“അലറുന്ന സിംഹം എന്നപോലെ”
സാത്താൻ അസ്തിത്വത്തിലുണ്ടെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇന്നു വളരെപ്പേർ അങ്ങനെ വിശ്വസിക്കുന്നില്ല. അങ്ങനെയുള്ള വിശ്വാസം “അശാസ്ത്രീയം” ആണെന്ന് അവർ വീക്ഷിക്കുന്നതായി തോന്നുന്നു. മുമ്പ് 1911-ൽപോലും എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറഞ്ഞു: “സാത്താന്യ ഏജൻസിക്ക് ഇടം അവശേഷിപ്പിക്കാത്ത വിധത്തിൽ ശാസ്ത്രം, മമനുഷ്യന്റെ ബാഹ്യപ്രകൃതിയുടെ പല പ്രക്രിയകളെയും ആന്തരിക ജീവിതത്തെയും വിശദീകരിച്ചിരിക്കുന്നു.” സാത്താൻ വെറുമൊരു പ്രതീകം, ഒരു കെട്ടുകഥ, ആണെന്നു ദൈവശാസ്ത്രജ്ഞർ ന്യായവാദം ചെയ്യുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പ്രസ്താവിക്കുന്നു: “പല ആധുനിക ദൈവശാസ്ത്രജ്ഞരും പിശാചിനെ തിന്മയുടെ ശക്തിയുടെ പ്രതീകമായി പരിഗണിക്കുന്നു, മാനുഷിക പ്രകൃതത്തിന്റെ ഏററവും അധമമായ ഗുണങ്ങൾതന്നെ.”
എന്നാൽ വസ്തുതകൾ എന്താണ്? നിങ്ങൾ ബൈബിളിൽ വിശ്വസിക്കുന്നുവെങ്കിൽ, സാത്താൻ യഥാർത്ഥത്തിൽ ഉണ്ടെന്നു നിങ്ങൾ വിശ്വസിച്ചേ തീരൂ. യേശു അവൻ സ്ഥിതിചെയ്യുന്നുവെന്നു വിശ്വസിക്കുക മാത്രമല്ല, അവനെ “ലോകത്തിന്റെ പ്രഭു” എന്നു വിളിക്കുകയും ചെയ്തു. (യോഹന്നാൻ 14:30) അപ്പൊസ്തലനായ പൗലോസ് സാത്താനെ “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിച്ചു. (2 കൊരിന്ത്യർ 4:4) വയോധികനായ യോഹന്നാൻ അപ്പൊസ്തലൻ പറഞ്ഞു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.”—1 യോഹന്നാൻ 5:19.
നിങ്ങൾ യോഹന്നാനോടു വിയോജിക്കുന്നുവെങ്കിൽ, ഏതൽക്കാല ചരിത്രത്തെപ്പററി ചിന്തിക്കുക. കൊല സംഘങ്ങളെയും ഗവൺമെൻറുകളുടെ പീഡനത്തിന്റെ ഉപയോഗത്തെയും കുറിച്ചു ചിന്തിക്കുക. നമ്മുടെ തലമുറ കണ്ടിരിക്കുന്ന യുദ്ധങ്ങളെയും ജനവിഭാഗങ്ങളുടെ കരുതിക്കൂട്ടിയുള്ള ഉൻമൂലനത്തെയും ഓർക്കുക. നമ്മുടെ വർത്തമാനപ്പത്രങ്ങളിൽ തലക്കെട്ടായിവരുന്ന ദുഷ്ടമായ അക്രമങ്ങളെക്കുറിച്ചെന്ത്—ചിലവ മാത്രം പറഞ്ഞാൽ കൂട്ടക്കൊലകൾ, ബലാൽസംഗങ്ങൾ, വധങ്ങളുടെ പരമ്പരകൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗിക്കൽ എന്നിവ? ഈ ലോകത്തിന്റെ ദൈവം സാത്താനല്ലാതെ മററാരെങ്കിലും ആയിരിക്കാൻ കഴിയുമോ?
ക്രിസ്തീയ അപ്പൊസ്തലനായ പത്രോസ് മുന്നറിയിപ്പുനൽകി: “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുററിനടക്കുന്നു.” (1 പത്രൊസ് 5:8) നിങ്ങളുടെ അയൽപക്കത്ത് ഒരു സിംഹത്തെ അഴിച്ചുവിട്ടിരിക്കുകയാണെങ്കിൽ, അത് അസ്തിത്വത്തിലുണ്ടോ ഇല്ലയോ എന്നു നിങ്ങൾ ചർച്ച ചെയ്തുകൊണ്ടിരിക്കുമോ? അതോ രക്ഷക്കായി ഓടുമോ?
സാത്താൻ അസ്തിത്വത്തിലുണ്ടെന്ന് ഉറച്ചുകൊള്ളുക. അവൻ നിർദ്ദയനും ദുഷ്ടനും നമ്മെക്കാൾ ശക്തനുമാണ്. അതിനാൽ, അതിലും ശക്തനായവനിലേക്ക് സംരക്ഷണത്തിനായി ഓടുക. “യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.” (സദൃശവാക്യങ്ങൾ 18:10) യഹോവയാം ദൈവത്തിൽ അഭയം തേടുക. പെട്ടെന്നുതന്നെ മനുഷ്യവർഗ്ഗം സാത്താൻ എന്ന ദുഷ്ടന്റെ സ്വാധീനത്തിൽനിന്നു സ്വതന്ത്രമാക്കപ്പെടും എന്നറിയുക. എന്തൊരു ആനന്ദകരമായ വിടുതലായിരിക്കും അത്!—വെളിപ്പാടു 20:1-3.