എബ്രായർക്ക് എഴുതിയ കത്ത്
1 പണ്ടുകാലത്ത് ദൈവം നമ്മുടെ പൂർവികരോടു പല പ്രാവശ്യം, പല വിധങ്ങളിൽ പ്രവാചകന്മാരിലൂടെ സംസാരിച്ചു.+ 2 എന്നാൽ ഈ അവസാനനാളുകളിൽ ദൈവം നമ്മളോടു പുത്രനിലൂടെ സംസാരിച്ചിരിക്കുന്നു.+ പുത്രനെയാണു ദൈവം എല്ലാത്തിനും അവകാശിയായി നിയമിച്ചിരിക്കുന്നത്;+ പുത്രനിലൂടെയാണു ദൈവം വ്യവസ്ഥിതികൾ* സൃഷ്ടിച്ചത്.+ 3 പുത്രൻ ദൈവതേജസ്സിന്റെ പ്രതിഫലനവും+ ദൈവത്തിന്റെ തനിപ്പകർപ്പും ആണ്.+ പുത്രൻ ശക്തിയുള്ള വചനംകൊണ്ട് എല്ലാത്തിനെയും നിലനിറുത്തുന്നു. നമ്മളെ പാപങ്ങളിൽനിന്ന് ശുദ്ധീകരിച്ചശേഷം+ പുത്രൻ ഉന്നതങ്ങളിൽ അത്യുന്നതന്റെ വലതുഭാഗത്ത് ഇരുന്നു.+ 4 അങ്ങനെ ദൈവദൂതന്മാരുടേതിനെക്കാൾ ഉത്തമമായ+ ഒരു പേരിന് അവകാശിയായിക്കൊണ്ട് പുത്രൻ അവരെക്കാൾ ശ്രേഷ്ഠനായി.+
5 ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? “ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും”+ എന്നു പറഞ്ഞിട്ടുണ്ടോ? 6 എന്നാൽ മൂത്ത മകനെ+ വീണ്ടും ലോകത്തേക്ക് അയയ്ക്കുമ്പോൾ, “എല്ലാ ദൈവദൂതന്മാരും അവനെ വണങ്ങട്ടെ”* എന്നു ദൈവം പറയുന്നു.
7 “ദൈവം തന്റെ ദൂതന്മാരെ കാറ്റും* ശുശ്രൂഷകന്മാരെ+ തീജ്വാലയും ആക്കുന്നു”+ എന്നു ദൈവം ദൂതന്മാരെക്കുറിച്ച് പറയുന്നു. 8 എന്നാൽ പുത്രനെക്കുറിച്ച് ഇങ്ങനെ പറയുന്നു: “ദൈവമാണ് എന്നുമെന്നേക്കും അങ്ങയുടെ സിംഹാസനം!+ അങ്ങയുടെ രാജ്യത്തിന്റെ ചെങ്കോൽ നേരിന്റെ* ചെങ്കോലാണ്! 9 അങ്ങ് നീതിയെ സ്നേഹിച്ചു, ധിക്കാരത്തെ* വെറുത്തു. അതുകൊണ്ടാണ് ദൈവം, അങ്ങയുടെ ദൈവം, അങ്ങയുടെ കൂട്ടാളികളെക്കാൾ അധികം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകം ചെയ്തത്.”+ 10 ഇങ്ങനെയും പറഞ്ഞിരിക്കുന്നു: “കർത്താവേ, തുടക്കത്തിൽ അങ്ങ് ഭൂമിക്ക് അടിസ്ഥാനമിട്ടു; അങ്ങയുടെ കൈകൾ ആകാശം സൃഷ്ടിച്ചു. 11 അവ നശിക്കും; പക്ഷേ അങ്ങ് നിലനിൽക്കും; വസ്ത്രംപോലെ അവയെല്ലാം പഴകിപ്പോകും. 12 അങ്ങ് അവയെ ഒരു മേലങ്കിപോലെ ചുരുട്ടും; വസ്ത്രം മാറ്റുന്നതുപോലെ അവയെ മാറ്റും. എന്നാൽ അങ്ങയ്ക്കു മാറ്റമില്ല; അങ്ങയുടെ ആയുസ്സിന് അവസാനമില്ല.”+
13 എന്നാൽ ദൈവം ഏതെങ്കിലും ഒരു ദൂതനോട്, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക”+ എന്ന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? 14 അവർ എല്ലാവരും വിശുദ്ധസേവനം ചെയ്യുന്ന ആത്മവ്യക്തികളല്ലേ?+ രക്ഷ അവകാശമാക്കാനുള്ളവരെ ശുശ്രൂഷിക്കാൻ ദൈവം അയയ്ക്കുന്നത് അവരെയല്ലേ?
2 അതുകൊണ്ട് കേട്ട കാര്യങ്ങൾക്കു സാധാരണയിൽ കവിഞ്ഞ ശ്രദ്ധ+ കൊടുക്കേണ്ടത് ആവശ്യമാണ്. അങ്ങനെയാകുമ്പോൾ നമ്മൾ ഒരിക്കലും ഒഴുകിപ്പോകില്ല.+ 2 ദൂതന്മാരിലൂടെ അറിയിച്ച കാര്യങ്ങൾ+ മാറ്റമില്ലാതെ നിൽക്കുകയും ഓരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്ത സ്ഥിതിക്ക്+ 3 ഇത്ര മഹത്തായ ഒരു രക്ഷ അവഗണിച്ചാൽ നമുക്കു ശിക്ഷയിൽനിന്ന് ഒഴിവാകാൻ പറ്റുമോ?+ ആ രക്ഷയെക്കുറിച്ച് നമ്മുടെ കർത്താവാണ് ആദ്യം പറഞ്ഞത്.+ കർത്താവിനെ ശ്രദ്ധിച്ചവർ അതു സത്യമാണെന്നു നമുക്ക് ഉറപ്പു തരുകയും ചെയ്തു. 4 തന്റെ ഇഷ്ടപ്രകാരം നൽകിയ പരിശുദ്ധാത്മാവിലൂടെയും*+ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും പല വിസ്മയപ്രവൃത്തികളിലൂടെയും+ ദൈവവും അതു സ്ഥിരീകരിച്ചു.
5 ഭാവിയിൽ വരുമെന്നു നമ്മൾ പ്രസംഗിക്കുന്ന ലോകത്തെ,* ദൈവം ദൂതന്മാരെയല്ല ഏൽപ്പിച്ചിരിക്കുന്നത്.+ 6 ഇതെക്കുറിച്ച് ഒരാൾ ഒരിക്കൽ ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “അങ്ങ് മനുഷ്യനെ ഓർക്കാൻമാത്രം അവൻ ആരാണ്? അങ്ങയുടെ പരിപാലനം ലഭിക്കാൻ ഒരു മനുഷ്യപുത്രന് എന്ത് അർഹതയാണുള്ളത്?+ 7 അങ്ങ് അവനെ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ന്നവനാക്കി; അവനെ മഹത്ത്വവും ബഹുമാനവും അണിയിച്ചു. അങ്ങയുടെ സൃഷ്ടികളുടെ മേൽ അവനെ നിയമിച്ചു. 8 എല്ലാം അങ്ങ് അവന്റെ കാൽക്കീഴാക്കിക്കൊടുത്തു.”+ ദൈവം എല്ലാം യേശുവിനു കീഴിലാക്കിയതുകൊണ്ട്+ യേശുവിന്റെ കീഴിലല്ലാത്തതായി ഒന്നുമില്ല.+ പക്ഷേ ഇപ്പോൾ, എല്ലാം യേശുവിന്റെ കീഴിലായിരിക്കുന്നതായി നമ്മൾ കാണുന്നില്ല;+ 9 എന്നാൽ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ത്തപ്പെട്ടവനായ യേശു+ മഹത്ത്വവും ബഹുമാനവും അണിഞ്ഞതായി നമ്മൾ കാണുന്നു; കാരണം യേശു മരണത്തിനു വിധേയനായി.+ ദൈവത്തിന്റെ അനർഹദയയാൽ എല്ലാവർക്കുംവേണ്ടി യേശു മരണം വരിച്ചു.+
10 എല്ലാം ദൈവത്തിനുവേണ്ടിയും ദൈവത്തിലൂടെയും നിലനിൽക്കുന്നു. തന്റെ അനേകം പുത്രന്മാരെ മഹത്ത്വത്തിലേക്കു നയിക്കാനായി+ അവരുടെ രക്ഷാനായകനെ*+ കഷ്ടങ്ങളിലൂടെ പരിപൂർണനാക്കുന്നത്+ ഉചിതമാണെന്നു ദൈവത്തിനു തോന്നി. 11 വിശുദ്ധീകരിക്കുന്നവന്റെയും വിശുദ്ധീകരിക്കപ്പെടുന്നവരുടെയും+ പിതാവ് ഒന്നാണല്ലോ.+ അതുകൊണ്ട് അവരെ സഹോദരന്മാർ എന്നു വിളിക്കാൻ യേശു മടിക്കുന്നില്ല.+ 12 “എന്റെ സഹോദരങ്ങളുടെ ഇടയിൽ ഞാൻ അങ്ങയുടെ പേര് പ്രസിദ്ധമാക്കും; സഭാമധ്യേ ഞാൻ അങ്ങയെ പാടി സ്തുതിക്കും”+ എന്നും 13 “ഞാൻ ദൈവത്തിൽ ആശ്രയിക്കും”+ എന്നും “ഇതാ, ഞാനും യഹോവ* എനിക്കു തന്ന മക്കളും”+ എന്നും യേശു പറയുന്നു.
14 ‘മക്കൾ’ മാംസവും രക്തവും കൊണ്ടുള്ളവരായതിനാൽ യേശുവും അങ്ങനെതന്നെയായി.+ അതുകൊണ്ടുതന്നെ, മരണം വരുത്താൻ കഴിവുള്ള+ പിശാചിനെ+ ഇല്ലാതാക്കാനും 15 ആയുഷ്കാലം മുഴുവൻ മരണഭീതിയുടെ അടിമത്തത്തിൽ കഴിയുന്നവരെയെല്ലാം സ്വതന്ത്രരാക്കാനും തന്റെ മരണത്തിലൂടെ യേശുവിനു കഴിയുമായിരുന്നു.+ 16 യേശു സഹായിക്കുന്നതു ദൈവദൂതന്മാരെയല്ല, അബ്രാഹാമിന്റെ സന്തതിയെയാണ്.*+ 17 അതുകൊണ്ട് യേശു എല്ലാ വിധത്തിലും തന്റെ ‘സഹോദരന്മാരെപ്പോലെ’+ ആകേണ്ടത് ആവശ്യമായിരുന്നു. അപ്പോൾ മാത്രമേ കരുണയും വിശ്വസ്തതയും ഉള്ള മഹാപുരോഹിതനായി ദൈവശുശ്രൂഷ ചെയ്തുകൊണ്ട് ജനത്തിന്റെ പാപങ്ങൾക്ക് അനുരഞ്ജനബലി+ അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.*+ 18 പരീക്ഷിക്കപ്പെട്ടപ്പോൾ+ കഷ്ടതകൾ അനുഭവിച്ചതുകൊണ്ട് ഇപ്പോൾ യേശുവിനു പരീക്ഷിക്കപ്പെടുന്നവരുടെ സഹായത്തിന് എത്താൻ കഴിയും.+
3 അതുകൊണ്ട് സ്വർഗീയവിളിയിൽ*+ പങ്കാളികളായ വിശുദ്ധസഹോദരങ്ങളേ, നമ്മൾ പരസ്യമായി അംഗീകരിക്കുന്ന അപ്പോസ്തലനും മഹാപുരോഹിതനും ആയ യേശുവിനെക്കുറിച്ച്+ ചിന്തിക്കുക. 2 മോശ ദൈവഭവനത്തിലെല്ലാം വിശ്വസ്തതയോടെ സേവിച്ചതുപോലെ+ യേശുവും തന്നെ നിയമിച്ച+ ദൈവത്തോടു വിശ്വസ്തനായിരുന്നു. 3 എന്നാൽ യേശുവിനെ മോശയെക്കാൾ കൂടുതൽ മഹത്ത്വത്തിനു യോഗ്യനായി+ കണക്കാക്കുന്നു; വീടു പണിയുന്നയാൾക്കാണല്ലോ വീടിനെക്കാൾ ശ്രേഷ്ഠത. 4 ഏതു വീടും ആരെങ്കിലും നിർമിച്ചതാണ്. എന്നാൽ എല്ലാം നിർമിച്ചതു ദൈവമാണ്. 5 മോശ ഒരു സേവകനെന്ന നിലയിലാണു ദൈവഭവനത്തിൽ വിശ്വസ്തമായി സേവിച്ചത്. മോശ ചെയ്ത സേവനം, പിന്നീടു വെളിപ്പെടുത്താനിരുന്നതിന്റെ ഒരു സൂചനയായിരുന്നു. 6 എന്നാൽ ക്രിസ്തു വിശ്വസ്തനായ പുത്രനെന്ന+ നിലയിലാണു ദൈവഭവനത്തിന്റെ അധികാരിയായിരുന്നത്. സംസാരിക്കാനുള്ള ധൈര്യവും നമ്മുടെ അഭിമാനമായ പ്രത്യാശയും അവസാനത്തോളം മുറുകെ പിടിക്കുമെങ്കിൽ നമ്മൾതന്നെയാണു ദൈവഭവനം.+
7 അതുകൊണ്ട് പരിശുദ്ധാത്മാവ് പറയുന്നു:+ “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ, 8 വിജനഭൂമിയിൽവെച്ച്* നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ച ദിവസം,+ അവർ എന്നെ കോപിപ്പിച്ച സമയത്ത്, ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്. 9 അവിടെ 40 വർഷം+ ഞാൻ ചെയ്തതെല്ലാം കണ്ടിട്ടും അവർ എന്നെ പരീക്ഷിച്ചു. 10 അതുകൊണ്ടാണ് ആ തലമുറയെ അങ്ങേയറ്റം വെറുത്ത് ഞാൻ ഇങ്ങനെ പറഞ്ഞത്: ‘അവർ എപ്പോഴും വഴിതെറ്റിപ്പോകുന്ന ഹൃദയമുള്ളവർ; അവർ എന്റെ വഴികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല.’ 11 അതുകൊണ്ട്, ‘അവർ എന്റെ സ്വസ്ഥതയിൽ* കടക്കില്ല’ എന്നു ഞാൻ കോപത്തോടെ സത്യം ചെയ്തു.”+
12 സഹോദരങ്ങളേ, നിങ്ങൾ ജീവനുള്ള ദൈവത്തിൽനിന്ന് അകന്നുപോയിട്ട്+ വിശ്വാസമില്ലാത്ത ഒരു ദുഷ്ടഹൃദയം നിങ്ങളിൽ ആരിലും രൂപപ്പെടാതിരിക്കാൻ എപ്പോഴും സൂക്ഷിക്കണം. 13 പാപത്തിന്റെ വഞ്ചനയിൽ കുടുങ്ങി നിങ്ങൾ ആരും കഠിനഹൃദയരാകാതിരിക്കാൻ, “ഇന്ന്”+ എന്നു പറഞ്ഞിരിക്കുന്ന ദിവസം അവസാനിക്കുന്നതുവരെ ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കുക. 14 നമുക്ക് ആദ്യമുണ്ടായിരുന്ന ബോധ്യം അവസാനംവരെ മുറുകെ പിടിക്കുന്നെങ്കിൽ+ മാത്രമേ നമ്മൾ ക്രിസ്തുവിൽ* പങ്കാളികളാകൂ. 15 കാരണം, “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ എന്നെ കോപിപ്പിച്ച സമയത്ത് ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”+ എന്നു പറഞ്ഞിട്ടുണ്ടല്ലോ.
16 ആരാണു ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ദൈവത്തെ കോപിപ്പിച്ചത്? മോശയുടെ നേതൃത്വത്തിൽ ഈജിപ്തിൽനിന്ന് പോന്നവരെല്ലാമല്ലേ?+ 17 അതുപോലെ, 40 വർഷം ദൈവം അങ്ങേയറ്റം വെറുത്തത് ആരെയായിരുന്നു?+ പാപം ചെയ്തവരെയല്ലേ? അവരുടെ ശവങ്ങൾ വിജനഭൂമിയിൽ വീണു.+ 18 ‘നിങ്ങൾ എന്റെ സ്വസ്ഥതയിൽ കടക്കില്ല’ എന്നു ദൈവം ആണയിട്ട് പറഞ്ഞത് ആരോടായിരുന്നു? അനുസരണക്കേടു കാണിച്ചവരോടല്ലേ? 19 അതെ, വിശ്വാസമില്ലാതിരുന്നതുകൊണ്ടാണ് അവർക്കു ദൈവത്തിന്റെ സ്വസ്ഥതയിൽ കടക്കാൻ കഴിയാതെവന്നത്.+
4 ദൈവത്തിന്റെ സ്വസ്ഥതയിൽ* പ്രവേശിക്കാമെന്ന വാഗ്ദാനം നിലനിൽക്കുന്നതുകൊണ്ട് നമ്മൾ ആരും അയോഗ്യരായിത്തീരാതിരിക്കാൻ ശ്രദ്ധിക്കാം.*+ 2 അവരെ അറിയിച്ചതുപോലെതന്നെ നമ്മളെയും സന്തോഷവാർത്ത അറിയിച്ചു.+ പക്ഷേ അവർ കേട്ട കാര്യങ്ങൾ അവർക്കു പ്രയോജനപ്പെടാതെപോയി. കാരണം അത് അനുസരിച്ചവർക്കുണ്ടായിരുന്ന അതേ വിശ്വാസം അവർക്കില്ലായിരുന്നു. 3 എന്നാൽ അക്കാര്യങ്ങൾ വിശ്വസിക്കുന്ന നമ്മൾ ആ സ്വസ്ഥതയിൽ പ്രവേശിക്കുന്നു. പക്ഷേ, ലോകസ്ഥാപനത്തോടെ* തന്റെ പ്രവൃത്തികൾ പൂർത്തിയാക്കി സ്വസ്ഥമായിരിക്കുകയായിരുന്നിട്ടും+ ദൈവം അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “‘അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല’+ എന്നു ഞാൻ കോപത്തോടെ സത്യം ചെയ്തു.” 4 ഏഴാം ദിവസത്തെക്കുറിച്ച് ദൈവം ഒരിടത്ത് ഇങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ: “തന്റെ എല്ലാ പ്രവൃത്തിയും തീർത്ത് ദൈവം ഏഴാം ദിവസം വിശ്രമിച്ചു.”+ 5 എന്നാൽ ഇവിടെ ദൈവം, “അവർ എന്റെ സ്വസ്ഥതയിൽ കടക്കില്ല”+ എന്നു പറഞ്ഞിരിക്കുന്നു.
6 ചിലർ ഇനിയും അതിൽ കടക്കാനുള്ളതുകൊണ്ടും മുമ്പ് ഈ സന്തോഷവാർത്ത കേട്ടവർ അനുസരണക്കേടു കാണിച്ച് അതിൽ കടക്കാതിരുന്നതുകൊണ്ടും+ 7 കുറെ കാലത്തിനു ശേഷം ദാവീദിന്റെ സങ്കീർത്തനത്തിൽ “ഇന്ന്” എന്നു പറഞ്ഞുകൊണ്ട് ദൈവം വീണ്ടും ഒരു ദിവസത്തെ വേർതിരിച്ചുകാണിക്കുന്നു; “ഇന്നു നിങ്ങൾ ദൈവത്തിന്റെ ശബ്ദം ശ്രദ്ധിക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്”+ എന്നു മുകളിൽ പറഞ്ഞല്ലോ. 8 യോശുവ+ അവരെ സ്വസ്ഥതയിലേക്കു നയിച്ചിരുന്നെങ്കിൽ മറ്റൊരു ദിവസത്തെക്കുറിച്ച് ദൈവം പിന്നീടു പറയുമായിരുന്നില്ല. 9 അതുകൊണ്ട് ദൈവജനത്തിനു ശബത്തിലേതുപോലുള്ള ഒരു സ്വസ്ഥത ഇപ്പോഴും ബാക്കിയുണ്ട്.+ 10 ദൈവം സ്വന്തം പ്രവൃത്തികളിൽനിന്ന് സ്വസ്ഥനായതുപോലെ ദൈവത്തിന്റെ സ്വസ്ഥതയിൽ കടന്ന മനുഷ്യനും സ്വന്തം പ്രവൃത്തികളിൽനിന്ന് സ്വസ്ഥനായിരിക്കുന്നു.+
11 ആ സ്വസ്ഥതയിൽ പ്രവേശിക്കാൻ നമുക്കു പരമാവധി ശ്രമിക്കാം. അങ്ങനെയാകുമ്പോൾ നമ്മൾ ആരും അതേ രീതിയിൽ അനുസരണക്കേടു കാണിക്കില്ല.+ 12 ദൈവത്തിന്റെ വാക്കുകൾ* ജീവനുള്ളതും ശക്തി ചെലുത്തുന്നതും+ ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും+ മൂർച്ചയുള്ളതും ആണ്. ദേഹിയെയും* ആത്മാവിനെയും* വേർതിരിക്കുംവിധം അത് ഉള്ളിലേക്കു തുളച്ചുകയറുന്നു; മജ്ജയെയും സന്ധികളെയും വേർപെടുത്തുന്നു. അതിനു ഹൃദയത്തിലെ ചിന്തകളെയും ഉദ്ദേശ്യങ്ങളെയും തിരിച്ചറിയാനുള്ള കഴിവുമുണ്ട്. 13 ദൈവത്തിന്റെ കണ്ണിനു മറഞ്ഞിരിക്കുന്ന ഒരു സൃഷ്ടിയുമില്ല;+ എല്ലാം ദൈവത്തിന്റെ കൺമുന്നിൽ നഗ്നമായിക്കിടക്കുന്നു; ദൈവത്തിന് എല്ലാം വ്യക്തമായി കാണാം. ആ ദൈവത്തോടാണു നമ്മൾ കണക്കു ബോധിപ്പിക്കേണ്ടത്.+
14 സ്വർഗത്തിലേക്കു പോയ ശ്രേഷ്ഠനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്—ദൈവപുത്രനായ യേശു.+ അതുകൊണ്ട് യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു തുടരാം.+ 15 നമ്മുടെ ബലഹീനതകളിൽ സഹതാപം തോന്നാത്ത ഒരു മഹാപുരോഹിതനല്ല,+ പകരം എല്ലാ വിധത്തിലും നമ്മളെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ട ഒരാളാണു നമുക്കുള്ളത്. എന്നാൽ നമ്മുടെ മഹാപുരോഹിതനായ യേശുവിൽ പാപമില്ലായിരുന്നു എന്നൊരു വ്യത്യാസം മാത്രം.+ 16 അതുകൊണ്ട് നമ്മൾ ധൈര്യമായി അനർഹദയയുടെ സിംഹാസനത്തെ സമീപിക്കണം.+ എങ്കിൽ, സഹായം ആവശ്യമുള്ള സമയത്തുതന്നെ നമുക്കു കരുണയും അനർഹദയയും ലഭിക്കും.
5 കാഴ്ചകളും പാപങ്ങൾക്കുവേണ്ടിയുള്ള ബലികളും അർപ്പിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവശുശ്രൂഷ നിർവഹിക്കാനാണു മനുഷ്യർക്കിടയിൽനിന്നുള്ള മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നത്.+ 2 മഹാപുരോഹിതനും ബലഹീനതകളുള്ളതിനാൽ അറിവില്ലായ്മകൊണ്ട് തെറ്റു ചെയ്യുന്നവരോട്* അനുകമ്പയോടെ* ഇടപെടാൻ അദ്ദേഹത്തിനു കഴിയുന്നു. 3 ബലഹീനതകളുള്ളതുകൊണ്ട് അദ്ദേഹം ജനത്തിനുവേണ്ടി ചെയ്യുന്നതുപോലെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും യാഗങ്ങൾ അർപ്പിക്കണം.+
4 എന്നാൽ ആരും ഈ പദവി സ്വയം ഏറ്റെടുക്കുന്നതല്ല; അഹരോനെപ്പോലെ, ദൈവം വിളിക്കുമ്പോഴാണ് ഒരാൾക്ക് അതു ലഭിക്കുന്നത്.+ 5 അതുപോലെതന്നെ, ക്രിസ്തുവും മഹാപുരോഹിതൻ എന്ന സ്ഥാനം സ്വയം ഏറ്റെടുത്തുകൊണ്ട് തന്നെത്താൻ മഹത്ത്വപ്പെടുത്തിയില്ല.+ “നീ എന്റെ മകൻ; ഞാൻ ഇന്നു നിന്റെ പിതാവായിരിക്കുന്നു”+ എന്നു ക്രിസ്തുവിനോടു പറഞ്ഞ ദൈവമാണു ക്രിസ്തുവിനെ മഹത്ത്വപ്പെടുത്തിയത്. 6 അതുപോലെ, “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ”+ എന്നും ദൈവം മറ്റൊരിടത്ത് പറയുന്നു.
7 ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് ക്രിസ്തു ഉറക്കെ നിലവിളിച്ചും കണ്ണീരൊഴുക്കിയും കൊണ്ട്,+ മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉള്ളുരുകി പ്രാർഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു; ദൈവഭയമുണ്ടായിരുന്നതുകൊണ്ട് ക്രിസ്തുവിന്റെ പ്രാർഥനകൾ ദൈവം കേട്ടു. 8 ദൈവത്തിന്റെ മകനായിരുന്നെങ്കിലും താൻ അനുഭവിച്ച കഷ്ടതകളിലൂടെ ക്രിസ്തു അനുസരണം പഠിച്ചു.+ 9 പൂർണനായിത്തീർന്ന ക്രിസ്തുവിന്,+ തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷ നൽകാനുള്ള ചുമതല ലഭിച്ചു.+ 10 കാരണം മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായി+ ദൈവം ക്രിസ്തുവിനെ നിയോഗിച്ചിരിക്കുന്നു.
11 ക്രിസ്തുവിനെക്കുറിച്ച് ഞങ്ങൾക്ക് ഇനിയും ഒരുപാടു പറയാനുണ്ട്; പക്ഷേ കേൾക്കുന്ന കാര്യത്തിൽ നിങ്ങൾ ഇപ്പോൾ പിന്നിലായതുകൊണ്ട് വിശദീകരിച്ചുതരാൻ ബുദ്ധിമുട്ടാണ്. 12 വാസ്തവത്തിൽ ഈ സമയംകൊണ്ട് നിങ്ങൾ മറ്റുള്ളവരെ പഠിപ്പിക്കുന്നവരാകേണ്ടതാണ്. പക്ഷേ, ഇപ്പോൾ ദൈവത്തിന്റെ വിശുദ്ധമായ അരുളപ്പാടുകളുടെ അടിസ്ഥാനകാര്യങ്ങൾമുതൽ നിങ്ങളെ ആരെങ്കിലും വീണ്ടും പഠിപ്പിക്കേണ്ട സ്ഥിതിയാണ്;+ കട്ടിയായ ആഹാരത്തിനു പകരം പാൽ വേണ്ട അവസ്ഥയിലേക്കു നിങ്ങൾ തിരിച്ചുപോയിരിക്കുന്നു. 13 പാൽ കുടിക്കുന്നവനു നീതിയുടെ വചനത്തെക്കുറിച്ച് അറിയില്ല. കാരണം അവൻ ഒരു കൊച്ചുകുട്ടിയാണ്.+ 14 എന്നാൽ കട്ടിയായ ആഹാരം, ശരിയും തെറ്റും വേർതിരിച്ചറിയാനായി തങ്ങളുടെ വിവേചനാപ്രാപ്തിയെ ഉപയോഗത്തിലൂടെ പരിശീലിപ്പിച്ച മുതിർന്നവർക്കുള്ളതാണ്.*
6 അതുകൊണ്ട് ക്രിസ്തുവിനെക്കുറിച്ചുള്ള അടിസ്ഥാനപഠിപ്പിക്കലുകളെല്ലാം+ പഠിച്ചുകഴിഞ്ഞ നമ്മൾ പക്വതയിലേക്കു വളരാൻ ഉത്സാഹിക്കണം.+ അല്ലാതെ, പ്രയോജനമില്ലാത്ത പ്രവൃത്തികളെക്കുറിച്ചുള്ള പശ്ചാത്താപം, ദൈവത്തിലുള്ള വിശ്വാസം, 2 സ്നാനങ്ങളെക്കുറിച്ചുള്ള ഉപദേശം, കൈവെപ്പ്,+ മരിച്ചവരുടെ പുനരുത്ഥാനം,+ നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം വീണ്ടും ഇടുകയല്ല വേണ്ടത്. 3 ദൈവം അനുവദിക്കുന്നെങ്കിൽ നമ്മൾ പക്വത നേടും.
4 സത്യത്തിന്റെ വെളിച്ചവും+ പരിശുദ്ധാത്മാവും ലഭിക്കുകയും സ്വർഗീയസമ്മാനവും 5 ശ്രേഷ്ഠമായ ദൈവവചനവും രുചിച്ചറിയുകയും വരാനിരിക്കുന്ന വ്യവസ്ഥിതിയുടെ* ശക്തികൾ അനുഭവിച്ചറിയുകയും ചെയ്തവർ 6 വീണുപോയാൽ+ അവരെ പശ്ചാത്താപത്തിലേക്കു* തിരിച്ചുകൊണ്ടുവരാൻ പറ്റില്ല. കാരണം അവർ ദൈവപുത്രനെ വീണ്ടും സ്തംഭത്തിൽ തറയ്ക്കുകയും പരസ്യമായി അപമാനിക്കുകയും ചെയ്യുന്നു.+ 7 കൂടെക്കൂടെ പെയ്യുന്ന മഴ കുടിച്ച് നിലം, അതിൽ കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്രദമായ സസ്യങ്ങൾ മുളപ്പിക്കുന്നെങ്കിൽ അതിനു ദൈവത്തിന്റെ അനുഗ്രഹം ലഭിക്കുന്നു. 8 മുൾച്ചെടിയും ഞെരിഞ്ഞിലും ആണ് മുളപ്പിക്കുന്നതെങ്കിലോ അതിനെ ഉപേക്ഷിക്കും; അതിന്മേൽ പെട്ടെന്നുതന്നെ ശാപം വരും. ഒടുവിൽ അതിനെ തീക്കിരയാക്കും.
9 എന്നാൽ പ്രിയപ്പെട്ടവരേ, നിങ്ങളോട് ഇങ്ങനെയൊക്കെ പറഞ്ഞാലും നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്കു ശുഭപ്രതീക്ഷയാണുള്ളത്. രക്ഷയിലേക്കു നയിക്കുന്ന നന്മകൾ നിങ്ങൾക്കുണ്ടെന്നു ഞങ്ങൾക്ക് ഉറപ്പാണ്. 10 വിശുദ്ധരെ ശുശ്രൂഷിച്ചതിലൂടെയും ഇപ്പോഴും അവരെ ശുശ്രൂഷിക്കുന്നതിലൂടെയും നിങ്ങൾ ദൈവനാമത്തോടു കാണിക്കുന്ന സ്നേഹവും+ നിങ്ങൾ ചെയ്യുന്ന സേവനവും മറന്നുകളയാൻ ദൈവം അനീതിയുള്ളവനല്ല. 11 എന്നാൽ നിങ്ങൾ ഓരോരുത്തരും ഇപ്പോഴുള്ള അതേ ഉത്സാഹം തുടർന്നും കാണിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. എങ്കിൽ മാത്രമേ നിങ്ങളുടെ പ്രത്യാശ സഫലമാകുമെന്നു+ നിങ്ങൾക്ക് അവസാനംവരെ+ പൂർണബോധ്യമുള്ളവരായിരിക്കാൻ കഴിയൂ. 12 അങ്ങനെ നിങ്ങൾ മടിയില്ലാത്തവരായി,+ വിശ്വാസത്തിലൂടെയും ക്ഷമയിലൂടെയും വാഗ്ദാനങ്ങൾ അവകാശമാക്കിയവരെ അനുകരിക്കുന്നവരാകും.
13 ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, തന്നെക്കാൾ വലിയ ആരുമില്ലാത്തതുകൊണ്ട് തന്നെക്കൊണ്ടുതന്നെ സത്യം ചെയ്ത്+ ഇങ്ങനെ പറഞ്ഞു: 14 “ഞാൻ നിന്നെ ഉറപ്പായും അനുഗ്രഹിക്കും; ഞാൻ നിന്നെ ഉറപ്പായും വർധിപ്പിക്കും.”+ 15 ക്ഷമയോടെ കാത്തിരുന്നശേഷമാണ് അബ്രാഹാമിന് ഈ വാഗ്ദാനം ലഭിച്ചത്. 16 തങ്ങളെക്കാൾ വലിയവരുടെ പേര് പറഞ്ഞാണല്ലോ മനുഷ്യർ സത്യം ചെയ്യുന്നത്. അവർ ചെയ്യുന്ന സത്യം എല്ലാ തർക്കങ്ങൾക്കും തീർപ്പുവരുത്തുന്നു. കാരണം അതിനു നിയമസാധുതയുണ്ട്.+ 17 തന്റെ ഉദ്ദേശ്യം മാറ്റമില്ലാത്തതാണെന്നു വാഗ്ദാനത്തിന്റെ അവകാശികൾക്കു+ കൂടുതൽ വ്യക്തമായി കാണിച്ചുകൊടുക്കാൻ തീരുമാനിച്ചപ്പോൾ, ദൈവവും ഒരു സത്യം ചെയ്ത് അതിന് ഉറപ്പു നൽകി. 18 മാറ്റം വരാത്ത ഈ രണ്ടു കാര്യത്തിലും ദൈവത്തിനു നുണ പറയാനാകില്ല.+ അഭയം തേടിച്ചെന്ന നമുക്ക്, നമ്മുടെ മുന്നിൽ വെച്ചിരിക്കുന്ന പ്രത്യാശ മുറുകെ പിടിക്കാൻ ഇവ ശക്തമായ പ്രേരണയേകുന്നു. 19 സുനിശ്ചിതവും ഉറപ്പുള്ളതും ആയ ഈ പ്രത്യാശ+ നമുക്ക് ഒരു നങ്കൂരമാണ്. നമ്മുടെ പ്രത്യാശ തിരശ്ശീലയുടെ+ ഉള്ളിലേക്കു കടന്നുചെല്ലുന്നു. 20 എന്നേക്കുമായി മൽക്കീസേദെക്കിനെപ്പോലുള്ള ഒരു മഹാപുരോഹിതനായിത്തീർന്ന യേശു+ നമുക്കുവേണ്ടി നമുക്കു മുമ്പായി പ്രവേശിച്ചത് അവിടേക്കാണ്.
7 ശാലേംരാജാവും അത്യുന്നതദൈവത്തിന്റെ പുരോഹിതനും ആയ ഈ മൽക്കീസേദെക്ക്, അബ്രാഹാം രാജാക്കന്മാരെ കൊന്നൊടുക്കി മടങ്ങിവന്നപ്പോൾ എതിരേറ്റുചെന്ന് അനുഗ്രഹിച്ചു.+ 2 അബ്രാഹാം മൽക്കീസേദെക്കിന് എല്ലാത്തിന്റെയും പത്തിലൊന്നു കൊടുത്തു.* മൽക്കീസേദെക്ക് എന്ന പേരിന്റെ അർഥം, “നീതിയുടെ രാജാവ്” എന്നാണ്. കൂടാതെ മൽക്കീസേദെക്ക് ശാലേംരാജാവുമാണ്, എന്നുവെച്ചാൽ, “സമാധാനത്തിന്റെ രാജാവ്.” 3 മൽക്കീസേദെക്കിന് അപ്പനില്ല, അമ്മയില്ല, വംശാവലിയില്ല, ജീവിതത്തിന് ആരംഭമോ അവസാനമോ ഇല്ല. അങ്ങനെ ദൈവം മൽക്കീസേദെക്കിനെ ദൈവപുത്രനെപ്പോലെ ആക്കിത്തീർത്തതുകൊണ്ട് അദ്ദേഹം എന്നെന്നും പുരോഹിതനാണ്.+
4 മൽക്കീസേദെക്ക് എത്ര വലിയവനാണെന്നു കണ്ടോ! ഗോത്രപിതാവായ അബ്രാഹാംപോലും താൻ പിടിച്ചെടുത്ത കൊള്ളവസ്തുക്കളിൽ വിശേഷപ്പെട്ടവയുടെ പത്തിലൊന്നു മൽക്കീസേദെക്കിനു കൊടുത്തല്ലോ.+ 5 അബ്രാഹാമിന്റെ വംശജരായിട്ടുപോലും* ജനത്തിൽനിന്ന്, അതായത് തങ്ങളുടെ സഹോദരന്മാരിൽനിന്ന്, ലേവിയുടെ പുത്രന്മാരിൽ+ പുരോഹിതസ്ഥാനം ലഭിക്കുന്നവർ ദശാംശം വാങ്ങണമെന്ന കല്പന നിയമത്തിലുണ്ടായിരുന്നു*+ എന്നതു ശരിയാണ്. 6 എന്നാൽ മൽക്കീസേദെക്ക് അവരുടെ വംശാവലിയിൽപ്പെട്ടവനല്ലാഞ്ഞിട്ടും അബ്രാഹാമിൽനിന്ന് ദശാംശം വാങ്ങുകയും വാഗ്ദാനങ്ങൾ ലഭിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു.+ 7 ഉയർന്നയാളാണു താഴ്ന്നയാളെ അനുഗ്രഹിക്കുന്നത് എന്നതിനു തർക്കമില്ല. 8 ആദ്യത്തേതിൽ മരണമുള്ള മനുഷ്യരാണു ദശാംശം വാങ്ങുന്നത്; എന്നാൽ രണ്ടാമത്തേതിൽ ജീവിക്കുന്നവൻ എന്നു തിരുവെഴുത്തുകൾ സാക്ഷ്യപ്പെടുത്തുന്നവനാണു ദശാംശം വാങ്ങുന്നത്.+ 9 ഒരർഥത്തിൽ, ദശാംശം വാങ്ങുന്ന ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം കൊടുത്തു എന്നു പറയാം; 10 കാരണം മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റുചെന്നപ്പോൾ+ ലേവി തന്റെ പൂർവികനായ അബ്രാഹാമിൽനിന്ന് വരാനിരിക്കുകയായിരുന്നല്ലോ.*
11 ജനത്തിനു കൊടുത്ത നിയമത്തിന്റെ ഒരു സവിശേഷതയായിരുന്നു ലേവ്യപൗരോഹിത്യം. ഈ പൗരോഹിത്യത്താൽ പൂർണത നേടാൻ കഴിയുമായിരുന്നെങ്കിൽ+ അഹരോനെപ്പോലുള്ള ഒരു പുരോഹിതൻതന്നെ മതിയായിരുന്നല്ലോ; മൽക്കീസേദെക്കിനെപ്പോലുള്ള ഒരു പുരോഹിതൻ+ വരേണ്ട ആവശ്യമില്ലായിരുന്നു. 12 പൗരോഹിത്യത്തിനു മാറ്റം വരുന്ന സ്ഥിതിക്കു നിയമത്തിനും മാറ്റം വരണം.+ 13 കാരണം ഇക്കാര്യങ്ങൾ ആരെക്കുറിച്ചാണോ പറഞ്ഞിരിക്കുന്നത് ആ വ്യക്തി മറ്റൊരു ഗോത്രത്തിൽപ്പെട്ടയാളാണ്. ആ ഗോത്രത്തിൽപ്പെട്ട ആരും യാഗപീഠത്തിങ്കൽ ശുശ്രൂഷ ചെയ്തിട്ടില്ല.+ 14 നമ്മുടെ കർത്താവ് യഹൂദയുടെ വംശത്തിൽ+ പിറന്നയാളാണെന്നു വ്യക്തമാണ്. എന്നാൽ ആ ഗോത്രത്തിൽനിന്ന് പുരോഹിതന്മാർ വരുന്നതിനെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ല.
15 മൽക്കീസേദെക്കിനെപ്പോലുള്ള മറ്റൊരു പുരോഹിതൻ+ എഴുന്നേറ്റ സ്ഥിതിക്ക് ഇക്കാര്യം കൂടുതൽ വ്യക്തമാണ്. 16 ആ പുരോഹിതൻ വംശാവലിയുടെ അടിസ്ഥാനത്തിലുള്ള നിബന്ധനയാലല്ല, തനിക്ക് അനശ്വരമായ ജീവൻ+ സാധ്യമാക്കുന്ന ശക്തിയാലാണു പുരോഹിതനായിരിക്കുന്നത്. 17 “നീ എന്നെന്നും മൽക്കീസേദെക്കിനെപ്പോലുള്ള പുരോഹിതൻ”+ എന്നാണല്ലോ ആ പുരോഹിതനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
18 അതെ, മുമ്പത്തെ കല്പന ദുർബലവും നിഷ്ഫലവും+ ആയതുകൊണ്ടാണ് അതു നീക്കിക്കളഞ്ഞത്. 19 കാരണം നിയമം ഒന്നിനും പൂർണത വരുത്തിയില്ല.+ എന്നാൽ നമ്മളെ ഇപ്പോൾ ദൈവത്തോട് അടുപ്പിക്കുന്ന+ കൂടുതൽ നല്ലൊരു പ്രത്യാശ+ വന്നതിലൂടെ പൂർണത സാധ്യമായി. 20 മാത്രമല്ല, ഒരു ആണ കൂടാതെയല്ല ഇതു സംഭവിച്ചിരിക്കുന്നത്. 21 (ആണ കൂടാതെ പുരോഹിതന്മാരായവരുണ്ടല്ലോ. എന്നാൽ ഈ വ്യക്തി പുരോഹിതനായത് അദ്ദേഹത്തെക്കുറിച്ചുള്ള ദൈവത്തിന്റെ ഈ ആണയനുസരിച്ചാണ്: “‘നീ എന്നെന്നും ഒരു പുരോഹിതൻ’ എന്ന് യഹോവ* ആണയിട്ടിരിക്കുന്നു; ദൈവം മനസ്സു മാറ്റില്ല.”*)+ 22 ദൈവത്തിന്റെ ആണ നിമിത്തം യേശു കൂടുതൽ ശ്രേഷ്ഠമായ ഒരു ഉടമ്പടിയുടെ+ ഉറപ്പായിത്തീർന്നിരിക്കുന്നു.* 23 എന്നും പുരോഹിതനായിരിക്കാൻ മരണം ആരെയും അനുവദിക്കാഞ്ഞതുകൊണ്ട് പലരും ഒന്നിനു പുറകേ ഒന്നായി+ ആ സ്ഥാനത്ത് വന്നു. 24 എന്നാൽ യേശു എന്നും ജീവിക്കുന്നതുകൊണ്ട്+ യേശുവിന്റെ പൗരോഹിത്യത്തിനു പിന്തുടർച്ചക്കാരില്ല. 25 അതുകൊണ്ട് തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ യേശു പ്രാപ്തനാണ്; അവർക്കുവേണ്ടി അപേക്ഷിക്കാൻ യേശു എന്നും ജീവനോടെയുണ്ട്.+
26 നമുക്കു വേണ്ടിയിരുന്നതും ഇങ്ങനെയൊരു മഹാപുരോഹിതനെയാണല്ലോ: വിശ്വസ്തൻ, നിഷ്കളങ്കൻ, നിർമലൻ,+ പാപികളിൽനിന്ന് വ്യത്യസ്തൻ, ആകാശങ്ങൾക്കു മീതെ ഉന്നതനാക്കപ്പെട്ടവൻ.+ 27 മറ്റു മഹാപുരോഹിതന്മാരെപ്പോലെ ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും+ എല്ലാ ദിവസവും ബലി അർപ്പിക്കേണ്ട ആവശ്യം+ ഈ മഹാപുരോഹിതനില്ല. കാരണം സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം അദ്ദേഹം അതു ചെയ്തല്ലോ.+ 28 നിയമം മഹാപുരോഹിതന്മാരാക്കുന്നതു ബലഹീനതകളുള്ള+ മനുഷ്യരെയാണ്. എന്നാൽ നിയമത്തിനു ശേഷം ചെയ്ത ആണ,+ എന്നേക്കുമായി പൂർണനായിത്തീർന്ന+ പുത്രനെ മഹാപുരോഹിതനാക്കുന്നു.
8 ഇതുവരെ പറഞ്ഞതിന്റെ ചുരുക്കം ഇതാണ്: സ്വർഗത്തിൽ അത്യുന്നതന്റെ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുന്ന+ ഒരു മഹാപുരോഹിതനാണു നമുക്കുള്ളത്;+ 2 അതായത്, വിശുദ്ധസ്ഥലത്തും+ സത്യകൂടാരത്തിലും ശുശ്രൂഷ* ചെയ്യുന്ന ഒരു മഹാപുരോഹിതൻ. ആ കൂടാരം നിർമിച്ചതു മനുഷ്യനല്ല, യഹോവയാണ്.* 3 മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നതു കാഴ്ചകളും ബലികളും അർപ്പിക്കാനാണല്ലോ. അതുകൊണ്ട് ഈ മഹാപുരോഹിതനും എന്തെങ്കിലും അർപ്പിക്കണമായിരുന്നു.+ 4 യേശു ഭൂമിയിലായിരുന്നെങ്കിൽ ഒരു പുരോഹിതനാകുമായിരുന്നില്ല;+ കാരണം നിയമപ്രകാരം കാഴ്ചകൾ അർപ്പിക്കുന്ന വേറെ പുരോഹിതന്മാർ ഇവിടെയുണ്ട്. 5 എന്നാൽ അവർ അനുഷ്ഠിക്കുന്ന വിശുദ്ധസേവനം സ്വർഗീയകാര്യങ്ങളുടെ+ പ്രതീകവും നിഴലും ആണ്.+ മോശ കൂടാരം പണിയാൻതുടങ്ങുന്ന സമയത്ത്, “പർവതത്തിൽവെച്ച് നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ നീ അവയെല്ലാം ഉണ്ടാക്കുന്നെന്ന് ഉറപ്പുവരുത്തുക”+ എന്നാണല്ലോ ദൈവം കല്പിച്ചത്. 6 എന്നാൽ ഇപ്പോൾ യേശുവിനു ലഭിച്ചിരിക്കുന്നതു മറ്റു പുരോഹിതന്മാർ ചെയ്തതിനെക്കാൾ മികച്ച ഒരു ശുശ്രൂഷയാണ്.* കാരണം യേശു കൂടുതൽ ശ്രേഷ്ഠമായ ഒരു ഉടമ്പടിയുടെ+ മധ്യസ്ഥനാണ്.+ ആ ഉടമ്പടി ഏറെ മെച്ചമായ വാഗ്ദാനങ്ങൾകൊണ്ട് നിയമപരമായി ഉറപ്പിച്ചിരിക്കുന്നു.+
7 ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമതൊന്നു വേണ്ടിവരുമായിരുന്നില്ല.+ 8 എന്നാൽ ജനത്തിൽ കുറ്റം കണ്ടതുകൊണ്ട് ദൈവം ഇങ്ങനെ പറഞ്ഞിരിക്കുന്നു: “‘ഇസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും ഞാൻ ഒരു പുതിയ ഉടമ്പടി ചെയ്യുന്ന കാലം ഇതാ വരുന്നു’ എന്ന് യഹോവ* പറയുന്നു; 9 ‘ഈജിപ്ത് ദേശത്തുനിന്ന് അവരുടെ പൂർവികരെ കൈപിടിച്ച് കൊണ്ടുവന്ന നാളിൽ+ ഞാൻ അവരുമായി ചെയ്ത ഉടമ്പടിപോലെയായിരിക്കില്ല ഇത്. കാരണം അവർ എന്റെ ഉടമ്പടിയിൽ നിലനിന്നില്ല. അതുകൊണ്ട് ഞാൻ അവരെ സംരക്ഷിക്കുന്നതു നിറുത്തി’ എന്ന് യഹോവ* പറയുന്നു.”
10 “‘ആ നാളുകൾക്കു ശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും’ എന്ന് യഹോവ* പറയുന്നു. ‘ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സുകളിൽ വെക്കും; അവരുടെ ഹൃദയങ്ങളിൽ ഞാൻ അവ എഴുതും.+ ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആകും.+
11 “‘അവർ ആരും പിന്നെ അവരുടെ സഹപൗരനെയോ സഹോദരനെയോ, “യഹോവയെ* അറിയൂ” എന്ന് ഉപദേശിക്കില്ല; കാരണം ചെറിയവൻമുതൽ വലിയവൻവരെ അവർ എല്ലാവരും എന്നെ അറിയുന്നവരായിരിക്കും. 12 അവർ കാണിച്ച അന്യായങ്ങൾ ഞാൻ ക്ഷമിക്കും. അവരുടെ പാപങ്ങൾ പിന്നെ ഓർക്കുകയുമില്ല.’”+
13 ഇത് “ഒരു പുതിയ ഉടമ്പടി” ആണ് എന്നു പറഞ്ഞുകൊണ്ട് മുമ്പത്തേതിനെ ദൈവം കാലഹരണപ്പെട്ടതാക്കി.+ കാലഹരണപ്പെട്ടതും പഴകുന്നതും ഉടനെ ഇല്ലാതാകും.+
9 ആദ്യത്തെ ഉടമ്പടിയിൽ വിശുദ്ധസേവനത്തോടു ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകളുണ്ടായിരുന്നു. ഉടമ്പടിയുടെ ഭാഗമായി ഭൂമിയിൽ ഒരു വിശുദ്ധമന്ദിരവുമുണ്ടായിരുന്നു.+ 2 വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്.* ആദ്യത്തെ ഭാഗത്ത് തണ്ടുവിളക്കും+ മേശയും കാഴ്ചയപ്പവും+ വെച്ചിരുന്നു. ആ ഭാഗത്തിനു വിശുദ്ധസ്ഥലം+ എന്നാണു പേര്. 3 രണ്ടാം തിരശ്ശീലയ്ക്കു+ പിന്നിലായിരുന്നു അതിവിശുദ്ധം+ എന്ന് അറിയപ്പെട്ടിരുന്ന ഭാഗം. 4 അവിടെ, സുഗന്ധക്കൂട്ടു കത്തിക്കുന്ന സ്വർണപാത്രവും+ മുഴുവനായി സ്വർണം പൊതിഞ്ഞ+ ഉടമ്പടിപ്പെട്ടകവും+ ഉണ്ടായിരുന്നു. ഉടമ്പടിപ്പെട്ടകത്തിനുള്ളിൽ മന്ന+ വെച്ചിരുന്ന സ്വർണഭരണിയും അഹരോന്റെ തളിർത്ത വടിയും+ ഉടമ്പടിയുടെ കൽപ്പലകകളും+ ആണുണ്ടായിരുന്നത്. 5 പെട്ടകത്തിനു മീതെ, അതിന്റെ മൂടിയിന്മേൽ* നിഴൽ വിരിച്ചുകൊണ്ട് തേജസ്സാർന്ന കെരൂബുകളുണ്ടായിരുന്നു.+ എന്നാൽ ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കുന്നില്ല.
6 ഇവയെല്ലാം ഇങ്ങനെ ഒരുക്കിയശേഷം, പുരോഹിതന്മാർ ആദ്യഭാഗത്ത് പ്രവേശിച്ച് പതിവായി വിശുദ്ധസേവനം+ നിർവഹിച്ചുപോന്നു. 7 എന്നാൽ രണ്ടാം ഭാഗത്ത് മഹാപുരോഹിതൻ മാത്രമേ പ്രവേശിക്കൂ; തനിക്കുവേണ്ടിയും+ അറിവില്ലായ്മ കാരണം ജനം ചെയ്ത പാപങ്ങൾക്കുവേണ്ടിയും+ വർഷത്തിൽ ഒരിക്കൽ മാത്രം,+ അർപ്പിക്കാനുള്ള രക്തവുമായി,+ മഹാപുരോഹിതൻ അവിടെ പ്രവേശിക്കും. 8 അങ്ങനെ, ആദ്യകൂടാരം നിലനിന്നിടത്തോളം കാലം വിശുദ്ധസ്ഥലത്തേക്കുള്ള വഴി വെളിപ്പെട്ടിരുന്നില്ലെന്നു+ പരിശുദ്ധാത്മാവ് വ്യക്തമാക്കിത്തരുന്നു. 9 ആ കൂടാരം ഇക്കാലത്തേക്കുള്ള ഒരു പ്രതീകമാണ്.+ ആ ക്രമീകരണമനുസരിച്ച് കാഴ്ചകളും ബലികളും അർപ്പിച്ചുപോരുന്നു.+ എന്നാൽ ആരാധന* അർപ്പിക്കുന്നയാളുടെ മനസ്സാക്ഷിയെ പൂർണമായും ശുദ്ധമാക്കാൻ അവയ്ക്കു കഴിയില്ല.+ 10 ഭക്ഷണപാനീയങ്ങൾ, ആചാരപ്രകാരമുള്ള പല തരം ശുദ്ധീകരണങ്ങൾ*+ എന്നിവയോടു മാത്രം ബന്ധപ്പെട്ടവയാണ് അവ. എല്ലാം നേരെയാക്കാൻ നിശ്ചയിച്ച സമയംവരെയാണു ശരീരത്തെ സംബന്ധിച്ചുള്ള അത്തരം നിയമപരമായ വ്യവസ്ഥകൾ+ ഏർപ്പെടുത്തിയിരുന്നത്.
11 എന്നാൽ നമുക്കു ലഭിച്ച നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നപ്പോൾ കൈകൊണ്ട് പണിതതല്ലാത്ത, അതായത് ഈ സൃഷ്ടിയിൽപ്പെടാത്ത, മഹനീയവും ഏറെ പൂർണവും ആയ കൂടാരത്തിലേക്കു പ്രവേശിച്ചു. 12 ക്രിസ്തു വിശുദ്ധസ്ഥലത്തേക്കു പ്രവേശിച്ചതു കോലാടുകളുടെയോ കാളക്കുട്ടികളുടെയോ രക്തവുമായല്ല, സ്വന്തം രക്തവുമായാണ്.+ ക്രിസ്തു എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം അവിടെ പ്രവേശിച്ച് നമുക്കു നിത്യമായ മോചനത്തിനു* വഴിയൊരുക്കി.+ 13 ആടുകളുടെയും കാളകളുടെയും രക്തവും+ അശുദ്ധരായവരുടെ മേൽ തളിച്ചിരുന്ന പശുഭസ്മവും* ശരീരത്തെ ശുദ്ധീകരിക്കുന്നെങ്കിൽ+ 14 നിത്യാത്മാവിനാൽ കളങ്കമില്ലാതെ സ്വയം ദൈവത്തിന് അർപ്പിച്ച ക്രിസ്തുവിന്റെ രക്തം+ നമ്മുടെ മനസ്സാക്ഷിയെ പ്രയോജനമില്ലാത്ത പ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!+ ജീവനുള്ള ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കാൻ അങ്ങനെ നമുക്കു കഴിയുന്നു.+
15 അതുകൊണ്ടാണ് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായത്.+ വിളിക്കപ്പെട്ടവരെ ക്രിസ്തു തന്റെ മരണത്തിലൂടെ മോചനവില* നൽകി+ ആദ്യത്തെ ഉടമ്പടിയുടെ കീഴിലെ ലംഘനങ്ങളിൽനിന്ന് വിടുവിച്ചു. അവർക്കു നിത്യാവകാശത്തിന്റെ വാഗ്ദാനം ലഭിക്കാൻവേണ്ടിയാണ്+ അങ്ങനെ ചെയ്തത്. 16 ഉടമ്പടിയുള്ളിടത്ത് ഉടമ്പടി ഉണ്ടാക്കിയ മനുഷ്യന്റെ മരണം അനിവാര്യമാണ്. 17 കാരണം മരണത്തോടെയാണ് ഉടമ്പടി സാധുവാകുന്നത്; ഉടമ്പടിക്കാരൻ ജീവിച്ചിരിക്കുന്നിടത്തോളം അതു പ്രാബല്യത്തിൽ വരില്ല. 18 ആദ്യത്തെ ഉടമ്പടിയും രക്തം കൂടാതെയല്ല പ്രാബല്യത്തിൽ വന്നത്.* 19 മോശ ജനത്തെ മുഴുവനും നിയമത്തിലെ കല്പനകളൊക്കെ അറിയിച്ചശേഷം കാളക്കുട്ടികളുടെയും കോലാടുകളുടെയും രക്തം എടുത്ത് വെള്ളം കലർത്തി കടുഞ്ചുവപ്പു നിറമുള്ള കമ്പിളിനൂലും ഈസോപ്പുചെടിയും കൊണ്ട് പുസ്തകത്തിന്മേലും* ജനത്തിന്മേലും തളിച്ചു. 20 “അനുസരിക്കണമെന്നു പറഞ്ഞ് ദൈവം നിങ്ങൾക്കു തന്ന ഉടമ്പടിയുടെ രക്തമാണ് ഇത്”+ എന്നു മോശ പറഞ്ഞു. 21 അതുപോലെ, മോശ കൂടാരത്തിന്മേലും വിശുദ്ധസേവനത്തിനുള്ള* എല്ലാ പാത്രങ്ങളിലും ആ രക്തം തളിച്ചു.+ 22 മിക്കവാറും എല്ലാംതന്നെ രക്തത്താൽ ശുദ്ധിയാകുന്നു+ എന്നാണു നിയമം പറയുന്നത്. രക്തം ചൊരിയാതെ ക്ഷമ ലഭിക്കില്ല.+
23 അതുകൊണ്ട് സ്വർഗീയകാര്യങ്ങളുടെ പ്രതീകങ്ങളെ+ ഈ വിധത്തിൽ ശുദ്ധീകരിക്കേണ്ടത് ആവശ്യമായിരുന്നു.+ എന്നാൽ സ്വർഗീയമായവയ്ക്ക് ഇവയെക്കാൾ മികച്ച ബലികളാണു വേണ്ടത്. 24 മനുഷ്യൻ നിർമിച്ചതും യഥാർഥത്തിലുള്ളതിന്റെ രൂപമാതൃകയും+ ആയ ഒരു വിശുദ്ധസ്ഥലത്തേക്കല്ല,+ സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്തു പ്രവേശിച്ചത്.+ അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ+ ക്രിസ്തുവിനു കഴിയുന്നു. 25 മഹാപുരോഹിതൻ തന്റേതല്ലാത്ത രക്തവുമായി വർഷംതോറും വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നതുപോലെയല്ലായിരുന്നു അത്;+ ക്രിസ്തു പല പ്രാവശ്യം തന്നെത്തന്നെ അർപ്പിക്കുന്നില്ല. 26 അങ്ങനെയായിരുന്നെങ്കിൽ, ലോകാരംഭംമുതൽ* ക്രിസ്തു പലവട്ടം കഷ്ടത അനുഭവിക്കേണ്ടിവരുമായിരുന്നല്ലോ. എന്നാൽ സ്വയം ഒരു ബലിയായി അർപ്പിച്ചുകൊണ്ട് പാപത്തെ ഇല്ലാതാക്കാൻ ക്രിസ്തു വ്യവസ്ഥിതികളുടെ* അവസാനകാലത്ത് എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം പ്രത്യക്ഷനായി.+ 27 മനുഷ്യർ ഒരിക്കൽ* മാത്രം മരിക്കണം, പിന്നെ ന്യായം വിധിക്കപ്പെടണം എന്നുള്ളതുപോലെ, 28 ക്രിസ്തുവും അനേകം ആളുകളുടെ പാപങ്ങൾ ചുമക്കാൻ ഒരിക്കൽ* മാത്രം സ്വയം അർപ്പിച്ചു.+ ക്രിസ്തു രണ്ടാമതു പ്രത്യക്ഷനാകുന്നതു പാപത്തെ ഇല്ലാതാക്കാനല്ല. അപ്പോൾ, രക്ഷയ്ക്കുവേണ്ടി ആകാംക്ഷയോടെ ക്രിസ്തുവിനെ നോക്കിയിരിക്കുന്നവർ ക്രിസ്തുവിനെ കാണും.+
10 നിയമത്തിലുള്ളതു വരാനുള്ള നന്മകളുടെ+ നിഴലാണ്,+ ശരിക്കുമുള്ള രൂപമല്ല. അതിനാൽ, വർഷംതോറും മുടങ്ങാതെ അർപ്പിച്ചുവരുന്ന അതേ ബലികൾകൊണ്ട്, ദൈവമുമ്പാകെ വരുന്നവരെ പരിപൂർണരാക്കാൻ അതിന്* ഒരിക്കലും കഴിയില്ല.+ 2 കഴിയുമായിരുന്നെങ്കിൽ ബലികൾ നിന്നുപോകില്ലായിരുന്നോ? കാരണം, ആരാധകർ* ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ടാൽ പിന്നെ അവർക്കു പാപത്തെക്കുറിച്ച് കുറ്റബോധം തോന്നില്ലല്ലോ. 3 വാസ്തവത്തിൽ ഈ ബലികൾ വർഷംതോറും പാപങ്ങൾ ഓർമിപ്പിക്കുകയാണു ചെയ്യുന്നത്;+ 4 കാരണം, കാളകളുടെയും കോലാടുകളുടെയും രക്തത്തിനു പാപങ്ങളെ ഇല്ലാതാക്കാനാകില്ല.
5 അതുകൊണ്ട് ലോകത്തിലേക്കു വരുമ്പോൾ ക്രിസ്തു ഇങ്ങനെ പറയുന്നു: “‘ബലികളും യാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല; എന്നാൽ അങ്ങ് എനിക്കായി ഒരു ശരീരം ഒരുക്കി. 6 സമ്പൂർണദഹനയാഗങ്ങളിലും പാപയാഗങ്ങളിലും അങ്ങ് പ്രസാദിച്ചില്ല.’+ 7 അപ്പോൾ ഞാൻ പറഞ്ഞു: ‘ഇതാ, ഞാൻ വന്നിരിക്കുന്നു. (ചുരുളിൽ* എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.) ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു.’”+ 8 (നിയമപ്രകാരം അർപ്പിച്ചുപോന്ന) “ബലികളും യാഗങ്ങളും സമ്പൂർണദഹനയാഗങ്ങളും പാപയാഗങ്ങളും അങ്ങ് ആഗ്രഹിച്ചില്ല; അവയിൽ പ്രസാദിച്ചുമില്ല” എന്നു പറഞ്ഞശേഷം, 9 “ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു”+ എന്നു ക്രിസ്തു പറയുന്നു. രണ്ടാമത്തേതു സ്ഥാപിക്കാൻ ക്രിസ്തു ഒന്നാമത്തേതു നീക്കിക്കളയുന്നു. 10 ആ ‘ഇഷ്ടത്താൽ’+ യേശുക്രിസ്തു ഒരിക്കലായിട്ട്* തന്റെ ശരീരം അർപ്പിക്കുകയും അങ്ങനെ നമ്മളെ വിശുദ്ധീകരിക്കുകയും ചെയ്തു.+
11 വിശുദ്ധസേവനം* ചെയ്യാനും പാപങ്ങളെ അപ്പാടേ നീക്കിക്കളയാൻ കഴിയാത്ത+ അതേ ബലികൾ+ വീണ്ടുംവീണ്ടും അർപ്പിക്കാനും+ വേണ്ടി പുരോഹിതന്മാർ എല്ലാ ദിവസവും അവരവരുടെ സ്ഥാനത്ത് നിൽക്കുന്നു. 12 എന്നാൽ ക്രിസ്തു പാപങ്ങൾക്കുവേണ്ടി എന്നേക്കുമായി ഒരേ ഒരു ബലി അർപ്പിച്ചിട്ട് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു.+ 13 ശത്രുക്കൾ തന്റെ പാദപീഠമാകുന്ന സമയത്തിനായി അന്നുമുതൽ ക്രിസ്തു കാത്തിരിക്കുകയാണ്.+ 14 വിശുദ്ധീകരിക്കപ്പെട്ടവരെ ഒരേ ഒരു ബലിയിലൂടെയാണു ക്രിസ്തു എന്നേക്കുമായി പരിപൂർണരാക്കിയിരിക്കുന്നത്.+ 15 പരിശുദ്ധാത്മാവും നമ്മളോട് ഇങ്ങനെ സാക്ഷി പറയുന്നു: 16 “‘ആ നാളുകൾക്കു ശേഷം ഞാൻ അവരോടു ചെയ്യുന്ന ഉടമ്പടി ഇതായിരിക്കും. ഞാൻ എന്റെ നിയമങ്ങൾ അവരുടെ ഹൃദയങ്ങളിൽ വെക്കും; അവരുടെ മനസ്സുകളിൽ ഞാൻ അവ എഴുതും’+ എന്ന് യഹോവ* പറയുന്നു.” 17 അത് ഇങ്ങനെയും പറയുന്നു: “അവരുടെ പാപങ്ങളും ധിക്കാരപ്രവൃത്തികളും* ഞാൻ പിന്നെ ഓർക്കില്ല.”+ 18 ഇവ ക്ഷമിച്ചിരിക്കുന്ന സ്ഥിതിക്ക്, പാപങ്ങൾക്കുവേണ്ടി ഒരു യാഗവും ഇനി ആവശ്യമില്ല.
19 അതുകൊണ്ട് സഹോദരങ്ങളേ, യേശുവിന്റെ രക്തത്തിലൂടെ നമുക്കു വിശുദ്ധസ്ഥലത്തേക്കുള്ള വഴി+ ഉപയോഗിക്കാൻ ധൈര്യം* കിട്ടിയിരിക്കുന്നു. 20 തന്റെ ശരീരം എന്ന തിരശ്ശീലയിലൂടെയാണു+ യേശു നമുക്കു ജീവനുള്ള ഈ പുതിയ വഴി തുറന്നുതന്നത്.* 21 ദൈവഭവനത്തിന്മേൽ അധികാരമുള്ള ശ്രേഷ്ഠനായ ഒരു പുരോഹിതനും നമുക്കുണ്ട്.+ 22 ഇക്കാരണങ്ങളാൽ, പൂർണവിശ്വാസത്തോടും ആത്മാർഥഹൃദയത്തോടും കൂടെ നമുക്കു ദൈവമുമ്പാകെ ചെല്ലാം. ദുഷിച്ച മനസ്സാക്ഷി നീക്കി ശുദ്ധീകരിച്ച*+ ഹൃദയവും ശുദ്ധജലത്താൽ കഴുകിവെടിപ്പാക്കിയ ശരീരവും ഇപ്പോൾ നമുക്കുണ്ട്.+ 23 നമ്മുടെ പ്രത്യാശ പരസ്യമായി പ്രഖ്യാപിക്കുന്നതിൽ നമുക്കു പതറാതെ ഉറച്ചുനിൽക്കാം.+ കാരണം വാഗ്ദാനം നൽകിയവൻ വിശ്വസ്തനാണ്. 24 സ്നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും വേണ്ടി പരസ്പരം എങ്ങനെ പ്രചോദിപ്പിക്കാമെന്നു* നന്നായി ചിന്തിക്കുക.*+ 25 അതുകൊണ്ട് ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നമ്മുടെ യോഗങ്ങൾക്കു കൂടിവരാതിരിക്കരുത്;+ പകരം നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാം.+ ആ ദിവസം അടുത്തടുത്ത് വരുന്നതു കാണുമ്പോൾ+ നമ്മൾ ഇതു കൂടുതൽക്കൂടുതൽ ചെയ്യേണ്ടതാണ്.
26 സത്യത്തിന്റെ ശരിയായ* അറിവ് ലഭിച്ചശേഷം നമ്മൾ മനഃപൂർവം പാപം ചെയ്തുകൊണ്ടിരുന്നാൽ,+ പാപങ്ങൾക്കുവേണ്ടി പിന്നെ ഒരു ബലിയും ബാക്കിയില്ല;+ 27 ആകെയുള്ളതു ന്യായവിധിക്കായി ഭയത്തോടെയുള്ള കാത്തിരിപ്പും എതിർത്തുനിൽക്കുന്നവരെ ദഹിപ്പിക്കുന്ന കോപാഗ്നിയും മാത്രമാണ്.+ 28 മോശയുടെ നിയമം ലംഘിക്കുന്നയാൾക്കു രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ മരണശിക്ഷ നൽകിയിരുന്നു;+ അയാളോട് ഒരു അനുകമ്പയും കാണിച്ചിരുന്നില്ല. 29 അങ്ങനെയെങ്കിൽ, ഒരാൾ ദൈവപുത്രനെ ചവിട്ടിമെതിക്കുകയും അയാളെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ+ വെറും സാധാരണ രക്തംപോലെ കണക്കാക്കുകയും അനർഹദയയുടെ ആത്മാവിനെ നിന്ദിച്ച് അപമാനിക്കുകയും ചെയ്താൽ+ അയാൾക്കു കിട്ടുന്നത് എത്ര കഠിനമായ ശിക്ഷയായിരിക്കുമെന്നു ചിന്തിച്ചുനോക്കൂ! 30 “പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും” എന്നും “യഹോവ* തന്റെ ജനത്തെ വിധിക്കും”+ എന്നും പറഞ്ഞ ദൈവത്തെ നമുക്ക് അറിയാമല്ലോ. 31 ജീവനുള്ള ദൈവത്തിന്റെ കൈയിൽ അകപ്പെടുന്നത് എത്ര ഭയങ്കരം!
32 നിങ്ങളുടെ പഴയ കാലം എപ്പോഴും ഓർത്തുകൊള്ളുക. സത്യത്തിന്റെ വെളിച്ചം ലഭിച്ചശേഷം+ നിങ്ങൾ വലിയ കഷ്ടതകളോടു പൊരുതി പിടിച്ചുനിന്നു. 33 ചിലപ്പോഴൊക്കെ നിങ്ങൾ പരസ്യമായി* നിന്ദയ്ക്കും ഉപദ്രവത്തിനും ഇരയായി. മറ്റു ചിലപ്പോൾ നിങ്ങൾ അത്തരം കാര്യങ്ങൾ അനുഭവിക്കുന്നവരോടു ചേർന്നുനിന്നു.* 34 ജയിലിലായവരോടു നിങ്ങൾ സഹതാപം കാണിച്ചു. നിങ്ങളുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെട്ടപ്പോൾ, നിലനിൽക്കുന്നതും ഏറെ നല്ലതും ആയ ഒരു സമ്പത്തു നിങ്ങൾക്കുണ്ടെന്നു മനസ്സിലാക്കി നിങ്ങൾ സന്തോഷത്തോടെ അതു സഹിച്ചു.+
35 അതുകൊണ്ട് നിങ്ങൾ ധൈര്യം* കൈവിടരുത്; അതിനു വലിയ പ്രതിഫലമുണ്ട്.+ 36 ദൈവേഷ്ടം ചെയ്യാനും വാഗ്ദാനം ലഭിച്ചിരിക്കുന്നതു നേടാനും നിങ്ങൾക്കു സഹനശക്തി വേണം.+ 37 ഇനി, “അൽപ്പസമയമേ ഉള്ളൂ,”+ “വരാനുള്ളവൻ വരും; താമസിക്കില്ല.”+ 38 “എന്റെ നീതിമാൻ വിശ്വാസത്താൽ ജീവിക്കും;”+ “പിന്മാറുന്നെങ്കിൽ ഞാൻ അവനിൽ പ്രസാദിക്കില്ല.”+ 39 നമ്മൾ നാശത്തിലേക്കു പിന്മാറുന്ന തരക്കാരല്ല,+ വിശ്വസിച്ച് ജീവരക്ഷ നേടുന്ന തരക്കാരാണ്.
11 വിശ്വാസം എന്നത്, പ്രത്യാശിക്കുന്ന കാര്യങ്ങൾ സംഭവിക്കുമെന്ന ഉറച്ച ബോധ്യവും+ കണ്ടിട്ടില്ലാത്ത യാഥാർഥ്യങ്ങളെക്കുറിച്ചുള്ള ശക്തമായ തെളിവിൽ അധിഷ്ഠിതമായ നിശ്ചയവും ആണ്.* 2 തങ്ങൾക്കു ദൈവപ്രീതിയുണ്ടെന്നു പണ്ടുകാലത്തുള്ളവർക്ക്* ഉറപ്പു ലഭിച്ചത് ഈ വിശ്വാസത്താലാണ്.
3 വിശ്വാസത്താൽ നമ്മൾ പ്രപഞ്ചത്തിലുള്ളതെല്ലാം* ദൈവത്തിന്റെ വചനത്താലാണ് ഉണ്ടായതെന്നും* അങ്ങനെ, കാണാൻ പറ്റാത്തവയിൽനിന്ന് കാണുന്നവയെല്ലാം ഉണ്ടായി എന്നും ഗ്രഹിക്കുന്നു.
4 വിശ്വാസത്താൽ ഹാബേൽ, ദൈവത്തിനു കയീന്റേതിനെക്കാൾ ഏറെ മൂല്യമുള്ള ഒരു ബലി അർപ്പിച്ചു.+ ആ വിശ്വാസം കാരണം, ദൈവം ഹാബേലിന്റെ കാഴ്ചകൾ സ്വീകരിച്ചു;+ ഹാബേലിനു താൻ നീതിമാനാണെന്ന് ഉറപ്പു ലഭിക്കുകയും ചെയ്തു. ഹാബേൽ മരിച്ചെങ്കിലും തന്റെ വിശ്വാസത്തിലൂടെ ഇന്നും സംസാരിക്കുന്നു.+
5 വിശ്വാസമുണ്ടായിരുന്നതിനാൽ ഹാനോക്കിനെ+ ദൈവം, മരണം കാണാതിരിക്കാൻവേണ്ടി മാറ്റി.+ ഹാനോക്ക് ദൈവത്തെ പ്രസാദിപ്പിച്ചു എന്ന ഉറപ്പു ഹാനോക്കിന് അതിനു മുമ്പുതന്നെ ലഭിച്ചിരുന്നു. ദൈവം ഹാനോക്കിനെ മാറ്റിയതുകൊണ്ട് പിന്നെ ആരും ഹാനോക്കിനെ കണ്ടില്ല. 6 വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ല. ദൈവത്തെ സമീപിക്കുന്നവൻ ദൈവമുണ്ടെന്നും തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്കു ദൈവം പ്രതിഫലം നൽകുന്നെന്നും വിശ്വസിക്കേണ്ടതാണ്.+
7 വിശ്വാസത്താൽ നോഹ,+ അതുവരെ കണ്ടിട്ടില്ലാത്ത കാര്യങ്ങളെക്കുറിച്ച് ദൈവത്തിൽനിന്ന് മുന്നറിയിപ്പു ലഭിച്ചപ്പോൾ+ ദൈവഭയം കാണിക്കുകയും കുടുംബത്തെ രക്ഷിക്കാൻവേണ്ടി ഒരു പെട്ടകം പണിയുകയും ചെയ്തു.+ ആ വിശ്വാസത്താൽ നോഹ ലോകത്തെ കുറ്റം വിധിക്കുകയും+ വിശ്വാസത്താൽ ഉണ്ടാകുന്ന നീതിക്ക് അവകാശിയാകുകയും ചെയ്തു.
8 വിശ്വാസത്താൽ അബ്രാഹാം,+ തനിക്ക് അവകാശമായി കിട്ടാനിരുന്ന ദേശത്തേക്കു പോകാൻ ദൈവം പറഞ്ഞപ്പോൾ എവിടേക്കാണു പോകുന്നതെന്ന് അറിയില്ലായിരുന്നിട്ടും ഇറങ്ങിപ്പുറപ്പെട്ടു;+ അങ്ങനെ അനുസരണം കാണിച്ചു. 9 വിശ്വാസം കാരണം അബ്രാഹാം, ദൈവം തനിക്കു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് ഒരു പരദേശിയെപ്പോലെ കഴിഞ്ഞു.+ അവിടെ അബ്രാഹാം അതേ വാഗ്ദാനം ലഭിച്ച യിസ്ഹാക്കിനോടും യാക്കോബിനോടും+ കൂടെ ഒരു വിദേശനാട്ടിലെന്നപോലെ കൂടാരങ്ങളിൽ താമസിച്ചു.+ 10 കാരണം ദൈവം രൂപരചയിതാവും* നിർമാതാവും ആയ, ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനുവേണ്ടിയാണ് അബ്രാഹാം കാത്തിരുന്നത്.+
11 വിശ്വാസത്താൽ സാറയ്ക്ക്, ഗർഭിണിയാകാനുള്ള* പ്രായം കഴിഞ്ഞിട്ടും+ അതിനുള്ള പ്രാപ്തി ലഭിച്ചു. കാരണം തനിക്കു വാഗ്ദാനം നൽകിയ ദൈവം വിശ്വസ്തനാണെന്നു* സാറ വിശ്വസിച്ചു. 12 അങ്ങനെ ഒരാളിൽനിന്ന്, മരിച്ചതിനു തുല്യനായ* ഒരാളിൽനിന്ന്,+ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽത്തീരത്തെ മണൽത്തരികൾപോലെയും+ അസംഖ്യം മക്കൾ ജനിച്ചു.+
13 ഇപ്പറഞ്ഞ എല്ലാവരും വിശ്വാസമുള്ളവരായിത്തന്നെ മരിച്ചു. അവർക്കു ലഭിച്ച വാഗ്ദാനങ്ങൾ അവരുടെ ജീവിതകാലത്ത് നിറവേറിയില്ലെങ്കിലും+ അവർ ദൂരത്തുനിന്ന് അവ കണ്ട് സന്തോഷിക്കുകയും+ ദേശത്ത് തങ്ങൾ അന്യരും താത്കാലികതാമസക്കാരും മാത്രമാണെന്നു പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. 14 അങ്ങനെ പറയുന്നവർ സ്വന്തമായ ഒരു ദേശം താത്പര്യത്തോടെ അന്വേഷിക്കുകയാണെന്നു വ്യക്തമാക്കുന്നു. 15 തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ചായിരുന്നു+ അവരുടെ ചിന്തയെങ്കിൽ അവിടേക്കു മടങ്ങിപ്പോകാൻ അവർക്ക് അവസരങ്ങളുണ്ടായിരുന്നു. 16 എന്നാൽ ഇപ്പോൾ അവർ കൂടുതൽ മെച്ചമായ ഒരു സ്ഥലം, സ്വർഗീയമായ ഒന്ന്, നേടാൻ ശ്രമിക്കുന്നു. അതുകൊണ്ട് അവരുടെ ദൈവം എന്ന് അറിയപ്പെടാൻ ദൈവം ലജ്ജിക്കുന്നില്ല.+ ദൈവം അവർക്കായി ഒരു നഗരംതന്നെ ഒരുക്കിയിരിക്കുന്നു.+
17 വിശ്വാസത്താൽ അബ്രാഹാം, പരീക്ഷിക്കപ്പെട്ടപ്പോൾ+ ഒരേ ഒരു മകനെ യാഗം അർപ്പിക്കാൻ തയ്യാറായി.+ വാഗ്ദാനങ്ങൾ സന്തോഷത്തോടെ സ്വീകരിച്ച അബ്രാഹാം യിസ്ഹാക്കിനെ യാഗം അർപ്പിച്ചതായിത്തന്നെ ദൈവം കണക്കാക്കി. 18 “നിന്റെ സന്തതി* എന്ന് അറിയപ്പെടുന്നവൻ വരുന്നതു യിസ്ഹാക്കിലൂടെയായിരിക്കും”+ എന്നു ദൈവം പറഞ്ഞിരുന്നെങ്കിലും അബ്രാഹാം അതിനു മടിച്ചില്ല. 19 മകനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന് അബ്രാഹാം നിഗമനം ചെയ്തു. ഒരു പ്രതീകമെന്ന+ നിലയിൽ അബ്രാഹാമിനു മകനെ മരണത്തിൽനിന്ന് തിരികെ കിട്ടുകയും ചെയ്തു.
20 വിശ്വാസത്താൽ യിസ്ഹാക്ക്, സംഭവിക്കാനിരുന്ന കാര്യങ്ങൾ പറഞ്ഞ് യാക്കോബിനെയും+ ഏശാവിനെയും+ അനുഗ്രഹിച്ചു.
21 വിശ്വാസത്താൽ യാക്കോബ്, മരണത്തോട് അടുത്ത സമയത്ത്+ യോസേഫിന്റെ ആൺമക്കളെ അനുഗ്രഹിക്കുകയും+ തന്റെ വടിയുടെ അറ്റത്ത് ഊന്നി ദൈവത്തെ ആരാധിക്കുകയും ചെയ്തു.+
22 വിശ്വാസത്താൽ യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഇസ്രായേൽമക്കൾ പുറപ്പെട്ടുപോകുന്നതിനെക്കുറിച്ച് സംസാരിക്കുകയും തന്റെ അസ്ഥികൾ എന്തു ചെയ്യണമെന്നതിനെക്കുറിച്ച്* നിർദേശങ്ങൾ* നൽകുകയും ചെയ്തു.+
23 വിശ്വാസത്താൽ മോശയുടെ മാതാപിതാക്കൾ, മോശ സുന്ദരനെന്നു കണ്ടിട്ട്+ മൂന്നു മാസം പ്രായമാകുന്നതുവരെ മോശയെ ഒളിപ്പിച്ചുവെച്ചു;+ അവർ രാജകല്പന ഭയപ്പെട്ടില്ല.+ 24 മോശ വളർന്നപ്പോൾ,+ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ഫറവോന്റെ മകളുടെ മകൻ എന്ന് അറിയപ്പെടുന്നതു വേണ്ടെന്നുവെച്ചു.+ 25 പാപത്തിന്റെ താത്കാലികമായ സുഖത്തിനു പകരം ദൈവജനത്തോടൊപ്പം ദ്രോഹം സഹിക്കുന്നതു മോശ തിരഞ്ഞെടുത്തു. 26 കാരണം ലഭിക്കാനിരുന്ന പ്രതിഫലത്തിൽ ദൃഷ്ടി പതിപ്പിച്ചതുകൊണ്ട്, ദൈവത്തിന്റെ ക്രിസ്തു* എന്ന നിലയിൽ സഹിക്കേണ്ടിയിരുന്ന നിന്ദയെ മോശ ഈജിപ്തിലെ സമ്പത്തിനെക്കാൾ ശ്രേഷ്ഠമായ ധനമായി കണക്കാക്കി. 27 വിശ്വാസത്താൽ മോശ, ഈജിപ്തിൽനിന്ന് പോയി;+ രാജകോപം ഭയന്നിട്ടല്ല പോയത്.+ അദൃശ്യനായ ദൈവത്തെ+ കണ്ടാലെന്നപോലെ മോശ ഉറച്ചുനിന്നു. 28 വിശ്വാസത്താൽ മോശ, സംഹാരകൻ തങ്ങളുടെ കടിഞ്ഞൂലുകളെ തൊടാതിരിക്കാൻവേണ്ടി പെസഹ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്തു.+
29 വിശ്വാസത്താൽ ജനം, ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു.+ എന്നാൽ അങ്ങനെ ചെയ്യാൻ ശ്രമിച്ച ഈജിപ്തുകാർ മുങ്ങിമരിച്ചു.+
30 വിശ്വാസത്താൽ അവർ, ഏഴു ദിവസം യരീഹൊയുടെ മതിലിനെ വലംവെച്ചപ്പോൾ അതു നിലംപൊത്തി.+ 31 വിശ്വാസത്താൽ രാഹാബ് എന്ന വേശ്യ ചാരന്മാരെ സമാധാനത്തോടെ സ്വീകരിച്ചതുകൊണ്ട് അനുസരണംകെട്ടവരോടൊപ്പം മരിച്ചില്ല.+
32 ഇതിൽക്കൂടുതൽ ഞാൻ എന്താണു പറയേണ്ടത്? ഗിദെയോൻ,+ ബാരാക്ക്,+ ശിംശോൻ,+ യിഫ്താഹ്,+ ദാവീദ്+ എന്നിവരെയും ശമുവേലിനെയും+ മറ്റു പ്രവാചകന്മാരെയും കുറിച്ച് വിവരിക്കാൻ സമയം പോരാ. 33 വിശ്വാസത്താൽ അവർ രാജ്യങ്ങൾ കീഴടക്കി,+ നീതി നടപ്പാക്കി, വാഗ്ദാനങ്ങൾ സ്വന്തമാക്കി,+ സിംഹങ്ങളുടെ വായ് അടച്ചു,+ 34 തീയുടെ ബലം കെടുത്തി,+ വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു,+ ബലഹീനരായിരുന്നപ്പോൾ ശക്തി നേടി,+ യുദ്ധത്തിൽ വീരന്മാരായി,+ അതിക്രമിച്ചുകടന്ന സൈന്യങ്ങളെ തുരത്തി.+ 35 സ്ത്രീകൾക്ക് അവരുടെ മരിച്ചുപോയ പ്രിയപ്പെട്ടവരെ പുനരുത്ഥാനത്തിലൂടെ തിരിച്ചുകിട്ടി.+ മറ്റു ചിലരാകട്ടെ, ഒരു മോചനവിലയുടെ അടിസ്ഥാനത്തിൽ വിട്ടയയ്ക്കാമെന്ന വാഗ്ദാനം നിരസിച്ച് കൂടുതൽ ശ്രേഷ്ഠമായ ഒരു പുനരുത്ഥാനം നേടാൻവേണ്ടി ഉപദ്രവം സഹിച്ചു. 36 വേറെ ചിലർ പരിഹാസവും ചാട്ടയടിയും സഹിച്ചു. മാത്രമല്ല, ചങ്ങലകളാൽ ബന്ധിക്കപ്പെട്ടു,+ ജയിലുകളിൽ കഴിഞ്ഞു.+ 37 അവർ കല്ലേറു കൊണ്ടു,+ പരീക്ഷകൾ സഹിച്ചു, രണ്ടായി അറുക്കപ്പെട്ടു, വാളിന്റെ വെട്ടേറ്റ് മരിച്ചു,+ ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തോൽ ധരിച്ചു,+ ദാരിദ്ര്യവും കഷ്ടതയും+ ഉപദ്രവവും+ സഹിച്ചു. 38 അവരെ താമസിപ്പിക്കാനുള്ള യോഗ്യത ലോകത്തിനില്ലായിരുന്നു. അവർ മരുഭൂമികളിലും മലകളിലും ഗുഹകളിലും+ മടകളിലും അഭയം തേടി.
39 വിശ്വാസം കാരണം അവർക്കെല്ലാം ദൈവത്തിന്റെ അംഗീകാരം കിട്ടിയെങ്കിലും, വാഗ്ദാനങ്ങൾ നിറവേറുന്നതു കാണാൻ അവർക്കു കഴിഞ്ഞില്ല. 40 കാരണം നമ്മളെക്കൂടാതെ അവർ പരിപൂർണരാകാതിരിക്കാൻ ദൈവം നമുക്കുവേണ്ടി കൂടുതൽ ശ്രേഷ്ഠമായതു മുൻകൂട്ടി കണ്ടിരുന്നു.+
12 അതുകൊണ്ട് സാക്ഷികളുടെ ഇത്ര വലിയൊരു കൂട്ടം* ചുറ്റുമുള്ളതിനാൽ നമുക്കും, എല്ലാ ഭാരവും നമ്മളെ എളുപ്പം വരിഞ്ഞുമുറുക്കുന്ന പാപവും എറിഞ്ഞുകളഞ്ഞ്+ മുന്നിലുള്ള ഓട്ടമത്സരം തളർന്നുപോകാതെ* ഓടാം;+ 2 നമ്മുടെ വിശ്വാസത്തിന്റെ മുഖ്യനായകനും അതിനു പൂർണത വരുത്തുന്നവനും ആയ യേശുവിനെത്തന്നെ+ നോക്കിക്കൊണ്ട് നമുക്ക് ഓടാം. മുന്നിലുണ്ടായിരുന്ന സന്തോഷം ഓർത്ത് യേശു അപമാനം വകവെക്കാതെ ദണ്ഡനസ്തംഭത്തിലെ* മരണം സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഇരിക്കുകയും ചെയ്തു.+ 3 തങ്ങൾക്കുതന്നെ ദോഷം വരുത്തിവെച്ചുകൊണ്ട് പാപികൾ പകയോടെ സംസാരിച്ചപ്പോൾ+ അതു സഹിച്ചുനിന്ന യേശുവിനെക്കുറിച്ച് മനസ്സിരുത്തി ചിന്തിക്കുന്നെങ്കിൽ നിങ്ങൾ ക്ഷീണിച്ച് പിന്മാറില്ല.+
4 ആ പാപത്തോടുള്ള പോരാട്ടത്തിൽ നിങ്ങളുടെ രക്തം ചൊരിയുന്ന അളവോളം നിങ്ങൾക്ക് ഇതുവരെ എതിർത്തുനിൽക്കേണ്ടിവന്നിട്ടില്ല. 5 മക്കൾക്ക് എന്നപോലെ നിങ്ങൾക്കു തന്ന ഈ ഉപദേശം നിങ്ങൾ പാടേ മറന്നുകളഞ്ഞു: “മകനേ, യഹോവയുടെ* ശിക്ഷണം നിസ്സാരമായി എടുക്കരുത്; ദൈവം തിരുത്തുമ്പോൾ മടുത്ത് പിന്മാറുകയുമരുത്; 6 യഹോവ* താൻ സ്നേഹിക്കുന്നവർക്കു ശിക്ഷണം നൽകുന്നു; മക്കളായി സ്വീകരിക്കുന്ന എല്ലാവരെയും അടിക്കുന്നു.”*+
7 ശിക്ഷണത്തിന്റെ* ഭാഗമായി നിങ്ങൾ പലതും സഹിക്കേണ്ടിവരും. മക്കളോട് ഇടപെടുന്നതുപോലെയാണു ദൈവം നിങ്ങളോട് ഇടപെടുന്നത്.+ അപ്പൻ ശിക്ഷണം നൽകാത്ത മക്കളുണ്ടോ?+ 8 നിങ്ങൾക്കെല്ലാം ഈ ശിക്ഷണം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ മക്കളല്ല, അവിഹിതബന്ധത്തിൽ ജനിച്ചവരാണ്. 9 മനുഷ്യരായ പിതാക്കന്മാർ നമുക്കു ശിക്ഷണം തന്നപ്പോൾ നമ്മൾ അവരെ ബഹുമാനിച്ചല്ലോ. ആ സ്ഥിതിക്ക്, നമ്മൾ ജീവനോടിരിക്കാൻ നമ്മുടെ ആത്മീയജീവന്റെ പിതാവിനു മനസ്സോടെ കീഴ്പെടേണ്ടതല്ലേ?+ 10 അവർക്കു നല്ലതെന്നു തോന്നിയ വിധത്തിൽ അൽപ്പകാലം മാത്രമാണ് അവർ നമുക്കു ശിക്ഷണം തന്നത്. എന്നാൽ ദൈവം ശിക്ഷണം തരുന്നതു നമുക്കു നല്ലതു വരാനും അങ്ങനെ നമ്മൾ ദൈവത്തിന്റെ വിശുദ്ധിയിൽ പങ്കാളികളാകാനും വേണ്ടിയാണ്.+ 11 ശിക്ഷണം കിട്ടുന്ന സമയത്ത് വേദന* തോന്നും, സന്തോഷം തോന്നില്ല. എന്നാൽ ശിക്ഷണത്തിലൂടെ പരിശീലനം നേടുന്നവർക്ക് അതു പിന്നീടു നീതി എന്ന സമാധാനഫലം നൽകുന്നു.
12 അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ബലപ്പെടുത്തുക.+ 13 അങ്ങനെ, ദുർബലമായത് ഉളുക്കിപ്പോകാതെ സുഖപ്പെടാനായി നിങ്ങളുടെ പാദങ്ങൾക്കു നേരായ പാത ഒരുക്കുക.+ 14 എല്ലാവരുമായും സമാധാനത്തിലായിരിക്കാൻ പരിശ്രമിക്കുക.+ വിശുദ്ധീകരണത്തിനായി*+ ഉത്സാഹിക്കുക. വിശുദ്ധീകരണം കൂടാതെ ആർക്കും കർത്താവിനെ കാണാനാകില്ല. 15 എല്ലാവരും ദൈവത്തിന്റെ അനർഹദയ നേടുന്നെന്ന് ഉറപ്പു വരുത്തുക. അങ്ങനെയാകുമ്പോൾ ഏതെങ്കിലും വിഷവേരു വളർന്നുവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കുകയോ അങ്ങനെ കുറെ പേർ അശുദ്ധരാകുകയോ ഇല്ല.+ 16 അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരോ ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി മൂത്ത മകൻ എന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ വെച്ചുമാറിയ ഏശാവിനെപ്പോലെ വിശുദ്ധകാര്യങ്ങളെ മാനിക്കാത്തവരോ+ നിങ്ങളുടെ ഇടയിലില്ലെന്ന് ഉറപ്പു വരുത്തുക. 17 പിന്നീട് അനുഗ്രഹം നേടാൻ ആഗ്രഹിച്ചപ്പോൾ ഏശാവിന്റെ അപേക്ഷ തള്ളിക്കളഞ്ഞെന്നു നിങ്ങൾക്ക് അറിയാമല്ലോ. മനസ്സു മാറ്റാൻ ഏശാവ് അപ്പനോടു കണ്ണീരോടെ യാചിച്ചെങ്കിലും അതിനു കഴിഞ്ഞില്ല.+
18 നിങ്ങൾ സമീപിച്ചിരിക്കുന്നതു തൊട്ടറിയാവുന്നതും+ തീ കത്തുന്നതും ആയ+ എന്തിനെയെങ്കിലുമോ ഇരുണ്ട മേഘം, കൂരിരുട്ട്, കൊടുങ്കാറ്റ്,+ 19 കാഹളത്തിന്റെ മുഴക്കം,+ ദൈവത്തിന്റെ വാക്കുകൾ+ എന്നിവയെയോ അല്ല. ആ ശബ്ദം കേട്ട ജനം, ഇനിയൊന്നും പറയരുതേ എന്ന് അപേക്ഷിച്ചു.+ 20 “പർവതത്തിൽ തൊടുന്നത് ഒരു മൃഗമാണെങ്കിൽപ്പോലും അതിനെ കല്ലെറിഞ്ഞുകൊല്ലണം”+ എന്ന കല്പന കേട്ടപ്പോൾത്തന്നെ അവർ പേടിച്ചുപോയിരുന്നു. 21 “ഞാൻ പേടിച്ചുവിറയ്ക്കുന്നു”+ എന്നു മോശ പറയത്തക്കവിധം ആ കാഴ്ച അത്ര ഭയങ്കരമായിരുന്നു. 22 എന്നാൽ നിങ്ങൾ സമീപിച്ചിരിക്കുന്നതു സീയോൻ മലയെയും+ ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയയരുശലേമിനെയും+ ആയിരമായിരം ദൈവദൂതന്മാരുടെ 23 മഹാസദസ്സിനെയും+ സ്വർഗത്തിൽ പേര് രേഖപ്പെടുത്തിയിരിക്കുന്ന ആദ്യജാതന്മാരുടെ സഭയെയും എല്ലാവരുടെയും ന്യായാധിപനായ ദൈവത്തെയും+ പൂർണരാക്കപ്പെട്ട നീതിമാന്മാരുടെ+ ആത്മീയജീവനെയും+ 24 പുതിയ ഉടമ്പടിയുടെ+ മധ്യസ്ഥനായ യേശുവിനെയും+ ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന രക്തത്തെയും,+ അതായത് നമ്മുടെ മേൽ തളിച്ച രക്തത്തെയും, ആണ്.
25 സംസാരിക്കുന്നവനെ ഒരു കാരണവശാലും ശ്രദ്ധിക്കാതിരിക്കരുത്!* ഭൂമിയിൽ ദിവ്യമുന്നറിയിപ്പു നൽകിയവനെ ശ്രദ്ധിക്കാതിരുന്നവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് സംസാരിക്കുന്നവനു പുറംതിരിഞ്ഞാൽ എങ്ങനെ രക്ഷപ്പെടാനാണ്?+ 26 അന്നു ദൈവത്തിന്റെ ശബ്ദം ഭൂമിയെ ഇളക്കി.+ എന്നാൽ ഇപ്പോൾ ദൈവം, “ഞാൻ വീണ്ടും ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും”+ എന്നു വാഗ്ദാനം ചെയ്തിരിക്കുന്നു. 27 “വീണ്ടും” എന്ന പ്രയോഗം, ഇളക്കമില്ലാത്തതു നിലനിറുത്താനായി ഇളകിയവയെ അഥവാ നിർമിതമായവയെ നീക്കിക്കളയുമെന്നു സൂചിപ്പിക്കുന്നു. 28 ഇളക്കാനാകാത്ത ഒരു രാജ്യം നമുക്കു കിട്ടുമെന്നതിനാൽ അനർഹദയ സ്വീകരിക്കുന്നതിൽ തുടരാം; അതുവഴി, ദൈവം അംഗീകരിക്കുന്ന വിധത്തിൽ ഭയഭക്തിയോടെ നമുക്കു ദൈവത്തെ സേവിക്കാം.* 29 നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണല്ലോ.+
13 നിങ്ങൾ തുടർന്നും സഹോദരസ്നേഹം കാണിക്കുക.+ 2 ആതിഥ്യം* കാണിക്കാൻ മറക്കരുത്.+ അതുവഴി ചിലർ ദൈവദൂതന്മാരെ ആളറിയാതെ സത്കരിച്ചിട്ടുണ്ട്.+ 3 ജയിലിൽ കിടക്കുന്നവരെ,* നിങ്ങളും അവരോടൊപ്പം ജയിലിലാണെന്നപോലെ ഓർക്കണം.+ ദ്രോഹം സഹിക്കുന്നവരെയും ഓർക്കുക. കാരണം, നിങ്ങളും ഇപ്പോൾ മനുഷ്യശരീരത്തിലാണല്ലോ.* 4 വിവാഹത്തെ എല്ലാവരും ആദരണീയമായി* കാണണം; വിവാഹശയ്യ പരിശുദ്ധവുമായിരിക്കണം.+ കാരണം അധാർമികപ്രവൃത്തികൾ* ചെയ്യുന്നവരെയും വ്യഭിചാരികളെയും ദൈവം വിധിക്കും.+ 5 നിങ്ങളുടെ ജീവിതം പണസ്നേഹമില്ലാത്തതായിരിക്കട്ടെ.+ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുക.+ “ഞാൻ നിന്നെ ഒരിക്കലും കൈവിടില്ല; ഒരിക്കലും ഉപേക്ഷിക്കില്ല”+ എന്നു ദൈവം പറഞ്ഞിട്ടുണ്ടല്ലോ. 6 അതുകൊണ്ട്, “യഹോവ* എന്നെ സഹായിക്കും. ഞാൻ പേടിക്കില്ല. മനുഷ്യന് എന്നോട് എന്തു ചെയ്യാനാകും”+ എന്നു ധൈര്യത്തോടെ നമുക്കു പറയാം.
7 നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർത്തുകൊള്ളുക;+ ദൈവത്തിന്റെ വാക്കുകൾ നിങ്ങളെ അറിയിച്ചവരാണല്ലോ അവർ. അവരുടെ പ്രവൃത്തികളുടെ ഫലം നിരീക്ഷിച്ചറിഞ്ഞ് അവരുടെ വിശ്വാസം അനുകരിക്കുക.+
8 യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും മാറ്റമില്ലാത്തവനാണ്.
9 വിചിത്രമായ പലപല ഉപദേശങ്ങളാൽ വഴിതെറ്റിപ്പോകരുത്. ഭക്ഷണത്താലല്ല,* അനർഹദയയാൽ ഹൃദയത്തെ ബലപ്പെടുത്തുന്നതാണു നല്ലത്. ഭക്ഷണത്തെക്കുറിച്ച് മാത്രം ചിന്തിക്കുന്നതുകൊണ്ട് ആളുകൾക്കു പ്രയോജനമൊന്നും ഉണ്ടാകുന്നില്ലല്ലോ.+
10 നമുക്ക് ഒരു യാഗപീഠമുണ്ട്; അതിൽനിന്ന് കഴിക്കാൻ കൂടാരത്തിൽ ശുശ്രൂഷ* ചെയ്യുന്നവർക്ക് അവകാശമില്ല.+ 11 മഹാപുരോഹിതൻ മൃഗങ്ങളുടെ രക്തം പാപയാഗം എന്ന നിലയിൽ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുപോകും. എന്നാൽ അവയുടെ ശരീരം പാളയത്തിനു പുറത്ത് കൊണ്ടുപോയി ചുട്ടുകളയുന്നു.+ 12 അതുപോലെ യേശുവും സ്വന്തം രക്തത്താൽ ജനത്തെ വിശുദ്ധീകരിക്കാൻവേണ്ടി+ നഗരകവാടത്തിനു പുറത്തുവെച്ച് കഷ്ടത സഹിച്ചു.+ 13 അതുകൊണ്ട് യേശു സഹിച്ച നിന്ദ ചുമന്നുകൊണ്ട്+ നമുക്കു പാളയത്തിനു പുറത്ത് യേശുവിന്റെ അടുത്ത് ചെല്ലാം. 14 കാരണം ഇവിടെ നമുക്കു നിലനിൽക്കുന്ന ഒരു നഗരമില്ല. വരാനുള്ള ഒരു നഗരത്തിനുവേണ്ടിയാണല്ലോ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.+ 15 ദൈവനാമം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട്+ അധരഫലം, അതായത് സ്തുതികളാകുന്ന ബലി,+ യേശുവിലൂടെ നമുക്ക് എപ്പോഴും ദൈവത്തിന് അർപ്പിക്കാം.+ 16 മാത്രമല്ല, നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്.+ അങ്ങനെയുള്ള ബലികളിലാണു ദൈവം പ്രസാദിക്കുന്നത്.+
17 നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്നവർ+ നിങ്ങളെക്കുറിച്ച് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ എപ്പോഴും നിങ്ങൾക്കുവേണ്ടി ഉണർന്നിരിക്കുന്നതുകൊണ്ട്*+ അവരെ അനുസരിച്ച് അവർക്കു കീഴ്പെട്ടിരിക്കുക.+ അപ്പോൾ അവർ അതു ഞരങ്ങിക്കൊണ്ടല്ല, സന്തോഷത്തോടെ ചെയ്യാനിടയാകും. അല്ലെങ്കിൽ അതു നിങ്ങൾക്കു ദോഷം ചെയ്യും.
18 ഞങ്ങൾക്കുവേണ്ടി തുടർന്നും പ്രാർഥിക്കുക. എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.+ 19 ഞാൻ എത്രയും വേഗം നിങ്ങളുടെ അടുത്തേക്കു തിരിച്ചുവരാൻ നിങ്ങൾ പ്രാർഥിക്കണമെന്നു ഞാൻ പ്രത്യേകം അഭ്യർഥിക്കുന്നു.
20 ആടുകളുടെ വലിയ ഇടയനും+ നമ്മുടെ കർത്താവും ആയ യേശുവിനെ നിത്യമായ ഉടമ്പടിയുടെ രക്തത്താൽ മരിച്ചവരിൽനിന്ന് തിരിച്ചുകൊണ്ടുവന്ന സമാധാനത്തിന്റെ ദൈവം 21 തന്റെ ഇഷ്ടം ചെയ്യാൻ എല്ലാ നന്മകളും നൽകിക്കൊണ്ട് നിങ്ങളെ പ്രാപ്തരാക്കുകയും തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ യേശുക്രിസ്തുവിലൂടെ നമ്മളിൽ പ്രവർത്തിക്കുകയും ചെയ്യട്ടെ. ദൈവത്തിന് എന്നുമെന്നേക്കും മഹത്ത്വം. ആമേൻ.
22 സഹോദരങ്ങളേ, എന്റെ ഈ പ്രോത്സാഹനവാക്കുകൾ ക്ഷമയോടെ കേൾക്കണമെന്നു ഞാൻ അഭ്യർഥിക്കുന്നു. ഞാൻ ചുരുക്കമായിട്ടാണല്ലോ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. 23 നമ്മുടെ സഹോദരനായ തിമൊഥെയൊസ് മോചിതനായെന്ന വിവരം നിങ്ങളെ അറിയിക്കുന്നു. തിമൊഥെയൊസ് വേഗം എത്തിയാൽ ഞങ്ങൾ ഒരുമിച്ച് വന്ന് നിങ്ങളെ കാണും.
24 എല്ലാ വിശുദ്ധരെയും നിങ്ങൾക്കിടയിൽ നേതൃത്വമെടുക്കുന്ന എല്ലാവരെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക. ഇറ്റലിയിലുള്ളവർ+ നിങ്ങളെ സ്നേഹം അറിയിക്കുന്നു.
25 കർത്താവിന്റെ അനർഹദയ നിങ്ങൾ എല്ലാവരുടെയുംകൂടെയുണ്ടായിരിക്കട്ടെ.
അഥവാ “യുഗങ്ങൾ.” പദാവലി കാണുക.
അഥവാ “അവന്റെ മുന്നിൽ കുമ്പിടട്ടെ.”
അഥവാ “ആത്മാക്കളും.”
അഥവാ “നീതിയുടെ.”
അഥവാ “നിയമലംഘനത്തെ.”
ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
അഥവാ “നിവസിതഭൂമിയെ.”
അഥവാ “രക്ഷയുടെ മുഖ്യനായകനെ.”
അനു. എ5 കാണുക.
അക്ഷ. “വിത്തിനെയാണ്.”
അഥവാ “ജനത്തിന്റെ പാപപരിഹാരത്തിനുള്ള ബലി അർപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ; ജനത്തിനു പാപപരിഹാരം വരുത്താൻ കഴിയുമായിരുന്നുള്ളൂ.”
അഥവാ “സ്വർഗത്തിലേക്കുള്ള ക്ഷണത്തിൽ.”
പദാവലി കാണുക.
അഥവാ “വിശ്രമത്തിൽ.”
അഥവാ “ക്രിസ്തുവിന്റെ.”
അഥവാ “വിശ്രമത്തിൽ.”
അക്ഷ. “പേടിയോടിരിക്കാം.”
അഥവാ “ലോകാരംഭത്തോടെ.” ‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അഥവാ “വചനം.”
പദാവലി കാണുക.
പദാവലി കാണുക.
അഥവാ “വഴിതെറ്റി നടക്കുന്നവരോട്.”
അഥവാ “ആർദ്രതയോടെ; കരുണയോടെ.”
അഥവാ “പക്വതയുള്ളവർക്കുള്ളതാണ്.”
അഥവാ “യുഗത്തിന്റെ.” പദാവലി കാണുക.
അഥവാ “മാനസാന്തരത്തിലേക്ക്.”
അക്ഷ. “വീതിച്ചുകൊടുത്തു.”
അക്ഷ. “അരയിൽനിന്ന് പുറപ്പെട്ടവരായിരുന്നിട്ടുപോലും.”
പദാവലി കാണുക.
അക്ഷ. “അബ്രാഹാമിന്റെ അരയിലുണ്ടായിരുന്നല്ലോ.”
അനു. എ5 കാണുക.
അഥവാ “ദൈവത്തിനു ഖേദം തോന്നില്ല.”
അഥവാ “ഈടായിത്തീർന്നിരിക്കുന്നു.”
അഥവാ “പൊതുജനസേവനം.”
അനു. എ5 കാണുക.
അഥവാ “പൊതുജനസേവനമാണ്.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അക്ഷ. “കൂടാരമുണ്ടായിരുന്നു.”
അഥവാ “പാപപരിഹാരത്തിന്റെ സ്ഥലത്തിനു മേൽ; അനുരഞ്ജനമൂടിയുടെ മേൽ.”
അഥവാ “വിശുദ്ധസേവനം.”
അക്ഷ. “പല തരം സ്നാനങ്ങൾ.”
അക്ഷ. “വീണ്ടെടുപ്പിന്.”
അഥവാ “പശുക്കിടാവിന്റെ ചാരവും.”
പദാവലി കാണുക.
അക്ഷ. “ഉദ്ഘാടനം ചെയ്തത്.”
അഥവാ “ചുരുളിന്മേലും.”
അഥവാ “പൊതുജനസേവനത്തിനുള്ള.”
‘ലോകം’ എന്നത് ഇവിടെ ആദാമിന്റെയും ഹവ്വയുടെയും മക്കളെ കുറിക്കുന്നു.
അഥവാ “യുഗങ്ങളുടെ.” പദാവലി കാണുക.
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
മറ്റൊരു സാധ്യത “പുരോഹിതന്മാർക്ക്.”
അഥവാ “വിശുദ്ധസേവനം അർപ്പിക്കുന്നവർ.”
അക്ഷ. “പുസ്തകച്ചുരുളിൽ.”
അഥവാ “എല്ലാ കാലത്തേക്കുംവേണ്ടി ഒരു പ്രാവശ്യം.”
അഥവാ “പൊതുജനസേവനം.”
അനു. എ5 കാണുക.
അഥവാ “നിയമലംഘനങ്ങളും.”
അഥവാ “ആത്മവിശ്വാസം.”
അക്ഷ. “ഉദ്ഘാടനം ചെയ്തുതന്നത്.”
അക്ഷ. “തളിച്ച് ശുദ്ധീകരിച്ച.” അതായത്, യേശുവിന്റെ രക്തം തളിച്ച് ശുദ്ധീകരിച്ച.
അഥവാ “പ്രോത്സാഹിപ്പിക്കാമെന്ന്.”
അഥവാ “പ്രചോദിപ്പിക്കാമെന്നതിനു ശ്രദ്ധ കൊടുക്കുക.”
അഥവാ “സൂക്ഷ്മമായ.”
അനു. എ5 കാണുക.
അക്ഷ. “ഒരു പ്രദർശനശാലയിൽ എന്നപോലെ പരസ്യമായി.”
അഥവാ “അനുഭവിക്കുന്നവർക്കു തുണയായി.”
അഥവാ “സംസാരിക്കാനുള്ള ധൈര്യം.”
അഥവാ “ശക്തമായ തെളിവും ആണ്.”
അഥവാ “നമ്മുടെ പൂർവികർക്ക്.”
അഥവാ “വ്യവസ്ഥിതികളെല്ലാം.” പദാവലി കാണുക.
അഥവാ “സ്ഥാപിക്കപ്പെട്ടതെന്നും.”
അതായത്, രൂപരേഖ തയ്യാറാക്കുന്ന ആൾ.
അഥവാ “സന്തതിയെ ഗർഭം ധരിക്കാനുള്ള.”
അഥവാ “ആശ്രയയോഗ്യനാണെന്ന്.”
അതായത്, പുനരുത്പാദനശേഷി നഷ്ടമായ.
അക്ഷ. “വിത്ത്.”
അഥവാ “തന്റെ ശവസംസ്കാരത്തെക്കുറിച്ച്.”
അഥവാ “കല്പന.”
അഥവാ “അഭിഷിക്തൻ.” പദാവലി കാണുക.
അക്ഷ. “മേഘം.”
അഥവാ “സഹനശക്തിയോടെ.”
പദാവലി കാണുക.
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ശിക്ഷിക്കുന്നു.”
അഥവാ “പരിശീലനത്തിന്റെ.”
അഥവാ “സങ്കടം.”
അഥവാ “വിശുദ്ധിക്കായി.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അഥവാ “സംസാരിച്ചുകൊണ്ടിരിക്കുന്നയാളോട് ഒഴികഴിവുകൾ പറയരുത്; സംസാരിച്ചുകൊണ്ടിരിക്കുന്നയാളെ അവഗണിക്കരുത്.”
അഥവാ “ദൈവത്തിനു വിശുദ്ധസേവനം അർപ്പിക്കാം.”
അഥവാ “അപരിചിതരോടു ദയ.”
അക്ഷ. “ബന്ദികളെ; ബന്ധനത്തിൽ കഴിയുന്നവരെ.”
മറ്റൊരു സാധ്യത “ഉപദ്രവം സഹിക്കുന്നവരെ, നിങ്ങളും അവരോടൊപ്പം ഉപദ്രവം സഹിക്കുകയാണെന്നപോലെ ഓർക്കണം.”
അഥവാ “അമൂല്യമായി.”
ലൈംഗിക അധാർമികതയെ കുറിക്കുന്നു. പദാവലിയിൽ “ലൈംഗിക അധാർമികത” കാണുക.
അനു. എ5 കാണുക.
അതായത്, ഭക്ഷണത്തെക്കുറിച്ചുള്ള നിയമങ്ങളാലല്ല.
അഥവാ “വിശുദ്ധസേവനം.”
അഥവാ “കാവലിരിക്കുന്നതുകൊണ്ട്.”