ഭാഗം 17
യേശു ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കുന്നു
യേശു ശിഷ്യന്മാരെ ഒട്ടനവധി കാര്യങ്ങൾ പഠിപ്പിക്കുന്നു. എന്നാൽ അവൻ മുഖ്യമായും പഠിപ്പിച്ചത് ദൈവരാജ്യം എന്ന വിഷയത്തെക്കുറിച്ചാണ്
ഭൂമിയിൽ യേശുവിന്റെ ദൗത്യം എന്തായിരുന്നു? യേശുതന്നെ അതു വെളിപ്പെടുത്തി: “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം ഘോഷിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിരിക്കുന്നത്.” (ലൂക്കോസ് 4:43) യേശു മുഖ്യമായും പഠിപ്പിച്ചത് ദൈവരാജ്യത്തെക്കുറിച്ചായിരുന്നു. ആ രാജ്യത്തെക്കുറിച്ച് യേശു പഠിപ്പിച്ച നാലുകാര്യങ്ങൾ നമുക്കിപ്പോൾ നോക്കാം.
1. യേശുവായിരിക്കും അതിന്റെ രാജാവ്. വാഗ്ദത്ത മിശിഹാ താനാണെന്ന് യേശുതന്നെ പറഞ്ഞു. (യോഹന്നാൻ 4:25, 26) പ്രവാചകനായ ദാനീയേൽ ദർശനത്തിൽ കണ്ട രാജാവ് താൻതന്നെയാണെന്നും യേശു വ്യക്തമാക്കി. താൻ ഒരുനാൾ, “മഹത്ത്വമാർന്ന സിംഹാസനത്തിൽ” ഇരിക്കുമെന്ന് അവൻ അപ്പൊസ്തലന്മാരോടു പറഞ്ഞു. അന്ന് അവരും തന്നോടൊപ്പം സിംഹാസനങ്ങളിൽ ഇരിക്കുമെന്ന് അവൻ വാഗ്ദാനംചെയ്തു. (മത്തായി 19:28) ഈ സഹഭരണാധിപന്മാരുടെ കൂട്ടത്തെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണ് അവൻ വിശേഷിപ്പിച്ചത്. ഇവരിൽ ഉൾപ്പെടാത്ത ‘വേറെ ആടുകളും’ തനിക്കുണ്ടെന്ന് യേശു പറയുകയുണ്ടായി.—ലൂക്കോസ് 12:32; യോഹന്നാൻ 10:16.
2. ദൈവരാജ്യം ശരിയായ അർഥത്തിൽ നീതി സ്ഥാപിക്കും. ദൈവരാജ്യം യഹോവയാംദൈവത്തിന്റെ നാമത്തെ വിശുദ്ധീകരിക്കുമെന്നും ഏദെൻതോട്ടത്തിൽനിന്നുതുടങ്ങി ഇന്നോളം ദൈവനാമത്തിന്മേൽ സാത്താൻ വരുത്തിക്കൂട്ടിയിരിക്കുന്ന എല്ലാ കളങ്കവും മായിച്ചുകളയുമെന്നും യേശു സൂചിപ്പിച്ചു. (മത്തായി 6:9, 10) അങ്ങനെ, ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽവെച്ച് ഏറ്റവും ഘോരമായ അനീതിക്ക് ആ രാജ്യം തീർപ്പുകൽപ്പിക്കുമെന്ന് അവൻ വ്യക്തമാക്കി. ലിംഗഭേദമെന്യേ, സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ, യേശു ആളുകളെ പഠിപ്പിച്ചു. അതുവഴി താൻ മുഖപക്ഷം ഇല്ലാത്തവനാണെന്ന് അവൻ തെളിയിച്ചു. അവന്റെ പ്രധാന നിയോഗം ഇസ്രായേല്യരെ അഥവാ യഹൂദന്മാരെ പഠിപ്പിക്കുക എന്നതായിരുന്നെങ്കിലും യഹൂദരല്ലാത്തവരെയും, ശമര്യക്കാരെയും വിജാതീയരെയും, അവൻ സഹായിച്ചിരുന്നു. അന്നത്തെ മതനേതാക്കന്മാരെപ്പോലെ ആയിരുന്നില്ല അവൻ; മുൻവിധിയുടെയോ പക്ഷപാതത്തിന്റെയോ ഒരു കണികപോലും അവനിലില്ലായിരുന്നു.
3. ദൈവരാജ്യം ഈ ലോകത്തിന്റെ ഭാഗമായിരിക്കില്ല. യേശുവിന്റെ കാലത്ത് യെഹൂദയിലെ രാഷ്ട്രീയരംഗം പ്രക്ഷുബ്ധമായിരുന്നു. ആ ദേശം അന്ന് ഒരു വിദേശശക്തിയുടെ അധീനതയിലായിരുന്നു. അന്നത്തെ രാഷ്ട്രീയകാര്യങ്ങളിൽ യേശുവിനെ ഉൾപ്പെടുത്താൻ ആളുകൾ ശ്രമിച്ചപ്പോൾ അവൻ മാറിക്കളഞ്ഞു. (യോഹന്നാൻ 6:14, 15) “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല” എന്ന് അവൻ ഒരു ഭരണാധികാരിയുടെ മുമ്പാകെ വ്യക്തമാക്കി. (യോഹന്നാൻ 18:36) ‘നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല’ എന്ന് അവൻ തന്റെ അനുഗാമികളോടും പറഞ്ഞു. (യോഹന്നാൻ 15:19) യുദ്ധായുധങ്ങൾ ഉപയോഗിക്കാൻ അവൻ അവരെ അനുവദിച്ചില്ല, തനിക്ക് അപകട ഭീഷണി ഉണ്ടായ സാഹചര്യത്തിൽപ്പോലും.—മത്തായി 26:51, 52.
“അനന്തരം അവൻ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിച്ചും ഘോഷിച്ചുംകൊണ്ട് . . . പട്ടണന്തോറും ഗ്രാമന്തോറും സഞ്ചരിച്ചു.”—ലൂക്കോസ് 8:1
4. യേശുവിന്റെ ഭരണം സ്നേഹത്തിൽ അധിഷ്ഠിതമായിരിക്കും. താൻ ആളുകൾക്ക് ആശ്വാസം പകരുമെന്നും അവരുടെ ചുമടിന്റെ ഭാരം കുറയ്ക്കുമെന്നും യേശു വാഗ്ദാനംചെയ്തു. (മത്തായി 11:28-30) അവൻ തന്റെ വാക്കിനൊത്തു പ്രവർത്തിക്കുകയും ചെയ്തു. ഉത്കണ്ഠകൾ തരണംചെയ്യാനും ഉലഞ്ഞ ബന്ധങ്ങൾ നേരെയാക്കാനും ധനമോഹത്തെ ഇല്ലായ്മചെയ്യാനും യഥാർഥ സന്തോഷം കണ്ടെത്താനും ഉള്ള പ്രായോഗിക വഴികൾ യേശു സ്നേഹപൂർവം ആളുകൾക്കു കാണിച്ചുകൊടുത്തു. (മത്തായി 5-7 അധ്യായങ്ങൾ) യേശു ആളുകളെ സ്നേഹിച്ചിരുന്നതുകൊണ്ട് അവന്റെ അടുക്കൽ വരാൻ അവർക്കു സന്തോഷമായിരുന്നു. നാനാതുറകളിൽനിന്നുള്ള ആളുകൾ, താഴേക്കിടയിലുള്ളവർപോലും, അവന്റെ അടുക്കൽ വന്നുകൂടുമായിരുന്നു; അവൻ തങ്ങളെ ആദരിക്കുമെന്നും തങ്ങളോട് ദയാവായ്പോടെ ഇടപെടുമെന്നും അവർക്ക് ഉറപ്പായിരുന്നു. എത്ര ശ്രേഷ്ഠനായ ഒരു ഭരണാധിപനായിരിക്കും യേശു!
ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിക്കാൻ ശക്തമായ മറ്റൊരു മാർഗവും യേശു അവലംബിച്ചു. അവൻ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചു. എന്തുകൊണ്ട്? നമുക്കു നോക്കാം.
—മത്തായി, മർക്കോസ്, ലൂക്കോസ്, യോഹന്നാൻ എന്നീ പുസ്തകങ്ങളെ ആധാരമാക്കിയുള്ളത്.