ചാവുകടൽ ചുരുളുകളിൽ അവസാനത്തേത് പുറത്തിറക്കുന്നു
ദശാബ്ദങ്ങളിൽ നീണ്ടുനിന്ന ഒരു പാണ്ഡിത്യപരമായ തടസ്സം ഒടുവിൽ കഴിഞ്ഞ സെപ്ററംബറിൽ നീങ്ങി. ചാവുകടൽ ചുരുളുകളുടെ പഠിതാക്കൾ തമ്മിലുണ്ടായിരുന്ന ഒരു ഉഗ്രമായ തർക്കം അവസാനിച്ചതായി തോന്നി, ഒരു പുതിയ തർക്കം തുടങ്ങിയിരിക്കാമെങ്കിലും.
ചാവുകടലിനു സമീപമുള്ള ഗുഹകളിൽനിന്ന് ചാവുകടൽചുരുളുകൾ 1947ലും തുടർന്നുവന്ന വർഷങ്ങളിലുമാണ് കണ്ടുപിടിക്കപ്പെട്ടത്. എബ്രായ തിരുവെഴുത്തുകളുടെ സാരവത്തായ കൃത്യത പ്രകടമാക്കുന്നതിലും യേശു ഭൂമിയിലായിരുന്നപ്പോഴത്തെ പലസ്തീനിലെ മതപരമായ അവസ്ഥകളിൻമേൽ വെളിച്ചം വീശുന്നതിലും അവ വലിയ മൂല്യമുള്ളവയായിരുന്നു. (യെശയ്യാവ് 40:8) ചില കൈയെഴുത്തുപ്രതികൾ ന്യായമായി പെട്ടെന്ന് പ്രസിദ്ധീകരിച്ചെങ്കിലും 1991-ൽ ഏതാണ്ട് 400ഓളം കൈയെഴുത്തുപ്രതികൾ പിന്നെയും പ്രസിദ്ധീകരിച്ചിട്ടില്ലായിരുന്നു, മിക്ക പണ്ഡിതൻമാർക്കും ലഭ്യവുമല്ലായിരുന്നു. പ്രൊഫസ്സർ ബെൻ സയൻ വാക്ക്ഹോൾഡറെപ്പോലെയുള്ള അനേകം പണ്ഡിതൻമാർ “ഇപ്പോഴത്തെ പ്രസിദ്ധീകരണനിരക്കിൽ ചാവുകടൽ പാഠങ്ങൾ മുഴുവൻ ലോകത്തിന് ലഭ്യമാകുമ്പോഴേക്ക് നമ്മളെല്ലാം മരിച്ചിരിക്കും എന്ന തിരിച്ചറിവിൽ നിരാശിതരായി.”
എന്നാൽ കഴിഞ്ഞ സെപ്ററംബറിൽ സാഹചര്യത്തിനു മാററമുണ്ടായി. ആദ്യമായി, സൂക്ഷ്മമായി കാത്തുസൂക്ഷിച്ചിരുന്ന പാഠങ്ങൾ പുനരുത്പാദിപ്പിക്കുന്നതിന് തങ്ങൾ വിദഗ്ദ്ധമായി ഒരു കമ്പ്യൂട്ടർ ഉപയോഗിച്ചതായി പ്രൊഫസ്സർ വാക്ക്ഹോൾഡറും ഒരു സഹകാരിയായ മാർട്ടിൻ ആബഗ്ഗും പ്രഖ്യാപിച്ചു. അനന്തരം, സാൻ മറീനോ, കാലിഫോർണിയാ, യു.എസ്.എ., യിലെ ഹണ്ടിംഗ്ടൺ ലൈബ്രറിക്ക് മൂല കൈയെഴുത്തുപ്രതിയുടെ ഫോട്ടോകൾ ഉണ്ടെന്നും അവ പ്രശസ്തരായ പണ്ഡിതൻമാർക്ക് നിയന്ത്രണങ്ങളില്ലാതെ ലഭ്യമാക്കുമെന്നും അവർ പ്രഖ്യാപിച്ചു. പ്രസ്പഷ്ടമായി, ചുരുളുകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിന് നിരവധി ഫോട്ടോകോപ്പികൾ നിർമ്മിച്ചിരുന്നു. ഫോട്ടോകളുടെ കൂട്ടങ്ങൾ വ്യത്യസ്ഥ സ്ഥലങ്ങളിൽ സൂക്ഷിച്ചുവെച്ചിരുന്നു, ഒടുവിൽ ഒരെണ്ണം ഹണ്ടിംഗ്ടൺ ലൈബ്രറിയിൽ എത്തി.
ഈ സംഭവഗതികളെ ‘ബെർലിൻ ചുവരിന്റെ തകർക്കലിനോടു പാണ്ഡിത്യപരമായി തുല്യം’ എന്ന് ഒരു പണ്ഡിതൻ വിളിച്ചു. കമ്പ്യൂട്ടറിലാക്കിയ പാഠത്തിന്റെ പ്രസിദ്ധീകരണത്തെയും ഫോട്ടോകളുടെ പ്രകാശനത്തെയും ‘മോഷണം’ എന്ന് ഔദ്യോഗിക എഡിററർമാർ വിളിച്ചു. ഇതിന്റെ സദാചാരനീതിയും നൈയാമികതയും സംബന്ധിച്ച സംവാദം വർഷങ്ങളോളം ഉഗ്രമായി നടക്കാനിടയുണ്ട്. ഇതിനിടയിൽ, മുഴു ചാവുകടൽ സംഹിതയും പരിശോധിക്കാൻ പണ്ഡിതൻമാർ പ്രാപ്തരാകും.
[32-ാം പേജിലെ ചിത്രം]
ചാവുകടൽചുരുളുകളിലൊന്നായ ഹബക്കൂക്കിന്റെ ഭാഷ്യത്തിന്റെ ഒരു പ്രതിനിധാനം