പാഠം 24
വാക്കുകൾ തിരഞ്ഞെടുക്കൽ
വാക്കുകൾ ശക്തമായ ആശയവിനിമയ ഉപാധികളാണ്. എന്നാൽ നമ്മുടെ വാക്കുകൾ ഒരു നിശ്ചിത ഉദ്ദേശ്യം സാധിക്കുന്നതിന് നാം അവ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു സന്ദർഭത്തിൽ അനുയോജ്യമായ ഒരു പദം മറ്റൊരു സന്ദർഭത്തിൽ അരുതാത്ത ഫലം ഉളവാക്കിയേക്കാം. രസിപ്പിക്കുന്ന ഒരു വാക്ക് അനുചിതമായി ഉപയോഗിക്കുമ്പോൾ “നോവിക്കുന്ന ഒരു വാക്ക്” ആയി മാറിയേക്കാം. അത്തരം പദങ്ങൾ ഉപയോഗിക്കുന്നത് ചിന്താശൂന്യവും മറ്റുള്ളവരോടുള്ള പരിഗണനയില്ലായ്‌മയും ആയിരുന്നേക്കാം. ചില പദങ്ങൾ ദ്വയാർഥമുള്ളവയാണ്. അതിൽ ഒന്നിന് മുറിപ്പെടുത്തുന്നതോ തരംതാഴ്‌ത്തുന്നതോ ആയ ഒരു അർഥമായിരിക്കും. (സദൃ. 12:18, NW; 15:1, NW) നേരെ മറിച്ച്, ‘ഒരു നല്ല വാക്ക്’ അതായത് പ്രോത്സാഹനം പകരുന്ന ഒരു വാക്ക് കേൾവിക്കാരുടെ ഹൃദയത്തിനു സന്തോഷം കൈവരുത്തുന്നു. (സദൃ. 12:25) ശരിയായ പദങ്ങൾ കണ്ടെത്തുന്നതിന് ജ്ഞാനിയായ ഒരാൾക്കു പോലും ശ്രമം ആവശ്യമാണ്. ശലോമോൻ “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും” തിരഞ്ഞു കണ്ടെത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ചു ബോധവാനായിരുന്നു എന്നു ബൈബിൾ നമ്മോടു പറയുന്നു.—സഭാ. 12:10.
ചില ഭാഷകളിൽ മുതിർന്നവരെയോ അധികാരസ്ഥാനത്തുള്ളവരെയോ സംബോധന ചെയ്യുമ്പോൾ ചില പ്രത്യേക പ്രയോഗങ്ങളും തരപ്പടിക്കാരെയോ പ്രായം കുറഞ്ഞവരെയോ സംബോധന ചെയ്യുമ്പോൾ മറ്റു ചില പ്രയോഗങ്ങളും ഉപയോഗിക്കുന്നു. അത്തരം മര്യാദകൾ അവഗണിക്കുന്നതു മോശമായി കരുതപ്പെടുന്നു. നാട്ടുനടപ്പ് അനുസരിച്ച്, ആദരസൂചകമായി മറ്റുള്ളവർക്കു വേണ്ടി ഉപയോഗിച്ചു വരുന്ന പദപ്രയോഗങ്ങൾ ഒരാൾ തനിക്കു വേണ്ടി ഉപയോഗിക്കുന്നതും അനുചിതമാണ്. ബഹുമാനം പ്രകടമാക്കുന്ന കാര്യത്തിൽ, നിയമമോ നാട്ടുനടപ്പോ അനുശാസിക്കുന്നതിനെക്കാൾ ഉയർന്ന നിലവാരമാണ് വാസ്‌തവത്തിൽ ബൈബിൾ വെക്കുന്നത്. “എല്ലാവരെയും ബഹുമാനി”ക്കാൻ അതു ക്രിസ്‌ത്യാനികളെ ഉദ്‌ബോധിപ്പിക്കുന്നു. (1 പത്രൊ. 2:17) ഹൃദയപൂർവം ഇപ്രകാരം ചെയ്യുന്നവർ ബഹുമാനസൂചകമായ വിധത്തിൽ എല്ലാ പ്രായക്കാരോടും സംസാരിക്കുന്നു.
തീർച്ചയായും, സത്യക്രിസ്‌ത്യാനികൾ അല്ലാത്ത പലരും മര്യാദയില്ലാത്തതും തരംതാണതുമായ ഭാഷ ഉപയോഗിക്കുന്നു. പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാൻ പരുക്കൻ ഭാഷ സഹായിക്കുന്നു എന്നാണ് അവരുടെ വിചാരം. അല്ലെങ്കിൽ കടുത്ത പദദാരിദ്ര്യം ആയിരിക്കാം അവർ അത്തരം ഭാഷ ഉപയോഗിക്കുന്നതിനു കാരണം. യഹോവയുടെ വഴികളെ കുറിച്ചു പഠിക്കുന്നതിന് മുമ്പ് അത്തരം ഭാഷ ഉപയോഗിച്ചു ശീലിച്ച ആളുകൾക്ക് ആ ശീലം മാറ്റിയെടുക്കുക ബുദ്ധിമുട്ടാണെന്നു വന്നേക്കാം. എങ്കിലും, അതു മാറ്റിയെടുക്കാൻ കഴിയും. സംസാരരീതിക്കു മാറ്റം വരുത്താൻ ദൈവാത്മാവിന് ഒരു വ്യക്തിയെ സഹായിക്കാനാകും. എന്നിരുന്നാലും, നല്ല പദങ്ങൾ—അതായത് മറ്റുള്ളവർക്ക് ഉപകാരപ്പെടുന്ന, അവരെ കെട്ടുപണി ചെയ്യുന്ന പദങ്ങൾ—നിറഞ്ഞ ഒരു പദസഞ്ചയം വികസിപ്പിച്ചെടുക്കാനും അവ പതിവായി ഉപയോഗിക്കാനും ആ വ്യക്തി മനസ്സൊരുക്കം കാണിക്കേണ്ടത് ആവശ്യമാണ്.—റോമ. 12:2; എഫെ. 4:29, NW; കൊലൊ. 3:8.
എളുപ്പം മനസ്സിലാകുന്ന ഭാഷ. നല്ല സംസാരത്തിന്റെ ഒരു അടിസ്ഥാന സവിശേഷത അത് എളുപ്പം മനസ്സിലാകുന്നത് ആയിരിക്കും എന്നതാണ്. (1 കൊരി. 14:9, NW) സദസ്സിന് എളുപ്പം മനസ്സിലാകുന്ന വാക്കുകളല്ല നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ നിങ്ങൾ അവർക്ക് അന്യ ഭാഷ സംസാരിക്കുന്ന ഒരാളെ പോലെ ആയിത്തീരും.
ചില പദങ്ങൾക്ക് ഒരു നിശ്ചിത തൊഴിൽ രംഗത്തു പ്രവർത്തിക്കുന്നവരുടെ ഇടയിൽ ഒരു പ്രത്യേക അർഥമായിരിക്കും ഉണ്ടായിരിക്കുക. അവർ ആ പദങ്ങൾ നിത്യേന ഉപയോഗിച്ചേക്കാം. എന്നാൽ, അനുയോജ്യമല്ലാത്ത ഒരു ചുറ്റുപാടിൽ നിങ്ങൾ അത്തരം പദങ്ങൾ ഉപയോഗിക്കുന്നെങ്കിൽ അതു ഫലപ്രദമായി ആശയവിനിമയം ചെയ്യുന്നതിനു തടസ്സം സൃഷ്ടിച്ചേക്കാം. ഇനി, സാധാരണ ഉപയോഗത്തിലുള്ള പദങ്ങൾ ഉപയോഗിച്ചാൽ കൂടി നിങ്ങൾ വിശദാംശങ്ങളിൽ അനാവശ്യമായി ആണ്ടുപോകുന്നെങ്കിൽ കേൾവിക്കാർ തങ്ങളുടെ മനസ്സ് മറ്റു കാര്യങ്ങളിൽ വ്യാപരിക്കുന്നതിന് അനുവദിച്ചേക്കാം.
പരിഗണനയുള്ള ഒരു പ്രസംഗകൻ വിദ്യാഭ്യാസം കുറഞ്ഞവർക്കു പോലും മനസ്സിലാകുന്ന തരത്തിലുള്ള പദങ്ങളായിരിക്കും ഉപയോഗിക്കുക. യഹോവയെ അനുകരിച്ചുകൊണ്ട് അദ്ദേഹം ‘എളിയവനോട്’ പരിഗണന കാട്ടുന്നു. (ഇയ്യോ. 34:19, NW) ഇനി പരിചയമില്ലാത്ത ഒരു പദം ഉപയോഗിക്കേണ്ടത് ആവശ്യമെന്നു തോന്നുന്നെങ്കിൽ, അതിന്റെ അർഥം വ്യക്തമാക്കുന്ന ലളിതമായ പദപ്രയോഗങ്ങളോടു ചേർത്തു വേണം പ്രസംഗകൻ അത് ഉപയോഗിക്കാൻ.
ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത ലളിതമായ പദങ്ങൾ അതിശക്തമായ വിധത്തിൽ ആശയങ്ങൾ ദ്യോതിപ്പിക്കുന്നു. ഹ്രസ്വമായ വാചകങ്ങളും ലളിതമായ പദപ്രയോഗങ്ങളും മനസ്സിലാക്കാൻ എളുപ്പമാണ്. എന്നാൽ എല്ലാ വാചകങ്ങളും ഹ്രസ്വമായാൽ അവതരണം മുറിഞ്ഞു മുറിഞ്ഞ് പോകും. ഇത് ഒഴിവാക്കുന്നതിന് അവ നീളംകൂടിയ ചില വാചകങ്ങളുമായി ഇടകലർത്തി ഉപയോഗിക്കാൻ കഴിയും. എന്നാൽ, സദസ്സ് ഓർത്തിരിക്കണമെന്നു നിങ്ങൾ വിശേഷിച്ചും ആഗ്രഹിക്കുന്ന ആശയങ്ങൾ അവതരിപ്പിക്കാൻ ലളിതമായ പദങ്ങളും ഹ്രസ്വമായ വാചകങ്ങളും തിരഞ്ഞെടുക്കുക.
വാക്കുകളിലെ വൈവിധ്യവും കൃത്യതയും. ഭാഷയിൽ നല്ല പദങ്ങൾക്കു യാതൊരു ക്ഷാമവുമില്ല. എല്ലാ സാഹചര്യങ്ങൾക്കും ഒരേ പദങ്ങൾതന്നെ ഉപയോഗിക്കുന്നതിനു പകരം വൈവിധ്യമാർന്ന പദങ്ങൾ ഉപയോഗിക്കുക. അങ്ങനെയാകുമ്പോൾ നിങ്ങളുടെ സംസാരം ആകർഷകവും അതേസമയം അർഥവത്തും ആയിരിക്കും. നിങ്ങൾക്ക് നിങ്ങളുടെ പദസമ്പത്ത് എങ്ങനെ വിപുലമാക്കാൻ കഴിയും?
വായിക്കുന്ന സമയത്ത്, നിങ്ങൾക്കു ശരിക്കു മനസ്സിലാകാത്ത ഏതു പദം കണ്ടാലും അടയാളപ്പെടുത്തുക. ഒരു നിഘണ്ടു ഉണ്ടെങ്കിൽ അതിൽ നോക്കി അവയുടെ അർഥം മനസ്സിലാക്കുക. ആ പദങ്ങളിൽ ചിലതു തിരഞ്ഞെടുത്ത്, ഉചിതമായ അവസരങ്ങളിൽ ഉപയോഗിക്കാൻ ബോധപൂർവകമായ ശ്രമം നടത്തുക. അവ ശരിയായി ഉച്ചരിക്കാനും കേവലം ശ്രദ്ധയാകർഷിക്കുന്നതിനു പകരം ആളുകൾക്ക് അനായാസം മനസ്സിലാകുന്ന ഒരു സന്ദർഭത്തിൽ ഉപയോഗിക്കാനും ശ്രദ്ധിക്കുക. പദസമ്പത്തു വിപുലമാക്കുന്നത് നിങ്ങളുടെ സംസാരത്തിനു വൈവിധ്യം പകരും. എന്നാൽ, ജാഗ്രത ആവശ്യമാണ്. ഒരു വ്യക്തി പദങ്ങൾ തെറ്റായി ഉച്ചരിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, പറയുന്നത് എന്താണെന്ന് അയാൾക്കുതന്നെ നിശ്ചയമില്ല എന്ന് മറ്റുള്ളവർ നിഗമനം ചെയ്യാനിടയുണ്ട്.
പദസമ്പത്ത് വിപുലീകരിക്കുന്നതിനു പിന്നിലെ നമ്മുടെ ഉദ്ദേശ്യം വിവരങ്ങൾ ഫലപ്രദമായി കൈമാറുക എന്നതാണ്, അല്ലാതെ നമ്മുടെ കേൾവിക്കാരിൽ മതിപ്പുളവാക്കുക എന്നതല്ല. സങ്കീർണമായ സംസാരവും നീണ്ട പദങ്ങളും പ്രസംഗകനിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു സാധ്യത. മൂല്യവത്തായ വിവരങ്ങൾ പങ്കുവെക്കാനും കേൾവിക്കാർക്ക് അതു രസകരമാക്കിത്തീർക്കാനും ആയിരിക്കണം നമ്മുടെ ആഗ്രഹം. “ജ്ഞാനികളുടെ നാവു പരിജ്ഞാനത്താൽ നല്ലതു പ്രസ്‌താവിക്കുന്നു” എന്ന ബൈബിൾ സദൃശവാക്യം ഓർമിക്കുക. (സദൃ. 15:2, NW) നല്ല പദങ്ങളുടെ, അതായത് എളുപ്പം മനസ്സിലാകുന്ന അനുയോജ്യമായ പദങ്ങളുടെ ഉപയോഗം നമ്മുടെ സംസാരത്തെ ജീവനില്ലാത്തതും വിരസവും ആക്കിത്തീർക്കുന്നതിനു പകരം നവോന്മേഷപ്രദവും പ്രചോദനാത്മകവും ആക്കിത്തീർക്കും.
നിങ്ങൾ പദസമ്പത്ത് വിപുലമാക്കവേ, ശരിയായ പദം ഉപയോഗിക്കുന്നതിനു സൂക്ഷ്‌മശ്രദ്ധ നൽകുക. സമാനമെങ്കിലും തമ്മിൽ അൽപ്പം അർഥവ്യത്യാസമുള്ള രണ്ടു പദങ്ങൾ ഉണ്ടായിരിക്കാം. ഈ പദങ്ങൾ വ്യത്യസ്‌ത സാഹചര്യങ്ങളിൽ ആയിരിക്കാം ഉപയോഗിക്കേണ്ടത്. ഇതു തിരിച്ചറിയുന്ന പക്ഷം നിങ്ങൾക്കു സംസാരത്തിന്റെ വ്യക്തത മെച്ചപ്പെടുത്താനും ശ്രോതാക്കളെ മുഷിപ്പിക്കാതിരിക്കാനും കഴിയും. നന്നായി സംസാരിക്കുന്നവരുടെ സംസാരം ശ്രദ്ധിച്ചു കേൾക്കുക. ചില നിഘണ്ടുക്കൾ ഓരോ പദത്തിനും കീഴിൽ അതിന്റെ പര്യായപദങ്ങളും (ഒരേ അർഥമല്ലെങ്കിലും സമാനമായ അർഥമുള്ള പദങ്ങൾ) വിപരീതപദങ്ങളും (ഏറെക്കുറെ വിപരീതാർഥമുള്ള പദങ്ങൾ) കൊടുക്കുന്നു. അങ്ങനെ, നിങ്ങൾക്ക് ഒരേ ആശയംതന്നെ ധ്വനിപ്പിക്കുന്ന വ്യത്യസ്‌ത പദങ്ങൾ മാത്രമല്ല, പദങ്ങളുടെ അർഥത്തിലെ നേരിയ വ്യത്യാസങ്ങളും കണ്ടെത്താൻ കഴിയുന്നു. ഒരു പ്രത്യേക സാഹചര്യത്തിൽ ഉപയോഗിക്കാനുള്ള കൃത്യമായ പദം തെരയേണ്ടിവരുമ്പോൾ ഇതു വളരെ സഹായകമാണ്. നിങ്ങളുടെ പദസഞ്ചയത്തിലേക്ക് ഒരു പദം ചേർക്കുന്നതിനു മുമ്പായി, അതിന്റെ അർഥവും ഉച്ചാരണവും അത് ഉപയോഗിക്കേണ്ട സന്ദർഭവും നിങ്ങൾക്ക് അറിയാമെന്ന് ഉറപ്പുവരുത്തുക.
പൊതുവായ അർഥം ധ്വനിപ്പിക്കുന്ന പദപ്രയോഗങ്ങളെക്കാൾ നിശ്ചിതാർഥമുള്ള പദപ്രയോഗങ്ങളാണു വ്യക്തമായ രൂപം നൽകുന്നത്. ഒരു പ്രസംഗകൻ ഇങ്ങനെ പറഞ്ഞേക്കാം: “അക്കാലത്ത് അനേകർക്കു രോഗം പിടിപെട്ടു.” അല്ലെങ്കിൽ അദ്ദേഹത്തിന് ഇങ്ങനെ പറയാൻ കഴിയും: “ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽ സ്‌പാനീഷ് ഇൻഫ്‌ളുവൻസാ പിടിപെട്ട് 2,10,00,000-ത്തോളം പേർ മരണമടഞ്ഞു.” “അക്കാലത്ത്,” “അനേകർക്ക്,” “രോഗം പിടിപെട്ടു” എന്നീ പദപ്രയോഗങ്ങൾകൊണ്ടു താൻ എന്താണ് അർഥമാക്കുന്നതെന്നു പ്രസംഗകൻ വ്യക്തമായി പ്രസ്‌താവിക്കുമ്പോൾ എത്ര വ്യത്യാസമാണ് അത് ഉളവാക്കുന്നത്! കാര്യങ്ങൾ ഈ രീതിയിൽ അവതരിപ്പിക്കുന്നതിന് വിഷയവുമായി ബന്ധപ്പെട്ട വസ്‌തുതകൾ അറിഞ്ഞിരിക്കേണ്ടതും പദങ്ങൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടതും ആവശ്യമാണ്.
ശരിയായ പദം ഉപയോഗിക്കുന്നത്, ഒട്ടേറെ പദങ്ങൾ ഉപയോഗിച്ചു വലിച്ചുനീട്ടി പറയാതെ കാര്യം വ്യക്തമാക്കാനും നിങ്ങളെ സഹായിക്കും. പദബാഹുല്യം ആശയങ്ങളെ മൂടിക്കളയുകയേ ഉള്ളൂ. ലാളിത്യം, സുപ്രധാന വസ്‌തുതകൾ ഗ്രഹിക്കുന്നതും ഓർത്തുവെക്കുന്നതും മറ്റുള്ളവർക്കു കൂടുതൽ എളുപ്പമാക്കിത്തീർക്കുന്നു. സൂക്ഷ്‌മ പരിജ്ഞാനം പകർന്നു കൊടുക്കുന്നതിന് അതു സഹായിക്കുന്നു. ഭാഷാ ലാളിത്യത്തിന് ഒരു മികവുറ്റ ഉദാഹരണമായിരുന്നു യേശുക്രിസ്‌തുവിന്റെ പഠിപ്പിക്കൽ. അവനിൽനിന്നു പഠിക്കുക. (മത്തായി 5:3-12-ലും മർക്കൊസ് 10:17-21-ലും രേഖപ്പെടുത്തിയിരിക്കുന്ന ഉദാഹരണങ്ങൾ കാണുക.) ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകൾ ഉപയോഗിച്ച് കാര്യങ്ങൾ ഹ്രസ്വമായി അവതരിപ്പിക്കുന്നത് ഒരു ശീലമാക്കുക.
കരുത്തും വികാരഭാവവും ഉജ്ജ്വലതയും ദ്യോതിപ്പിക്കുന്ന പദങ്ങൾ. പദസമ്പത്തു വിപുലമാക്കവേ, പുതിയ പദങ്ങളെ കുറിച്ചു മാത്രമല്ല, പ്രത്യേക സവിശേഷതകളുള്ള പദങ്ങളെ കുറിച്ചും ചിന്തിക്കുക. ഉദാഹരണത്തിന്, കരുത്തു ധ്വനിപ്പിക്കുന്ന ക്രിയാപദങ്ങൾ; ഉജ്ജ്വലത ദ്യോതിപ്പിക്കുന്ന നാമവിശേഷണങ്ങൾ; ഊഷ്‌മളതയോ ദയയോ ആത്മാർഥതയോ പ്രകടിപ്പിക്കുന്ന പദപ്രയോഗങ്ങൾ ഇവയൊക്കെ ശ്രദ്ധിക്കുക.
അർഥവത്തായ അത്തരം ഭാഷാപ്രയോഗങ്ങൾ ബൈബിളിൽ ധാരാളമുണ്ട്. ആമോസ് പ്രവാചകനിലൂടെ യഹോവ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “തിന്മയല്ല, നന്മ അന്വേഷിക്കുവിൻ; . . . തിന്മയെ വെറുക്കുവിൻ, നന്മയെ സ്‌നേഹിക്കുവിൻ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (ആമോ. 5:14, 15, പി.ഒ.സി. ബൈ.) ശൗൽ രാജാവിനോട് ശമൂവേൽ പ്രവാചകൻ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവ ഇന്നു യിസ്രായേലിന്റെ രാജത്വം നിങ്കൽ നിന്നു കീറി.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (1 ശമൂ. 15:28) യെഹെസ്‌കേലിനോടു സംസാരിക്കവേ യഹോവ ഉപയോഗിച്ച ഭാഷ മറക്കുക ബുദ്ധിമുട്ടാണ്. അവൻ ഇങ്ങനെ പറഞ്ഞു: “യിസ്രായേൽഗൃഹമൊക്കെയും കടുത്ത നെററിയും കഠിനഹൃദയവും ഉള്ളവരത്രെ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (യെഹെ. 3:7) ഇസ്രായേലിന്റെ ദുഷ്‌പ്രവൃത്തി എത്ര ഗുരുതരമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് യഹോവ ചോദിച്ചു: “മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ! എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (മലാ. 3:8, പി.ഒ.സി. ബൈ.) ബാബിലോണിൽവെച്ചുണ്ടായ വിശ്വാസത്തിന്റെ പരിശോധനയെ കുറിച്ചു വർണിക്കവേ ദാനീയേൽ, ശദ്രക്കും മേശക്കും അബേദ്‌നെഗോവും നെബൂഖദ്‌നേസരിന്റെ ബിംബത്തെ നമസ്‌കരിക്കാഞ്ഞതു നിമിത്തം “നെബൂഖദ്‌നേസരിന്നു കോപം മുഴുത്തു” എന്നും അതുകൊണ്ട് അവരെ ബന്ധിച്ച് “എരിയുന്ന തീച്ചൂളയിൽ” ഇടാൻ അവൻ കൽപ്പിച്ചുവെന്നും ഉജ്ജ്വലമായ ഭാഷയിൽ രേഖപ്പെടുത്തി. ചൂടിന്റെ ആധിക്യം നമുക്കു മനസ്സിലാക്കിത്തരാൻ, രാജാവ് തന്റെ ആളുകളെക്കൊണ്ട് “ചൂള പതിവായി ചൂടുപിടിപ്പിച്ചതിൽ ഏഴുമടങ്ങു ചൂടുപിടിപ്പി”ച്ചു എന്ന് ദാനീയേൽ പറയുന്നു—തീച്ചൂളയുടെ അടുത്തെത്തിയ രാജാവിന്റെ ആളുകൾ ചൂടേറ്റു മരണമടയത്തക്കവിധം അത്രയ്‌ക്കു ചൂടായിരുന്നു അതിന്. (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) (ദാനീ. 3:19-22) തന്റെ മരണത്തിന് ഏതാനും ദിവസം മുമ്പ് യെരൂശലേമിലെ ആളുകളോടു സംസാരിക്കവേ യേശു ആഴമായ വികാരത്തോടെ ഇങ്ങനെ പറഞ്ഞു: “കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ ചേർക്കുംപോലെ നിന്റെ മക്കളെ ചേർത്തുകൊൾവാൻ എനിക്കു എത്രവട്ടം മനസ്സായിരുന്നു; നിങ്ങൾക്കോ മനസ്സായില്ല. നിങ്ങളുടെ ഭവനം ശൂന്യമായ്‌തീരും.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—മത്താ. 23:37, 38.
ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത വാക്കുകൾക്കു കേൾവിക്കാരുടെ മനസ്സിൽ വ്യക്തമായ ധാരണ പതിപ്പിക്കാൻ കഴിയും. പഞ്ചേന്ദ്രിയങ്ങളെ ഉണർത്തുന്ന തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കുന്നെങ്കിൽ കേൾവിക്കാർ നിങ്ങൾ പറയുന്ന കാര്യങ്ങൾ “കാണുക”യും “സ്‌പർശിച്ചറിയുക”യും ചെയ്യും. നിങ്ങൾ പരാമർശിക്കുന്ന ആഹാരസാധനങ്ങളുടെ “സ്വാദറിയുക”യും അവയുടെ “വാസന മണക്കുക”യും ചെയ്യും. അതുപോലെ നിങ്ങൾ വർണിക്കുന്ന ശബ്ദങ്ങളും നിങ്ങൾ ഉദ്ധരിക്കുന്ന ആളുകളുടെ സ്വരവും അവർ “കേൾക്കാൻ” ഇടയാകും. സദസ്സ് നിങ്ങൾ പറയുന്ന കാര്യങ്ങളിൽ ലയിച്ചുചേരുന്നതായിരിക്കും. കാരണം, കാര്യങ്ങൾ യഥാർഥത്തിൽ നടക്കുന്നതു പോലെ തോന്നാൻ നിങ്ങൾ അവരെ സഹായിക്കുകയാണ്.
ഉജ്ജ്വലമായ വിധത്തിൽ ആശയങ്ങൾ ധരിപ്പിക്കുന്ന പദങ്ങൾക്ക് ആളുകളെ ചിരിപ്പിക്കാനോ കരയിക്കാനോ കഴിയും. അവയ്‌ക്ക്, വിഷണ്ണനായ ഒരു വ്യക്തിയിൽ ജീവിക്കാനുള്ള ആഗ്രഹം നിറച്ചുകൊണ്ടും അയാളിൽ സ്രഷ്ടാവിനോടുള്ള സ്‌നേഹം വളരാൻ ഇടയാക്കിക്കൊണ്ടും പ്രത്യാശ ഉൾനടാൻ കഴിയും. സങ്കീർത്തനം 37:10, 11, 34; യോഹന്നാൻ 3:16; വെളിപ്പാടു 21:4, 5 തുടങ്ങിയ ബൈബിൾ ഭാഗങ്ങളിലെ പദങ്ങൾ നൽകുന്ന പ്രത്യാശ ഭൂമിയിലെമ്പാടുമുള്ള ആളുകളിൽ ആഴമായ ഫലം ഉളവാക്കിയിട്ടുണ്ട്.
ബൈബിളും “വിശ്വസ്‌തനും വിവേകിയുമായ അടിമ”യുടെ പ്രസിദ്ധീകരണങ്ങളും വായിക്കുന്ന സമയത്ത് നിങ്ങൾ വ്യത്യസ്‌തങ്ങളായ ഒട്ടേറെ പദങ്ങളും പദപ്രയോഗങ്ങളും ശ്രദ്ധിക്കുന്നതായിരിക്കും. (മത്താ. 24:45, NW) അവയെല്ലാം വായിച്ച് മറന്നു കളയാതെ, ഇഷ്ടം തോന്നുന്നവ തിരഞ്ഞെടുത്തു നിങ്ങൾ അനുദിനം ഉപയോഗിക്കുന്ന പദസഞ്ചയത്തിന്റെ ഭാഗമാക്കിത്തീർക്കുക.
വ്യാകരണ നിയമങ്ങൾക്കു ചേർച്ചയിലുള്ള സംസാരം. തങ്ങളുടെ സംസാരം എല്ലായ്‌പോഴും വ്യാകരണ നിയമങ്ങൾക്കു ചേർച്ചയിലല്ലെന്നു ചിലർ മനസ്സിലാക്കുന്നു. എന്നാൽ അതു സംബന്ധിച്ച് അവർക്ക് എന്താണു ചെയ്യാനാവുക?
നിങ്ങൾ ഇപ്പോഴും സ്‌കൂളിൽ പഠിക്കുകയാണോ? എങ്കിൽ നല്ല വ്യാകരണവും വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ട വിധവും പഠിക്കാനുള്ള ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തുക. ഒരു പ്രത്യേക വ്യാകരണ നിയമത്തിനുള്ള കാരണം നിങ്ങൾക്കു തിട്ടമില്ലെങ്കിൽ അധ്യാപകനോടു ചോദിച്ചു മനസ്സിലാക്കുക. കഷ്ടിച്ചു പാസ്സാകാൻ വേണ്ടി മാത്രം വ്യാകരണം പഠിക്കരുത്. മറ്റു വിദ്യാർഥികൾക്ക് ഇല്ലാത്ത ഒരു പ്രേരണാഹേതു നിങ്ങൾക്കുണ്ട്. സുവാർത്തയുടെ ഒരു മികവുറ്റ ശുശ്രൂഷകൻ ആയിത്തീരാൻ നിങ്ങൾ ആഗ്രഹിക്കുന്നു.
ഇപ്പോൾ ഉപയോഗിക്കുന്നതിൽനിന്നു വ്യത്യസ്‌തമായ ഒരു ഭാഷ സംസാരിച്ചു വളർന്ന, കുറെക്കൂടെ പ്രായമുള്ള ഒരു വ്യക്തിയാണു നിങ്ങളെങ്കിലോ? അല്ലെങ്കിൽ ഒരുപക്ഷേ ഔദ്യോഗിക വിദ്യാഭ്യാസത്തിലൂടെ സ്വന്തം ഭാഷയിൽ കാര്യമായ പരിജ്ഞാനം നേടാനുള്ള അവസരം ലഭിക്കാത്ത ആളായിരിക്കാം നിങ്ങൾ. നിരുത്സാഹപ്പെടുന്നതിനു പകരം, മെച്ചപ്പെടാൻ ആത്മാർഥ ശ്രമം ചെയ്യുക. സുവാർത്തയെ പ്രതി ആയിരിക്കണം ആ ശ്രമം. വ്യാകരണത്തെ കുറിച്ചു നമുക്ക് അറിയാവുന്ന കാര്യങ്ങളിൽ നല്ലൊരു ശതമാനവും നാം പഠിക്കുന്നതു മറ്റുള്ളവരുടെ സംസാരം കേട്ടാണ്. അതുകൊണ്ട് പരിചയസമ്പന്നരായ പ്രസംഗകർ പ്രസംഗങ്ങൾ നടത്തുമ്പോൾ ശ്രദ്ധിച്ചു കേൾക്കുക. കൂടാതെ നിങ്ങൾ ബൈബിളും ബൈബിൾ അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും വായിക്കുമ്പോൾ വാചകഘടനയും ഒരുമിച്ച് ഉപയോഗിച്ചിരിക്കുന്ന പദങ്ങളും അവ ഉപയോഗിച്ചിരിക്കുന്ന സന്ദർഭവും ശ്രദ്ധിക്കുക. നിങ്ങളുടെ സംസാരം ഈ നല്ല മാതൃകകൾക്കു ചേർച്ചയിൽ ആക്കിത്തീർക്കുക.
വിനോദ പരിപാടികൾ നടത്തുന്നവരും ഗായകരുമൊക്കെയായ പ്രസിദ്ധ വ്യക്തികൾ വ്യാകരണ നിയമങ്ങൾക്കു വിരുദ്ധമായ പദപ്രയോഗങ്ങളും സംസാരരീതിയും ഉപയോഗിച്ചേക്കാം. ആളുകൾ അത്തരം വ്യക്തികളെ അനുകരിക്കാൻ പ്രവണത കാണിക്കുന്നു. കുറ്റകരമോ അധാർമികമോ ആയ ജീവിതരീതിയുള്ള മയക്കുമരുന്നു കച്ചവടക്കാർക്കും അതുപോലുള്ള മറ്റുള്ളവർക്കും മിക്കപ്പോഴും അവരുടേതായ പദസഞ്ചയം ഉണ്ട്. സാധാരണ അർഥത്തിൽനിന്നു തികച്ചും വ്യത്യസ്‌തമായ അർഥമായിരിക്കാം അവർ വാക്കുകൾക്കു കൽപ്പിക്കുക. ക്രിസ്‌ത്യാനികൾ ഇവരെയൊന്നും അനുകരിക്കുന്നതു ജ്ഞാനമല്ല. അങ്ങനെ ചെയ്യുന്നത് ലോകത്തിലെ അത്തരക്കാരോടും അവരുടെ ജീവിതരീതിയോടും ചേർത്തു നമ്മെയും മറ്റുള്ളവർ കാണാൻ ഇടയാക്കും—യോഹ. 17:16.
ദിവസവും നല്ല സംസാരരീതി പിന്തുടരുന്നത് ഒരു ശീലമാക്കുക. നിങ്ങൾ അനുദിന സംഭാഷണത്തിൽ അശ്രദ്ധമായി സംസാരിക്കുന്ന വ്യക്തിയാണെങ്കിൽ, വിശേഷാവസരങ്ങളിൽ നന്നായി സംസാരിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കരുത്. എന്നാൽ ജീവിതത്തിലെ സാധാരണ ചുറ്റുപാടുകളിലെ നിങ്ങളുടെ സംസാരം നല്ല ഗുണനിലവാരമുള്ളതാണെങ്കിൽ സ്റ്റേജിലായിരിക്കുമ്പോഴോ സത്യത്തെ കുറിച്ചു മറ്റുള്ളവരോടു സാക്ഷീകരിക്കുമ്പോഴോ അത്തരം സംസാരം നിങ്ങൾക്ക് അനായാസേന സ്വാഭാവികമായി വന്നുകൊള്ളും.