ഭാഗം 6
യേശുവിന്റെ ജനനംമുതൽ മരണംവരെ
മറിയ എന്ന സത്സ്വഭാവിയായ ഒരു യുവതിയുടെ അടുക്കലേക്ക് ദൈവം ഗബ്രീയേൽ ദൂതനെ അയച്ചു. എന്നെന്നേക്കും രാജാവായി ഭരിക്കാൻ പോകുന്ന ഒരു കുഞ്ഞ് അവൾക്കു ജനിക്കുമെന്ന് അവൻ അവളോടു പറഞ്ഞു. ആ കുഞ്ഞ് യേശുവായിരുന്നു. അവൻ ഒരു തൊഴുത്തിൽ ജനിച്ചു. ആട്ടിടയന്മാർ അവിടെ ചെന്ന് അവനെ കണ്ടു. പിന്നീട് കിഴക്കുനിന്നുള്ള ചില പുരുഷന്മാർക്ക് ഒരു നക്ഷത്രം യേശുവിന്റെ അടുക്കലേക്കു പോകാനുള്ള വഴി കാണിച്ചുകൊടുത്തു. അവർ ആ നക്ഷത്രം കാണുന്നതിന് ഇടയാക്കിയത് ആരാണെന്നും യേശുവിനെ കൊല്ലുന്നതിനുള്ള ശ്രമങ്ങളിൽനിന്ന് അവൻ രക്ഷപ്പെട്ടത് എങ്ങനെയാണെന്നും നാം കാണുന്നു.
അടുത്തതായി നമ്മൾ കാണുന്നത് ആലയത്തിലെ ഉപദേഷ്ടാക്കന്മാരുമായി സംസാരിക്കുന്ന 12 വയസ്സുള്ള യേശുവിനെയാണ്. പതിനെട്ടു വർഷം കഴിഞ്ഞ് അവൻ സ്നാപനമേറ്റു. ഉടൻതന്നെ അവൻ ഭൂമിയിൽ ചെയ്യാനായി ദൈവം തന്നെ ഏൽപ്പിച്ച രാജ്യപ്രസംഗ വേലയും പഠിപ്പിക്കൽ വേലയും തുടങ്ങി. ഈ വേലയിൽ തന്നെ സഹായിക്കാനായി യേശു 12 പുരുഷന്മാരെ തിരഞ്ഞെടുത്ത് അവരെ തന്റെ അപ്പൊസ്തലന്മാരാക്കി.
യേശു അനേകം അത്ഭുതങ്ങളും പ്രവർത്തിച്ചു. അവൻ ഏതാനും അപ്പവും കുറച്ചു ചെറിയ മീനുംകൊണ്ട് ആയിരക്കണക്കിന് ആളുകൾക്ക് ആഹാരം നൽകി. അവൻ രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകപോലും ചെയ്തു. അവസാനമായി, യേശുവിന്റെ ജീവിതത്തിന്റെ അവസാന ദിവസം സംഭവിച്ച അനേകം കാര്യങ്ങളെക്കുറിച്ചും അവൻ കൊല്ലപ്പെട്ട വിധത്തെക്കുറിച്ചും നമ്മൾ മനസ്സിലാക്കുന്നു. യേശു ഏതാണ്ട് മൂന്നര വർഷക്കാലം പ്രസംഗിച്ചു. അങ്ങനെ, 34-ലധികം വർഷത്തെ സംഭവങ്ങൾ നമ്മൾ 6-ാം ഭാഗത്ത് കാണുന്നു.