സന്തോഷത്താൽ ആർത്തുഘോഷിക്കാൻ നമുക്കു കാരണമുണ്ട്
“അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.”—യെശയ്യാവു 35:10.
1. ഇന്നു സന്തോഷത്തിനു പ്രത്യേക കാരണമുള്ളത് ആർക്കാണ്?
ഇക്കാലത്ത് അധികംപേർക്കു യഥാർഥ സന്തോഷം ഇല്ലെന്നു നിങ്ങൾ കുറിക്കൊണ്ടിട്ടുണ്ടായിരിക്കാം. എന്നിരുന്നാലും, സത്യക്രിസ്ത്യാനികളെന്ന നിലയിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്. അതേ സന്തോഷം നേടാനുള്ള പ്രതീക്ഷ, സാക്ഷികളോടു സഹവസിക്കുന്നവരായി ഇപ്പോഴും സ്നാപനമേററിട്ടില്ലാത്ത ചെറുപ്പക്കാരും പ്രായമുള്ളവരുമടങ്ങുന്ന കൂടുതലായ ലക്ഷങ്ങളുടെ മുമ്പാകെ സ്ഥിതിചെയ്യുന്നു. ഈ മാസികയിലെ ഈ വാക്കുകൾ നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്നുവെന്ന വസ്തുത ഈ സന്തോഷം ഇപ്പോൾത്തന്നെ നിങ്ങൾക്കുണ്ടെന്ന് അല്ലെങ്കിൽ നിങ്ങളുടെ എത്തുപാടിലാണെന്നു സൂചിപ്പിക്കുന്നു.
2. ഒരു ക്രിസ്ത്യാനിയുടെ സന്തോഷം മിക്ക ആളുകളുടെയും പൊതു അവസ്ഥയിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
2 തങ്ങളുടെ ജീവിതത്തിന് എന്തോ കുറവുണ്ടെന്നു മിക്ക ആളുകളും അറിയുന്നു. നിങ്ങളെ സംബന്ധിച്ചെന്ത്? നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന എല്ലാ ഭൗതികസാമഗ്രികളും നിങ്ങൾക്കില്ലായിരിക്കാമെന്നതു സത്യംതന്നെ. തീർച്ചയായും ഇന്നത്തെ ധനികർക്കും ഉന്നതസ്ഥാനീയർക്കും ഉള്ളതെല്ലാം നിങ്ങൾക്കില്ല. നല്ല ആരോഗ്യവും ഊർജസ്വലതയും കൂടുതലായി ഉണ്ടായിരിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടേക്കാം. അപ്പോഴും സന്തോഷത്തിന്റെ കാര്യത്തിൽ ഭൂമിയിലെ കോടികളിൽ അധികപങ്കിനെക്കാൾ സമ്പന്നരും ആരോഗ്യമുള്ളവരുമാണു നിങ്ങളെന്നു സംശയരഹിതമായി പറയാം. എങ്ങനെ?
3. ഏത് അർഥവത്തായ വാക്കുകൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നു, എന്തുകൊണ്ട്?
3 യേശുവിന്റെ ഈ വാക്കുകൾ ഓർമിക്കുക: “എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.” (യോഹന്നാൻ 15:11) “നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും.” എന്തൊരു വർണന! ക്രിസ്തീയജീവിതരീതിയുടെ ആഴത്തിലുള്ള ഒരു പഠനം നമ്മുടെ സന്തോഷം പൂർണമാകുന്നതിനുള്ള നിരവധി കാരണങ്ങൾ വെളിപ്പെടുത്തും. എന്നാൽ ഇപ്പോൾത്തന്നെ, യെശയ്യാവു 35:10-ലെ അർഥവത്തായ വാക്കുകൾ കുറിക്കൊള്ളുക. അവയ്ക്ക് ഇന്നു നമ്മോടു വളരെയധികം ബന്ധമുള്ളതുകൊണ്ടാണ് അവ അർഥവത്തായിരിക്കുന്നത്. നാം ഇങ്ങനെ വായിക്കുന്നു: “അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം (“അനിശ്ചിതകാലത്തോളമുള്ള സന്തോഷിക്കൽ,” NW) അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.”
4. യെശയ്യാവു 35:10-ൽ ഏതു തരം സന്തോഷത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു, നാം ഇതിനു ശ്രദ്ധ കൊടുക്കേണ്ടത് എന്തുകൊണ്ട്?
4 “അനിശ്ചിതകാലത്തോളമുള്ള സന്തോഷിക്കൽ.” “അനിശ്ചിതകാലത്തോളമുള്ള” എന്ന പ്രയോഗം യെശയ്യാവ് എബ്രായയിൽ എഴുതിയതിന്റെ ഒരു കൃത്യമായ വിവർത്തനമാണ്. എന്നാൽ മററു തിരുവെഴുത്തുകളാൽ തെളിയിക്കപ്പെടുന്ന പ്രകാരം ഈ വാക്യത്തിലെ ആശയം “എന്നേക്കും” എന്നാണ്. (സങ്കീർത്തനം 45:6; 90:2; യെശയ്യാവു 40:28) അതുകൊണ്ട് സന്തോഷിക്കൽ അനന്തമായിരിക്കും, നിത്യസന്തോഷിക്കലിന് അനുവദിക്കുന്ന—അതേ, അതിനെ നീതീകരിക്കുന്ന—അവസ്ഥകളിൽത്തന്നെ. അത് ഉല്ലാസപ്രദമായി ധ്വനിക്കുന്നില്ലേ? ഒരുപക്ഷേ, ‘എന്റെ അനുദിനപ്രശ്നങ്ങളും ഉത്കണ്ഠകളും എന്നെ ബാധിക്കുന്നടത്തോളം യഥാർഥമായി അത് എന്നെ ബാധിക്കുന്നില്ല’ എന്നു ചിന്തിപ്പിക്കത്തവിധം ഒരു സൈദ്ധാന്തിക സാഹചര്യത്തെക്കുറിച്ചുള്ള അഭിപ്രായം എന്നപോലെയായിരിക്കാം ആ വാക്യം നിങ്ങളിൽ ധാരണ ഉളവാക്കുന്നത്. എന്നാൽ വസ്തുതകൾ മറിച്ചാണു തെളിയിക്കുന്നത്. യെശയ്യാവു 35:10-ലെ ആ പ്രാവചനിക വാഗ്ദാനം ഇന്നു നിങ്ങൾക്ക് അർഥവത്താണ്. എങ്ങനെയെന്നു മനസ്സിലാക്കുന്നതിന്, നമുക്കു സന്ദർഭത്തിന് അനുയോജ്യമായി ഓരോ ഭാഗവും ശ്രദ്ധിച്ചുകൊണ്ട് ഈ മനോഹരമായ അധ്യായം, യെശയ്യാവു 35, പരിശോധിക്കാം. നാം മനസ്സിലാക്കുന്നതു നിങ്ങൾക്ക് ആസ്വാദ്യമായിരിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക.
സന്തോഷിക്കേണ്ടിയിരുന്ന ജനം
5. യെശയ്യാവു 35-ാം അധ്യായം ഏതു പ്രാവചനിക പശ്ചാത്തലത്തിൽ കാണപ്പെടുന്നു?
5 ഒരു സഹായമെന്ന നിലയിൽ, ഈ വശ്യമായ പ്രവചനത്തിന്റെ പശ്ചാത്തലം, ചരിത്രപരമായ രംഗവിധാനം, നമുക്കു നോക്കാം. എബ്രായ പ്രവാചകനായ യെശയ്യാവ് പൊ.യു.മു. (പൊതുയുഗത്തിനു മുമ്പ്) 732-നോട് അടുത്താണ് അത് എഴുതിയത്. അതു ബാബിലോന്യസൈന്യം യെരുശലേമിനെ നശിപ്പിച്ചതിനു ദശാബ്ദങ്ങൾക്കു മുമ്പായിരുന്നു. യെശയ്യാവു 34:1, 2 സൂചിപ്പിക്കുന്നതുപോലെ, യെശയ്യാവു 34:6-ൽ പറഞ്ഞിരിക്കുന്ന ഏദോം പോലുള്ള ജനതകളുടെമേൽ താൻ പ്രതികാരം ചൊരിയാൻ പോകയാണെന്നു ദൈവം മുൻകൂട്ടി പറഞ്ഞിരുന്നു. തെളിവനുസരിച്ച്, അതു ചെയ്യുന്നതിന് അവൻ പുരാതന ബാബിലോന്യരെ ഉപയോഗിച്ചു. സമാനമായി, യഹൂദൻമാർ അവിശ്വസ്തരായിരുന്നതുകൊണ്ടു യഹൂദയെ ശൂന്യമാക്കാൻ ദൈവം ബാബിലോന്യരെ ഉപയോഗിച്ചു. ഫലമെന്തായിരുന്നു? ദൈവത്തിന്റെ ജനം അടിമത്തത്തിലേക്കു കൊണ്ടുപോകപ്പെട്ടു, അവരുടെ സ്വദേശം 70 വർഷം ശൂന്യമായി കിടന്നു.—2 ദിനവൃത്താന്തം 36:15-21.
6. ഏദോമ്യരുടെമേൽ വരാനിരുന്നതും യഹൂദരുടെമേൽ വരാനിരുന്നതും തമ്മിൽ എന്തു വൈപരീത്യമുണ്ട്?
6 എന്നിരുന്നാലും, ഏദോമ്യരും യഹൂദരും തമ്മിൽ ഗണ്യമായ ഒരു വ്യത്യാസമുണ്ട്. ഏദോമ്യരുടെമേലുള്ള ദിവ്യ പ്രതിക്രിയ അനന്തമായിരുന്നു; കാലക്രമത്തിൽ അവർ ഒരു ജനമെന്ന നിലയിൽ തിരോധാനം ചെയ്തു. അതേ, ലോകപ്രസിദ്ധ പെട്രായുടെ അവശിഷ്ടങ്ങൾപോലെ ഏദോമ്യർ വസിച്ചിരുന്നടത്തെ ശൂന്യശിഷ്ടങ്ങൾ നിങ്ങൾക്ക് ഇപ്പോഴും സന്ദർശിക്കാൻ കഴിയും. ‘ഏദോമ്യർ’ എന്നു തിരിച്ചറിയാൻ കഴിയുന്ന ജനതയോ ജനമോ ഇന്നില്ല. മറിച്ച്, യഹൂദയുടെ ബാബിലോന്യശൂന്യമാക്കൽ ദേശത്തെ നിത്യം സന്തോഷരഹിതമായി വിട്ടുകൊണ്ട് എന്നേക്കുമുള്ളതായിരിക്കണമായിരുന്നോ?
7. ബാബിലോനിൽ ബന്ദികളായിരുന്ന യഹൂദൻമാർ യെശയ്യാവു 35-ാം അധ്യായത്തോട് എങ്ങനെ പ്രതികരിച്ചിരിക്കാം?
7 യെശയ്യാവു 35-ാം അധ്യായത്തിലെ കൗതുകകരമായ പ്രവചനത്തിന് ഇവിടെ പ്രചോദനാത്മകമായ അർഥമുണ്ട്. അതിനെ ഒരു പുനഃസ്ഥാപന പ്രവചനം എന്നു വിളിക്കാവുന്നതാണ്, എന്തെന്നാൽ അതിനു യഹൂദൻമാർ തങ്ങളുടെ സ്വദേശത്തേക്കു പൊ.യു.മു. 537-ൽ മടങ്ങിപ്പോയപ്പോൾ ഒന്നാമത്തെ നിവൃത്തി ഉണ്ടായി. ബാബിലോനിൽ ബന്ദികളായിരുന്ന ഇസ്രായേല്യർക്കു സ്വദേശത്തേക്കു മടങ്ങിപ്പോകാൻ സ്വാതന്ത്ര്യം കൊടുക്കപ്പെട്ടു. (എസ്രാ 1:1-11) എന്നിരുന്നാലും, അതു സംഭവിക്കുന്നതുവരെ ഈ ദിവ്യ പ്രവചനത്തെക്കുറിച്ചു പരിചിന്തിച്ച, ബാബിലോനിൽ ബന്ദികളായിരുന്ന യഹൂദൻമാർ തങ്ങളുടെ ദേശീയസ്വദേശമായ യഹൂദയിൽ തിരിച്ചെത്തുമ്പോൾ ഏതുതരം അവസ്ഥകൾ തങ്ങൾ കണ്ടെത്തുമെന്നു സംശയിച്ചിരിക്കണം. അവർതന്നെ ഏതവസ്ഥയിലായിരിക്കും? ഉത്തരങ്ങൾക്കു നമുക്കു സന്തോഷത്താൽ ആർത്തുഘോഷിക്കുന്നതിനു വാസ്തവമായി കാരണമുള്ളത് എന്തുകൊണ്ടെന്നുള്ളതിനോടു നേരിട്ടു ബന്ധമുണ്ട്. നമുക്കു കാണാം.
8. ബാബിലോനിൽനിന്നു മടങ്ങിച്ചെല്ലുമ്പോൾ യഹൂദൻമാർ ഏതു സ്ഥിതിവിശേഷങ്ങൾ കണ്ടെത്തും? (താരതമ്യപ്പെടുത്തുക: യെഹെസ്കേൽ 19:3-6; ഹോശേയ 13:8.)
8 തങ്ങൾക്കു സ്വദേശത്തേക്കു മടങ്ങിപ്പോകാൻ കഴിയുമെന്നു കേട്ടപ്പോൾപോലും യഹൂദൻമാർക്കു സ്ഥിതിവിശേഷം തീർച്ചയായും ആശാവഹമായി തോന്നുമായിരുന്നില്ല. അവരുടെ ദേശം ഏഴു പതിററാണ്ടുകൾ, ഒരു ആയുഷ്കാലം മുഴുവൻ, ശൂന്യമായി കിടന്നിരുന്നു. ആ ദേശത്തിന് എന്തു സംഭവിച്ചിരുന്നു? കൃഷി ചെയ്തിരുന്ന ഏതു വയലുകളും മുന്തിരിത്തോട്ടങ്ങളും അല്ലെങ്കിൽ പഴത്തോപ്പുകളും നിർജനപ്രദേശമായിത്തീർന്നിരിക്കും. ജലസേചനം ചെയ്തിരുന്ന തോട്ടങ്ങൾ അല്ലെങ്കിൽ ഭൂഭാഗങ്ങൾ വരണ്ട പാഴ്നിലമോ മരുഭൂമിയോ ആയി അധഃപതിച്ചിരിക്കും. (യെശയ്യാവു 24:1, 4; 33:9; യെഹെസ്കേൽ 6:14) ധാരാളമായുള്ള വന്യമൃഗങ്ങളെക്കുറിച്ചും ചിന്തിക്കുക. ഇവയിൽ സിംഹവും പുള്ളിപ്പുലികളുംപോലെയുള്ള മാംസഭുക്കുകളും ഉൾപ്പെടുമായിരുന്നു. (1 രാജാക്കൻമാർ 13:24-28; 2 രാജാക്കൻമാർ 17:25, 26; ഉത്തമഗീതം 4:8) പുരുഷനെയോ സ്ത്രീയെയോ കുട്ടിയെയോ അടിച്ചുവീഴിക്കാൻ പ്രാപ്തിയുള്ള കരടികളെയും അവർക്ക് അവഗണിക്കാൻ കഴിയുമായിരുന്നില്ല. (1 ശമൂവേൽ 17:34-37; 2 രാജാക്കൻമാർ 2:24; സദൃശവാക്യങ്ങൾ 17:12) അണലികളെയോ മററു വിഷപ്പാമ്പുകളെയോ തേളുകളെയോ കുറിച്ചു പറയുകയേ വേണ്ട. (ഉല്പത്തി 49:17; ആവർത്തനപുസ്തകം 32:33; ഇയ്യോബ് 20:16; സങ്കീർത്തനം 58:4; 140:3; ലൂക്കൊസ് 10:19) നിങ്ങൾ പൊ.യു.മു. 537-ൽ ബാബിലോനിൽനിന്നു മടങ്ങിപ്പോകുന്ന യഹൂദൻമാരോടൊപ്പമുണ്ടായിരുന്നെങ്കിൽ അത്തരമൊരു പ്രദേശത്തുകൂടെ നടക്കാൻ നിങ്ങൾ ഒരുപക്ഷേ വിമുഖരായിരിക്കുമായിരുന്നു. അവർ വന്നെത്തിയപ്പോൾ അതു പറുദീസ ആയിരുന്നില്ല.
9. മടങ്ങിപ്പോകുന്നവർക്ക് ഏതു കാരണത്താൽ പ്രത്യാശക്കും വിശ്വാസത്തിനും ഒരു അടിസ്ഥാനം ഉണ്ടായിരുന്നു?
9 എന്നിട്ടും, യഹോവതന്നെ തന്റെ ആരാധകരെ സ്വദേശത്തേക്കു നയിച്ചിരുന്നു. ഒരു ശൂന്യാവസ്ഥയ്ക്കു മാററംവരുത്താനുള്ള കഴിവ് അവനുണ്ട്. നിങ്ങൾ സ്രഷ്ടാവിനെക്കുറിച്ച് അതു വിശ്വസിക്കുന്നില്ലേ? (ഇയ്യോബ് 42:2; യിരെമ്യാവു 32:17, 21, 27, 37, 41) അതുകൊണ്ട് മടങ്ങിപ്പോകുന്ന യഹൂദൻമാർക്കും അവരുടെ ദേശത്തിനുംവേണ്ടി അവൻ എന്തു ചെയ്യുമായിരുന്നു—എന്തു ചെയ്തു? ആധുനിക കാലങ്ങളിലെ ദൈവജനത്തിൻമേലും, ഇപ്പോഴും ഭാവിയിലും, നിങ്ങളുടെ സാഹചര്യത്തിൻമേലും ഇതിന് എന്തു ഫലമുണ്ട്? ആദ്യമായി അന്ന് എന്തു സംഭവിച്ചുവെന്നു നമുക്കു നോക്കാം.
മാററംഭവിച്ച ഒരു സാഹചര്യത്തിൽ സന്തുഷ്ടർ
10. യെശയ്യാവു 35:1, 2 ഏതു മാററം മുൻകൂട്ടിപ്പറഞ്ഞു?
10 ആ ഘോരമായ ദേശത്തേക്കു മടങ്ങിപ്പോകാൻ കോരേശ് യഹൂദൻമാരെ അനുവദിച്ചപ്പോൾ എന്തു സംഭവിക്കുമായിരുന്നു? യെശയ്യാവു 35:1, 2-ലെ പുളകപ്രദമായ പ്രവചനം വായിക്കുക: “മരുഭൂമിയും വരണ്ട നിലവും ആനന്ദിക്കും; നിർജ്ജനപ്രദേശം ഉല്ലസിച്ചു പനിനീർപുഷ്പം പോലെ പൂക്കും. അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കർമ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവർ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.”
11. ദേശത്തെക്കുറിച്ചുള്ള ഏതറിവു യെശയ്യാവ് ഉപയോഗിച്ചു?
11 ബൈബിൾകാലങ്ങളിൽ, ലെബാനോനും കർമേലും ശാരോനും അവയുടെ ഹരിതഭംഗിക്കു പ്രസിദ്ധമായിരുന്നു. (1 ദിനവൃത്താന്തം 5:16; 27:29; 2 ദിനവൃത്താന്തം 26:10; ഉത്തമഗീതം 2:1; 4:15; ഹോശേയ 14:5-7) ദൈവസഹായത്താൽ രൂപാന്തരംഭവിക്കുന്ന ദേശം എങ്ങനെയായിരിക്കുമെന്നു വർണിക്കാൻ യെശയ്യാവ് ആ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചു. എന്നാൽ അതു കേവലം മണ്ണിൻമേലുള്ള ഒരു ഫലം ആയിരിക്കേണ്ടിയിരുന്നോ? തീർച്ചയായും അല്ല!
12. യെശയ്യാവു 35-ാം അധ്യായത്തിലെ പ്രവചനം ആളുകളിൽ കേന്ദ്രീകരിക്കുന്നുവെന്നു നമുക്കു പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
12 ദേശം “ഉല്ലാസത്തോടും ഘോഷത്തോടുംകൂടെ ഉല്ലസിക്കു”ന്നതിനെക്കുറിച്ചു യെശയ്യാവു 35:2 പറയുന്നു. മണ്ണും സസ്യങ്ങളും അക്ഷരീയമായി ‘ഉല്ലാസത്തോടെ ഉല്ലസിക്കു’ന്നില്ലായിരുന്നുവെന്നു നമുക്കറിയാം. അതേസമയം, ഫലഭൂയിഷ്ഠവും ഉത്പാദനക്ഷമവുമായിത്തീരാനുള്ള അവയുടെ രൂപാന്തരത്തിന് ആളുകളെ ആ വിധത്തിൽ തോന്നിക്കാനാവും. (ലേവ്യപുസ്തകം 23:37-40; ആവർത്തനപുസ്തകം 16:15; സങ്കീർത്തനം 126:5, 6; യെശയ്യാവു 16:10; യിരെമ്യാവു 25:30; 48:33) ദേശത്തുതന്നെ നടക്കുന്ന അക്ഷരീയ മാററങ്ങൾ ആളുകളിലെ മാററങ്ങളോടൊക്കും, കാരണം ഈ പ്രവചനത്തിൽ മുഖ്യമായിട്ടുള്ളത് ആളുകളാണ്. അതുകൊണ്ട് തിരിച്ചുപോകുന്ന യഹൂദൻമാരിലെ മാററങ്ങൾക്ക്, വിശേഷാൽ അവരുടെ സന്തോഷത്തിനാണു യെശയ്യാവിന്റെ വാക്കുകൾ മുഖ്യ ശ്രദ്ധ കൊടുക്കുന്നതെന്നു മനസ്സിലാക്കാൻ നമുക്കു ന്യായമുണ്ട്.
13, 14. ആളുകളിലെ ഏതു മാററം യെശയ്യാവു 35:3, 4 മുൻകൂട്ടിപ്പറഞ്ഞു?
13 അതിൻപ്രകാരം, ബാബിലോനിൽനിന്നുള്ള യഹൂദൻമാരുടെ വിമോചനത്തിനും മടങ്ങിവരവിനും ശേഷം ഈ പ്രോത്സാഹജനകമായ പ്രവചനത്തിന് എങ്ങനെ നിവൃത്തി ഉണ്ടായി എന്നു കാണാൻ നമുക്ക് അതു കൂടുതലായി പരിശോധിക്കാം. മടങ്ങിവന്നവരിലെ മററു മാററങ്ങളെക്കുറിച്ചു 3-ഉം 4-ഉം വാക്യങ്ങളിൽ യെശയ്യാവു സംസാരിക്കുന്നു: “തളർന്ന കൈകളെ ബലപ്പെടുത്തുവിൻ; കുഴഞ്ഞ മുഴങ്കാലുകളെ ഉറപ്പിപ്പിൻ. മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.”
14 ദേശത്തിന്റെ ശൂന്യാവസ്ഥക്കു മാററംവരുത്താൻ കഴിവുള്ള നമ്മുടെ ദൈവം തന്റെ ആരാധകരിൽ വളരെ തത്പരനാണെന്നു ചിന്തിക്കുന്നതു ശക്തി പകരുന്നതല്ലേ? ബന്ദികളായ യഹൂദൻമാർ ദുർബലരോ നിരുത്സാഹിതരോ ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരോ ആയിരിക്കാൻ അവൻ ആഗ്രഹിച്ചില്ല. (എബ്രായർ 12:12) ആ യഹൂദബന്ദികളുടെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക. തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്റെ പ്രവചനങ്ങളിൽനിന്ന് അവർക്കു സ്വീകരിക്കാൻ കഴിയുന്ന പ്രത്യാശക്കു പുറമേ, ശുഭാപ്തിവിശ്വാസമുണ്ടായിരിക്കുക അവരെസംബന്ധിച്ചു പ്രയാസമായിരിക്കുമായിരുന്നു. അത് അവർ സഞ്ചരിക്കാനും യഹോവയെ സേവിക്കുന്നതിൽ സജീവരായിരിക്കാനും സ്വാതന്ത്ര്യമില്ലാതെ ഇരുണ്ട ഒരു കുണ്ടറയിലായിരിക്കുന്നതുപോലെയായിരുന്നു. തീർച്ചയായും മുമ്പിൽ പ്രകാശമില്ലാത്തതുപോലെ അവർക്കു തോന്നിയിരിക്കണം.—ആവർത്തനപുസ്തകം 28:29-ഉം യെശയ്യാവു 59:10-ഉം താരതമ്യം ചെയ്യുക.
15, 16. (എ) യഹോവ മടങ്ങിപ്പോയവർക്കുവേണ്ടി എന്തു ചെയ്തുവെന്നു നമുക്കു നിഗമനം ചെയ്യാനാവും? (ബി) മടങ്ങിപ്പോയവർ അത്ഭുതകരമായ ശാരീരികസൗഖ്യമാക്കൽ പ്രതീക്ഷിച്ചിരിക്കുകയില്ലാത്തത് എന്തുകൊണ്ട്, എന്നാൽ യെശയ്യാവു 35:5, 6-നു ചേർച്ചയിൽ ദൈവം എന്തു ചെയ്തു?
15 സ്വദേശത്തേക്കു മടങ്ങുന്നതിനു സൈറസ് അവരെ വിട്ടയയ്ക്കാൻ യഹോവ ഇടയാക്കിയപ്പോൾ അതിന് എങ്ങനെ മാററംവന്നു! അവിടെ മടങ്ങിവന്ന യഹൂദൻമാരുടെ കുരുട്ടുകണ്ണുകളെ ദൈവം അത്ഭുതകരമായി തുറന്നതായോ ഏതെങ്കിലും ബധിരരുടെ ചെവി തുറന്നതായോ ഏതെങ്കിലും മുടന്തരെ അല്ലെങ്കിൽ അംഗവൈകല്യമുള്ളവരെ സുഖപ്പെടുത്തിയതായോ ബൈബിൾപരമായ തെളിവില്ല. എന്നിരുന്നാലും, അവൻ യഥാർഥത്തിൽ വളരെ മഹത്തരമായ ചിലതു ചെയ്തു. അവൻ അവരുടെ പ്രിയപ്പെട്ട ദേശത്തിന്റെ വെളിച്ചത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും അവരെ പുനഃസ്ഥിതീകരിച്ചു.
16 യഹോവ അങ്ങനെയുള്ള അത്ഭുതകരമായ ശാരീരികസൗഖ്യമാക്കലുകൾ നിർവഹിക്കാൻ മടങ്ങിവന്നവർ പ്രതീക്ഷിച്ചുവെന്നതിനു സൂചനയില്ല. ഇസ്ഹാക്കിനോ ശിംശോനോ ഏലിക്കോവേണ്ടി ദൈവം അങ്ങനെ ചെയ്തിരുന്നില്ലെന്ന് അവർ തിരിച്ചറിഞ്ഞിരിക്കണം. (ഉല്പത്തി 27:1; ന്യായാധിപൻമാർ 16:21, 26-30; 1 ശമൂവേൽ 3:2-8; 4:15) എന്നാൽ അവർ ആലങ്കാരികമായി തങ്ങളുടെ അവസ്ഥയുടെ ഒരു ദിവ്യമാററം പ്രതീക്ഷിച്ചെങ്കിൽ അവർ നിരാശിതരായില്ല. തീർച്ചയായും ഒരു ആലങ്കാരികമായ അർഥത്തിൽ 5-ഉം 6-ഉം വാക്യങ്ങൾക്കു യഥാർഥ നിവൃത്തി ഉണ്ടായി. യെശയ്യാവു കൃത്യമായി ഇങ്ങനെ മുൻകൂട്ടിപ്പറഞ്ഞു: “അന്നു കുരുടൻമാരുടെ കണ്ണു തുറന്നുവരും; ചെകിടൻമാരുടെ ചെവി അടഞ്ഞിരിക്കയുമില്ല. അന്നു മുടന്തൻ മാനിനെപ്പോലെ ചാടും; ഊമന്റെ നാവും ഉല്ലസിച്ചുഘോഷിക്കും.”
ദേശം ഒരു പറുദീസപോലെ ആക്കുന്നു
17. തെളിവനുസരിച്ച് ഏതു ഭൗതികമാററങ്ങൾ യഹോവ കൈവരുത്തി?
17 യെശയ്യാവു തുടർന്നുവർണിക്കുന്നതുപോലെയുള്ള അവസ്ഥകളെ പ്രതി ഉല്ലസിച്ചുഘോഷിക്കുന്നതിനു മടങ്ങിപ്പോയ അവർക്കു തീർച്ചയായും കാരണമുണ്ടായിരിക്കുമായിരുന്നു: “മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു തോടുകളും പൊട്ടി പുറപ്പെടും. മരീചിക ഒരു പൊയ്കയായും വരണ്ടനിലം നീരുറവുകളായും തീരും; കുറുക്കൻമാരുടെ പാർപ്പിടത്തു, അവ കിടന്ന സ്ഥലത്തുതന്നെ, പുല്ലും ഓടയും ഞാങ്ങണയും വളരും.” (യെശയ്യാവു 35:6ബി, 7) ഇന്ന് ആ മുഴുപ്രദേശത്തും നാം അതു കാണാതിരുന്നേക്കാമെങ്കിലും, ഒരിക്കൽ യഹൂദ ആയിരുന്ന പ്രദേശം ഒരു “മേച്ചിൽപറുദീസാ” ആയിരുന്നുവെന്നു തെളിവു സൂചിപ്പിക്കുന്നു.”a
18. മടങ്ങിപ്പോയ യഹൂദൻമാർ ദൈവത്തിന്റെ അനുഗ്രഹങ്ങളോട് എങ്ങനെ പ്രതികരിച്ചിരിക്കാനിടയുണ്ട്?
18 സന്തോഷത്തിനുള്ള കാരണങ്ങൾസംബന്ധിച്ചാണെങ്കിൽ, വാഗ്ദത്തദേശത്തു പുനരധിവസിപ്പിക്കപ്പെട്ടു കഴിഞ്ഞപ്പോൾ യഹൂദശേഷിപ്പിന് എങ്ങനെ തോന്നിയിരിക്കണം എന്നു ചിന്തിക്കുക! കുറുക്കൻമാരും അത്തരം മററു ജന്തുക്കളും വസിച്ചിരുന്ന പാഴ്നിലം ഏറെറടുത്തു രൂപാന്തരപ്പെടുത്താനുള്ള അവസരം അവർക്കുണ്ടായിരുന്നു. അത്തരം പുനഃസ്ഥാപനവേല ചെയ്യുന്നതിൽ നിങ്ങൾ സന്തോഷം കണ്ടെത്തുമായിരുന്നില്ലേ, വിശേഷാൽ നിങ്ങളുടെ വേലയെ ദൈവം അനുഗ്രഹിക്കുന്നുണ്ടെന്നു നിങ്ങൾ അറിഞ്ഞിരുന്നെങ്കിൽ?
19. ബാബിലോന്യ അടിമത്തത്തിൽനിന്നുള്ള മടങ്ങിപ്പോക്ക് ഏതർഥത്തിൽ സോപാധികമായിരുന്നു?
19 എന്നിരുന്നാലും, ബാബിലോനിലെ എല്ലാ യഹൂദബന്ദികൾക്കും ആ സന്തോഷകരമായ രൂപാന്തരവേലയിൽ പങ്കെടുക്കുന്നതിനു തിരിച്ചുപോകാൻ കഴിഞ്ഞുവെന്നോ തിരിച്ചുപോയെന്നോ അല്ല. ദൈവം വ്യവസ്ഥകൾ വെച്ചു. പുറജാതീയ ബാബിലോന്യ മതാചാരങ്ങളാൽ മലിനരായ ആർക്കും തിരിച്ചുപോകാനുള്ള അവകാശമില്ലായിരുന്നു. (ദാനീയേൽ 5:1, 4, 22, 23; യെശയ്യാവു 52:11) ഒരു ബുദ്ധിശൂന്യമായ ഗതിക്കു വിമൂഢമായി അർപ്പിതനായ ആർക്കും മടങ്ങിപ്പോകാൻ കഴിയുമായിരുന്നില്ല. അങ്ങനെയുള്ള ആളുകളെല്ലാം അയോഗ്യരായി. മറിച്ച്, ദൈവത്തിന്റെ നിലവാരങ്ങളിലെത്തിച്ചേർന്നവർക്ക്, ആപേക്ഷികമായ ഒരു അർഥത്തിൽ വിശുദ്ധരായിരിക്കുന്നതായി അവൻ വീക്ഷിച്ചവർക്ക്, യഹൂദയിലേക്കു തിരിച്ചുപോകാൻ കഴിയുമായിരുന്നു. ഒരു വിശുദ്ധ വഴിയിലൂടെ എന്നപോലെ അവർക്കു സഞ്ചരിക്കാൻ കഴിയുമായിരുന്നു. 8-ാം വാക്യത്തിൽ യെശയ്യാവ് അതു വ്യക്തമാക്കി. “അവിടെ ഒരു പെരുവഴിയും പാതയും ഉണ്ടാകും; അതിന്നു വിശുദ്ധവഴി എന്നു പേരാകും; ഒരു അശുദ്ധനും അതിൽകൂടി കടന്നുപോകയില്ല. അവൻ അവരോടുകൂടെ ഇരിക്കും; വഴിപോക്കർ, ഭോഷൻമാർ പോലും, വഴിതെററിപ്പോകയില്ല.”
20. മടങ്ങിപ്പോകവേ യഹൂദൻമാർ എന്തു ഭയപ്പെടേണ്ടതില്ലായിരുന്നു, എന്തിൽ കലാശിക്കുമാറ്?
20 മടങ്ങിപ്പോയ യഹൂദൻമാർക്കു മൃഗതുല്യരായ മനുഷ്യരിൽനിന്നോ കൊള്ളസംഘങ്ങളിൽനിന്നോ ഉള്ള ആക്രമണത്തെ ഭയപ്പെടേണ്ടതില്ലായിരുന്നു. എന്തുകൊണ്ട്? വീണ്ടെടുക്കപ്പെട്ട തന്റെ ജനത്തോടുകൂടെ വഴിയിൽ സഞ്ചരിക്കാൻ യഹോവ അങ്ങനെയുള്ളവരെ അനുവദിക്കുമായിരുന്നില്ല. തന്നിമിത്തം സന്തോഷപ്രദമായ ശുഭാപ്തിവിശ്വാസത്തോടെ, സന്തുഷ്ടപ്രതീക്ഷകളോടെ, അവർക്കു സഞ്ചരിക്കാൻ കഴിയുമായിരുന്നു. ഈ പ്രവചനം ഉപസംഹരിച്ചപ്പോൾ യെശയ്യാവ് അത് എങ്ങനെ വർണിച്ചുവെന്നു കുറിക്കൊള്ളുക: “ഒരു സിംഹവും അവിടെ ഉണ്ടാകയില്ല; ഒരു ദുഷ്ടമൃഗവും അവിടെ കയറിവരികയില്ല. ആ വകയെ അവിടെ കാണുകയില്ല; വീണ്ടെടുക്കപ്പെട്ടവർ അവിടെ നടക്കും. അങ്ങനെ യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ മടങ്ങി ഉല്ലാസഘോഷത്തോടെ സീയോനിലേക്കു വരും; നിത്യാനന്ദം അവരുടെ തലമേൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും നെടുവീർപ്പും ഓടിപ്പോകും.”—യെശയ്യാവു 35:9, 10.
21. ഇപ്പോൾത്തന്നെ സംഭവിച്ചുകഴിഞ്ഞ യെശയ്യാവു 35-ാം അധ്യായത്തിന്റെ നിവൃത്തിയെ നാം ഇന്ന് എങ്ങനെ നോക്കിക്കാണണം?
21 എന്തൊരു പ്രാവചനിക ചിത്രമാണു നമുക്കിവിടെ ഉള്ളത്! എന്നിരുന്നാലും, ഇതു നമ്മുടെ സാഹചര്യത്തോടോ നമ്മുടെ ഭാവിയോടോ ബന്ധമൊന്നുമില്ലാത്ത ഒരു മനോഹരമായ കഥ ആയിരിക്കുന്നതുപോലെ, കേവലം കഴിഞ്ഞുപോയ ചരിത്രം കൈകാര്യം ചെയ്യുന്നു എന്നപോലെ, ഇതിനെ നാം വീക്ഷിക്കരുത്. ഇന്നു ദൈവജനത്തിന്റെ ഇടയിൽ ഈ പ്രവചനത്തിനു വിസ്മയാവഹമായ ഒരു നിവൃത്തി ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നതാണു വസ്തുത, തന്നിമിത്തം അതു നമ്മിൽ ഓരോരുത്തരെയും യഥാർഥമായി സ്പർശിക്കുന്നുണ്ട്. അതു സന്തോഷത്താൽ ആർത്തുഘോഷിക്കുന്നതിനു നമുക്ക് ഈടുററ കാരണം നൽകുന്നു. നിങ്ങളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ജീവിതം ഉൾപ്പെടുന്ന ഈ വശങ്ങൾ അടുത്ത ലേഖനത്തിൽ പ്രതിപാദിക്കുന്നു.
[അടിക്കുറിപ്പ]
a ആ പ്രദേശത്തെക്കുറിച്ചുള്ള തന്റെ പഠനങ്ങളിൽനിന്നു കൃഷിശാസ്ത്രജ്ഞനായ വാൾട്ടർ സി. ലോഡർമിൽക്ക് (യു.എൻ. ഭക്ഷ്യകാർഷിക സംഘടനയെ പ്രതിനിധാനംചെയ്തുകൊണ്ട്) ഇങ്ങനെ നിഗമനംചെയ്തു: “ഈ ദേശം ഒരിക്കൽ ഒരു മേച്ചിൽപറുദീസ ആയിരുന്നു.” “റോമൻകാലങ്ങൾക്കുശേഷം” അവിടത്തെ കാലാവസ്ഥ ഗണ്യമായി മാറിയിട്ടില്ലെന്നും “ഒരിക്കൽ തഴച്ചുവളർന്നിരുന്ന ദേശത്തു വ്യാപിച്ച ‘മരുഭൂമി’ പ്രകൃതിയുടേതല്ല, പിന്നെയോ മമനുഷ്യന്റെ പ്രവൃത്തി ആയിരുന്നു” എന്നും അദ്ദേഹം സൂചിപ്പിച്ചു.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ യെശയ്യാവു 35-ാം അധ്യായത്തിന് എപ്പോൾ ആദ്യനിവൃത്തി ഉണ്ടായി?
◻ പ്രവചനത്തിന്റെ ആദ്യനിവൃത്തി എന്തു ഫലമുളവാക്കുമായിരുന്നു?
◻ യഹോവ യെശയ്യാവു 35:5, 6 എങ്ങനെ നിവർത്തിച്ചു?
◻ മടങ്ങിവന്ന യഹൂദൻമാർക്കു ദേശത്തും തങ്ങളുടെ സാഹചര്യത്തിലും ഏതു മാററങ്ങൾ അനുഭവപ്പെട്ടു?
[9-ാം പേജിലെ ചിത്രം]
ഒരിക്കൽ ഏദോമ്യരുടെ വാസസ്ഥലമായിരുന്ന പെട്രായുടെ ശൂന്യശിഷ്ടങ്ങൾ
[കടപ്പാട്]
Garo Nalbandian
[10-ാം പേജിലെ ചിത്രം]
യഹൂദൻമാർ പ്രവാസത്തിലായിരുന്നപ്പോൾ യഹൂദയുടെ അധികഭാഗവും കരടിയും സിംഹവും പോലെയുള്ള ഹിംസ്രജന്തുക്കൾ കയ്യടക്കി ഒരു മരുഭൂമിപോലെ ആയിത്തീർന്നു
[കടപ്പാട്]
Garo Nalbandian
Bear and Lion: Safari-Zoo of Ramat-Gan, Tel Aviv