ടൈ കാലം വരുത്തിയ മാറ്റങ്ങൾ
പൊതുയുഗത്തിനുമുമ്പ് 1737-നോടടുത്ത് ഈജിപ്തിലെ ഫറവോൻ യോസേഫ് എന്ന വ്യക്തിക്ക് കഴുത്തിൽ അണിയുന്നതിന് ഒരു സ്വർണ സരപ്പളി സമ്മാനമായി നൽകുകയുണ്ടായി. (ഉല്‌പത്തി 41:42) തങ്ങളുടെ കഴുത്ത് അലങ്കരിക്കുന്നതിൽ സഹസ്രാബ്ദങ്ങളായി പുരുഷന്മാർ കാണിച്ചിരിക്കുന്ന താത്പര്യത്തിന് ഒരു ഉദാഹരണമാണിത്.
ഇന്നു ലോകത്തിന്റെ പലയിടങ്ങളിലുമുള്ള പുരുഷന്മാർ, നമ്മൾ ടൈ എന്നു വിളിക്കുന്നത് കഴുത്തിൽ ധരിക്കുന്നു. ചില പ്രസിദ്ധീകരണങ്ങൾ പറയുന്നത് ആധുനിക ടൈയുടെ ആദ്യപതിപ്പുകൾ 16-ാം നൂറ്റാണ്ടിന്റെ അന്ത്യ പാദത്തിൽ ഇംഗ്ലണ്ടിലും ഫ്രാൻസിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു എന്നാണ്. അക്കാലത്ത് പുരുഷന്മാർ ഡബ്ലറ്റ് എന്നറിയപ്പെട്ടിരുന്ന ഒരുതരം കോട്ടു ധരിച്ചിരുന്നു, കൂടെ അലങ്കാരത്തിനായി കഴുത്തിനു ചുറ്റും വെള്ളത്തുണികൊണ്ടു നിർമിച്ച റഫും. സാധാരണഗതിയിൽ ഈ റഫുകൾ നല്ല വീതിയുള്ളവയായിരുന്നു. പശ മുക്കി വടിപോലെ നിറുത്തിയിരുന്ന ഇവയ്‌ക്ക് ചിലപ്പോൾ ഏതാനും ഇഞ്ച് കട്ടിയുമുണ്ടായിരുന്നു.
കാലക്രമത്തിൽ, റഫിന്റെ സ്ഥാനത്ത് വാൻഡിക് എന്ന് അറിയപ്പെട്ടിരുന്ന വെള്ള കോളറുകൾ വന്നു. മുഴു തോളും കവിഞ്ഞ്, കൈയിലേക്കു കൂടി ഇറങ്ങിക്കിടക്കുന്ന തരത്തിലുള്ളവയായിരുന്നു ഈ കോളറുകൾ. പ്യൂരിറ്റന്മാർ ഉൾപ്പെടെ പലരും അക്കാലത്ത് ഇവ ധരിച്ചിരുന്നു.
17-ാം നൂറ്റാണ്ട് ആയപ്പോഴേക്കും, സാധാരണ ധരിക്കുന്ന നീളം കൂടിയ കോട്ടിനുള്ളിൽ വേയിസ്റ്റ് കോട്ടെന്നു വിളിക്കുന്ന നീളമുള്ള മറ്റൊരു കോട്ടിടുന്നതു ഫാഷനായിത്തീർന്നു. ഇതു ധരിക്കുന്ന വ്യക്തി ഒരു ക്രവാട്ട് അല്ലെങ്കിൽ സ്‌കാർഫു പോലത്തെ ഒരു തുണിയും കൂടെ കഴുത്തിൽ ചുറ്റുമായിരുന്നു. ഒന്നിലധികം പ്രാവശ്യം ചുറ്റിയിട്ട് അറ്റം രണ്ടും ഷർട്ടിന്റെ മുന്നിലോട്ടു തൂക്കിയിടുകയായിരുന്നു പതിവ്. 17-ാം നൂറ്റാണ്ടിന്റെ ഒടുവിലുള്ള ചിത്രങ്ങൾ നോക്കിയാൽ ക്രവാട്ടുകൾ അന്നു വളരെ പ്രചാരം നേടിയിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും.
ക്രവാട്ടുകൾക്കായി മസ്ലിൻ തുണിയും നേർത്ത പരുത്തിത്തുണിയും ലേയ്സുമൊക്കെ ഉപയോഗിച്ചിരുന്നു. ലേയ്സുകൊണ്ടുള്ളവയ്ക്കു നല്ല വിലയായിരുന്നു. ഇംഗ്ലണ്ടിലെ ജെയിംസ് രണ്ടാമൻ രാജാവ് തന്റെ കിരീടധാരണ ചടങ്ങിനു ധരിച്ച ലേയ്സുകൊണ്ടുള്ള ക്രവാട്ടിന്റെ വില 36 പൗണ്ടും 10 ഷില്ലിങ്ങും ആയിരുന്നെന്നാണു പറയപ്പെടുന്നത്. അക്കാലത്ത് അതൊരു വലിയ തുകതന്നെയായിരുന്നു. ലേയ്സുകൊണ്ടുള്ള ചില ക്രവാട്ടുകൾ വളരെ വലുതായിരുന്നു. വെസ്റ്റ്മിനിസ്റ്റർ ആബിയിലുള്ള ചാൾസ് രണ്ടാമന്റെ പ്രതിമയിൽ കാണുന്ന ക്രവാട്ടിന് 6 ഇഞ്ച് വീതിയും 34 ഇഞ്ച് നീളവുമുണ്ട്.
ക്രവാട്ടുകൾക്കു പല വിധങ്ങളിൽ കെട്ടുകൾ ഇട്ടിരുന്നു. ചിലപ്പോൾ ഒരു സിൽക്ക് റിബൺ ഉപയോഗിച്ച് ക്രവാട്ടു കെട്ടിയിട്ട് അതുകൊണ്ടു താടിക്കു താഴെയായി വലിയൊരു ബോ ഉണ്ടാക്കുമായിരുന്നു. ഈ രീതിയെ സോളിറ്റെയർ എന്നാണു വിളിച്ചിരുന്നത്. ഈ ബോ ആധുനിക ബോ ടൈയുമായി സാമ്യമുള്ളതായിരുന്നു. ക്രവാട്ട് കെട്ടുന്നതിനു നൂറുകണക്കിനു രീതികൾ ഉണ്ടായിരുന്നു എന്നാണു പറയപ്പെടുന്നത്. പുരുഷന്മാരുടെ വസ്ത്രധാരണ രീതികളെ സ്വാധീനിച്ചിരുന്ന ബോ ബ്രമെൽ എന്ന ഇംഗ്ലീഷുകാരന് ഒരിക്കൽ ക്രവാട്ട് ഒന്നു ശരിക്കു കെട്ടുന്നതിന് രാവിലെ മുതൽ ഉച്ചവരെയുള്ള സമയം വേണ്ടിവന്നത്രേ.
1860-കൾ ആയപ്പോൾ നീണ്ട അറ്റങ്ങളുള്ള ക്രവാട്ടുകൾ ആധുനിക ടൈയുടെ രൂപം പ്രാപിക്കാൻ തുടങ്ങി. ടൈ എന്ന പേരു ലഭിച്ചതും അക്കാലത്തു തന്നെയാണ്. ഫോർ-ഇൻ-ഹാൻഡ് എന്നും അതിനെ വിളിച്ചിരുന്നു. നാലു കുതിരകൾ വലിച്ചിരുന്ന വണ്ടികളിൽ—ഫോർ ഹോഴ്‌സ് ടീംസ്—കുതിരകളെ കെട്ടിയിരുന്ന രീതിയിൽനിന്നാണ് ഈ പേരു വന്നത്. അപ്പോഴേക്കും കോളറുള്ള ഷർട്ട് ഫാഷനായിത്തീർന്നിരുന്നു. താടിക്കു താഴെയായി ടൈയുടെ കെട്ടിട്ടിട്ട് രണ്ടറ്റവും ഷർട്ടിന്റെ മുന്നിലേക്ക് ഇടുമായിരുന്നു. അങ്ങനെയാണ് ആധുനിക ടൈ രംഗത്തു വന്നത്. ബോ ടൈ പ്രചാരത്തിൽ വന്നത് 1890-കളിലാണ്.
ഇന്നു പലരും വസ്ത്രധാരണത്തിൽ ടൈയ്‌ക്ക് ഒരു പ്രധാനപ്പെട്ട സ്ഥാനം നൽകുന്നു. അപരിചിതനായ ഒരു വ്യക്തിയെ അയാൾ ധരിച്ചിരിക്കുന്ന ടൈയുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നവർ വരെ ഉണ്ട്. അതുകൊണ്ട് പാന്റ്‌സും ഷർട്ടും കോട്ടുമൊക്കെയായി നന്നായി ഇണങ്ങുന്ന നിറവും ഡിസൈനും ഉള്ള നല്ല വൃത്തിയുള്ള ടൈ ധരിക്കുന്നതാണ് എപ്പോഴും ബുദ്ധി.
ടൈയുടെ കെട്ട് നല്ല ഭംഗിയുള്ളതായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഏറ്റവും പ്രചാരത്തിലുള്ളത് ഫോർ-ഇൻ-ഹാൻഡ് കെട്ട് ആണെന്നു തോന്നുന്നു. (14-ാം പേജിലെ ചിത്രം കാണുക.) കാണാൻ ഭംഗിയുള്ള മാന്യമായ ഒന്നാണ് അത്. കൂടാതെ ഔദ്യോഗിക വേഷങ്ങൾക്ക് അനുയോജ്യമെന്ന നിലയിൽ അവ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. കുറച്ചുകൂടെ വലിപ്പമുള്ള വിൻഡ്‌സോർ കെട്ടും ഉപയോഗിച്ചു കാണാറുണ്ട്. ഇതിൽ സാധാരണമായി കെട്ടിനു തൊട്ടു താഴെയായി ഒരു ചെറിയ കുഴി ഉണ്ടായിരിക്കും.
പല പുരുഷന്മാർക്കും ടൈ കെട്ടുന്നത് അസ്വസ്ഥത ഉളവാക്കുന്നു. കഴുത്തു മുറുകിയിരിക്കുന്നത് അവർക്ക് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ഷർട്ടിന്റെ വലിപ്പം ശരിയല്ലാത്തപ്പോഴാണ് അസ്വസ്ഥത ഉണ്ടാകുന്നത് എന്നു പലരും തിരിച്ചറിഞ്ഞിരിക്കുന്നു. നിങ്ങൾക്കും ഈ പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ ഇറുകിയ കോളറുള്ള ഷർട്ട് ധരിക്കാതിരിക്കുക. അങ്ങനെയാകുമ്പോൾ ടൈ കെട്ടിയിട്ടുണ്ടെന്ന തോന്നൽ പോലും ഉണ്ടാകാൻ വഴിയില്ല.
പല നാടുകളിലും ഔദ്യോഗിക വേഷവിധാനത്തിന്റെ അവിഭാജ്യ ഘടകമായിട്ടാണു ടൈ കണക്കാക്കപ്പെടുന്നത്. അക്കാരണത്താൽത്തന്നെ പല ക്രിസ്‌തീയ പുരുഷന്മാരും യോഗങ്ങൾക്കും മറ്റും പോകുമ്പോൾ ടൈ കെട്ടുന്നു. അതേ, ഒരു പുരുഷന്റെ കഴുത്തിനു ചുറ്റും കെട്ടുന്ന ഒരു കഷണം തുണി അദ്ദേഹത്തിന്റെ അന്തസ്സിന്റെയും മാന്യതയുടെയും മാറ്റുകൂട്ടിയേക്കാം.
[14-ാം പേജിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഫോർ-ഇൻ-ഹാൻഡ് രീതിയിൽ ടൈ കെട്ടുന്ന വിധംa
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
1 വീതിയുള്ള ഭാഗം വീതികുറഞ്ഞ ഭാഗത്തെക്കാൾ ഏകദേശം 30 സെന്റിമീറ്റർ നീണ്ടു കിടക്കത്തക്കവണ്ണം ടൈ കഴുത്തിൽ ഇടുക. വീതിയുള്ള ഭാഗം മറ്റേ ഭാഗത്തിന്റെ മുകളിലൂടെ എടുത്തു പുറകിലൂടെ കൊണ്ടുവരിക.
2 വീതിയുള്ള ഭാഗം ഒരിക്കൽ കൂടി പുറകിലോട്ട് എടുക്കുക.
3 കെട്ടിന്റെ മുൻഭാഗം അൽപ്പം അയച്ചു പിടിച്ചിട്ട് വീതിയുള്ള ഭാഗം കുരുക്കിനുള്ളിലൂടെ മുമ്പോട്ട് എടുത്തിട്ട് കെട്ടിലൂടെ താഴേക്കു വലിക്കുക.
4 വീതികുറഞ്ഞ ഭാഗം പിടിച്ചുകൊണ്ട് കെട്ട് കോളറിലേക്ക് മെല്ലെ അടുപ്പിച്ച് ടൈ മുറുക്കുക.
[അടിക്കുറിപ്പ്]
a ഷർട്ടും ടൈയും (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽനിന്ന്.
[15-ാം പേജിലെ ചിത്രം]
17-ാം നൂറ്റാണ്ടു മുതൽ ടൈയിൽ വന്ന മാറ്റങ്ങൾ