-
മർക്കോസ് 9:19-27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്)
-
-
19 അപ്പോൾ യേശു അവരോടു പറഞ്ഞു: “വിശ്വാസമില്ലാത്ത തലമുറയേ,+ ഞാൻ ഇനി എത്ര കാലം നിങ്ങളുടെകൂടെയിരിക്കണം? എത്ര കാലം നിങ്ങളെ സഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.”+ 20 അപ്പോൾ അവർ അവനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. എന്നാൽ യേശുവിനെ കണ്ട ഉടനെ അശുദ്ധാത്മാവ് കുട്ടിയെ ഞെളിപിരികൊള്ളിച്ചു. അവൻ നിലത്ത് കിടന്ന് ഉരുണ്ടു. വായിൽനിന്ന് നുരയും പതയും വന്നു. 21 യേശു അവന്റെ അപ്പനോട്, “ഇവന് ഇതു തുടങ്ങിയിട്ട് എത്ര കാലമായി” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽ” എന്ന് അയാൾ പറഞ്ഞു. 22 “അവനെ കൊല്ലാൻവേണ്ടി അതു കൂടെക്കൂടെ അവനെ തീയിലും വെള്ളത്തിലും തള്ളിയിടാറുണ്ട്. എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ഞങ്ങളോട് അലിവ് തോന്നി ഞങ്ങളെ സഹായിക്കേണമേ” എന്ന് ആ മനുഷ്യൻ അപേക്ഷിച്ചു. 23 യേശു അയാളോടു പറഞ്ഞു: “‘കഴിയുമെങ്കിൽ’ എന്നോ? വിശ്വാസമുണ്ടെങ്കിൽ ഒരാൾക്ക് എന്തും സാധിക്കും.”+ 24 ഉടനെ കുട്ടിയുടെ അപ്പൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “എനിക്കു വിശ്വാസമുണ്ട്! എങ്കിലും വിശ്വാസത്തിൽ എനിക്കുള്ള കുറവ് നികത്താൻ സഹായിക്കണേ.”*+
25 അപ്പോൾ ഒരു ജനക്കൂട്ടം തങ്ങളുടെ അടുത്തേക്ക് ഓടിക്കൂടുന്നതു കണ്ട് യേശു അശുദ്ധാത്മാവിനെ ശകാരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഊമനും ബധിരനും ആയ ആത്മാവേ, ഇവനെ വിട്ട് പോകൂ. ഇനി ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടു കല്‌പിക്കുന്നു.”+ 26 അലറിവിളിച്ച് അവനെ വല്ലാതെ ഞെളിപിരികൊള്ളിച്ച് അത് അവനെ വിട്ട് പോയി. അവൻ മരിച്ചതുപോലെയായി. ഇതു കണ്ട് പലരും, “അവൻ മരിച്ചുപോയി” എന്നു പറഞ്ഞു. 27 എന്നാൽ യേശു അവനെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവൻ നേരെ നിന്നു.
-