മനസ്സാക്ഷിയേ, നീ എന്നെ പീഡിപ്പിക്കുന്നത് എന്തിന്?
“ഭീരുവായ മനസ്സാക്ഷിയേ, നീ എന്നെ എത്ര ഭയങ്കരമായി ദണ്ഡിപ്പിക്കുന്നു!” ഷേക്സ്പിയറിന്റെ റിച്ചാർഡ് III-ാമൻ രാജാവ് എന്ന നാടകത്തിൽ റിച്ചാർഡ് III-ാമൻ തന്നെ പറയുന്ന പ്രസിദ്ധമായ ആ വാക്കുകൾ മനുഷ്യമനസ്സാക്ഷിക്ക് ഉളവാക്കാൻ കഴിയുന്ന തീവ്രദുഃഖത്തെ വർണിക്കുന്നു. യഥാർഥ ജീവിതത്തിൽ മനസ്സാക്ഷി അനേകരുടെ ജീവിതത്തെ അശാന്തമാക്കുകയും മാററിമറിക്കുകയും ചെയ്തിട്ടുണ്ട്.
മനസ്സാക്ഷിയുടെ ശക്തി എത്രത്തോളമുണ്ടെന്ന് ഒരു യുവ ഇററലിക്കാരന്റെ അടുത്തകാലത്തെ അനുഭവം ചിത്രീകരിച്ചു. ഒരു സെക്യൂരിററി ഗാർഡ് എന്നനിലയിലുള്ള അദ്ദേഹത്തിന്റെ ജോലിയിൽ വൻ തുകകൾ കൊണ്ടുപോകുന്നത് ഉൾപ്പെട്ടിരുന്നു. കാര്യങ്ങളെല്ലാം ഭംഗിയായി മുന്നോട്ടു പോയി, എന്നാൽ ഒരു ദിവസം 30,00,00,000 ലീറ [1,85,000 ഡോളർ] അടങ്ങുന്ന ഒരു പണച്ചാക്കു മോഷ്ടിക്കാനുള്ള ഒരു പ്രലോഭനത്തിന് അദ്ദേഹം വഴങ്ങി. അദ്ദേഹം രണ്ടു സഹജോലിക്കാരോടൊത്തു ജോലി ചെയ്തിരുന്നതിനാൽ അവരിൽ ആര് അതെടുത്തുവെന്നു തീരുമാനിക്കുക അസാധ്യമായിരുന്നു. അതുകൊണ്ട് മൂന്നു പേരെയും ജോലിയിൽനിന്നു പിരിച്ചുവിട്ടു.
കോലാഹലമെല്ലാം ഒന്നടങ്ങിയശേഷം ഉപയോഗിക്കാം എന്നു വിചാരിച്ച് അദ്ദേഹം പണം ഒളിച്ചുവെച്ചു. മറിച്ച്, അപ്രതീക്ഷിതമായ ഒരു അസ്വസ്ഥത അയാളുടെ ഉള്ളിൽ നാമ്പെടുത്തു: നിഷ്കളങ്കരായ സഹജോലിക്കാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിനെക്കുറിച്ച് അദ്ദേഹത്തിനു ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ മനസ്സാക്ഷി അദ്ദേഹത്തിന് ഒരു നിമിഷത്തെ സമാധാനം പോലും കൊടുക്കുമായിരുന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല. ആഹാരം കഴിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തോട് ഇടപെടുക അസാധ്യമായിത്തീർന്നു.
കുററബോധത്താലും ആന്തരിക സംഘർഷത്താലും വലഞ്ഞ അയാൾ പൊലീസിൽ പോയി പണമേൽപ്പിച്ചു. അയാൾ അവരോട് ഇങ്ങനെ പറഞ്ഞു: “മനസ്സാക്ഷിക്കുത്ത് ഭയങ്കരമായിരുന്നു. അൽപ്പനേരം പോലും അതു സഹിച്ചുനിൽക്കാൻ ഇനി എനിക്കാവില്ല!” അയാൾ ഇങ്ങനെ കൂട്ടിച്ചേർത്തു: “കള്ളനെന്നു കുററംവിധിക്കുന്ന ഒരു മനസ്സാക്ഷി പേറി സ്വതന്ത്രനായി നടക്കുന്നതിലും ഭേദം സത്യസന്ധനായി ജയിലിൽ കിടക്കുന്നതാണ്.”
മനസ്സാക്ഷി എല്ലാ മനുഷ്യർക്കുമുള്ള ദൈവത്തിന്റെ ദാനമാണ്. അതു നമ്മെ കുററപ്പെടുത്തുകയോ കുററവിമുക്തരാക്കുകയോ ചെയ്തേക്കാം. നാം മനസ്സാക്ഷിയുടെ ശബ്ദത്തിനു ശ്രദ്ധ നൽകുമ്പോൾ ഗുരുതരമായ ദുഷ്പ്രവൃത്തിക്കു വഴങ്ങിക്കൊടുത്തുകൊണ്ടു പിഴവുകൾ വരുത്തുന്നതിൽനിന്ന് അതു നമ്മെ രക്ഷിക്കും. മനസ്സാക്ഷിയുടെ കുത്തലുകളെ അവഗണിക്കുകയോ ഷേക്സ്പിയറിന്റെ റിച്ചാർഡ് III-ാമൻ രാജാവ് ചെയ്തതുപോലെ അതിനെ ശാസിക്കുകയോ ചെയ്യുന്നതിനു പകരം നാം നമ്മുടെ മനസ്സാക്ഷിയെ താലോലിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്.—റോമർ 2:14, 15.