23:8-12) എന്നിരുന്നാലും, ഇക്കാലത്തെ മൂപ്പന്മാർ യഹോവയുടെ മേച്ചിൽസ്ഥലത്തെ ആടുകളുടെ പ്രയോജനത്തിനു വേണ്ടി പാസ്റ്റർവേല അഥവാ ഇടയവേല ചെയ്യുന്നുണ്ട്.
5. പുതിയവർ ക്രിസ്തീയ സഭയിലെ നിയമിത മൂപ്പന്മാരുമായി പരിചിതരാകേണ്ടത് എന്തുകൊണ്ട്?
5 ഇടയന്മാർ എന്നനിലയിൽ മൂപ്പന്മാർ പുതിയവരുടെ ആത്മീയ പുരോഗതിയിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു. അതുകൊണ്ട്, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകം 168-ാം പേജിൽ ഇങ്ങനെ പറയുന്നു: “സഭയിലെ നിയമിത മൂപ്പൻമാരെ പരിചയപ്പെടുക. ദൈവപരിജ്ഞാനം ബാധകമാക്കുന്നതിൽ അവർക്കു വളരെയധികം അനുഭവജ്ഞാനമുണ്ട്, കാരണം അവർ ബൈബിളിൽ വിവരിച്ചിരിക്കുന്ന യോഗ്യതകളിൽ എത്തിച്ചേർന്നിരിക്കുന്നു. (1 തിമൊഥെയൊസ് 3:1-7; തീത്തൊസ് 1:5-9) ദൈവത്തിന്റെ വ്യവസ്ഥകൾക്കു വിരുദ്ധമായ ഒരു ശീലമോ ഒരു സ്വഭാവവിശേഷമോ തരണംചെയ്യുന്നതിനു നിങ്ങൾക്ക് ആത്മീയ സഹായം ആവശ്യമാണെങ്കിൽ അവരിൽ ഒരാളെ സമീപിക്കാൻ മടിക്കരുത്. ‘ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിൻ; ബലഹീനരെ താങ്ങുവിൻ; എല്ലാവരോടും ദീർഘക്ഷമ കാണിപ്പിൻ’ എന്നുള്ള പൗലോസിന്റെ ബുദ്ധ്യുപദേശം മൂപ്പൻമാർ അനുസരിക്കുന്നതായി നിങ്ങൾ കണ്ടെത്തും.—1 തെസ്സലൊനീക്യർ 2:7, 8; 5:14.”
പുതിയവർ പ്രസംഗിക്കാൻ ആഗ്രഹിക്കുമ്പോൾ
6. ഒരു ബൈബിൾവിദ്യാർഥി രാജ്യപ്രസാധകൻ ആയിത്തീരാൻ ആഗ്രഹിക്കുന്നെങ്കിൽ ഏതു നടപടിക്രമമാണു പിൻപറ്റേണ്ടത്?
6 ഒരു ബൈബിൾവിദ്യാർഥി പരിജ്ഞാനം നേടുകയും കുറേക്കാലം യോഗങ്ങൾക്കു ഹാജരാകുകയും ചെയ്തുകഴിയുമ്പോൾ, അയാൾ ഒരു രാജ്യപ്രസാധകൻ, അതായത് സുവാർത്തയുടെ പ്രസംഗകൻ ആകാൻ ആഗ്രഹിച്ചേക്കാം. (മർക്കൊസ് 13:10) അങ്ങനെയെങ്കിൽ, അദ്ദേഹവുമൊത്തു ബൈബിളധ്യയനം നടത്തുന്ന സാക്ഷി അധ്യക്ഷമേൽവിചാരകനുമായി ബന്ധപ്പെടണം. അദ്ദേഹം സഭാസേവനക്കമ്മിറ്റിയിലെ മൂപ്പന്മാരിൽ ഒരാളെയും മറ്റൊരു മൂപ്പനെയും ബൈബിൾവിദ്യാർഥിയും അധ്യാപകനുമൊത്തു കൂടിവരുന്നതിനു ക്രമീകരിക്കുന്നതായിരിക്കും. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 102 മുതൽ 104 വരെയുള്ള പേജുകളിലെ വിവരങ്ങളിൽ അടിസ്ഥാനമാക്കിയായിരിക്കും ചർച്ച. പുതിയ ആൾ അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ വിശ്വസിക്കുന്നുവെന്നും ദൈവത്തിന്റെ തത്ത്വങ്ങളോട് അനുരൂപപ്പെട്ടിരിക്കുന്നുവെന്നും ഈ രണ്ടു മൂപ്പന്മാർ കാണുന്നപക്ഷം, പരസ്യശുശ്രൂഷയിൽ പങ്കെടുക്കാൻ അയാൾ യോഗ്യത പ്രാപിച്ചിരിക്കുന്നുവെന്ന് അയാളോടു പറയുന്നതായിരിക്കും.a അയാൾ വയൽസേവന റിപ്പോർട്ടു നൽകിക്കൊണ്ട് തന്റെ ശുശ്രൂഷ റിപ്പോർട്ടു ചെയ്യുമ്പോൾ, അത് അയാളുടെ പേരിലുള്ള സഭാ പ്രസാധക രേഖാ കാർഡിൽ ചേർക്കുന്നതായിരിക്കും. ആഹ്ലാദപൂർവം “ദൈവവചനം അറിയി”ക്കുന്ന ദശലക്ഷക്കണക്കിനു മറ്റുള്ളവരോടൊപ്പം പുതിയ ആൾക്ക് അപ്പോൾ തന്റെ സാക്ഷീകരണ പ്രവർത്തനം റിപ്പോർട്ടു ചെയ്യാനാവും. (പ്രവൃത്തികൾ 13:5) അയാൾ സ്നാപനമേൽക്കാത്ത പ്രസാധകനാണെന്ന ഒരു അറിയിപ്പു സഭയിൽ നടത്തുന്നതായിരിക്കും.
7, 8. സ്നാപനമേൽക്കാത്ത ഒരു പ്രസാധകനു ശുശ്രൂഷയിൽ ആവശ്യമായ സഹായം ഏതെല്ലാം വിധങ്ങളിൽ കൊടുക്കാവുന്നതാണ്?
7 സ്നാപനമേൽക്കാത്ത ഒരു പ്രസാധകനു മൂപ്പന്മാരുടെയും പക്വതയുള്ള മറ്റു ക്രിസ്ത്യാനികളുടെയും സഹായം ആവശ്യമാണ്. ഉദാഹരണത്തിന്, അയാളുടെ ആത്മീയ പുരോഗതി അയാൾ സംബന്ധിക്കുന്ന പുസ്തകാധ്യയനക്കൂട്ടത്തിലെ അധ്യയന നിർവാഹകനു താത്പര്യമുള്ള ഒരു സംഗതിയായിരിക്കും. വീടുതോറുമുള്ള വേലയിൽ ഫലപ്രദമായി സംസാരിക്കുകയെന്നതു പ്രയാസമാണെന്നു പുതിയ പ്രസാധകൻ കണ്ടെത്തിയേക്കാം. (പ്രവൃത്തികൾ 20:20) അതുകൊണ്ട്, അയാൾ സഹായം ലഭിക്കുന്നതിനെ സ്വാഗതം ചെയ്യാൻ സാധ്യതയുണ്ട്, പരിജ്ഞാനം പുസ്തകം ഉപയോഗിച്ച് അയാളുമായി ബൈബിളധ്യയനം നടത്തുന്നയാളിൽനിന്നാവുമ്പോൾ വിശേഷിച്ചും. അത്തരം പ്രായോഗിക സഹായം ഉചിതമാണ്, എന്തെന്നാൽ ശുശ്രൂഷയ്ക്കു വേണ്ടി യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ ഒരുക്കുകയുണ്ടായി.—മർക്കൊസ് 6:7-13; ലൂക്കൊസ് 10:1-22.
8 നമ്മുടെ ശുശ്രൂഷ ഫലപ്രദമായിരിക്കണമെങ്കിൽ, മുന്നമേയുള്ള നല്ല തയ്യാറാകൽ അത്യാവശ്യമാണ്. അതുകൊണ്ട്, ആ രണ്ടു പ്രസാധകർക്ക് ആദ്യം ഒരുമിച്ചുകൂടി മാസംതോറുമുള്ള നമ്മുടെ രാജ്യ ശുശ്രൂഷയുടെ ലക്കങ്ങളിൽ നിർദേശിച്ചിരിക്കുന്ന അവതരണങ്ങൾ പരിശീലിക്കാവുന്നതാണ്. അവർ വയൽസേവനം തുടങ്ങുമ്പോൾ, അനുഭവപരിചയം കൂടുതലുള്ള പ്രസാധകന് ആദ്യത്തെ ഒന്നോ രണ്ടോ വീടുകളിൽ സംസാരിക്കാവുന്നതാണ്. സൗഹാർദമായ ഒരു മുഖവുരക്കുശേഷം, സാക്ഷ്യം നൽകുന്നതിൽ രണ്ടു പ്രസാധകർക്കും പങ്കെടുക്കാം. ഏതാനും ആഴ്ചത്തേക്കു ശുശ്രൂഷയിൽ ഒരുമിച്ചു പ്രവർത്തിക്കുന്നതിനാൽ നല്ല മടക്കസന്ദർശനങ്ങളും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്തകം ഉപയോഗിച്ചു നടത്താവുന്ന ഒരു ഭവന ബൈബിളധ്യയനം പോലും കിട്ടിയെന്നുവരാം. അനുഭവപരിചയം കൂടുതലുള്ള പ്രസാധകൻ കുറച്ചുനാളത്തേക്ക് അധ്യയനം നടത്തിയിട്ട് പുതിയ രാജ്യപ്രഘോഷകന് അതു കൈമാറാവുന്നതാണ്. ബൈബിൾവിദ്യാർഥി ദൈവപരിജ്ഞാനത്തോടു വിലമതിപ്പു കാട്ടുന്നെങ്കിൽ, രണ്ടു പ്രസാധകരും എത്ര സന്തുഷ്ടരായിരിക്കും!
9. ഒരു പ്രസാധകൻ സ്നാപനമേൽക്കാൻ ആഗ്രഹിക്കുമ്പോൾ എന്തു ക്രമീകരണങ്ങളാണു ചെയ്യപ്പെടുന്നത്?
9 സ്നാപനമേൽക്കാത്ത പ്രസാധകൻ ആത്മീയമായി പുരോഗതി പ്രാപിക്കുന്നതോടെ, അയാൾ പ്രാർഥനയിൽ ദൈവത്തിനു സമർപ്പണം നടത്തുകയും സ്നാപനമേൽക്കാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം. (മർക്കൊസ് 1:9-11 താരതമ്യം ചെയ്യുക.) സ്നാപനമേൽക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് അയാൾ സഭയുടെ അധ്യക്ഷമേൽവിചാരകനെ അറിയിക്കണം. അദ്ദേഹം, നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ പുസ്തകത്തിന്റെ 184-248 പേജുകളിലെ ചോദ്യങ്ങൾ സ്നാപനമേൽക്കാത്ത പ്രസാധകനുമൊത്തു പുനരവലോകനം ചെയ്യാൻ മൂപ്പന്മാരെ ക്രമീകരിക്കുന്നതായിരിക്കും. സാധ്യമെങ്കിൽ, നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ചോദ്യങ്ങൾ മൂന്നു വേളകളിലായി മൂന്നു വ്യത്യസ്ത മൂപ്പന്മാർക്കു ചർച്ച ചെയ്യാവുന്നതാണ്. സ്നാപനമേൽക്കാത്ത പ്രസാധകനു ബൈബിൾ പഠിപ്പിക്കലുകളെക്കുറിച്ചു ന്യായമായ ഗ്രാഹ്യവും മറ്റു വിധങ്ങളിൽ യോഗ്യതകളും ഉണ്ടെന്ന കാര്യത്തിൽ അവർ യോജിക്കുന്നുവെങ്കിൽ, അയാൾക്കു സ്നാപനമേൽക്കാമെന്ന് അവർ അയാളോടു പറയും. സമർപ്പണത്തിന്റെയും സ്നാപനത്തിന്റെയും ഫലമായി അയാൾ രക്ഷയ്ക്കായി ‘അടയാളമിടപ്പെട്ട’വനായിത്തീരുന്നു.—യെഹെസ്കേൽ 9:4-6.
പ്രത്യേക ആവശ്യങ്ങൾ നിറവേറ്റൽ
10. പരിജ്ഞാനം പുസ്തകം പഠിച്ച് സ്നാപനമേറ്റശേഷം, ഒരു വ്യക്തി തന്റെ തിരുവെഴുത്തുപരമായ പരിജ്ഞാനം എങ്ങനെ വർധിപ്പിക്കും?
10 ഒരു വ്യക്തി പരിജ്ഞാനം പുസ്തകം ഉപയോഗിച്ചുള്ള ബൈബിൾപഠനം പൂർത്തീകരിച്ച് സ്നാപനമേറ്റശേഷം, ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ എന്നതു പോലുള്ള രണ്ടാമതൊരു പുസ്തകം ഉപയോഗിച്ച് അയാളുമൊത്ത് ഔപചാരികമായി പഠനം നടത്തേണ്ട ആവശ്യമില്ലെന്നു വന്നേക്കാം.b തീർച്ചയായും, ക്രിസ്തീയ യോഗങ്ങൾക്കുവേണ്ടി തയ്യാറാകുകയും അവയിൽ പതിവായി പങ്കുപറ്റുകയും ചെയ്യുന്നതുവഴി, അടുത്തകാലത്തു സ്നാപനമേറ്റ വ്യക്തി വളരെയധികം കാര്യങ്ങൾ പഠിക്കും. ക്രിസ്തീയ പ്രസിദ്ധീകരണങ്ങൾ സ്വകാര്യമായി വായിച്ചുപഠിക്കാനും സഹവിശ്വാസികളുമൊത്തു തിരുവെഴുത്തുപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും സത്യത്തിനായുള്ള ദാഹം പ്രേരിപ്പിക്കുമ്പോൾ, അയാൾ കൂടുതലായ പരിജ്ഞാനം നേടുകയും ചെയ്യും. എന്നാൽ പ്രത്യേക ആവശ്യങ്ങൾ ഉടലെടുക്കുന്നെങ്കിലോ?
11. (എ) പ്രിസ്കില്ലയും അക്വിലാസും അപ്പല്ലോസിനെ സഹായിച്ചതെങ്ങനെ? (ബി) അടുത്തയിടെ സ്നാപനമേറ്റ, വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്ന പ്രായപൂർത്തിയെത്തിയ ഒരു യുവാവിന് എന്തു സഹായം നൽകാനാവും?
11 “തിരുവെഴുത്തുകളിൽ സാമർത്ഥ്യ”മുണ്ടായിരുന്നവനും യേശുവിനെക്കുറിച്ചു കൃത്യതയോടെ പഠിച്ചിരുന്നവനുമായ അപ്പല്ലോസ് പോലും അനുഭവസമ്പന്നരായ ക്രിസ്ത്യാനികളായിരുന്ന പ്രിസ്കില്ലയും അക്വിലാസും “അവനെ ചേർത്തുകൊണ്ടു ദൈവത്തിന്റെ മാർഗ്ഗം അധികം സ്പഷ്ടമായി അവന്നു തെളിയിച്ചുകൊടുത്ത”പ്പോൾ പ്രയോജനം നേടി. (പ്രവൃത്തികൾ 18:24-26; പ്രവൃത്തികൾ 19:1-7 താരതമ്യം ചെയ്യുക.) അതുകൊണ്ട്, അടുത്തയിടെ സ്നാപനമേറ്റ, പ്രായപൂർത്തിയെത്തിയ ഒരു യുവാവ് കോർട്ടിങ്ങിനെയും വിവാഹത്തെയും കുറിച്ചു ചിന്തിക്കുകയാണെന്നു കരുതുക. വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ ഈ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ കൂടുതൽ അനുഭവപരിചയമുള്ള ഒരു ക്രിസ്ത്യാനിക്ക് അയാളെ സഹായിക്കാനാവും. ഉദാഹരണത്തിന്, അത്തരം കാര്യങ്ങളെക്കുറിച്ചുള്ള സഹായകമായ വിവരങ്ങൾ യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകത്തിന്റെ 7-ാം ഭാഗത്തിലുണ്ട്.c പുതിയ ആളുമൊത്തു ബൈബിളധ്യയനം നിർവഹിച്ച പ്രസാധകൻ ഈ വിവരങ്ങൾ, ഒരു ക്രമമായ അധ്യയനത്തിന്റെ രൂപത്തിലല്ലെങ്കിലും അയാളുമായി ചർച്ച ചെയ്തേക്കാം.
12. ദാമ്പത്യപ്രശ്നങ്ങളുള്ള, പുതുതായി സ്നാപനമേറ്റ, വിവാഹ ഇണകൾക്കായി എന്തു സഹായം നൽകാനാവുന്നതാണ്?
12 മറ്റൊരു ദൃഷ്ടാന്തം പരിചിന്തിക്കുക. ഒരുപക്ഷേ പുതുതായി സ്നാപനമേറ്റ വിവാഹ ഇണകൾക്കു ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നതിൽ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. അവർക്ക് ഒരു മൂപ്പനുമായി കൂടിയാലോചന നടത്താവുന്നതാണ്. അദ്ദേഹത്തിന് ഏതാനും വൈകുന്നേരങ്ങളിൽ അവരോടൊത്തു തിരുവെഴുത്തുകൾ ചർച്ച ചെയ്യാനും വാച്ച് ടവർ പ്രസിദ്ധീകരണങ്ങളിൽ കാണുന്ന വിവരങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിക്കാനും കഴിഞ്ഞേക്കും. എന്നാൽ, മൂപ്പൻ ആ ദമ്പതികളുമൊത്ത് ഒരു നിരന്തര ബൈബിളധ്യയനം പുനഃസ്ഥാപിക്കുകയില്ല.
പുതിയ വ്യക്തി തെറ്റു ചെയ്യുന്നെങ്കിൽ
13. തെറ്റു ചെയ്യുകയും, എന്നാൽ അനുതപിക്കുകയും ചെയ്യുന്ന പുതുതായി സ്നാപനമേറ്റ വ്യക്തിയോടു സഭാമൂപ്പന്മാർ കരുണ കാട്ടേണ്ടത് എന്തുകൊണ്ട്?
13 “ഞാൻ തന്നേ എന്റെ ആടുകളെ മേയിക്കയും . . . ഒടിഞ്ഞതിനെ മുറിവുകെട്ടുകയും ദീനം പിടിച്ചതിനെ ശക്തീകരിക്കയും ചെയ്യും” എന്നു പറയുന്ന വലിയ ഇടയനായ യഹോവയെയാണു മൂപ്പന്മാർ അനുകരിക്കുന്നത്. (യെഹെസ്കേൽ 34:15, 16; എഫെസ്യർ 5:1) ആ മനോഭാവത്തോടുള്ള ചേർച്ചയിൽ, സംശയങ്ങളുണ്ടായിരുന്ന, അല്ലെങ്കിൽ പാപത്തിലേക്കു വഴുതിവീണ അഭിഷിക്ത ക്രിസ്ത്യാനികളോടു കരുണ കാട്ടണമെന്നു ശിഷ്യനായ യൂദാ ഉദ്ബോധിപ്പിക്കുകയുണ്ടായി. (യൂദാ 22, 23) അനുഭവസമ്പന്നരായ ക്രിസ്ത്യാനികളിൽനിന്നു നാം ഉചിതമായും വളരെയധികം പ്രതീക്ഷിക്കുന്നതുകൊണ്ട്, തെറ്റു ചെയ്തെങ്കിലും അനുതപിക്കുന്ന—വെറുമൊരു കുഞ്ഞാടായ—പുതുതായി സ്നാപനമേറ്റ വ്യക്തിയോടു തീർച്ചയായും കരുണ കാട്ടണം. (ലൂക്കൊസ് 12:48; 15:1-7) അതുകൊണ്ട്, ‘യഹോവക്കുവേണ്ടി ന്യായംവിധിക്കുന്ന’ മൂപ്പന്മാർ അതുപോലുള്ള ആടുകൾക്ക് ആർദ്രമായ പരിപാലനം നൽകുകയും അവരെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുകയും ചെയ്യും.—2 ദിനവൃത്താന്തം 19:6; പ്രവൃത്തികൾ 20:28, 29; ഗലാത്യർ 6:1.d
14. സ്നാപനമേറ്റിട്ട് അധികനാളാകാത്ത ഒരു വ്യക്തി ഗുരുതരമായ ഒരു തെറ്റു ചെയ്യുമ്പോൾ എന്തു ചെയ്യണം, അയാളെ എങ്ങനെ സഹായിക്കാനാവും?
14 സ്നാപനമേറ്റിട്ട് അധികനാളാകാത്ത ഒരു പ്രസാധകനു മുമ്പു മദ്യപാനപ്രശ്നമുണ്ടായിരുന്നുവെന്നും അയാൾ ഒന്നോ രണ്ടോ സന്ദർഭങ്ങളിൽ വീണ്ടും പരിധിവിട്ടു കുടിച്ചുപോയെന്നും കരുതുക. അതല്ല, ഒരുപക്ഷേ ദീർഘനാളായി ഉണ്ടായിരുന്ന പുകവലിശീലം അയാൾ മറികടന്നിരുന്നുവെങ്കിലും രഹസ്യമായി പുകവലിക്കാനുള്ള പ്രലോഭനമുണ്ടായപ്പോൾ ഒന്നോ രണ്ടോ സന്ദർഭങ്ങളിൽ അയാൾ അതിനു വഴങ്ങിക്കൊടുത്തുവെന്നു വിചാരിക്കുക. നമ്മുടെ പുതിയ സഹോദരൻ ദൈവത്തിന്റെ ക്ഷമയ്ക്കായി പ്രാർഥിച്ചിട്ടുണ്ടെങ്കിൽപോലും, ആ പാപം ശീലമാകാതിരിക്കാൻ അയാൾ ഒരു മൂപ്പന്റെ സഹായം തേടണം. (സങ്കീർത്തനം 32:1-5; യാക്കോബ് 5:14, 15) അയാൾ തന്റെ തെറ്റിനെക്കുറിച്ചു മൂപ്പന്മാരിൽ ഒരാളോടു സൂചിപ്പിക്കുമ്പോൾ, കരുണാപൂർവകമായ ഒരു വിധത്തിൽ പുതിയ വ്യക്തിയെ യഥാസ്ഥാനപ്പെടുത്താൻ ആ മൂപ്പൻ ശ്രമിക്കണം. (സങ്കീർത്തനം 130:3) അതിനുശേഷം തന്റെ കാലടികളെ നേർവഴിയിലാക്കാൻ അയാളെ സഹായിക്കുന്നതിനു തിരുവെഴുത്തു ബുദ്ധ്യുപദേശം മതിയാവും. (എബ്രായർ 12:12, 13) കൂടുതലായി എന്തു സഹായം നൽകണമെന്നു നിർണയിക്കുന്നതിന് ഈ മൂപ്പൻ സഭയിലെ അധ്യക്ഷമേൽവിചാരകനുമായി സാഹചര്യങ്ങൾ ചർച്ചചെയ്യും.
15. സ്നാപനമേറ്റിട്ട് അധികനാളാകാത്ത ഒരു വ്യക്തി പാപം ചെയ്യുമ്പോൾ ചിലപ്പോൾ എന്ത് അത്യാവശ്യമായിരുന്നേക്കാം?
15 ചിലരുടെ കാര്യത്തിൽ അതിലും കൂടുതൽ ആവശ്യമായിവന്നേക്കാം. ദുഷ്പേരോ ആട്ടിൻകൂട്ടത്തിന് അപകടമോ അല്ലെങ്കിൽ മറ്റു പ്രശ്നങ്ങളോ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, അതേക്കുറിച്ച് അന്വേഷിക്കുന്നതിനു മൂപ്പന്മാരുടെ സംഘം രണ്ടു മൂപ്പന്മാരെ നിയോഗിക്കും. ഒരു നീതിന്യായക്കമ്മിറ്റി ആവശ്യമായിരിക്കുന്നവിധം പ്രശ്നം ഗുരുതരമെന്ന് ഈ മൂപ്പന്മാർ കണ്ടെത്തുന്നുവെങ്കിൽ അവർ അതു മൂപ്പന്മാരുടെ സംഘത്തിനു മുമ്പാകെ റിപ്പോർട്ടു ചെയ്യണം. തെറ്റുകാരനായ വ്യക്തിയെ സഹായിക്കുന്നതിനു മൂപ്പന്മാരുടെ സംഘം അപ്പോൾ ഒരു നീതിന്യായക്കമ്മിറ്റിയെ നിയോഗിക്കും. നീതിന്യായക്കമ്മിറ്റി അയാളോട് ആർദ്രമായിവേണം പെരുമാറാൻ. തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അയാളെ യഥാസ്ഥാനപ്പെടുത്താൻ അവർ ശ്രമിക്കണം. നീതിന്യായക്കമ്മിറ്റിയുടെ ദയാപൂർവകമായ ശ്രമങ്ങളോട് അയാൾ പ്രതികരിക്കുന്നപക്ഷം അയാളെ, രാജ്യഹാളിലെ യോഗങ്ങളിൽ സ്റ്റേജിൽവെച്ചുള്ള പരിപാടികളിൽ ഉപയോഗിക്കാതിരിക്കുന്നതുകൊണ്ടോ യോഗങ്ങളിൽ ഉത്തരങ്ങൾ പറയാൻ അനുവദിക്കുന്നതുകൊണ്ടോ എന്തെങ്കിലും പ്രയോജനമുണ്ടായിരിക്കുമോ എന്ന് അവർക്കു തീരുമാനിക്കാവുന്നതാണ്.
16. ഒരു തെറ്റുകാരനെ സഹായിക്കാൻ മൂപ്പന്മാർക്ക് എന്തു ചെയ്യാനാവും?
16 തെറ്റുകാരൻ പ്രതികരിക്കുന്നുവെങ്കിൽ, അയാളുടെ വിശ്വാസത്തിനു കരുത്തേകാനും ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോടുള്ള വിലമതിപ്പു വളർത്തിയെടുക്കാനുമുള്ള ഉദ്ദേശ്യത്തിൽ നീതിന്യായക്കമ്മിറ്റിയിലെ ഒന്നോ രണ്ടോ മൂപ്പന്മാർക്ക് ഇടയസന്ദർശനങ്ങൾ നടത്താവുന്നതാണ്. ഇടയ്ക്കിടയ്ക്ക് അവർക്കിരുവർക്കും അയാളോടൊപ്പം വയൽശുശ്രൂഷയിൽ പ്രവർത്തിക്കാവുന്നതാണ്. വീക്ഷാഗോപുരത്തിലെയും ഉണരുക!യിലെയും ഉചിതമായ ലേഖനങ്ങൾ ഉപയോഗിച്ചുകൊണ്ട്, എന്നാൽ അതേസമയം നിരന്തരമായ ഒരു ബൈബിളധ്യയനം നടത്താതെതന്നെ, അവർ അയാളുമായി തിരുവെഴുത്തുപരമായ ഏതാനും ചർച്ചകൾ നടത്തിയേക്കാം. അത്തരം ആർദ്രമായ പരിപാലനയിലൂടെ, വരുംദിനങ്ങളിൽ ജഡത്തിന്റെ ബലഹീനതകൾക്കെതിരെ ചെറുത്തുനിൽക്കുന്നതിനു തെറ്റുകാരൻ ബലിഷ്ഠനാക്കപ്പെട്ടേക്കാം.
17. സ്നാപനമേറ്റ ഒരു ദുഷ്പ്രവൃത്തിക്കാരൻ അനുതപിച്ച് തന്റെ പാപപൂർണമായ ഗതി ഉപേക്ഷിക്കുന്നില്ലെങ്കിൽ എന്തു നടപടികളാണു സ്വീകരിക്കുന്നത്?
17 തീർച്ചയായും, സമീപകാലത്താണു സ്നാപനമേറ്റതെന്ന സംഗതി അനുതാപമില്ലാതെ പാപം ചെയ്തുകൊണ്ടിരിക്കുന്നതിനുള്ള ഒഴികഴിവല്ല. (എബ്രായർ 10:26, 27; യൂദാ 4) സ്നാപനമേറ്റ ഏതെങ്കിലുമൊരു തെറ്റുകാരൻ അനുതപിക്കാതെ തന്റെ പാപപൂർണ ഗതിയിൽ തുടരുന്നെങ്കിൽ, അയാൾ സഭയിൽനിന്നു പുറത്താക്കപ്പെടുന്നതായിരിക്കും. (1 കൊരിന്ത്യർ 5:6, 11-13; 2 തെസ്സലൊനീക്യർ 2:11, 12; 2 യോഹന്നാൻ 9-11) ഈ നടപടി ആവശ്യമാണെന്നു തോന്നുമ്പോൾ, മൂപ്പന്മാരുടെ സംഘം ഒരു നീതിന്യായക്കമ്മിറ്റി ഏർപ്പെടുത്തും. പുറത്താക്കൽനടപടി കൈക്കൊള്ളുന്നുവെങ്കിൽ, “. . .-നെ പുറത്താക്കിയിരിക്കുന്നു” എന്നൊരു ഹ്രസ്വമായ അറിയിപ്പു നടത്താവുന്നതാണ്.e
“പക്വതയിലേക്കു മുന്നേറാൻ” അവരെ സഹായിക്കുക
18. പുതുതായി സ്നാപനമേറ്റ ക്രിസ്ത്യാനികൾക്കും മറ്റുള്ളവർക്കും യഹോവയെയും അവന്റെ ഹിതത്തെയും കുറിച്ചു കൂടുതൽ പഠിക്കാനുണ്ടായിരിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ട്?
18 ദൈവദാസരിൽ ബഹുഭൂരിപക്ഷവും ആട്ടിൻകൂട്ടത്തിൽത്തന്നെ നിലകൊള്ളും. നമ്മുടെ സ്വർഗീയ പിതാവിനെയും അവന്റെ ഹിതത്തെയും കുറിച്ചു നമുക്കു സദാ പഠിക്കാൻ സാധിക്കുമെന്നതുകൊണ്ടു നാമോരോരുത്തരും അവനോടു പൂർവാധികം അടുത്തടുത്തു വരാൻ പ്രാപ്തരായിത്തീരുമെന്നതും സന്തോഷകരമായ ഒരു കാര്യമാണ്. (സഭാപ്രസംഗി 3:11; യാക്കോബ് 4:8) പൊ.യു. 33-ലെ പെന്തക്കോസ്തിൽ സ്നാപനമേറ്റ ആയിരങ്ങൾക്കു തീർച്ചയായും കൂടുതൽ കാര്യങ്ങൾ പഠിക്കേണ്ടതുണ്ടായിരുന്നു. (പ്രവൃത്തികൾ 2:5, 37-41; 4:4) തിരുവെഴുത്തുപരമായ പശ്ചാത്തലമില്ലാതിരുന്ന വിജാതീയരുടെ കാര്യവും അങ്ങനെതന്നെയായിരുന്നു. ഉദാഹരണത്തിന്, ഏഥൻസിലെ അരയോപഗയിൽ പൗലോസ് നടത്തിയ പ്രസംഗത്തിനുശേഷം സ്നാപനമേറ്റവരുടെ കാര്യത്തിൽ അതു സത്യമായിരുന്നു. (പ്രവൃത്തികൾ 17:33, 34) ഇന്നും സ്നാപനമേറ്റ പുതിയവർ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. മാത്രവുമല്ല, ദൈവദൃഷ്ടിയിൽ ശരിയായതു തുടർന്നും ചെയ്യാനുള്ള തങ്ങളുടെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കാൻ അവർക്കു സമയവും സഹായവും ആവശ്യമാണ്.—ഗലാത്യർ 6:9; 2 തെസ്സലൊനീക്യർ 3:13.
19. സ്നാപനമേൽക്കുന്നവരെ “പക്വതയിലേക്കു മുന്നേറാൻ” എങ്ങനെ സഹായിക്കാനാവും?
19 ഓരോ വർഷവും ആയിരക്കണക്കിനാളുകളാണു സ്നാപനമേൽക്കുന്നത്, “പക്വതയിലേക്കു മുന്നേറാൻ” അവർക്കു സഹായമാവശ്യമാണ്. (എബ്രായർ 6:1-3, NW) സംസാരം, മാതൃക, ശുശ്രൂഷയിൽ നൽകുന്ന പ്രായോഗിക സഹായം എന്നിവ വഴി, പുതിയ വ്യക്തിത്വം ധരിക്കാനും “സത്യത്തിൽ നടക്കാ”നും ചിലരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. (3 യോഹന്നാൻ 4; കൊലൊസ്സ്യർ 3:9, 10) നിങ്ങൾ പരിചയസമ്പന്നനായ ഒരു പ്രസാധകനാണെങ്കിൽ, വയൽസേവനത്തിൽ പുതിയൊരു സഹവിശ്വാസിയെ സഹായിക്കാനോ ദൈവത്തിലുള്ള അയാളുടെ വിശ്വാസം, ക്രിസ്തീയ യോഗങ്ങളോടുള്ള അയാളുടെ വിലമതിപ്പ് എന്നിങ്ങനെയുള്ള കാര്യങ്ങൾ ബലിഷ്ഠമാക്കുന്നതിന് അയാളുമൊത്ത് ഏതാനും ആഴ്ചത്തേക്കു ചില തിരുവെഴുത്താശയങ്ങൾ ചർച്ചചെയ്യാനോ മൂപ്പന്മാർ നിങ്ങളോട് ആവശ്യപ്പെട്ടേക്കാം. ആട്ടിൻകൂട്ടവുമായി ഇടയന്മാർക്കുള്ള ബന്ധം, ഉദ്ബോധിപ്പിക്കുമ്പോൾ ഒരു പിതാവിനും ആർദ്രത കാട്ടുമ്പോൾ ഒരു മാതാവിനും ഉള്ള ബന്ധം പോലെയാണ്. (1 തെസ്സലൊനീക്യർ 2:7, 8, 11) എന്നിരുന്നാലും, ഏതാനും മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും സഭയിൽ ആവശ്യമായിരിക്കുന്ന സകല സംഗതികൾക്കും ശ്രദ്ധ കൊടുക്കാനാവില്ല. നാമെല്ലാം പരസ്പരം സഹായിക്കുന്ന അംഗങ്ങളുള്ള ഒരു കുടുംബംപോലെയാണ്. നമ്മുടെ സഹാരാധകരെ സഹായിക്കുന്ന കാര്യത്തിൽ നമുക്കോരോരുത്തർക്കും എന്തെങ്കിലും ചെയ്യാൻ സാധിക്കും. പ്രോത്സാഹനം നൽകാനും വിഷാദചിത്തരെ ആശ്വസിപ്പിക്കാനും ബലഹീനരെ പിന്തുണയ്ക്കാനും നിങ്ങൾക്കുതന്നെ സാധിച്ചേക്കാം.—1 തെസ്സലൊനീക്യർ 5:14, 15.
20. ദൈവപരിജ്ഞാനം പ്രചരിപ്പിക്കാനും യഹോവയുടെ മേച്ചിൽപ്പുറത്തെ ആടുകളെ ആർദ്രമായി പരിപാലിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാവും?
20 മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്. യഹോവയുടെ ഒരു സാക്ഷിയെന്നനിലയിൽ, അതു പ്രചരിപ്പിക്കുന്നതിൽ നിങ്ങൾക്ക് ആഹ്ലാദകരമായ ഒരു പങ്കുണ്ടായിരിക്കാവുന്നതാണ്. യഹോവയുടെ ആടുകൾക്ക് ആർദ്രമായ പരിപാലനം ആവശ്യമാണ്. അതു നൽകാൻ നിങ്ങൾക്കു സ്നേഹനിർഭരമായ ഒരു പങ്കു വഹിക്കാനാവും. യഹോവ നിങ്ങളുടെ ശുശ്രൂഷയെ അനുഗ്രഹിക്കുമാറാകട്ടെ. അവന്റെ മേച്ചിൽസ്ഥലത്തെ ആടുകളെ സഹായിക്കുന്നതിനു നിങ്ങൾ നടത്തുന്ന ആത്മാർഥമായ ശ്രമങ്ങൾക്ക് അവൻ പ്രതിഫലം നൽകുമാറാകട്ടെ.
[അടിക്കുറിപ്പുകൾ]
a ഈ ഘട്ടത്തിൽ, പുതിയ ആൾക്ക് നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ ഒരു പ്രതി കരസ്ഥമാക്കാവുന്നതാണ്.
b വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചത്.
c വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചത്.
d സ്നാപനമേൽക്കാത്ത പ്രസാധകർക്കു വേണ്ടിയുള്ള അത്തരമൊരു ക്രമീകരണത്തെക്കുറിച്ച്, 1989 ആഗസ്റ്റ് 1 ലക്കം വീക്ഷാഗോപുരത്തിന്റെ 18-23 പേജുകളിൽ പ്രത്യക്ഷപ്പെട്ട “ദൈവത്തെ ആരാധിക്കാൻ മറ്റുള്ളവരെ സഹായിക്കുക” എന്ന ലേഖനത്തിൽ വിവരിക്കുന്നുണ്ട്.
e തീരുമാനം പുറത്താക്കാനാണെങ്കിലും, അതിന്മേൽ അപ്പീൽ കൊടുത്തിട്ടുണ്ടെങ്കിൽ, അന്തിമ തീരുമാനം വരുന്നതുവരെ അറിയിപ്പു നടത്തരുത്. നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ എന്ന പുസ്തകത്തിന്റെ 152-3 പേജുകൾ കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവ തന്റെ ആടുകളോട് ഇടപെടുന്നത് എങ്ങനെ?
◻ പുതിയവർ പ്രസംഗിക്കാൻ ആഗ്രഹിക്കുമ്പോൾ, അവർക്കായി എന്തു ചെയ്യുന്നു?
◻ പ്രത്യേക ആവശ്യങ്ങളുള്ള പുതിയവരെ സഹവിശ്വാസികൾക്ക് എങ്ങനെ സഹായിക്കാനാവും?
◻ തെറ്റു ചെയ്യുന്നുവെങ്കിലും അനുതപിക്കുന്നവർക്കായി എന്തു സഹായമാണു മൂപ്പന്മാർക്കു ചെയ്യാൻ സാധിക്കുക?
◻ “പക്വതയിലേക്കു മുന്നേറാൻ” പുതുതായി സ്നാപനമേറ്റ വ്യക്തിയെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാവുന്നതാണ്?
[16-ാം പേജിലെ ചിത്രം]
ആട്ടിൻകൂട്ടത്തിന്റെ സ്നേഹസമ്പന്നനായ ഒരു ഇടയനായി ചാൾസ് റ്റി. റസ്സൽ പരക്കെ അറിയപ്പെട്ടിരുന്നു
[18-ാം പേജിലെ ചിത്രം]
അനുകമ്പയുള്ള ഇടയന്മാർ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ ഇടപെടുന്നു