അത്താഴവിരുന്നുകളിലെ പ്രമുഖസ്ഥാനം
ഒന്നാം നൂറ്റാണ്ടിൽ ആളുകൾ പൊതുവേ മേശയോടു ചേർന്ന് ചാരിക്കിടന്നാണു ഭക്ഷണം കഴിച്ചിരുന്നത്. കിടക്കയിലെ കുഷ്യനിൽ ഇടങ്കൈമുട്ട് ഊന്നി, വലത്തെ കൈകൊണ്ട് ഭക്ഷണം കഴിക്കും. ഗ്രീക്ക്-റോമൻ രീതിയനുസരിച്ച് ഒരു ഭക്ഷണമുറിയിൽ അധികം പൊക്കമില്ലാത്ത ഒരു ഭക്ഷണമേശയും അതിനു ചുറ്റും മൂന്നു കിടക്കയും കാണും. ഇത്തരം ഒരു ഭക്ഷണമുറിയെ റോമാക്കാർ ട്രൈക്ലിനിയം (ഈ ലത്തീൻപദം “മൂന്നു കിടക്കയുള്ള മുറി” എന്ന് അർഥമുള്ള ഗ്രീക്കുപദത്തിൽനിന്ന് വന്നതാണ്.) എന്നാണു വിളിച്ചിരുന്നത്. ഇതുപോലെ ക്രമീകരിച്ചാൽ ഓരോ കിടക്കയിലും മൂന്നു പേർ വീതം ഒൻപതു പേർക്ക് ഇരിക്കാമായിരുന്നു. എന്നാൽ പിൽക്കാലത്ത് കൂടുതൽ പേർക്ക് ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോഗിക്കുന്നതു സാധാരണമായിത്തീർന്നു. ഭക്ഷണമുറിയിലെ ഇരിപ്പിടങ്ങൾക്കെല്ലാം ഒരേ പ്രാധാന്യമല്ലായിരുന്നു. ഉദാഹരണത്തിന് കിടക്കകൾതന്നെ പ്രാധാന്യമനുസരിച്ച്, ഏറ്റവും താഴ്ന്നത് (എ), അതിനെക്കാൾ അൽപ്പം മുന്തിയത് (ബി), ഏറ്റവും മുന്തിയത് (സി) എന്നിങ്ങനെ തിരിച്ചിരുന്നു. ഇനി, ഓരോ കിടക്കയിലെ സ്ഥാനങ്ങൾക്കും പ്രാധാന്യത്തിന്റെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക് അദ്ദേഹത്തിന്റെ വലതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കൂടുതലും ഇടതുവശത്തുള്ള ആളെക്കാൾ പ്രാധാന്യം കുറവും ആണ് കല്പിച്ചിരുന്നത്. ഔപചാരികമായ ഒരു വിരുന്നിൽ ആതിഥേയൻ പൊതുവേ ഇരുന്നിരുന്നത്, ഏറ്റവും താണതായി കണ്ടിരുന്ന കിടക്കയിലെ ഒന്നാം സ്ഥാനത്താണ് (1). ഏറ്റവും ആദരണീയമായി കണ്ടിരുന്നതു നടുവിലുള്ള കിടക്കയിലെ മൂന്നാമത്തെ സ്ഥാനമായിരുന്നു (2). ജൂതന്മാർ ഈ ആചാരം എത്രത്തോളം പിൻപറ്റി എന്നതു വ്യക്തമല്ലെങ്കിലും ശിഷ്യന്മാരെ താഴ്മയുടെ പ്രാധാന്യം പഠിപ്പിച്ചപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് ഈ സമ്പ്രദായമായിരിക്കാം.
ബന്ധപ്പെട്ട തിരുവെഴുത്തുകൾ: