ഭാഗം 4
ഈ അതുല്യ ഗ്രന്ഥത്തിന്റെ രചയിതാവ്
അമേരിക്കക്കാരിൽ 96 ശതമാനത്തോളം ദൈവത്തിൽ വിശ്വസിക്കുന്നവരാണെങ്കിലും യൂറോപ്പിലും ഏഷ്യയിലും ദൈവവിശ്വാസം ഉള്ളവരുടെ എണ്ണം നന്നേ കുറവാണ്. എന്നാൽ, ബഹുഭൂരിപക്ഷം ആളുകളും ആളത്വമുള്ള ഒരു ദൈവത്തിൽ വിശ്വസിക്കാത്ത രാജ്യങ്ങളിൽപ്പോലും അനേകരും ഭൗതിക പ്രപഞ്ചം അസ്തിത്വത്തിൽ വരാൻ ഇടയാക്കിയത് ഒരു അജ്ഞാത ശക്തിയാണെന്നു വിശ്വസിക്കുന്നു. ഒരു പ്രസിദ്ധ ജാപ്പനീസ് വിദ്യാഭ്യാസ വിദഗ്ധനായ യുക്കിച്ചി ഫുക്കുസാവാ—10,000 യെൻ നോട്ടിൽ മുദ്രണം ചെയ്തിരിക്കുന്നത് ഇദ്ദേഹത്തിന്റെ ചിത്രമാണ്—ഒരിക്കൽ ഇങ്ങനെ എഴുതി: “സ്വർഗം എല്ലാ വ്യക്തികളെയും തുല്യരായിട്ടാണു സൃഷ്ടിക്കുന്നത്.” “സ്വർഗം” എന്ന പദം ഉപയോഗിച്ചപ്പോൾ ഫുക്കുസാവാ മനുഷ്യർ അസ്തിത്വത്തിൽ വരാൻ ഇടയാക്കിയതെന്ന് താൻ കരുതുന്ന ഒരു അമൂർത്ത ശക്തിയെ പരാമർശിക്കുകയായിരുന്നു. അത്തരത്തിലുള്ള ഒരു അമൂർത്ത “സ്വർഗ”ത്തിൽ വിശ്വസിക്കുന്ന ആളുകൾ വേറെയുമുണ്ട്. അവരിൽ ഒരാളാണ് നോബൽ സമ്മാന ജേതാവായ കെനിച്ചി ഫൂക്കൂയി. മതങ്ങൾ “ദൈവം” എന്നു വിളിക്കുന്നതിനു സമാനമായ, പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതായി കരുതുന്ന ഒരു അജ്ഞാത ശക്തിയിൽ അദ്ദേഹം വിശ്വസിച്ചു. എന്നാൽ അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് “പ്രകൃതിയുടെ വൈചിത്ര്യം” എന്നാണ്.
ഇടത്: യുക്കിച്ചി ഫുക്കുസാവാ; വലത്: കെനിച്ചി ഫൂക്കൂയി
2 അനശ്വരമായ എന്തോ അല്ലെങ്കിൽ ആരോ പ്രപഞ്ചത്തിലുള്ള സകല വസ്തുക്കളെയും പ്രവർത്തനക്ഷമമാക്കി എന്ന് അങ്ങനെയുള്ള ബുദ്ധിജീവികൾ വിശ്വസിച്ചു. എന്തുകൊണ്ട്? ഈ വസ്തുതകൾ പരിചിന്തിക്കുക: ഒരു ദശലക്ഷം ഭൂമികളെ ഉൾക്കൊള്ളാവുന്നത്ര വലിപ്പമുള്ള ഒരു നക്ഷത്രമാണ് സൂര്യൻ. എന്നാൽ ഈ സൂര്യൻ ക്ഷീരപഥ താരാപംക്തിയിലെ ഒരു കണിക മാത്രമാണ്. ക്ഷീരപഥ താരാപംക്തിയാകട്ടെ പ്രപഞ്ചത്തിലെ ശതകോടിക്കണക്കിനു വരുന്ന താരാപംക്തികളിൽ ഒന്നു മാത്രവും. ഈ താരാപംക്തികളെല്ലാം വളരെ വേഗത്തിൽ പരസ്‌പരം അകന്നുപൊയ്ക്കൊണ്ടിരിക്കുകയാണെന്നും അങ്ങനെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ശാസ്‌ത്രീയ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തെ പ്രവർത്തനക്ഷമമാക്കുന്നതിൽ അതിബൃഹത്തായ അളവിലുള്ള ചലനാത്മക ഊർജം ഉൾപ്പെട്ടിട്ടുണ്ടായിരുന്നിരിക്കണം. ആ ഊർജത്തിന്റെ ഉറവ് ആരായിരുന്നു, അല്ലെങ്കിൽ എന്തായിരുന്നു? “നിങ്ങൾ കണ്ണുകൾ മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാരാണ്?” ബൈബിൾ ചോദിക്കുന്നു. “അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കുകയും ചെയ്യുന്നവൻതന്നെ. ചലനാത്മക ഊർജത്തിന്റെ സമൃദ്ധി നിമിത്തവും അവന്റെ ശക്തിയുടെ ആധിക്യം നിമിത്തവും അവയിൽ ഒന്നുപോലും നഷ്ടമാകുന്നില്ല.” (യെശയ്യാവു 40:25, 26, NW) പ്രപഞ്ചത്തെ പ്രവർത്തനക്ഷമമാക്കിയ ഒരുവൻ ഉണ്ടെന്നും ചലനാത്മക ഊർജത്തിന്റെ ഉറവിടം അവൻ ആണെന്നും ഈ വാക്യം കാണിക്കുന്നു.
സോംബ്രെറോ താരാപംക്തി
3 ഭൗമ ജീവനെ കുറിച്ചും ചിന്തിക്കുക. പരിണാമവാദികൾ അവകാശപ്പെടുന്നതുപോലെ ജീവൻ തന്നെത്താൻ ഉത്ഭവിച്ചതാണോ? ജൈവരസതന്ത്രജ്ഞനായ മൈക്കിൾ ബീഹി പറയുന്നു: “ജീവന്റെ രസതന്ത്രത്തെ കുറിച്ചു മനസ്സിലാക്കുന്നതിൽ ശാസ്‌ത്രം വലിയ പുരോഗതി കൈവരിച്ചിട്ടുണ്ട്. എന്നാൽ, തന്മാത്രാ തലത്തിലെ ജൈവ വ്യവസ്ഥകളുടെ കൃത്യതയും സങ്കീർണതയും അവയുടെ ഉത്ഭവത്തെ വിശദീകരിക്കാനുള്ള ശാസ്ത്രത്തിന്റെ ശ്രമത്തെ വിഫലമാക്കിയിരിക്കുന്നു. . . . അതിനുള്ള വിശദീകരണം ലഭിച്ചുകഴിഞ്ഞുവെന്നും, ഇന്നല്ലെങ്കിൽ നാളെ ലഭിക്കുമെന്നുമൊക്കെ പല ശാസ്ത്രജ്ഞരും തറപ്പിച്ചുപറഞ്ഞിട്ടുണ്ട്. എന്നാൽ ആധികാരികമായ ഒരു ശാസ്‌ത്ര പ്രസിദ്ധീകരണത്തിലും അത്തരം പ്രസ്താവനകളെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും കണ്ടെത്താനാവില്ല. എന്നുമാത്രമല്ല, [ജൈവതന്മാത്രാ] വ്യവസ്ഥകളുടെ ഘടനയെ ആസ്പദമാക്കി വിലയിരുത്തുകയാണെങ്കിൽ, ജീവത്പ്രവർത്തനങ്ങളെ കുറിച്ചുള്ള ഡാർവിന്റെ സിദ്ധാന്തം എന്നുമെന്നും അടിസ്ഥാനമില്ലാത്ത ഒന്നായി അവശേഷിക്കുമെന്നു കരുതാൻ ഒട്ടനവധി കാരണങ്ങളുണ്ടുതാനും.”
“ഒരു സാധാരണ പ്രോട്ടീൻശൃംഖല മടങ്ങിയിരിക്കുന്ന വിധത്തെ . . . ത്രിമാന ഘടനയുള്ള ഒരു ജിഗ്‌സോ പസിലിനോട് ഉപമിക്കാൻ കഴിയും” എന്ന് മൈക്കിൾ ബീഹി പറയുന്നു. അത്തരം ലക്ഷക്കണക്കിനു ജിഗ്‌സോ പസിലുകളുടെ ഒരു സമാഹാരമാണ് മനുഷ്യശരീരം. മനുഷ്യശരീരത്തിലെ നിഗൂഢതകളുടെ ചുരുളഴിക്കാൻ ശാസ്‌ത്രജ്ഞർ പാടുപെടുകയാണ്. എന്നാൽ അവയുടെ രൂപരചയിതാവ് ആരാണ്?
4 ബുദ്ധിപരമായ പ്രവർത്തനമൊന്നും കൂടാതെ വെറും യാദൃച്ഛികമായിട്ടാണ് മനുഷ്യജീവൻ അസ്തിത്വത്തിൽ വന്നത് എന്ന സിദ്ധാന്തം തൃപ്തികരമായി നിങ്ങൾക്കു തോന്നുന്നുണ്ടോ? “പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ വസ്‌തു” എന്നു ചിലർ വിശേഷിപ്പിച്ചിട്ടുള്ള മനുഷ്യമസ്തിഷ്കത്തെ കുറിച്ചു പരിചിന്തിച്ചശേഷം ഏതു നിഗമനത്തിൽ എത്തിച്ചേരാൻ കഴിയുമെന്നു നമുക്കു നോക്കാം. “അതിനൂതനമായ ന്യൂറൽ നെറ്റ്‌വർക്ക് കമ്പ്യൂട്ടറുകളുടെ പ്രവർത്തനക്ഷമത പോലും ഒരു ഈച്ചയുടെ . . . മസ്‌തിഷ്‌ക പ്രാപ്തിയുടെ ഏതാണ്ട് പതിനായിരത്തിൽ ഒന്നേ വരൂ” എന്ന് ഡോ. റിച്ചാർഡ് എം. റെസ്റ്റാക്ക് പറയുന്നു. മനുഷ്യന്റെ മസ്തിഷ്കം ഒരു ഈച്ചയുടേതിനെക്കാൾ വളരെ വളരെ മഹത്തരമാണ്. ഭാഷകൾ പഠിക്കാൻ അത് പ്രോഗ്രാം ചെയ്യപ്പെട്ടിരിക്കുന്നു. അത് സ്വയം കേടുപോക്കുന്നു, പ്രോഗ്രാമുകൾ തിരുത്തിയെഴുതുന്നു, പ്രവർത്തനക്ഷമത വർധിപ്പിക്കുന്നു. ‘ഒരു ഈച്ചയുടെ മസ്‌തിഷ്‌ക പ്രാപ്തിയുടെ പതിനായിരത്തിൽ ഒന്നു മാത്രം ക്ഷമതയുള്ള’ ഒരു സൂപ്പർ കമ്പ്യൂട്ടറിനുപോലും ബുദ്ധിശക്തിയുള്ള ഒരു രൂപരചയിതാവ് ആവശ്യമാണെന്നു നിങ്ങൾ സമ്മതിക്കും. അപ്പോൾപ്പിന്നെ അതിലും വളരെ സങ്കീർണമായ മനുഷ്യ മസ്തിഷ്കത്തിനോ?a
5 ഏതാണ്ട് 3,000 വർഷങ്ങൾക്കു മുമ്പ്, മനുഷ്യൻ സ്വന്തം ശരീരത്തെ കുറിച്ചുള്ള അത്ഭുതങ്ങൾ പൂർണമായും മനസ്സിലാക്കിയിട്ടില്ലായിരുന്ന ഒരു കാലഘട്ടത്തിൽ, മനുഷ്യശരീരത്തിന്റെ ഘടനയെ കുറിച്ചു ധ്യാനിച്ചുകൊണ്ട് ഒരു ബൈബിൾ എഴുത്തുകാരൻ ഇപ്രകാരം പറഞ്ഞു: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” ഡിഎൻഎ തന്മാത്രകളെ കുറിച്ച് അറിയില്ലായിരുന്ന ആ വ്യക്തി ഇങ്ങനെ എഴുതി: “ഞാൻ പിണ്ഡാകാരമായിരുന്നപ്പോൾ നിന്റെ കണ്ണു എന്നെ കണ്ടു; . . . അവയെല്ലാം [“അതിന്റെ ഭാഗങ്ങളെല്ലാം,” NW] നിന്റെ പുസ്തകത്തിൽ എഴുതിയിരുന്നു.” (സങ്കീർത്തനം 139:14, 16) അദ്ദേഹം ആരെ പരാമർശിക്കുകയായിരുന്നു? “ചലനാത്മക ഊർജത്തിന്റെ സമൃദ്ധി”യാൽ പ്രപഞ്ചത്തിലുള്ളതെല്ലാം സൃഷ്ടിച്ചവൻ ആരാണ്?
അതിനൂതനമായ ന്യൂറൽ-നെറ്റ്‌വർക്ക് കമ്പ്യൂട്ടറുകൾക്കോ അതോ ഒരു നിസ്സാര ഈച്ചയ്‌ക്കോ, ഏതിനാണ് കൂടുതൽ പ്രവർത്തനക്ഷമത?
6 ബൈബിളിലെ ആദ്യത്തെ വാക്യം ഇപ്രകാരം പറയുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” (ഉല്‌പത്തി 1:1) ബൈബിളിന്റെ ഗ്രന്ഥകർത്താവും അവൻതന്നെയാണ്. അവനാണ് അതിന്റെ ഉള്ളടക്കത്തെ നിശ്വസ്തമാക്കിയവൻ. നമുക്ക് അർഥവത്തായ ബന്ധം പുലർത്താൻ കഴിയുന്ന ഒരു വ്യക്തിയായി അവൻ തന്നെത്തന്നെ വെളിപ്പെടുത്തുന്നു.
a വാച്ച്‌ടവർ ബൈബിൾ ആൻഡ് ട്രാക്‌റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ചിരിക്കുന്ന നിങ്ങളെ കുറിച്ചു കരുതുന്ന ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 2 മുതൽ 4 വരെയുള്ള അധ്യായങ്ങളിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്കു ലഭിക്കും.