ശോഭനമായ ഒരു ഭാവിക്കായി ഒരുങ്ങിയിരിപ്പിൻ
“ഒരുങ്ങിയിരിപ്പിൻ,” യേശു ആഹ്വാനം ചെയ്തു. (ലൂക്കൊസ് 12:40) നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ, ക്രിസ്തു “ശക്തിയോടും മഹാതേജസ്സോടും കൂടെ” വരുമ്പോൾ “നിങ്ങളുടെ വീണ്ടെടുപ്പ് [“വിടുതൽ,” NW] അടുത്തുവരുന്നതുകൊണ്ടു നിവർന്നു തല പൊക്കുവിൻ” എന്ന അവന്റെ കൽപ്പനയോടു സന്തോഷത്തോടെ പ്രതികരിക്കാൻ നമുക്കു കഴിയും.—ലൂക്കൊസ് 21:27, 28, ദാനീയേൽ ബൈബിൾ.
ഏതുതരം വിടുതൽ? എന്തിന്, നോഹയും അവന്റെ കുടുംബവും ആസ്വദിച്ച വിടുതൽതന്നെ—അതേ, ഈ ലോകത്തിന്റെ അവസാനത്തെ അതിജീവിച്ചുകൊണ്ടുള്ളതുതന്നെ! “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി.—1 യോഹന്നാൻ 2:17.
യഹോവയുടെ പുതിയ ലോകത്തിൽ രാജാവായ യേശുക്രിസ്തുവിന്റെ ഭൗമിക പ്രജകൾ നിത്യജീവൻ ആസ്വദിക്കും. “നീതിമാൻമാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും” എന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 37:29) തന്റെ ജനത്തിനു വേണ്ടി ദൈവം എത്ര അത്ഭുതകരമായ ഭാവിയാണു വാഗ്ദാനം ചെയ്യുന്നത്! അവന്റെ വചനം പറയുന്നു: “ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” ഇത് യഥാർഥ പ്രവചനമാണ്!—വെളിപ്പാടു 21:3, 4.
എന്നിരുന്നാലും, ആ ഭാവി ആസ്വദിക്കുന്നതിനു നിങ്ങൾ പ്രവർത്തിക്കേണ്ടതുണ്ട്. അറിവു നേടുന്നതാണ് ഒന്നാമത്തെ അവശ്യ സംഗതി. ബൈബിൾ ഇങ്ങനെ വിശദീകരിക്കുന്നു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.”—യോഹന്നാൻ 17:3.
അറിവു തേടുന്ന മറ്റുള്ളവരോടൊത്തു നിങ്ങൾ നിരന്തരം കൂടിവരേണ്ടതുമുണ്ട്. അത് അപ്പോസ്തലൻ പ്രോത്സാഹിപ്പിച്ചതുപോലെയാണ്: “നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിച്ചുകൊണ്ടു സ്നേഹത്തിന്നും സൽപ്രവൃത്തികൾക്കും ഉത്സാഹം വർദ്ധിപ്പിപ്പാൻ അന്യോന്യം സൂക്ഷിച്ചുകൊൾക. നാൾ സമീപിക്കുന്നു എന്നു കാണുംതോറും അതു അധികമധികമായി ചെയ്യേണ്ടതാകുന്നു.” (എബ്രായർ 10:24, 25) നിശ്ചയമായും, ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള വിടുതലിനുള്ള ദിവസം എന്നത്തേതിലുമധികം അടുത്തുവരുന്നതായി യഹോവയുടെ ജനം കാണുന്നു, അതുകൊണ്ട് തങ്ങളുടെ കൂടിവരവിന് അവർ അറിയപ്പെടുന്നവരായിത്തീർന്നിരിക്കുന്നു.
ഒരു വലിയ സ്റ്റേഡിയത്തിലെ കൂടിവരവിനെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട് ലണ്ടനിലെ സൺഡേ ടെലഗ്രാഫ് ഇങ്ങനെ റിപ്പോർട്ടു ചെയ്തു: “‘അന്ത്യം സമീപമാണ്’ എന്നു പ്രഖ്യാപിക്കുന്നവർക്കു സാധാരണമായുള്ള വിഷാദഭാവമൊന്നുമില്ല അവർക്ക്. അതു സമീപമായിരിക്കാം. എന്നാൽ അതേസമയം, ഗൗരവാവഹവും നേരുള്ളതും ദൈവികവും എന്നാൽ സന്തോഷഭരിതവുമായ ഒരു വിധത്തിൽ എല്ലാവരും സ്വയം ആസ്വദിക്കുന്നതായി തോന്നുന്നു.” അതിനുശേഷം ആ പത്രം ഇങ്ങനെയും കൂട്ടിച്ചേർത്തു: “ഇപ്പോഴത്തെ ലോകവ്യവസ്ഥിതി വാസ്തവത്തിൽ തകരാൻ പോവുകയാണെങ്കിൽ, റ്റ്വിക്കെൻഹാമിലെ സാക്ഷികൾ പുതിയതു സംഘടിപ്പിക്കാൻ ശരിക്കും സജ്ജരായിരിക്കുന്നതുപോലെ തോന്നുന്നു.”
ഒരുങ്ങിയിരിക്കുക എന്നതിന്റെ അർഥം നോഹ ചെയ്തതുപോലുള്ള ഒരു വേല ചെയ്തുകൊണ്ടു തിരക്കുള്ളവനായിരിക്കുക എന്നാണ്. “നീതിപ്രസംഗി” എന്നനിലയിൽ ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ അദ്ദേഹം സേവിച്ചു. (2 പത്രൊസ് 2:5) ഒരുങ്ങിയിരിക്കുക എന്നതിന് “നടത്തയുടെ വിശുദ്ധമായ പ്രവൃത്തികളിലും ദൈവിക ഭക്തിയുടെ ചെയ്തികളിലും” ഏർപ്പെടുക എന്ന അർഥവുമുണ്ട്. “യഹോവയുടെ ദിവസത്തിന്റെ സാന്നിധ്യം കാത്തിരിക്കുകയും മനസ്സിൽ അടുത്ത് പിടിക്കുകയും” ചെയ്യുന്ന യഹോവയുടെ ജനത്തോടു ചേരാൻ നിങ്ങളെ ക്ഷണിക്കുകയാണ്, അതേ, ഉദ്ബോധിപ്പിക്കുകയാണ്.—2 പത്രോസ് 3:11, 12, NW.