-
മത്തായി 4:1-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 പിന്നെ ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു. അവിടെവെച്ച് യേശു പിശാചിന്റെ പ്രലോഭനങ്ങളെ നേരിട്ടു.+ 2 അവിടെ 40 രാത്രിയും 40 പകലും യേശു ഉപവസിച്ചു. അപ്പോൾ യേശുവിനു വിശന്നു. 3 ആ സമയത്ത് പ്രലോഭകൻ വന്ന്+ യേശുവിനോട്, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലുകളോട് അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു. 4 അപ്പോൾ യേശു, “‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല, യഹോവയുടെ* വായിൽനിന്ന് വരുന്ന എല്ലാ വചനംകൊണ്ടും ജീവിക്കേണ്ടതാണ്’ എന്ന് എഴുതിയിരിക്കുന്നു”+ എന്നു മറുപടി നൽകി.
5 പിന്നെ പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി+ ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്* നിറുത്തിയിട്ട്+ 6 പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ താഴേക്കു ചാടുക. ‘നിന്നെക്കുറിച്ച് ദൈവം തന്റെ ദൂതന്മാരോടു കല്പിക്കും,’ എന്നും ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’ എന്നും എഴുതിയിട്ടുണ്ടല്ലോ.”+ 7 യേശു പിശാചിനോട്, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നുംകൂടെ എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.
8 പിന്നെ പിശാച് യേശുവിനെ അസാധാരണമാംവിധം ഉയരമുള്ള ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി ലോകത്തെ എല്ലാ രാജ്യങ്ങളും അവയുടെ പ്രതാപവും കാണിച്ചുകൊടുത്തു.+ 9 എന്നിട്ടു പറഞ്ഞു: “നീ എന്റെ മുന്നിൽ വീണ് എന്നെയൊന്ന് ആരാധിച്ചാൽ ഈ കാണുന്നതൊക്കെ ഞാൻ നിനക്കു തരാം.” 10 അപ്പോൾ യേശു പറഞ്ഞു: “സാത്താനേ, ദൂരെ പോ! ‘നിന്റെ ദൈവമായ യഹോവയെയാണു* നീ ആരാധിക്കേണ്ടത്.+ ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.”
-
-
ലൂക്കോസ് 4:1-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 യേശു പരിശുദ്ധാത്മാവ് നിറഞ്ഞവനായി യോർദാനിൽനിന്ന് മടങ്ങി. ആത്മാവ് യേശുവിനെ വിജനഭൂമിയിലൂടെ നയിച്ചു.+ 2 പിശാചിന്റെ പ്രലോഭനം നേരിട്ട് യേശു 40 ദിവസം അവിടെ കഴിഞ്ഞു.+ ആ ദിവസങ്ങളിൽ യേശു ഒന്നും കഴിച്ചില്ല. അതുകൊണ്ട് 40 ദിവസം കഴിഞ്ഞപ്പോഴേക്കും യേശുവിനു വിശന്നു. 3 അപ്പോൾ പിശാച് യേശുവിനോട്, “നീ ഒരു ദൈവപുത്രനാണെങ്കിൽ ഈ കല്ലിനോട് അപ്പമാകാൻ പറയൂ” എന്നു പറഞ്ഞു. 4 എന്നാൽ യേശു പിശാചിനോട്, “‘മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കേണ്ടത്’+ എന്ന് എഴുതിയിട്ടുണ്ട്” എന്നു പറഞ്ഞു.
5 അപ്പോൾ പിശാച് യേശുവിനെ ഉയർന്ന ഒരു സ്ഥലത്തേക്കു കൊണ്ടുപോയി ഭൂമിയിലെ എല്ലാ രാജ്യങ്ങളും ക്ഷണനേരംകൊണ്ട് കാണിച്ചുകൊടുത്തു.+ 6 എന്നിട്ട് യേശുവിനോടു പറഞ്ഞു: “ഈ സകല അധികാരവും അവയുടെ പ്രതാപവും ഞാൻ നിനക്കു തരാം. കാരണം ഇതെല്ലാം എനിക്കു തന്നിരിക്കുന്നു.+ എനിക്ക് ഇഷ്ടമുള്ളവനു ഞാൻ അതു കൊടുക്കും. 7 അതുകൊണ്ട് നീ എന്റെ മുന്നിൽ വീണ് എന്നെയൊന്ന് ആരാധിച്ചാൽ ഇതെല്ലാം നിന്റേതാകും.” 8 യേശു പിശാചിനോടു പറഞ്ഞു: “‘നിന്റെ ദൈവമായ യഹോവയെയാണു* നീ ആരാധിക്കേണ്ടത്. ആ ദൈവത്തെ മാത്രമേ നീ സേവിക്കാവൂ’*+ എന്ന് എഴുതിയിട്ടുണ്ട്.”
9 അപ്പോൾ പിശാച് യേശുവിനെ യരുശലേമിലേക്കു കൊണ്ടുപോയി ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്* നിറുത്തിയിട്ട് പറഞ്ഞു: “നീ ഒരു ദൈവപുത്രനാണെങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക.+ 10 ‘നിന്നെ കാക്കാൻ ദൈവം തന്റെ ദൂതന്മാരോടു കല്പിക്കും,’ എന്നും 11 ‘നിന്റെ കാൽ കല്ലിൽ തട്ടാതെ അവർ നിന്നെ കൈകളിൽ താങ്ങും’+ എന്നും എഴുതിയിട്ടുണ്ടല്ലോ.” 12 അപ്പോൾ യേശു, “‘നിന്റെ ദൈവമായ യഹോവയെ* നീ പരീക്ഷിക്കരുത്’+ എന്നു പറഞ്ഞിട്ടുണ്ട്” എന്ന് ഉത്തരം പറഞ്ഞു. 13 അങ്ങനെ പിശാച് പ്രലോഭനങ്ങളെല്ലാം അവസാനിപ്പിച്ച് യേശുവിനെ വിട്ട് പോയി. എന്നിട്ട് മറ്റൊരു അവസരം ഒത്തുകിട്ടാൻ കാത്തിരുന്നു.+
-