സകല ശിശുക്കളും ആരോഗ്യമുള്ളവരായിരിക്കുമ്പോൾ
ഒരു തണുത്ത ധ്രുവപ്രദേശ രാത്രിയിൽ ഒരാളുടെ കൂടാരവും ഉറക്കസഞ്ചിയും നീക്കി അയാളുടെ ഹ്രസ്വമായ അണ്ടർവെയർ ധരിച്ച് തണുപ്പനുഭവിക്കാനിടയാക്കുന്നത് ഒരു കുററകൃത്യമായിരിക്കും. അതുപോലെതന്നെ, ഒരു ശിശു പുറംലോകത്തെ അഭിമുഖീകരിക്കാൻ തയ്യാറാകുന്നതിനുമുമ്പ് അതിന്റെ ഊഷ്മളവും സംരക്ഷകവുമായ ഗർഭപാത്രത്തിലെ സ്ഥാനത്തുനിന്ന് അതിനെ തള്ളിപ്പുറത്താക്കുന്നത് ഒരു കുററകൃത്യമാണ്. എന്നാൽ ഈ ഹീന കുററകൃത്യത്തിന് ആർ അല്ലെങ്കിൽ എന്താണ് ഉത്തരവാദിയായിരിക്കുന്നത്?
തീർച്ചയായും, മാതാപിതാക്കൾ തങ്ങളുടെ കുഞ്ഞിൻമേൽ അത്തരമൊരു പ്രയാസം മനഃപൂർവം വരുത്തിക്കൂട്ടുകയില്ല. യഥാർത്ഥത്തിൽ, പ്രസവവേദന തുടങ്ങുമ്പോൾ, ശിശു പൂർണ്ണവളർച്ചയെത്തിയിട്ടായാലും അതിനു മുമ്പായാലും, അതു നിർത്താൻ തള്ളക്കാവില്ല. പ്രസവവേദനക്ക് തുടക്കമിടുന്നത് കൃത്യമായി എന്താണെന്ന് മെഡിക്കൽ വിദഗ്ദ്ധർക്കുപോലും മനസ്സിലാകുന്നില്ല. ചിലപ്പോൾ എന്തിനോ വലിയ കുഴപ്പം നേരിടുന്നുവെന്നും ശിശുവിന് ജീവിക്കാൻ സജ്ജമല്ലാത്ത ഒരു ലോകത്തിലേക്ക് അതു തള്ളിവിടപ്പെടുന്നുവെന്നും മാത്രമാണ് അറിയാവുന്നത.
ഇതു സംഭവിക്കുന്നതെന്തുകൊണ്ടെന്ന് ബൈബിളിൽ വിശദീകരിച്ചിട്ടുണ്ട്. നിശ്വസ്ത സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതി: “നോക്കൂ! ഞാൻ അകൃത്യത്തിൽ പ്രസവവേദനകളോടെ ജനിപ്പിക്കപ്പെട്ടു, പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.” (സങ്കീർത്തനം 51:5) മത്സരിയായ ഒരു ആത്മജീവി ദൈവത്തിനെതിരെ മത്സരിക്കാൻ ആദ്യ മനുഷ്യജോടിയെ പ്രേരിപ്പിച്ചു, അങ്ങനെ അവർ പാപികളായിത്തീർന്നു. അവർ ദൈവത്തോടുള്ള ഉചിതമായ അനുസരണത്തിന്റെ ലക്ഷ്യത്തിൽ പിഴച്ചു. അങ്ങനെ, അവരുടെ സന്തതികളെല്ലാം പാപത്തിൽ അഥവാ അപൂർണ്ണതയിൽ ഗർഭം ധരിക്കപ്പെട്ടു. (റോമർ 5:12) രോഗവും മരണവും ശരീരത്തിന്റെ വിവിധ വികലപ്രവർത്തനവുമായിരുന്നു പരിണതഫലങ്ങൾ. അവയിൽ ചിലപ്പോൾ അകാലത്തിൽ വിലയേറിയ ഫലത്തെ പുറന്തള്ളുന്ന ഒരു പുനരുല്പാദനവ്യവസ്ഥയും ഉൾപ്പെടുന്നു.
അകാലശിശുക്കളില്ലാത്ത ഒരു ലോകം
മനുഷ്യർ തങ്ങളുടെ പൂർണ്ണത നിലനിർത്തിയിരുന്നെങ്കിൽ ഇന്നത്തെ അനേകം അകാലശിശുക്കളെ അഭിമുഖീകരിക്കുന്ന അനർത്ഥങ്ങളെ നേരിടാൻ യാതൊരു ശിശുവും സമയത്തിനുമുമ്പേ ജനിക്കുകയില്ലായിരുന്നു. ഒരു മാതാവ് വീണ്ടുമൊരിക്കലും അകാലത്തിൽ പ്രസവിക്കുകയില്ലാത്ത കാലം പെട്ടെന്നുതന്നെ വരും. നിശ്വസ്ത യെശയ്യാപ്രവാചകൻ ആ കാലത്തെക്കുറിച്ച് എഴുതുകയും നമ്മുടെ സ്നേഹവാനായ സ്രഷ്ടാവിന്റെ വാഗ്ദത്തം നമുക്കു നൽകുകയും ചെയ്തു: “ഞാൻ പുതിയ ആകാശവും ഒരു പുതിയ ഭൂമിയും സൃഷ്ടിക്കുന്നു, കഴിഞ്ഞകാലം ഓർക്കപ്പെടുകയില്ല, മേലാൽ മനുഷ്യരുടെ മനസ്സിലേക്കു വരികയുമില്ല.”—യെശയ്യാവ് 65:17, ദി ജറൂസലേം ബൈബിൾ.
യെശയ്യാവിലെ ബൈബിൾ പ്രവചനം ദൈവത്തിന്റെ പുതിയ ലോകത്തിൽ പ്രബലപ്പെടുന്ന ഹൃദയാവർജ്ജകമായ അവസ്ഥകളെക്കുറിച്ചു തുടർന്നു പറയുന്നു: “കരച്ചിലിന്റെ ശബ്ദമോ വിലാപങ്ങളുടെ ശബ്ദമോ അവളിൽ മേലാൽ കേൾക്കുകയില്ല; അവളിൽ മേലാൽ ഏതാനും ദിവസങ്ങൾ മാത്രം ജീവിക്കുന്ന ശിശു കാണപ്പെടുകയില്ല . . . അവർ വൃഥാ അദ്ധ്വാനിക്കുകയില്ല, സ്വന്തം വിനാശത്തിനായി കുട്ടികളെ ജനിപ്പിക്കുകയുമില്ല, എന്തുകൊണ്ടെന്നാൽ അവർ യാഹ്വേയാൽ അനുഗ്രഹിക്കപ്പെടുന്ന ഒരു വർഗ്ഗമായിരിക്കും, അവരുടെ മക്കൾ അവരോടുകൂടെയും.”—യെശയ്യാവ് 65:19-24, JB.
സകല മാനുഷ കഷ്ടപ്പാടും അരിഷ്ടതയും ഒരു വിദൂരസ്മരണയായിരിക്കുന്ന, അകാലത്തിൽ ജനിക്കുന്ന ശിശുക്കളെ ജീവനോടെ നിലനിർത്താൻ ശ്രമിക്കുന്നതിന് അങ്ങേയററത്തെ മെഡിക്കൽ നടപടികളും ഇൻറൻസീവ് കെയർ യൂണിററുകളും വീണ്ടുമൊരിക്കലും ആവശ്യമില്ലാത്ത കാലം എത്ര മഹത്തായിരിക്കും! എന്തുകൊണ്ടെന്നാൽ അന്ന് നമ്മുടെ മഹാദൈവത്തിന്റെ മഹത്തായ മറുവിലാകരുതൽ മുഖേന മനുഷ്യാപൂർണ്ണത നീക്കംചെയ്യപ്പെടും, വീണ്ടും ഒരിക്കലും ഒരു ശിശു തികഞ്ഞജീവിതം ആസ്വദിക്കാൻ പൂർണ്ണമായും സജ്ജനാകാതെ ഗർഭാശയത്തിൽനിന്ന് പുറന്തള്ളപ്പെടുകയില്ല.—വെളിപ്പാട് 21:3, 4. (g89 2/22)
[11-ാം പേജിലെ ചതുരം]
നിങ്ങൾക്ക് യഥാർത്ഥ ആശ്വാസം കണ്ടെത്താൻ കഴിയും
◆ നിങ്ങളുടെ കുട്ടി മരിക്കുന്നുവെങ്കിൽ സുഹൃത്തുക്കളിൽനിന്നും ബന്ധുക്കളിൽനിന്നും സഹായവും പ്രോൽസാഹനവും സ്വീകരിക്കാൻ ശ്രമിക്കുക. ഒരുപക്ഷേ, കുട്ടികൾ നഷ്ടപ്പെട്ടിട്ടുള്ളവർക്ക് നിങ്ങളെ ആശ്വസിപ്പിക്കാൻ കഴിയും.
◆ നിങ്ങൾക്കു പുനരുത്ഥാനപ്രത്യാശയിൽ വിശ്വസിക്കാവുന്നതാണ്, എന്നാൽ ആ വിശ്വാസം നിങ്ങൾക്ക് സത്വരമായ ആശ്വാസം കൈവരുത്തുന്നില്ലെങ്കിൽ പരിഭ്രമിക്കരുത്. കാലം ആ മുറിവുകളെ ഉണക്കിത്തുടങ്ങുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ടയാളെ വീണ്ടും കാണുന്നതിനുള്ള പ്രത്യാശയെ നിങ്ങൾ വിലമതിക്കാനിടയാകുമെന്നതിനു സംശയമില്ല.—യെശയ്യാവ് 25:8; 65:23; യോഹന്നാൻ 5:28, 29; 1 കൊരിന്ത്യർ 15:25, 26.
◆ “സർവ്വാശ്വാസത്തിന്റെയും ദൈവ”മായ യഹോവയെ ആശ്രയിക്കാൻ ശ്രമിക്കുക. (2 കൊരിന്ത്യർ 1:3) അവനാണ് “മരണം കൈവരുത്താനുള്ള മാർഗ്ഗമുള്ളവനെ, അതായത്, പിശാചിനെ, നാസ്തിയാക്കാനുള്ള” ഒരു വഴി പ്രദാനംചെയ്തിരിക്കുന്നത്.—എബ്രായർ 2:14.
◆ നിങ്ങൾ ദുഃഖിതരായ മാതാപിതാക്കളുടെ ഒരു സുഹൃത്താണെങ്കിൽ അവർക്ക് മറെറാരു കുട്ടി ഉണ്ടായിരിക്കാൻ കഴിയും എന്നു പറയാതിരിക്കുന്നതായിരിക്കും ഏററം നല്ലത്. ഈ സമയത്ത് ആ ശിശുവിനു പകരം യാതൊന്നുമുണ്ടായിരിക്കാവുന്നതല്ല. ഈ കാര്യത്തിൽ “കരയുന്ന ആളുകളോടുകൂടെ കരയുന്നത്” ഏററം നന്നായിരിക്കും. (റോമർ 12:15) ദുഃഖം പങ്കുവെക്കുന്നതിനാൽ അതു കുറയുമെന്നുള്ളതുകൊണ്ട് മാതാപിതാക്കളുടെ നഷ്ടത്തെ നിങ്ങൾ സമ്മതിക്കുന്നതും അവരോടുകൂടെ ദുഃഖിക്കുന്നതും അവർക്ക് ആശ്വാസം കൈവരുത്തിയേക്കാം.
◆ ദുഃഖം പ്രകടിപ്പിക്കുന്നത് ഉചിതവും സഹായകവുമാണ്, അതുകൊണ്ട് ദുഃഖത്തിന്റെയും നഷ്ടത്തിന്റെയും വികാരങ്ങൾക്ക് പരിഹാരം വരുത്തുന്നതിന് സമയമനുവദിക്കുക. (1985 ഏപ്രിൽ 22ലെ “എവേക്കി”ൽ “നിങ്ങൾ സ്നേഹിക്കുന്ന ഒരാൾ മരിക്കുമ്പോൾ” എന്നതും 1987 ഓഗസ്ററ് 8-ലെ “ഒരു കുട്ടിയുടെ മരണത്തെ അഭിമുഖീകരിക്കൽ” എന്നതും കാണുക.)