“വിശേഷതയുള്ള ഒന്ന്”
നാലു സുവിശേഷങ്ങളിൽ നൽകപ്പെട്ടിരിക്കുന്ന പ്രകാരമുള്ള യേശുവിന്റെ ഭൗമിക ജീവിതകാലത്തെ മിക്കവാറും എല്ലാ സംഭവങ്ങളെ കുറിച്ചും വിവരിക്കുന്ന ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകം വായിച്ചശേഷം റഷ്യയിലെ മോസ്കോയിലുള്ള 70 വയസ്സുകാരിയായ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ഇത്തരം ഒരു പ്രസിദ്ധീകരണം ഞാൻ എന്റെ ജീവിതത്തിൽ വായിച്ചിട്ടില്ല. എനിക്ക് ദൈവത്തെയും യേശു ക്രിസ്തുവിനെയും കുറിച്ച് അറിയണം. ബൈബിൾ പഠിക്കുകയും വേണം.”
യഹോവയുടെ സാക്ഷികളുടെ റഷ്യയിലുള്ള ബ്രാഞ്ച് ഓഫീസിൽ കൂടെക്കൂടെ ബൈബിൾ സാഹിത്യങ്ങളെക്കുറിച്ചുള്ള ഇത്തരം കത്തുകൾ ലഭിക്കാറുണ്ട്. മോസ്കോയിൽനിന്ന് ഏതാണ്ട് 1,500 കിലോമീറ്റർ അകലെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന, പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരമായ ചെൽയാബിൻസ്കിൽ താമസിക്കുന്ന ഒരു സ്ത്രീ പിൻവരുന്ന പ്രകാരം ഒരു കത്ത് എഴുതുകയുണ്ടായി.
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തെക്കുറിച്ച് അവർ ഇങ്ങനെ എഴുതി: “ഈ പുസ്തകം വിശേഷതയുള്ള ഒന്നാണ്. ഒരു സന്തുഷ്ട ഭാവിയെക്കുറിച്ചുള്ള പ്രത്യാശ ആളുകളിൽ ഉൾനടുന്നതിനു പുറമേ അത് പുരാതന ചരിത്രത്തെക്കുറിച്ച് അറിയാനും അവരെ സഹായിക്കുന്നു. ഈ പുസ്തകം ലഭിക്കുന്നതിനു മുമ്പ് ഞാൻ ഒരിക്കലും ദൈവത്തെക്കുറിച്ചു ചിന്തിച്ചിരുന്നില്ല, മതത്തിലും എനിക്കു താത്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ എനിക്കു സ്നാപനപ്പെടണം. എനിക്കു നിങ്ങളുടെ പ്രസിദ്ധീകരണങ്ങൾ നന്നായി പഠിക്കണം. വായിച്ച കാര്യങ്ങളെക്കുറിച്ചു സുഹൃത്തുക്കളോടും പരിചയക്കാരോടും ബന്ധുക്കളോടുമെല്ലാം സംസാരിക്കണം.”
യേശുവിനെയും പുതിയ ലോകത്തിലെ ജീവിതത്തെക്കുറിച്ചുള്ള ബൈബിൾ അധിഷ്ഠിത പ്രത്യാശയെയും കുറിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങൾ നിങ്ങൾക്കും ലഭിക്കും. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്തകത്തിന്റെ ഒരു പ്രതിയോ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനമോ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah., India,-യിലേക്കോ 5-ാം പേജിൽ കൊടുത്തിരിക്കുന്ന അനുയോജ്യമായ മേൽവിലാസത്തിലോ എഴുതുക.