പത്തു വർഷമായി ഏകകാലികം!
പത്തു വർഷം മുമ്പ് വീക്ഷാഗോപുരം മാസികയുടെ സ്പാനീഷ് പതിപ്പ് ഇംഗ്ലീഷിലെ അതിന്റെ പതിപ്പുമായി ഏകകാലികമായി പ്രസിദ്ധീകരിക്കപ്പെടാൻ തുടങ്ങിയപ്പോൾ, തനിക്ക് എങ്ങനെ അനുഭവപ്പെട്ടുവെന്നു ചോദിച്ചപ്പോൾ ഒരു പ്രിയപ്പെട്ട സ്പാനീഷ് സഹോദരി ഇപ്രകാരം പ്രതികരിച്ചു: ‘ഇത് ഒരനുഗ്രഹമാണെന്നു ഞങ്ങൾ വിചാരിക്കുന്നു, കാരണം ഇപ്പോൾ ഞങ്ങൾ ഇംഗ്ലീഷിനു സമം അല്ലെങ്കിൽ നിങ്ങൾ പറയുംപോലെ ഇംഗ്ലീഷിനോടൊപ്പം എത്തിയിരിക്കുന്നു. ഇംഗ്ലീഷ് എന്നു പറയുമ്പോൾ ഞാൻ എല്ലായ്പോഴും സ്ഥാപനത്തെക്കുറിച്ചു ചിന്തിച്ചുപോവുന്നു. ഞങ്ങൾ സ്ഥാപനത്തെ “അമ്മ”യെന്നു വിളിക്കുന്നു. ഞങ്ങൾക്കു വലിയൊരടുപ്പം തോന്നുന്നു. എത്ര മനോഹരം, എന്തൊരാശ്ചര്യം!’
ഈ വിശ്വസ്ത സഹോദരി ഇംഗ്ലീഷ് വായിക്കാത്ത പലരുടെയും വികാരങ്ങളാണു പ്രകടിപ്പിച്ചത്. പോയ വർഷങ്ങളിൽ, ഇംഗ്ലീഷിൽ പ്രസിദ്ധീകരിക്കപ്പെട്ട് ഏതാണ്ട് ആറു മാസം കഴിഞ്ഞാണു വീക്ഷാഗോപുരത്തിന്റെ സ്പാനീഷ് പതിപ്പിൽ അതേ ലേഖനങ്ങൾ വന്നിരുന്നത്. മററു ഭാഷകൾക്കും സമാനമായ താമസം നേരിട്ടു. മനസ്സിലാക്കാവുന്നപോലെ ഒരേ വിവരങ്ങൾ ഒരേ സമയം പല ഭാഷകളിൽ പ്രസിദ്ധീകരിക്കാനുള്ള ആഗ്രഹം വളരെ പ്രബലമായിരുന്നു.
ആദ്യമായി ഇംഗ്ലീഷ് പതിപ്പുമായി ഏകകാലികമായിത്തീർന്നത് സ്പാനീഷ് പതിപ്പായിരുന്നു, അത് 1984 ഏപ്രിൽ 1-ാം ലക്കം മുതലായിരുന്നു. മററു പല ഭാഷകളും ഉടൻതന്നെ ഏകകാലികമായിത്തീർന്നു. 1985 ആരംഭമായപ്പോഴേക്കും 23 ഭാഷകളിൽ ഏകകാലിക പതിപ്പുകൾ ആയിക്കഴിഞ്ഞിരുന്നു. പരിഭാഷകരെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും ചെയ്തപ്പോൾ കൂടുതൽ ഭാഷകളിലുള്ള പതിപ്പുകൾ ഇംഗ്ലീഷിനൊപ്പമെത്തി.
വീക്ഷാഗോപുരത്തിന്റെ ഈ ലക്കം ഏകകാലിക പ്രസിദ്ധീകരണത്തിന്റെ 10-ാം വർഷത്തെ കുറിക്കുന്നു. വീക്ഷാഗോപുരം ഇപ്പോൾ 116 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു, അവയിൽ 85 ഭാഷകളിൽ പ്രസിദ്ധീകരണം ഏകകാലികമാണ്. വീക്ഷാഗോപുരത്തിന്റെ മൊത്ത ശരാശരിയായ 1,61,00,000 കോപ്പികളുടെ 99.3 ശതമാനവും ഒരേ മുഖചിത്രം, ലേഖനങ്ങൾ എന്നിവയോടു കൂടെ ഉത്പാദിപ്പിക്കപ്പെടുന്നു എന്നാണിതിന്റെ അർഥം. വാരംതോറുമുള്ള വീക്ഷാഗോപുര അധ്യയനത്തിൽ പങ്കെടുക്കുന്നവരിൽ 95 ശതമാനവും ഒരേ സമയത്ത് ഒരേ വിവരം തന്നെ പരിചിന്തിക്കുന്നു.
വീക്ഷാഗോപുരത്തിന്റെ കൂട്ടുമാസികയായ ഉണരുക! അതിന്റെ 74 ഭാഷകളിൽ 37 ഭാഷകളിലും ഏകകാലികമായാണു പ്രസിദ്ധീകരിക്കപ്പെടുന്നത്. വർഷംതോറുമുള്ള യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 18 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെടുന്നു. അത്തരം ഏകകാലിക പ്രസിദ്ധീകരണം ദൈവജനത്തെ “ഏകമനസ്സിലും ഏകാഭിപ്രായത്തിലും” ഒന്നിപ്പിക്കാൻ ഉതകുന്നു.—1 കൊരിന്ത്യർ 1:10.