വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
യേശുവിന്റെ കുട്ടിക്കാലത്തെക്കുറിച്ച് മത്തായിയും ലൂക്കോസും രേഖപ്പെടുത്തിയ വിവരങ്ങളിൽ വ്യത്യാസം കാണുന്നത് എന്തുകൊണ്ട്?
മത്തായിയും ലൂക്കോസും വ്യത്യസ്തമായ വീക്ഷണകോണിൽനിന്നാണു കാര്യങ്ങൾ വിവരിച്ചത്. അതുകൊണ്ടാണു യേശുവിന്റെ ജനനത്തെയും കുട്ടിക്കാലത്തെയും കുറിച്ചുള്ള അവരുടെ വിവരണങ്ങളിൽ വ്യത്യാസം കാണുന്നത്.
യോസേഫ് ഉൾപ്പെട്ട സംഭവങ്ങളെ ചുറ്റിപ്പറ്റിയാണു മത്തായിയുടെ വിവരണം. മറിയ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴത്തെ യോസേഫിന്റെ പ്രതികരണം, ഒരു ദൂതൻ സ്വപ്നത്തിൽ യോസേഫിനു കാര്യങ്ങൾ വിശദീകരിച്ചുകൊടുത്ത സംഭവം, ദൂതന്റെ നിർദേശങ്ങളോടുള്ള യോസേഫിന്റെ അനുസരണം എന്നിവയെല്ലാം അതിൽ വിവരിച്ചിരിക്കുന്നു. (മത്താ. 1:19-25) ഈജിപ്തിലേക്ക് ഓടിപ്പോകാൻ ഒരു ദൂതൻ സ്വപ്നത്തിൽ യോസേഫിനോടു പറഞ്ഞതിനെക്കുറിച്ചും കുടുംബത്തെയും കൂട്ടി യോസേഫ് ഓടിപ്പോയതിനെക്കുറിച്ചും മത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഇസ്രായേൽ ദേശത്തേക്കു തിരിച്ചുവരാൻ ഒരു ദൂതൻ യോസേഫിനോടു പറയുന്നതും തുടർന്ന് യോസേഫ് തിരിച്ചുവരുന്നതും കുടുംബത്തോടൊപ്പം നസറെത്തിൽ താമസമാക്കാൻ തീരുമാനിക്കുന്നതും എല്ലാം അതിൽ വിവരിച്ചിരിക്കുന്നു. (മത്താ. 2:13, 14, 19-23) മത്തായിയുടെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ യോസേഫിന്റെ പേര് 14 പ്രാവശ്യം കാണുന്നുണ്ട്. പക്ഷേ മറിയയുടെ പേര് 11 പ്രാവശ്യമേ ഉള്ളൂ.
എന്നാൽ, ലൂക്കോസിന്റെ വിവരണം കൂടുതലും മറിയയെ കേന്ദ്രീകരിച്ചാണ്. മറിയയെ ഗബ്രിയേൽ ദൂതൻ സന്ദർശിച്ചതും മറിയ ബന്ധുവായ എലിസബത്തിനെ കാണാൻപോയതും യഹോവയെ സ്തുതിച്ചുകൊണ്ട് മറിയ പറഞ്ഞ വാക്കുകളും എല്ലാം അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (ലൂക്കോ. 1:26-56) യേശു ഭാവിയിൽ അനുഭവിക്കാൻപോകുന്ന യാതനകളെക്കുറിച്ച് ശിമെയോൻ മറിയയോടു പറഞ്ഞതും ലൂക്കോസ് പരാമർശിക്കുന്നു. യേശുവിന് 12 വയസ്സുണ്ടായിരുന്നപ്പോൾ കുടുംബമൊന്നിച്ച് ആലയം സന്ദർശിച്ചതിനെക്കുറിച്ചുള്ള വിവരണത്തിലും ലൂക്കോസ് ഉൾപ്പെടുത്തിയിരിക്കുന്നതു മറിയയുടെ വാക്കുകളാണ്, യോസേഫിന്റേതല്ല. ഈ സംഭവങ്ങളെല്ലാം മറിയയെ ആഴമായി സ്വാധീനിച്ചതിനെക്കുറിച്ചും ലൂക്കോസ് രേഖപ്പെടുത്തുന്നു. (ലൂക്കോ. 2:19, 34, 35, 48, 51) ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ മറിയയുടെ പേര് 23 പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ യോസേഫിന്റേതു വെറും 5 പ്രാവശ്യവും. അങ്ങനെ, മത്തായി കൂടുതലും യോസേഫിന്റെ ചിന്തകളും പ്രവൃത്തികളും വിശദീകരിക്കുമ്പോൾ ലൂക്കോസ് മറിയയെക്കുറിച്ചും മറിയയ്ക്കുണ്ടായ അനുഭവങ്ങളെക്കുറിച്ചും കൂടുതലായ വിശദാംശങ്ങൾ തരുന്നു.
ഈ രണ്ടു സുവിശേഷങ്ങളിലെ വംശാവലികൾ തമ്മിലും വ്യത്യാസമുണ്ട്. യോസേഫിന്റെ വംശപരമ്പരയാണു മത്തായി രേഖപ്പെടുത്തിയിരിക്കുന്നത്. യോസേഫിന്റെ വളർത്തുമകനായതുകൊണ്ട് യേശു ദാവീദിന്റെ രാജ്യാധികാരത്തിനു നിയമപരമായി അനന്തരാവകാശിയാണെന്ന് അതു തെളിയിക്കുന്നു. എങ്ങനെ? കാരണം ദാവീദിന്റെ മകനായ ശലോമോന്റെ വംശപരമ്പരയിൽപ്പെട്ട വ്യക്തിയായതുകൊണ്ട് യോസേഫ് ദാവീദ് രാജാവിന്റെ പിൻതലമുറക്കാരനായിരുന്നു. (മത്താ. 1:6, 16) എന്നാൽ ലൂക്കോസ്, മറിയയുടെ വംശപരമ്പരയാണു രേഖപ്പെടുത്തിയിരിക്കുന്നത്. ദാവീദിന്റെ രാജ്യാധികാരത്തിനു “ജഡപ്രകാരം” അഥവാ ജനനംകൊണ്ട് യേശു അനന്തരാവകാശിയാണെന്ന് അതു തെളിയിക്കുന്നു. (റോമ. 1:3, ഓശാന) എങ്ങനെ? കാരണം ദാവീദിന്റെ മകനായ നാഥാന്റെ വംശപരമ്പരയിൽപ്പെട്ട വ്യക്തിയായതുകൊണ്ട് മറിയ ദാവീദ് രാജാവിന്റെ പിൻതലമുറക്കാരിയായിരുന്നു. (ലൂക്കോ. 3:31) മറിയയുടെ അപ്പന്റെ പേര് ഹേലി എന്നായിരുന്നു. എന്നാൽ യേശുവിന്റെ വംശാവലിയിൽ ലൂക്കോസ് ഹേലിയുടെ മകളായി മറിയയുടെ പേര് രേഖപ്പെടുത്താഞ്ഞത് എന്തുകൊണ്ടാണ്? സാധാരണയായി വംശാവലികൾ ഔദ്യോഗികമായി രേഖപ്പെടുത്തുമ്പോൾ പുരുഷന്മാരുടെ പേരുകൾ മാത്രമേ ഉൾപ്പെടുത്തിയിരുന്നുള്ളൂ. അതുകൊണ്ട് യോസേഫിനെ ഹേലിയുടെ മകനായി ലൂക്കോസ് വംശാവലിയിൽ രേഖപ്പെടുത്തിയെങ്കിലും യോസേഫ് ഹേലിയുടെ മരുമകനാണെന്ന് ആളുകൾക്കു മനസ്സിലാകുമായിരുന്നു.—ലൂക്കോ. 3:23.
മുൻകൂട്ടിപ്പറഞ്ഞ മിശിഹ യേശുവാണെന്നു മത്തായിയും ലൂക്കോസും രേഖപ്പെടുത്തിയിരിക്കുന്ന വംശാവലികൾ വ്യക്തമായി തെളിയിക്കുന്നു. യേശു ദാവീദ് രാജാവിന്റെ പിൻതലമുറക്കാരനാണെന്ന വസ്തുത പരക്കെ അറിയപ്പെട്ടിരുന്നതുകൊണ്ട് പരീശന്മാർക്കും സദൂക്യർക്കും പോലും അതു നിഷേധിക്കാനാകുമായിരുന്നില്ല. മത്തായിയും ലൂക്കോസും രേഖപ്പെടുത്തിയ യേശുവിന്റെ വംശാവലിരേഖകൾ ഇന്നു നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനശിലകളിൽ ഒന്നാണ്. ദൈവത്തിന്റെ വാഗ്ദാനങ്ങളെല്ലാം ഒന്നൊഴിയാതെ നിറവേറുമെന്നുള്ള നമ്മുടെ വിശ്വാസത്തിനും ഇതു പിൻബലമേകുന്നു.