ഞങ്ങളുടെ വായനക്കാരിൽനിന്ന്
യാത്രയിലെ രോഗം എനിക്കു പത്തു വയസ്സുണ്ട്. “ലോകത്തെ വീക്ഷിക്കൽ” പംക്തിയിലെ “യാത്രയിലെ രോഗം” എന്ന ഇനത്തിനു നന്ദി പറയാൻ ആഗ്രഹിക്കുന്നു. (ജനുവരി 22, 1996) ലേഖനത്തിലെ നിർദേശങ്ങൾ ഞാൻ പരീക്ഷിച്ചുനോക്കി, അവ ഫലപ്രദമായിരുന്നു! ദയവായി അത്തരം ലേഖനങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുക.
ജെ. സി. എസ്., ബ്രസീൽ
മരണവക്കത്ത് “മരണത്തിന്റെ വക്കോളമെത്തിയ എന്റെ അനുഭവത്തിൽനിന്നു ഡോക്ടർമാർ പഠിച്ചു” എന്ന ലേഖനത്തെക്കുറിച്ചാണു ഞാൻ എഴുതുന്നത്. (ഡിസംബർ 22, 1995) ആൽബുമിന്റെ ചെറിയൊരു അംശം കലർത്തിയ എരിത്രോപൊയറ്റിൻ രക്തത്തിലെ പ്രോട്ടീൻ തന്നെയല്ലേ?
ആർ. പി., ഐക്യനാടുകൾ
ചില കേസുകളിൽ അതേ, ആൽബുമിന്റെ ചെറിയൊരു അംശമടങ്ങിയ മരുന്നുകൾ സ്വീകരിക്കണോ വേണ്ടയോ എന്ന് ഓരോ ക്രിസ്ത്യാനിയും വ്യക്തിപരമായി തീരുമാനിക്കണം. വിശദമായ ചർച്ചയ്ക്കായി, “വീക്ഷാഗോപുര”ത്തിന്റെ 1994 ഒക്ടോബർ 1 (മലയാളം), 1990 ജൂൺ 1 (ഇംഗ്ലീഷ്) എന്നീ ലക്കങ്ങളിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.—പത്രാധിപർ
ഭൂകമ്പം “ജപ്പാനിലെ അപ്രതീക്ഷിത ദുരന്തം—ജനങ്ങൾ നേരിട്ട വിധം” (ആഗസ്റ്റ് 22, 1995) എന്ന ലേഖനം ഞാൻ വായിച്ചു. നിങ്ങളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ സാക്ഷികളിൽ മാത്രം ഒതുക്കിനിർത്തിയത് എന്തുകൊണ്ടെന്നു ഞാൻ അമ്പരന്നുപോകുന്നു. സാക്ഷികൾക്ക്, സാക്ഷികൾക്കും സാക്ഷികളല്ലാത്തവർക്കും ഒരുപോലെ സ്നേഹം വെച്ചുനീട്ടിയാലെന്തെന്ന് ഒരുവൻ ചിന്തിച്ചുപോകും.
വി. സി. ഇ., നൈജീരിയ
വാസ്തവത്തിൽ, സാക്ഷികളല്ലാത്ത പലർക്കും സഹായം ലഭിച്ചു. ദുരിതാശ്വാസ വിഹിതങ്ങൾ യഹോവയുടെ സാക്ഷികളുടെ സഭകളിലൂടെ വിതരണം ചെയ്യുന്നതാണ് ആവശ്യമുള്ളവർക്ക് അവ ലഭിക്കുന്നതിനുള്ള ഏറ്റവും വേഗമേറിയ മാർഗമെന്നു മിക്കപ്പോഴും തെളിഞ്ഞിട്ടുണ്ട്. ഒരു സന്ദർഭത്തിൽ രണ്ടു വാൻ നിറയെ ഭക്ഷണസാധനങ്ങൾ ഒരു പ്രാദേശിക അഭയാർഥി കേന്ദ്രത്തിലേക്ക് അയയ്ക്കുകയുണ്ടായി. സമാനമായ പല ഉദാഹരണങ്ങളും നൽകാൻ സാധിക്കും. സ്വാഭാവികമായും, സാക്ഷികൾ സഭയിലെ അംഗങ്ങൾക്കു മുൻഗണന നൽകി. കാരണം, ബൈബിൾ നമ്മോട് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “ആകയാൽ അവസരം കിട്ടുംപോലെ നാം എല്ലാവർക്കും, വിശേഷാൽ സഹവിശ്വാസികൾക്കും നൻമചെയ്ക.” (ഗലാത്യർ 6:10)—പത്രാധിപർ
കായികമത്സരം “സ്പോർട്സിലെ മത്സരം തെറ്റാണോ?” (ഡിസംബർ 8, 1995) എന്ന നിങ്ങളുടെ ലേഖനം എന്നിൽ വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായിരുന്നു. അതിൽ ഗലാത്യർ 5:26 ഉപയോഗിച്ചിരുന്നു. ഗലാത്യരുടെ പുസ്തകത്തിനു സ്പോർട്സിനോടും കളികളോടും എന്തു ബന്ധമാണുള്ളത്? പൗലോസ് സംസാരിക്കുന്നത് ആത്മാവു ജഡത്തിനും സ്വാതന്ത്ര്യം അടിമത്തത്തിനും എതിരാണ് എന്നാണ്. ജയിംസ് രാജാവിന്റെ ഭാഷാന്തരം ആ വാക്യത്തെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “അന്യോന്യം പ്രകോപിപ്പിച്ചുകൊണ്ടു വ്യർഥമായ മഹത്ത്വത്തിനായി നമുക്കു കാംക്ഷിക്കാതിരിക്കാം.”
പി. ഒ., ഐക്യനാടുകൾ
ആ വാക്കുകൾ എഴുതിയപ്പോൾ അപ്പോസ്തലനു മനസ്സിലുണ്ടായിരുന്നത് കായിക മത്സരമായിരുന്നില്ല എന്നതു സത്യമാണ്. എന്നിരുന്നാലും, ചില ക്രിസ്ത്യാനികൾ പരസ്പരം അനുചിതമായ താരതമ്യപ്പെടുത്തലുകൾ നടത്തിക്കൊണ്ടിരുന്നു എന്നതു വ്യക്തമാണ്. ‘പക, പിണക്കം, അസൂയ, ദ്വന്ദ്വപക്ഷം, ഭിന്നത’ എന്നിവ പോലുള്ള ‘ജഡിക’ മനോഭാവങ്ങൾക്ക് ഇതു വഴിയൊരുക്കി. (ഗലാത്യർ 5:20, 21; 6:3, 4) “അന്യോന്യം മത്സരം ഇളക്കിവിടാ”തിരിക്കാൻ പൗലോസ് അങ്ങനെ ക്രിസ്ത്യാനികൾക്കു മുന്നറിയിപ്പു നൽകി. “ദ ന്യൂ തായേഴ്സ് ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു” പറയുന്നതനുസരിച്ച് “മത്സരം” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദത്തിന് “പോരാട്ടത്തിനായി അല്ലെങ്കിൽ മത്സരത്തിനായി ആരെയെങ്കിലും വെല്ലുവിളിക്കുക” എന്ന അർഥമുണ്ട്. ക്രിസ്ത്യാനികൾ ആരോഗ്യാവഹമല്ലാത്ത ഒരു വിധത്തിൽ അന്യോന്യം മത്സരിക്കാൻ ഇടയാക്കുന്ന സ്പോർട്സ് ഇനങ്ങൾക്കും മറ്റേതു പ്രവർത്തനത്തിനും ഈ തത്ത്വം തീർച്ചയായും ബാധകമാണ്.—പത്രാധിപർ
വായനാവിമുഖത “വായനാവിമുഖതയ്ക്കെതിരെ ജാഗ്രതപുലർത്തുക” (ജനുവരി 22, 1996) എന്ന ലേഖനം ഞാൻ വായിച്ചാസ്വദിച്ചു, വളരെയധികം. അതുകൊണ്ട് വായിക്കാൻ പറ്റിയ വിജ്ഞാനപ്രദമായ വിവരങ്ങൾക്കു നിങ്ങൾക്കു നന്ദി പ്രകാശിപ്പിക്കാൻ ഞാൻ പ്രേരിതനായി. പ്രപഞ്ചത്തിന്റെ സ്രഷ്ടാവിനെ അവന്റെ അമൂല്യ വചനമായ ബൈബിളിലൂടെ അറിയാനുള്ള അവസരം വായന പ്രദാനം ചെയ്യുന്നു. അതുകൊണ്ട് ആത്മീയ ബലഹീനതയും വായനാവിമുഖതയും തമ്മിൽ ബന്ധമുണ്ട്.
ആർ. ആർ., ഐക്യനാടുകൾ
ഞാൻ 28 വർഷമായി സ്നാപനമേറ്റ ഒരു ക്രിസ്ത്യാനിയും സൊസൈറ്റിയുടെ പ്രസിദ്ധീകരണങ്ങളുടെ ഒരു നിരന്തര വായനക്കാരനുമാണെങ്കിലും, ഞാൻ വായന നീട്ടിവെക്കുമായിരുന്നു, വായിക്കാനുള്ള ആഗ്രഹം എനിക്കു നഷ്ടപ്പെടുകയാണെന്നു തോന്നി. നിങ്ങളുടെ ലേഖനം എന്റെ പ്രശ്നത്തെ തിരിച്ചറിയിച്ചു! പ്രസ്തുത വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ ന്യായവാദം, പ്രയോജനം ചെയ്യുന്ന വിധത്തിൽ വായിക്കാനുള്ള പ്രചോദനം എനിക്കു നൽകി.
എ. ഒ., കാനഡ