“വയലിലെ ലില്ലികൾ”
തൊഴിലില്ലായ്മ. വിലക്കയററം. ദാരിദ്ര്യം. സാമ്പത്തികമാന്ദ്യം. ഈ വാക്കുകൾ ന്യൂസ് ബുള്ളററിനുകളിൽ വർദ്ധിതമായി കൂടെക്കൂടെ പ്രത്യക്ഷപ്പെടുകയാണ്. അവ ദശലക്ഷങ്ങൾ തങ്ങളുടെ കുടുംബങ്ങളെ ഊട്ടാനും ഉടുപ്പിക്കാനും അവർക്കു തലക്കുമീതെ ഒരു കൂര ഉണ്ടായിരിക്കാനും ശ്രമിക്കുമ്പോൾ അഭിമുഖീകരിക്കുന്ന പ്രയാസങ്ങളെ പ്രതിഫലിപ്പിക്കുന്നു.
വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ ബാധിക്കുന്നു. എന്നാൽ വിശ്വാസികൾ ഈ പ്രശ്നങ്ങളെ ഒററക്ക് അഭിമുഖീകരിക്കാൻ വിടപ്പെടുന്നില്ല. യേശു ഒന്നാം നൂററാണ്ടിലെ എളിയ ജനങ്ങളോടു സംസാരിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു: “ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു. അവയെക്കാൾ നിങ്ങൾ വിശേഷമുള്ളവരല്ലയോ?”—മത്തായി 6:26.
യേശു ഇങ്ങനെയും പറഞ്ഞു: “വയലിലെ താമര [ലില്ലികൾ, NW] എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിൻ; അവ അദ്ധ്വാനിക്കുന്നില്ല, നൂൽക്കുന്നതുമില്ല. എന്നാൽ ശലോമോൻ പോലും തന്റെ സർവ്വമഹത്വത്തിലും ഇവയിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല . . . വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ ചമയിക്കുന്നുവെങ്കിൽ, അല്പ വിശ്വാസികളേ, നിങ്ങളെ എത്ര അധികം.”—മത്തായി 6:28-30.
ഒരു ക്രിസ്ത്യാനി ഉപജീവനംതേടാൻ ജോലിചെയ്യേണ്ടതില്ല എന്ന് ഇതിനർത്ഥമുണ്ടോ? തീർച്ചയായുമില്ല! ഒരു ക്രിസ്ത്യാനി തന്റെ ചെലവുകൾ വഹിക്കാൻ ആവശ്യമായിരിക്കുന്നത്ര കഠിനമായി ജോലി ചെയ്യുന്നു. “വേല ചെയ്വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു” എന്നു അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (2 തെസ്സലൊനീക്യർ 3:10) എന്നിരുന്നാലും, ക്രിസ്ത്യാനി ദൈവത്തിന്റെ സ്നേഹപൂർവ്വകമായ പരിപാലനത്തെക്കുറിച്ചു ബോധമുള്ളവനാണ്, തന്റെ സ്വർഗ്ഗീയ പിതാവു തന്നെ കാവൽചെയ്യുന്നുണ്ടെന്നുള്ള വിശ്വാസവുമുണ്ട്. അങ്ങനെ അയാൾക്കു ജീവിതോൽക്കണ്ഠകളാൽ സമനില തെററുന്നില്ല. പ്രയാസകാലങ്ങളിൽപോലും, അയാൾ ആദ്യ കാര്യങ്ങൾ—ആത്മീയ കാര്യങ്ങൾ—ആദ്യം വെക്കുന്നു. “മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും” എന്ന യേശുവിന്റെ വാക്കുകൾ അയാൾ വിശ്വസിക്കുന്നു.—മത്തായി 6:33.