ജൂലൈ 28 തിങ്കൾ
“നിങ്ങളുമായി യോജിപ്പിലായിരിക്കുന്നവൻ ലോകവുമായി യോജിപ്പിലായിരിക്കുന്നവനെക്കാൾ വലിയവനാണ്.”—1 യോഹ. 4:4.
പേടി തോന്നുമ്പോൾ, ഭാവിയിൽ യഹോവ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച് ധ്യാനിക്കുക. അന്നു സാത്താനില്ല. 2014-ലെ മേഖലാ കൺവെൻഷനിൽ ഒരു അവതരണം ഉണ്ടായിരുന്നു. 2 തിമൊഥെയൊസ് 3:1-5 പറയുന്നതു പറുദീസയെക്കുറിച്ചായിരുന്നെങ്കിൽ, അതിലെ വാക്കുകൾ എങ്ങനെ ആയിരിക്കുമെന്ന് ഒരു പിതാവ് തന്റെ കുടുംബത്തോടൊപ്പം ചർച്ച ചെയ്തു: “പുതിയ ലോകത്തിൽ സന്തോഷം നിറഞ്ഞ സമയങ്ങൾ ആയിരിക്കുമെന്നു മനസ്സിലാക്കിക്കൊള്ളുക. കാരണം മനുഷ്യർ പരസ്പരം സ്നേഹിക്കുന്നവരും ആത്മീയസമ്പത്ത് ആഗ്രഹിക്കുന്നവരും എളിമയുള്ളവരും താഴ്മയുള്ളവരും ദൈവത്തെ സ്തുതിക്കുന്നവരും മാതാപിതാക്കളെ അനുസരിക്കുന്നവരും നന്ദിയുള്ളവരും വിശ്വസിക്കാൻ കൊള്ളാവുന്നവരും കുടുംബത്തോട് അതിയായ സ്നേഹവും വാത്സല്യവും ഉള്ളവരും യോജിക്കാൻ മനസ്സുള്ളവരും മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രം സംസാരിക്കുന്നവരും ആത്മനിയന്ത്രണം ഉള്ളവരും സൗമ്യത ഉള്ളവരും നന്മ ഇഷ്ടപ്പെടുന്നവരും ആശ്രയയോഗ്യരും വഴക്കമുള്ളവരും വിനയമുള്ളവരും ജീവിതസുഖങ്ങൾ പ്രിയപ്പെടുന്നതിനു പകരം ദൈവത്തെ സ്നേഹിക്കുന്നവരും യഥാർഥദൈവഭക്തിയുള്ളവരും ആയിരിക്കും. ഇവരോട് അടുത്തുപറ്റിനിൽക്കുക.” പുതിയ ലോകത്തിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് കുടുംബാംഗങ്ങളോടോ സഹോദരങ്ങളോടോ ഒപ്പമിരുന്ന് നിങ്ങൾ ചർച്ച ചെയ്യാറുണ്ടോ? w24.01 6 ¶13-14
ജൂലൈ 29 ചൊവ്വ
“നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു.”—ലൂക്കോ. 3:22.
ഒരു കൂട്ടമെന്ന നിലയിൽ യഹോവ തന്റെ ജനത്തെ അംഗീകരിക്കുന്നു എന്ന് അറിയുന്നത് നമുക്ക് ആശ്വാസം നൽകുന്ന ഒരു കാര്യമാണ്. ബൈബിൾ പറയുന്നു: “യഹോവ തന്റെ ജനത്തിൽ സംപ്രീതനാണ്.” (സങ്കീ. 149:4) പക്ഷേ, അങ്ങേയറ്റം നിരാശ തോന്നുന്ന ചില സമയങ്ങളിൽ ചിലർ ഇങ്ങനെ ചിന്തിച്ചേക്കാം, ‘ഒരു വ്യക്തിയെന്ന നിലയിൽ യഹോവ എന്നെ അംഗീകരിക്കുന്നുണ്ടോ?’ ബൈബിൾക്കാലങ്ങളിൽ വിശ്വസ്തരായ പല ദാസന്മാർക്കും ഇതുപോലെ തോന്നിയിട്ടുണ്ട്. (1 ശമു. 1:6-10; ഇയ്യോ. 29:2, 4; സങ്കീ. 51:11) അപൂർണമനുഷ്യർക്ക് യഹോവയുടെ അംഗീകാരം നേടിയെടുക്കാനാകുമെന്നു ബൈബിൾ വ്യക്തമായി പറയുന്നു. എങ്ങനെ? അതിനു നമ്മൾ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും സ്നാനമേൽക്കുകയും വേണം. (യോഹ. 3:16) അതിലൂടെ പാപങ്ങളെക്കുറിച്ച് പശ്ചാത്താപമുണ്ടെന്നും ദൈവത്തിന്റെ ഇഷ്ടം ചെയ്യുമെന്നു ദൈവത്തിനു വാക്കു കൊടുത്തിട്ടുണ്ടെന്നും നമ്മൾ പരസ്യമായി കാണിക്കുകയാണ്. (പ്രവൃ. 2:38; 3:19) താനുമായി ഒരു അടുത്ത ബന്ധത്തിലേക്കു വരുന്നതിനുവേണ്ടി നമ്മൾ ഈ കാര്യങ്ങളൊക്കെ ചെയ്യുന്നതു കാണുമ്പോൾ യഹോവ നമ്മളിൽ പ്രസാദിക്കും. ആ സമർപ്പണപ്രതിജ്ഞയ്ക്കു ചേർച്ചയിൽത്തന്നെ ജീവിക്കാൻ നമ്മൾ പരമാവധി ശ്രമിക്കുമ്പോൾ നമുക്കു തുടർന്നും യഹോവയുടെ അംഗീകാരമുണ്ടായിരിക്കും, നമ്മളെ അടുത്ത സുഹൃത്തുക്കളായി യഹോവ കാണുകയും ചെയ്യും.—സങ്കീ. 25:14. w24.03 26 ¶1-2
ജൂലൈ 30 ബുധൻ
“ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാൻ ഞങ്ങൾക്കു കഴിയില്ല.”—പ്രവൃ. 4:20.
പ്രസംഗപ്രവർത്തനം നിറുത്താൻ അധികാരികൾ ആവശ്യപ്പെട്ടാലും അതു തുടർന്നും ചെയ്തുകൊണ്ട് നമുക്ക് അപ്പോസ്തലന്മാരുടെ മാതൃക അനുകരിക്കാം. പ്രസംഗപ്രവർത്തനം ചെയ്യാൻ യഹോവ നമ്മളെ സഹായിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാം. അതുകൊണ്ട് ധൈര്യത്തിനും ജ്ഞാനത്തിനും പ്രശ്നങ്ങളെ നേരിടാനുള്ള സഹായത്തിനും വേണ്ടി യഹോവയോടു അപേക്ഷിക്കുക. നമ്മളിൽ പലരും ശാരീരികവും മാനസികവും ആയ വിഷമങ്ങൾ അനുഭവിക്കുന്നവരാണ്. മറ്റു ചിലർക്കു പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം. ഇനി, വേറേ ചിലർ കുടുംബപ്രശ്നങ്ങളോ ഉപദ്രവമോ മറ്റു ബുദ്ധിമുട്ടുകളോ നേരിടുന്നവരാകാം. മഹാമാരിയും യുദ്ധങ്ങളും ഇത്തരം പ്രശ്നങ്ങൾ സഹിച്ചുനിൽക്കുന്നതു കൂടുതൽ ബുദ്ധിമുട്ടാക്കിയിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ സങ്കടങ്ങളും വിഷമങ്ങളും എല്ലാം യഹോവയോടു തുറന്നുപറയുക, ഒരു അടുത്ത സുഹൃത്തിനോടു സംസാരിക്കുന്നതുപോലെ. യഹോവ “നിനക്കുവേണ്ടി പ്രവർത്തിക്കും” എന്ന വാക്കുകളിൽ വിശ്വാസമുണ്ടായിരിക്കുക. (സങ്കീ. 37:3, 5) മടുത്ത് പിന്മാറാതെ പ്രാർഥിച്ചുകൊണ്ടിരിക്കുന്നതു ‘കഷ്ടതകൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കാൻ’ നമ്മളെ സഹായിക്കും. (റോമ. 12:12) തന്റെ ദാസന്മാർ ഏതെല്ലാം സാഹചര്യങ്ങളിലൂടെയാണു കടന്നു പോകുന്നതെന്ന് യഹോവയ്ക്ക് അറിയാം. “സഹായത്തിനായുള്ള അവരുടെ നിലവിളി” ദൈവം കേൾക്കുന്നുണ്ട്.—സങ്കീ. 145:18, 19. w23.05 5–6 ¶12-15