മുഖ്യലേഖനം | ലോകാവസാനം ഇങ്ങെത്തിയോ?
‘ലോകാവസാനം’ അത് എന്ത് അർഥമാക്കുന്നു?
‘ലോകാവസാനം’ അല്ലെങ്കിൽ “അന്ത്യം” അടുത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്കു വരുന്നത്? ഭീമാകാരങ്ങളായ ഉൽക്കകൾ ഭൂമിയിലേക്കു പതിക്കുന്നതിന്റെ ഫലമായി ഇവിടെയുള്ള മനുഷ്യജീവൻ തുടച്ചുനീക്കപ്പെടുന്നതാണോ, അതോ ഈ ഭൂമി മുഴുവൻ നിശ്ശേഷം നശിപ്പിക്കുന്ന വലിയ ഒരു പ്രകൃതിവിപത്താണോ നിങ്ങളുടെ മനസ്സിൽ തെളിയുന്നത്? അത്തരം രംഗങ്ങൾ ചിലരിൽ ഉത്കണ്ഠ ഉളവാക്കിയേക്കാം, മറ്റു ചിലരിൽ സംശയം ജനിപ്പിക്കുകയോ ഒരുപക്ഷേ, അവരെ രസിപ്പിക്കുകപോലുമോ ചെയ്തേക്കാം.
“അന്ത്യം വരും” എന്നുതന്നെയാണ് ബൈബിളും പറയുന്നത്. (മത്തായി 24:14) ഈ സംഭവത്തെക്കുറിച്ച്, “ദൈവത്തിന്റെ മഹാദിവസ”മെന്നും “ഹർമ്മഗെദ്ദോൻ” എന്നും പരാമർശിച്ചിരിക്കുന്നു. (വെളിപാട് 16:14, 16) ഇതിനെക്കുറിച്ച്, നിരവധി മതപരമായ ആശയക്കുഴപ്പങ്ങളും വിചിത്രമായ അഭ്യൂഹങ്ങളും നിലവിലുണ്ട്. എന്നിരുന്നാലും, ലോകാവസാനം എന്താണ്, എന്തല്ല എന്ന് ബൈബിളിൽ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല അത് ഇങ്ങ് അടുത്തെത്തിയെന്ന കാര്യം തിരിച്ചറിയാനും അതിൽനിന്ന് എങ്ങനെ രക്ഷനേടാനാകുമെന്ന് മനസ്സിലാക്കാനും ബൈബിൾ നമ്മെ സഹായിക്കുന്നു. ആദ്യംതന്നെ, ചില അബദ്ധധാരണകൾ തിരുത്തി വ്യക്തമായ ഒരു ഗ്രാഹ്യത്തിൽ എത്തിച്ചേരാം. അങ്ങനെയെങ്കിൽ, യഥാർഥത്തിൽ ‘ലോകാവസാനം’ എന്താണെന്നാണ് ബൈബിൾ പറയുന്നത്?
ലോകാവസാനം എന്തല്ല?
ഭൂമി കത്തിച്ചാമ്പലാകുന്ന ഒരു മഹാസംഭവം അല്ല ലോകാവസാനം.
ബൈബിൾ പറയുന്നു: “(ദൈവം) ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.” (സങ്കീർത്തനം 104:5) ഈ തിരുവെഴുത്തും മറ്റുള്ളവയും ദൈവം ഭൂമിയെ ഒരിക്കലും നശിപ്പിക്കുകയില്ലെന്നും അത് നശിക്കാൻ അനുവദിക്കുകയില്ലെന്നും ഉറപ്പുനൽകുന്നു.—സഭാപ്രസംഗി 1:4; യെശയ്യാവു 45:18.
മുൻകൂട്ടി നിശ്ചയിക്കപ്പെടാത്ത ഒന്നല്ല ഈ ലോകത്തിന്റെ അന്ത്യം.
ലോകത്തിന്റെ അന്ത്യം മുൻനിശ്ചയിച്ച പ്രകാരം നടക്കുന്ന ഒരു സംഭവം ആണ് എന്ന് ബൈബിൾ വെളിപ്പെടുത്തുന്നു—അതിന് ഒരു കൃത്യസമയവും ദൈവം നിശ്ചയിച്ചിട്ടുണ്ട്. “ആ നാളും നാഴികയും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല. ആകയാൽ സൂക്ഷിച്ചുകൊള്ളുവിൻ; ഉണർന്നിരിക്കുവിൻ; നിശ്ചയിക്കപ്പെട്ട സമയം എപ്പോഴാണെന്നു നിങ്ങൾക്ക് അറിയില്ലല്ലോ.” (മർക്കോസ് 13:32, 33) അതെ, ദൈവം (‘പിതാവ്’) കൃത്യമായി പട്ടികപ്പെടുത്തിയിരിക്കുന്ന അതായത് ‘നിശ്ചയിച്ചിരിക്കുന്ന സമയത്തുതന്നെ’ ഈ ലോകത്തിന്റെ അന്ത്യത്തിനു തുടക്കം കുറിക്കും.
മനുഷ്യർ തുടക്കം കുറിക്കുന്നതിലൂടെയോ വലിയ ഉൽക്കാപതനത്തിലൂടെയോ സംഭവിക്കുന്നതല്ല ഈ ലോകത്തിന്റെ അന്ത്യം.
ഈ ലോകത്തിന്റെ അന്ത്യം എന്ത് കൈവരുത്തും? വെളിപാട് 19:11 ഇങ്ങനെ പറയുന്നു: “ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്തിരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേര്.” 19-ാം വാക്യം തുടരുന്നു: “കാട്ടുമൃഗവും ഭൂരാജാക്കന്മാരും അവരുടെ സൈന്യവും കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്യേണ്ടതിന് ഒരുമിച്ചുകൂടിയിരിക്കുന്നതു ഞാൻ കണ്ടു.” (വെളിപാട് 19:11-21) ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഭാഷ ആലങ്കാരികമാണെങ്കിലും, ആശയം ലളിതമാണ്: ശത്രുക്കളെ നാമാവശേഷമാക്കാൻ ദൈവം ഒരു ദൂതസൈന്യത്തെ അയയ്ക്കും.
ലോകാവസാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശം ദുർവാർത്തയല്ല ഒരു നല്ല വാർത്തയാണ്
ലോകാവസാനം എന്താണ്?
മനുഷ്യരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്ത സകല ഗവണ്മെന്റുകളുടെയും അവസാനം.
ബൈബിൾ വിശദീകരിക്കുന്നു: “സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും” (ദാനീയേൽ 2:44) മൂന്നാമത്തെ പോയിന്റിൽ പ്രസ്താവിച്ചതുപോലെ “കുതിരപ്പുറത്തിരിക്കുന്നവനോടും അവന്റെ സൈന്യത്തോടും യുദ്ധം ചെയ്യേണ്ടതിന്” ഒരുമിച്ചുകൂടാൻപോകുന്ന ‘ഭൂരാജാക്കന്മാരെയും അവരുടെ സൈന്യത്തെയും’ ആ രാജ്യം നിർമൂലമാക്കും.—വെളിപാട് 19:19.
യുദ്ധം, അക്രമം, അനീതി എന്നിവയുടെ അവസാനം.
“(ദൈവം) ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യുന്നു.” (സങ്കീർത്തനം 46:9) “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” (സദൃശവാക്യങ്ങൾ 2:21, 22) “ഇതാ, ഞാൻ സകലതും പുതിയതാക്കുന്നു.”—വെളിപാട് 21:4, 5.
ദൈവത്തിന്റെയും മനുഷ്യരുടെയും പ്രതീക്ഷകൾ തകർത്ത മതങ്ങളുടെ അവസാനം.
“പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായി നിന്നു അധികാരം നടത്തുന്നു; . . . എന്നാൽ ഒടുക്കം നിങ്ങൾ എന്തുചെയ്യും?” (യിരെമ്യാവു 5:31) “അന്നു പലരും എന്നോട്, ‘കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിച്ചില്ലയോ? നിന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലയോ? നിന്റെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ ചെയ്തില്ലയോ?’ എന്നു പറയും. എന്നാൽ ഞാൻ അവരോട്, ഞാൻ ഒരിക്കലും നിങ്ങളെ അറിഞ്ഞിട്ടില്ല! അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ട് പോകുവിൻ എന്നു തീർത്തുപറയും.”—മത്തായി 7:21-23.
ഈ ദുഷ്ടലോകത്തെ പിന്തുണയ്ക്കാനും നിലനിർത്താനും ശ്രമിക്കുന്ന ആളുകളുടെ അവസാനം.
യേശു പറഞ്ഞു: “ന്യായവിധിക്ക് ആധാരമോ, വെളിച്ചം ലോകത്തിലേക്കു വന്നിട്ടും തങ്ങളുടെ പ്രവൃത്തികൾ ദോഷമുള്ളതാകയാൽ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിച്ചിരിക്കുന്നു എന്നതാകുന്നു.” (യോഹന്നാൻ 3:19) വിശ്വസ്തനായ നോഹയുടെ കാലത്ത് സംഭവിച്ച ഒരു ആഗോളനാശത്തെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു: “പ്രളയമുണ്ടായപ്പോൾ അന്നത്തെ ലോകം ആ വെള്ളത്താൽ നശിച്ചു. . . . ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീക്കായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു; ന്യായവിധിയുടെയും ഭക്തികെട്ട മനുഷ്യരുടെ നാശത്തിന്റെയും ദിവസത്തിലേക്കുതന്നെ.”—2 പത്രോസ് 3:5-7.
വരാൻപോകുന്ന ‘ന്യായവിധിയുടെയും നാശത്തിന്റെയും ദിവസത്തെ’ നോഹയുടെ കാലത്തെ ‘ലോകത്തിന്റെ’ നാശത്തോടാണ് താരതമ്യം ചെയ്തിരിക്കുന്നത്. അന്ന് നശിപ്പിക്കപ്പെട്ട ലോകം ഏതായിരുന്നു? ഭൂമിയല്ല. മറിച്ച്, ‘നശിച്ചു പോയത്’ ‘ഭക്തികെട്ട മനുഷ്യരായിരുന്നു’ അതായത് ദൈവത്തിന്റെ ശത്രുക്കൾ. അതുപോലെ, വരാൻ പോകുന്ന ദൈവത്തിന്റെ ‘ന്യായവിധി ദിവസത്തിൽ’ ദൈവത്തിന്റെ ശത്രുക്കൾ നശിക്കും. എന്നാൽ, നോഹയെയും കുടുംബത്തെയും പോലെ ദൈവത്തിന്റെ സുഹൃത്തുക്കൾ സുരക്ഷിതരായിരിക്കും.—മത്തായി 24:37-42.
ദൈവം എല്ലാ ദുഷ്ടസ്വാധീനങ്ങളെയും ഇല്ലാതാക്കി കഴിയുമ്പോൾ ഭൂമി എത്ര മനോഹരമായിരിക്കുമെന്ന് ഭാവനയിൽ കാണുക! ലോകാവസാനത്തെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശം ദുർവാർത്തയല്ല ഒരു നല്ല വാർത്തയാണ് എന്നത് വ്യക്തം. അപ്പോഴും, നിങ്ങൾ ചോദിച്ചേക്കാം: ‘ലോകാവസാനം എപ്പോൾ വരുമെന്ന് ബൈബിൾ പറയുന്നുണ്ടോ? അത് അടുത്ത് എത്തിയോ? എങ്ങനെ അതിനെ അതിജീവിക്കാം?’ (w15-E 05/01)