പശുക്കൾ പറക്കുന്നിടം
ഷെററ്ലാൻഡ് ദ്വീപുകളിലെ ശക്തമായ കാററുകൾ 1993 ജനുവരി 5-നു ലോകശ്രദ്ധ പിടിച്ചുപററി. അവ 243 മീററർ നീളവും 45,000 ടൺ കേവുഭാരവും ഉള്ള ബ്രേയർ എന്ന എണ്ണക്കപ്പലിനെ പൊക്കിയെടുത്തു വടക്കൻ സ്കോട്ട്ലാൻഡിന്റെ പുറംതീരത്തുള്ള പാറക്കെട്ടിൽ ഇടിപ്പിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കാററും തിരമാലയും ഈ ഭീമൻ കപ്പലിനെ നാലു തുണ്ടങ്ങളായി തകർത്തു കളഞ്ഞിരുന്നു.
ഹുങ്കാരത്തോടെയുള്ള കൊടുങ്കാററുകൾ ഷെററ്ലാൻഡ് നിവാസികൾക്കു പുതുമയല്ല. ഇരുപതിൽത്താഴെ എണ്ണത്തിൽ മാത്രം ജനവാസമുള്ള ദൂരെ ഒററപ്പെട്ടു കിടക്കുന്ന ഏതാണ്ടു നൂറു ദ്വീപുകളുടെ ഈ കൂട്ടമാണ് എതിരേ കിടക്കുന്ന ഐസ്ലാൻഡിനു സമീപമുള്ള സമുദ്രത്തിൽനിന്നും നിർബാധം വീശിയടിക്കുന്ന ശൈത്യകൊടുങ്കാററുകളെ ആദ്യം നേരിടുന്നത്.
അവിടത്തെ നിവാസികൾ വിചിത്രമായ കാഴ്ചകളോടു സുപരിചിതരായിത്തീർന്നിരിക്കുന്നതു വിസ്മയമല്ല. ദ വാൾ സ്ട്രീററ് ജേർണലൽ ഉദ്ധരിക്കപ്പെട്ട ഒരു മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ഇത്തരം റോഡടയാളങ്ങൾ ഷെററ്ലാൻഡിൽ ഉണ്ടായിരുന്നേക്കാം: പറക്കുന്ന പശുക്കളെ സൂക്ഷിക്കുക.” കുറെ വർഷങ്ങൾക്കു മുമ്പ് അയാളുടെ ഒരു പരിചയക്കാരന്റെ പശുക്കളിൽ ഒന്ന് ഒരു മേച്ചിൽ സ്ഥലത്തുനിന്നു കാററിൽ പറന്നു. ഒരു ശാസ്ത്രജ്ഞനായ മറെറാരു തദ്ദേശവാസി 5 മീറററോളം ദൂരത്തിൽ തന്റെ വളർത്തു പൂച്ച “പറക്കുന്ന”തു കണ്ടതായി റിപ്പോർട്ടു ചെയ്തു—തീർച്ചയായും അത് എല്ലായ്പോഴും നാലുകാലും കുത്തിയേ വീണുള്ളു. റോഡിൽനിന്നു കാററത്തു പറന്നുപോകാതിരിക്കാൻ കൽക്കരി പോലുള്ള ഭാരമേറിയ വസ്തുക്കൾക്കൊണ്ടു ഡ്രൈവർമാർ തങ്ങളുടെ വാഹനങ്ങൾ നിറയ്ക്കുന്നു. കാററ് ആളുകളെയും നിലത്തുനിന്നു പറപ്പിച്ചുകൊണ്ടുപോയിട്ടുണ്ട്, ചിലർ മരിച്ചിട്ടുമുണ്ട്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയ പെട്ടെന്നുണ്ടായ ഒരു കൊടുങ്കാററ് മണിക്കൂറിൽ 323 കിലോമീററർ എന്ന അനൗദ്യോഗികമായ ഒരു വേഗതയിൽ എത്തിച്ചേർന്നു—അനൗദ്യോഗികംതന്നെ, കാരണം കാററളക്കുന്ന ഔദ്യോഗിക ഉപകരണവും അതേ കൊടുങ്കാററിൽ പറന്നു പോയി! (g93 6/22)