“യജമാനനായ ക്രിസ്തുവിനുവേണ്ടി അടിമവേല ചെയ്യുവിൻ”
ചരിത്രത്തിലുടനീളം കോടിക്കണക്കിനാളുകൾ അടിമത്തത്തിന്റെ ഭാരം പേറിയിട്ടുണ്ട്. ദൃഷ്ടാന്തത്തിന്, ആയിരക്കണക്കിനു വർഷം മുമ്പ് ഇസ്രായേല്യർ ഈജിപ്തിലെ മേലാളൻമാരുടെ കരങ്ങളാൽ അത്യധികം യാതനയനുഭവിച്ചു. ബൈബിൾ പറയുന്ന പ്രകാരം, “കഠിനവേലകളാൽ [ഇസ്രായേല്യരെ] പീഡിപ്പിക്കേണ്ടതിന്നു അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി,” പ്രത്യേകിച്ചും ഇഷ്ടിക നിർമാണത്തോടുള്ള ബന്ധത്തിൽ.—പുറപ്പാടു 1:11.
ഇന്ന് ഒട്ടുമിക്ക രാജ്യങ്ങളിലും ആളുകൾ അക്ഷരീയ അർഥത്തിൽ അടിമവേല ചെയ്യുന്നില്ലായിരിക്കാം. എന്നാൽ നിരവധിപേർക്ക് വളരെയധികം നിഷ്കർഷിക്കുന്ന, ചിലപ്പോൾ പ്രതികൂലവുമായ, സാഹചര്യങ്ങളിൽ ദീർഘനേരം ജോലിചെയ്യേണ്ടതുണ്ടായിരുന്നു. സാമ്പത്തിക അടിമത്തം എന്നു വിളിക്കാവുന്നതിന്റെ കടുത്ത ഭാരത്തിൻ കീഴിലാണവർ.
എന്നിരുന്നാലും, ഭാരപ്പെടുത്തുന്നതല്ലാത്ത ഒരുതരം അടിമത്തമുണ്ട്. അപ്പോസ്തലനായ പൗലൊസ് സഹവിശ്വാസികളെ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “യജമാനനായ ക്രിസ്തുവിനുവേണ്ടി അടിമവേല ചെയ്യുവിൻ.” (കൊലൊസ്സ്യർ 3:24, NW) ക്രിസ്തുവിന്റെ അടിമകളാകാൻ തീരുമാനിക്കുന്നവർ തങ്ങളുടെ ഭാരിച്ച ചുമടുകളിൽനിന്ന് ആശ്വാസം കണ്ടെത്തുന്നു. യേശു പറഞ്ഞു: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും. ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും. എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവും ആകുന്നു.”—മത്തായി 11:28-30.
ക്രിസ്തുവിന്റെ നുകം സ്വീകരിക്കുന്നത് കുടുംബത്തിനുവേണ്ടി കരുതാനുള്ള കടപ്പാടിൽനിന്ന് ഒരുവനെ സ്വതന്ത്രനാക്കുന്നില്ല. (1 തിമൊഥെയൊസ് 5:8) എന്നാൽ അതു ഭൗതിക അനുധാവനങ്ങളുടെ ഒട്ടുമിക്ക കുരുക്കുകളിൽനിന്നുമുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്യുകതന്നെ ചെയ്യുന്നു. ഭൗതിക സുഖസൗകര്യങ്ങളെ ജീവിതത്തിലെ പ്രധാന ലക്ഷ്യമാക്കുന്നതിനുപകരം ക്രിസ്ത്യാനികൾ അടിസ്ഥാന ആവശ്യങ്ങൾകൊണ്ട് തൃപ്തിപ്പെടുന്നു.—1 തിമൊഥെയൊസ് 6:6-10; 1 കൊരിന്ത്യർ 7:31 താരതമ്യം ചെയ്യുക.
ദൈവരാജ്യത്തിന്റെ “സുവാർത്ത” പ്രസംഗിക്കാനുള്ള തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിലും ക്രിസ്ത്യാനികൾ നവോന്മേഷം കണ്ടെത്തുന്നു. (മത്തായി 24:14) ഇത് യഥാർഥ സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നു!
‘യജമാനനായ ക്രിസ്തുവിനുവേണ്ടി അടിമവേല ചെയ്യാൻ’ കഴിയുന്നതിൽ നാം നന്ദിയുള്ളവരായിരിക്കണം!
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട]
Pictorial Archive (Near Eastern History) Est.