സഭകളുടെ ലോകകൗൺസിൽ—വിയോജിക്കാൻ സമ്മതിക്കുന്നു
സ്പെയിനിലെ സാൻറിയാഗോ നഗരം 1993 ആഗസ്ററ് 3 മുതൽ 14 വരെ അസാധാരണമായ ഒരു കൂട്ടം തീർഥാടകരെ വരവേററു. ആ നഗരം വിശ്വാസവും ആരാധനാക്രമവും സംബന്ധിച്ച ഒരു ലോക കോൺഫറൻസിന് ആതിഥ്യമരുളി, അതു സംഘടിപ്പിച്ചതു സഭകളുടെ ലോകകൗൺസിലായിരുന്നു. പ്രതിനിധികളുടെ ലക്ഷ്യം വമ്പിച്ച ഒന്നായിരുന്നു—ക്രൈസ്തവലോകത്തിലെ സഭകളെ ഏകീകരിക്കാനുള്ള നിലച്ചുപോയ ശ്രമത്തിനു വീണ്ടും ജീവൻ പകരുക.
ദക്ഷിണാഫ്രിക്കയിൽനിന്നുള്ള ആംഗ്ലിക്കൻ ആർച്ചുബിഷപ്പായ ഡസ്മോൺഡ് ടുട്ടു സ്ഥിതിവിശേഷത്തെ “സഭൈക്യ ആലസ്യം” എന്നാണു പരസ്യമായി വിളിച്ചത്. “നാം കാലിന്റെ വിരൽത്തുമ്പ് നനയ്ക്കുന്നു, എന്നാൽ ഇറങ്ങിച്ചെല്ലാനുള്ള ധൈര്യം നമുക്കില്ല,” അദ്ദേഹം വിലപിച്ചു.
സഭൈക്യത്തിന് ഇറങ്ങിത്തിരിക്കുന്നത് അത്ര എളുപ്പമായിരിക്കില്ല. സാൻറിയാഗോയിലെ കത്തോലിക്കാ കത്തീഡ്രലിൽ നടന്ന പ്രാരംഭചടങ്ങിന്റെ സമയത്തുപോലും പ്രതിനിധികളുടെ ഇടയിൽ ഭിന്നതകൾ പ്രത്യക്ഷമായിരുന്നു. കുർബാനയുടെ സമയത്തു “വി. യാക്കോബിനുള്ള കീർത്തനം” ആലപിച്ചു. ‘തീർഥാടകരുടെ ആത്മാവ് പ്രകടമാക്കാനും ക്രിസ്ത്യാനികളുടെ ഇടയിൽ രമ്യത തേടാനും’ കത്തോലിക്കാ ആർച്ച്ബിഷപ്പായ റൗക്കോ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ചെങ്കിൽപോലും സ്പാനീഷ് കത്തോലിക്കർ യഹൂദരുടെയും മുസ്ലീങ്ങളുടെയും പ്രൊട്ടസ്ററൻറുകാരുടെയും നേർക്കു നടത്തിയ മർദനത്തിന്റെ നൂററാണ്ടുകളെ പ്രകീർത്തിക്കുന്നതായി ആ കീർത്തനം വിമർശിക്കപ്പെട്ടു.
കത്തോലിക്കരെയും ഓർത്തഡോക്സുകാരെയും പ്രൊട്ടസ്ററൻറുകാരെയും രമ്യതപ്പെടുത്താനുതകുന്ന ഏതെങ്കിലും ചട്ടക്കൂടുണ്ടോ? നിഖ്യാ വിശ്വാസപ്രമാണത്തെ പല സഭകളും വീക്ഷിക്കുന്നത് “അപ്പോസ്തലിക വിശ്വാസത്തിന്റെ ഒരു കേന്ദ്ര ആശയമായിട്ടാണ്” എന്ന് ഒരു നിരീക്ഷകസംഘം സൂചിപ്പിച്ചു. “അഭിപ്രായങ്ങളിൽ നാനാത്വം” ഉണ്ടെങ്കിൽപ്പോലും “വിശ്വാസ ഐക്യം നേടുന്നതിനുള്ള ഒരു മാർഗമായി” ഈ വിശ്വാസപ്രമാണം ഉതകുമെന്ന് അവർ പ്രത്യാശിച്ചു.
കോൺഫറൻസ് നടന്നുകൊണ്ടിരുന്ന സമയത്ത് “അഭിപ്രായങ്ങളിൽ നാനാത്വം” ആവർത്തിച്ചാവർത്തിച്ചു പ്രത്യക്ഷമായി. സ്ത്രീകൾക്കു പുരോഹിതപട്ടം കൊടുക്കുന്നതിനെ അംഗീകരിക്കുന്ന ആംഗ്ലിക്കൻ സഭയുടെ അടുത്തകാലത്തെ തീരുമാനത്തോട് ഓർത്തഡോക്സ് പ്രതിനിധികളും കത്തോലിക്കാ പ്രതിനിധികളും പ്രതിഷേധമുയർത്തി. ഭിന്നത ഉയർത്തിവിട്ട മറെറാരു സംഗതി മുൻ കമ്മ്യുണിസ്ററ് രാജ്യങ്ങളിലെ ഓർത്തഡോക്സ് സഭകളും കത്തോലിക്കാ സഭകളും തമ്മിലുള്ള കിടമത്സരമാണ്. “നൂററാണ്ടുകളായി ക്രിസ്ത്യാനിക”ളായിരിക്കുന്നവരും എന്നാൽ കമ്മ്യുണിസ്ററ് നിരീശ്വരവാദത്തിന്റെ കീഴിൽ ദശകങ്ങളായി ജീവിക്കാനുള്ള നിർഭാഗ്യമുണ്ടായിരുന്നവരുമായ “ആളുകളോട് വീണ്ടും സുവിശേഷം പറയുന്നതി”നെക്കുറിച്ചു സംസാരിക്കുന്നതുപോലും തെററാണെന്നു ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ ആർച്ചുബിഷപ്പായ യാക്കോവോസ് അഭിപ്രായപ്പെട്ടു. വാസ്തവത്തിൽ, “മതംമാററൽ” ഐക്യത്തിന്റെ ഒരു വിലങ്ങുതടിയായിരിക്കുന്നതായി ഒരു കോൺഫറൻസ് റിപ്പോർട്ട് കുററംവിധിച്ചു. എന്നാൽ ‘സഭയുടെ മിഷനറി സ്വഭാവം സംബന്ധിച്ച കൂടുതൽ വ്യക്തമായ ഗ്രാഹ്യം’ നേടേണ്ട ഒരാവശ്യത്തെ അത് അംഗീകരിക്കുകയും ചെയ്തു.
സഭകളുടെ ഐക്യം ഒരു “അയഥാർഥ സങ്കൽപ്പ”മാണെന്നു ബോംബെയിലെ ബിഷപ്പായ സാമുവേൽ ബി. ജോഷ്വ ആശയററവിധം വർണിച്ചു. ഇന്ത്യയിലെ ആറ് സഭാവിഭാഗങ്ങളെ ലയിപ്പിക്കുന്നതിലെ പ്രശ്നങ്ങൾ നേരിട്ടനുഭവിച്ചറിഞ്ഞശേഷം “നേട്ടങ്ങൾ പുറമേയെയുള്ളൂ,” അതേസമയം ചുമടുകൾ “വഹിക്കാൻ കഴിയാതാവുന്നു” എന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്തീയ ഐക്യം അന്വേഷിക്കേണ്ടത് “ഉപദേശങ്ങളുടെയും സഭയുടെ ആരാധനാക്രമത്തിന്റെയും കാര്യങ്ങ”ളിലല്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു.
എന്നാൽ ഉപദേശങ്ങളെ അവഗണിക്കുന്ന ഐക്യം യഥാർഥ ഐക്യമാകുമോ? ‘സഭയുടെ മിഷനറി സ്വഭാവത്തെ ഇനിയും ഗ്രഹിക്കാത്ത’ മതങ്ങൾക്കു വാസ്തവത്തിൽ ക്രിസ്തുവിനെ അനുഗമിക്കാൻ കഴിയുമോ? ക്രിസ്തുവിന്റെ യഥാർഥ അനുഗാമികൾ “ഏകമനസ്സുള്ളവരാ”യി തുടരണമെന്ന് പൗലോസ് പറഞ്ഞു. (2 കൊരിന്ത്യർ 13:11) വിയോജിക്കാൻ സമ്മതിക്കുന്നതു മാത്രം ആ നിലവാരത്തിൽ എത്തിനോക്കുന്നതു പോലുമില്ല.