മോഷ്ടാക്കളെ ശിക്ഷിക്കുന്ന വൃക്ഷങ്ങൾ
ചില ദേശങ്ങളിൽ ക്രിസ്തുമസ്മരം ക്രിസ്തുമസ് ആഘോഷത്തിന് അനുപേക്ഷണീയമായി കണക്കാക്കപ്പെടുന്നു, എന്നാൽ ഒരു മരം ആഗ്രഹിക്കുന്ന എല്ലാവരും അതിന് പണം മുടക്കാൻ മനസ്സുള്ളവരല്ല. ഐക്യനാടുകളിൽ പാർക്കുകളും വൻപാതകളുടെ വശങ്ങളിലുള്ള പ്രകൃതിരമണീയമായ സ്ഥലങ്ങളും ദേവതാരുവോ സരളവൃക്ഷമോ പൈൻമരമോ തേടി വൃക്ഷമോഷ്ടാക്കളാൽ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, സ്ഥലം ആരുടേതാണെങ്കിലും മോഷ്ടാക്കൾ അവ വെട്ടി വലിച്ചുകൊണ്ടുപോകുന്നു.
ചില സംസ്ഥാനങ്ങൾ തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ്ക്കാലത്ത് വിവിധ വടക്കൻജില്ലകളിലുള്ള അധികാരികൾ ഒരു പ്രത്യേകരാസവസ്തു ചില വൃക്ഷങ്ങളിൽ അടിക്കാൻ തുടങ്ങി. അത് തണുപ്പുള്ള വെളിമ്പ്രദേശത്ത് മനസിലാക്കാൻ കഴിയുന്നതല്ല, എന്നാൽ വൃക്ഷക്കൊമ്പ് മോഷ്ടാവിന്റെ ചൂടുള്ള താമസമുറിയിൽ എത്തിക്കഴിയുമ്പോൾ രാസവസ്തു അതിന്റെ സാന്നിദ്ധ്യം അറിയിക്കുന്നു. ദി വോൾ സ്ട്രീററ് ജേർണൽ പറയുംപ്രകാരം, “അത് ഒരു രാസവള നിർമ്മാണശാലപോലെ” ദുർഗന്ധം വമിപ്പിക്കുന്നു.
കണക്ററിക്കട്ടിലെ മൺറോയിൽ കഴിഞ്ഞവർഷങ്ങളിൽ മോഷ്ടാക്കൾ നിമിത്തം നഗരത്തിന് നൂറുകണക്കിന് മരങ്ങൾ നഷ്ടമായിയെന്ന് പാർക്ക് ഡയറക്ടർ കണക്കാക്കുന്നു. എന്നാൽ ആകർഷകമായ വൃക്ഷങ്ങൾ ഫലത്തിൽ ദുർഗന്ധ ബോംബുകളാണെന്ന് അധികാരികൾ പ്രാദേശിക പത്രത്തിലൂടെ മോഷ്ടാക്കൾക്ക് മുന്നറിയിപ്പു നൽകിയശേഷം മോഷണങ്ങൾ കുറഞ്ഞിട്ടുണ്ട്. (g90 12/22)