സ്വർഗത്തിലേക്കോ നരകത്തിലേക്കോ പോകുന്നത്?
“നിങ്ങൾ സ്വർഗത്തിലോ നരകത്തിലോ പോകുന്നതിനുള്ള സാധ്യതകൾ എന്തെല്ലാമാണ്?”
മുഖ്യമായും, അത് വ്യത്യസ്ത വിഭാഗങ്ങളിലുള്ള അമേരിക്കക്കാരുടെയിടയിൽ അടുത്തകാലത്തു നടത്തിയ ഒരു സർവേയിൽ ചോദിച്ചതാണ്. അമേരിക്കയിലെ മതം 1992-93 [ഇംഗ്ലീഷ്] എന്ന ഗ്രന്ഥത്തിൽ പ്രിൻസ്ററൺ റിലിജൻ റിസേർച്ച് സെൻറർ അതിന്റെ ഫലം പ്രഖ്യാപിച്ചു.
നിങ്ങൾ എങ്ങനെ ഉത്തരം നൽകുമായിരുന്നു? നിങ്ങളുടെ ഇണ അല്ലെങ്കിൽ പ്രിയപ്പെട്ട മററുള്ളവർ മരിക്കുമ്പോൾ സ്വർഗത്തിൽ പോകുന്നതിനുള്ള സാധ്യതകൾ എന്തെല്ലാമാണ്? നിങ്ങളോ അവരോ ഒടുവിൽ നരകത്തിൽ പോകാൻ സാധ്യതയുണ്ടെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ?
തങ്ങൾ സ്വർഗത്തിൽ പോകുന്നതിനുള്ള മതിയായ അഥവാ മികച്ച സാധ്യതയുണ്ടെന്ന് 78 ശതമാനം വിചാരിച്ചതായി സർവേ കാണിച്ചു, ഏതാണ്ടു 40 വർഷം മുമ്പ് അങ്ങനെ ഉത്തരം നൽകിയവരുടെ സംഖ്യയെക്കാൾ അധികമായിരുന്നു ഇത്. നരകത്തിൽ പോകുന്നതോ? അവിടെ പോകുന്നതിനുള്ള സാധ്യത തീരെ കുറവാണെന്ന് ഏതാണ്ട് 77 ശതമാനം പറഞ്ഞു.
അവരുടെ ഉത്തരങ്ങൾ സൂക്ഷ്മമായ ബൈബിൾ പരിജ്ഞാനത്തിൽ അധിഷ്ഠിതമായിരുന്നുവോ? കൊള്ളാം, മതപരമായ ശുശ്രൂഷകളിലുള്ള തങ്ങളുടെ പങ്കുപററൽ അഞ്ചുവർഷം മുമ്പത്തേതിനെക്കാൾ വളരെ കുറവാണെന്ന് 10-ൽ 4പേർ സമ്മതിച്ചുപറഞ്ഞു. വെറും 28 ശതമാനം ബൈബിൾ അധ്യയന ഗ്രൂപ്പുകളിൽ പങ്കുപററുന്നതായും 27 ശതമാനം മതപരമായ വിദ്യാഭ്യാസ പരിപാടികളിൽ പങ്കെടുക്കുന്നതായും അവകാശപ്പെട്ടു.
നിങ്ങൾ ശ്രദ്ധാപൂർവം ബൈബിൾ പഠിക്കുകയാണെങ്കിൽ അതിശയിപ്പിക്കുന്ന ചില വസ്തുതകൾ കണ്ടെത്തും. ദൃഷ്ടാന്തത്തിന്, ചില ബൈബിൾ പരിഭാഷകൾ പറയുന്നപ്രകാരം യേശു മരിച്ചപ്പോൾ “നരക”ത്തിൽ പോയി എന്നു ബൈബിൾ സ്പഷ്ടമായി പറയുന്നു. (പ്രവൃത്തികൾ 2:31, ജയിംസ് രാജാവിന്റെ ഭാഷാന്തരം; “ഹേഡീസ്,” പുതിയലോക ഭാഷാന്തരം) ദാവീദ് രാജാവും സ്നാപക യോഹന്നാനും മരണത്തിൽ സ്വർഗത്തിൽ പോയില്ല എന്നും ദൈവവചനം തെളിവു നൽകുന്നു. (മത്തായി 11:11; പ്രവൃത്തികൾ 2:29) അവ യഥാർഥ വസ്തുതകളാണ് അല്ലാതെ ഒരു മതസർവേയിൽനിന്നുള്ള അഭിപ്രായങ്ങളല്ല.
നിങ്ങളെ സ്പർശിച്ചേക്കാവുന്ന മററു വസ്തുതകൾ: യേശുവിനോടൊപ്പം ഭരിക്കുന്നതിനു യേശുവിന്റെ അപ്പോസ്തലൻമാരും മററുള്ളവരുടെ ഒരു ചെറുകൂട്ടവും സ്വർഗത്തിലേക്ക് എടുക്കപ്പെടുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. എന്നിരുന്നാലും, മരിച്ചവരിൽ ഭൂരിപക്ഷംപേരും മനുഷ്യവർഗത്തിന്റെ പൊതു ശവക്കുഴിയിലേക്കു പോയിരിക്കുന്നു. ദൈവം അവരെ പുനരുത്ഥാനത്തിലേക്കു വരുത്തുകയും പൂർണവും സന്തുഷ്ടവും അനന്തവുമായ ജീവിതം ആസ്വദിക്കുന്നതിനുള്ള പ്രത്യാശയോടൊപ്പം അവരെ പുനഃസ്ഥാപിക്കപ്പെട്ട ഭൗമിക പറുദീസയിലെ ജീവനിലേക്കു വരുത്തുകയും ചെയ്യും.
ആ പ്രത്യാശയ്ക്കുള്ള വിശ്വസനീയമായ അടിസ്ഥാനം നിങ്ങളുടെ ബൈബിളിൽനിന്നു സ്ഥിരീകരിക്കുന്നതിനു യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്.