സംഖ്യ
30 അപ്പോൾ മോശ ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരോടു പറഞ്ഞു:+ “യഹോവയുടെ കല്പന ഇതാണ്: 2 ഒരാൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ+ വർജനവ്രതം എടുക്കാമെന്ന് ആണയിട്ട് സത്യം ചെയ്യുകയോ+ ചെയ്താൽ അയാൾ തന്റെ വാക്കു ലംഘിക്കരുത്.+ താൻ ചെയ്തുകൊള്ളാമെന്നു നേർന്നതെല്ലാം അയാൾ ചെയ്യണം.+
3 “ഒരു സ്ത്രീ ചെറുപ്പത്തിൽ അപ്പന്റെ വീട്ടിലായിരിക്കുമ്പോൾ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വർജനവ്രതം എടുക്കുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 4 അവളുടെ നേർച്ചയെയോ അവൾ എടുത്ത വർജനവ്രതത്തെയോ കുറിച്ച് കേട്ടിട്ട് അവളുടെ അപ്പൻ എതിർക്കുന്നില്ലെങ്കിൽ അവളുടെ എല്ലാ നേർച്ചകളും അവൾ എടുത്ത എല്ലാ വർജനവ്രതങ്ങളും നിലനിൽക്കും. 5 എന്നാൽ അവൾ ഒരു നേർച്ചയോ വർജനവ്രതമോ എടുത്തിട്ടുണ്ടെന്നു കേൾക്കുമ്പോൾ അപ്പൻ അവളെ വിലക്കുന്നെങ്കിൽ അതു നിലനിൽക്കില്ല. അപ്പൻ അവളെ വിലക്കിയതുകൊണ്ട് യഹോവ അവളോടു ക്ഷമിക്കും.+
6 “ഇനി, ഒരു നേർച്ചയോ ചിന്തിക്കാതെ ചെയ്തുപോയ ഒരു വാഗ്ദാനമോ നിവർത്തിക്കേണ്ടതുള്ളപ്പോൾ അവൾ വിവാഹം കഴിക്കുന്നെന്നിരിക്കട്ടെ. 7 അവളുടെ ഭർത്താവ് അതെക്കുറിച്ച് കേൾക്കുമ്പോൾ എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ അവളുടെ നേർച്ചകളും അവൾ എടുത്ത വർജനവ്രതങ്ങളും നിലനിൽക്കും. 8 എന്നാൽ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളെ വിലക്കുന്നെങ്കിൽ അവൾ ചിന്തിക്കാതെ ചെയ്തുപോയ വാഗ്ദാനവും അവളുടെ നേർച്ചയും അവന് അസാധുവാക്കാം;+ യഹോവ അവളോടു ക്ഷമിക്കും.
9 “എന്നാൽ ഒരു വിധവയോ വിവാഹമോചിതയായ ഒരു സ്ത്രീയോ ഒരു നേർച്ച നേർന്നാൽ താൻ ചെയ്യാമെന്ന് ഏറ്റതെല്ലാം നിവർത്തിക്കാൻ അവൾ ബാധ്യസ്ഥയാണ്.
10 “ഒരു സ്ത്രീ ഭർത്താവിന്റെ വീട്ടിലായിരിക്കുമ്പോൾ ഒരു നേർച്ച നേരുകയോ വർജനവ്രതം എടുക്കുകയോ ചെയ്യുന്നെന്നിരിക്കട്ടെ. 11 അതെക്കുറിച്ച് കേട്ട അവളുടെ ഭർത്താവ് എതിർക്കുകയോ വിസമ്മതിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അവളുടെ നേർച്ചകളും അവൾ എടുത്ത വർജനവ്രതങ്ങളും നിലനിൽക്കും. 12 പക്ഷേ അതെക്കുറിച്ച് കേൾക്കുന്ന ദിവസം അവളുടെ ഭർത്താവ് അവളുടെ നേർച്ചകളും വർജനവ്രതങ്ങളും അസാധുവാക്കുന്നെങ്കിൽ അവ നിലനിൽക്കില്ല.+ അവളുടെ ഭർത്താവ് അവ അസാധുവാക്കിയിരിക്കുന്നു; യഹോവ അവളോടു ക്ഷമിക്കും. 13 അവളുടെ ഏതൊരു നേർച്ചയും അതുപോലെ, എന്തെങ്കിലും ത്യജിക്കാനുള്ള വർജനവ്രതം* ഉൾപ്പെട്ട ഏതൊരു ആണയും അംഗീകരിക്കണോ അതോ അസാധുവാക്കണോ എന്ന് അവളുടെ ഭർത്താവിനു തീരുമാനിക്കാം. 14 എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ഭർത്താവ് എതിർപ്പൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിൽ അയാൾ അവളുടെ എല്ലാ നേർച്ചകളും വർജനവ്രതങ്ങളും അംഗീകരിച്ചിരിക്കുന്നു. അതു കേട്ട ദിവസം അയാൾ എതിർക്കാതിരുന്നതുകൊണ്ട് അവയെല്ലാം അംഗീകരിച്ചതായി കണക്കാക്കും. 15 എന്നാൽ അതു കേട്ട ദിവസമല്ല, പിന്നീടൊരു സമയത്താണ് അയാൾ അത് അസാധുവാക്കുന്നതെങ്കിൽ അവളുടെ കുറ്റത്തിന്റെ അനന്തരഫലം അയാൾ അനുഭവിക്കേണ്ടിവരും.+
16 “ഇവയാണ് ഒരു ഭർത്താവിനെയും അയാളുടെ ഭാര്യയെയും സംബന്ധിച്ചും ഒരു അപ്പനെയും അപ്പന്റെ വീട്ടിൽ താമസിക്കുന്ന മകളെയും സംബന്ധിച്ചും മോശയോട് യഹോവ കല്പിച്ച ചട്ടങ്ങൾ.”