അബ്രഹാം—ഇവിടെ സംസ്കരിച്ചു, എന്നിട്ടും ജീവിച്ചിരിക്കുന്നുവോ?
യഹൂദർ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ മുതലായവർ നൂററാണ്ടുകളായി ഈ സ്ഥലത്തേക്ക് തീർഥയാത്ര നടത്തുന്നു.
ഈ സ്ഥലം നിങ്ങൾക്കും സന്ദർശിക്കാം. യെരുശലേമിനു തെക്കുള്ള ഹെബ്രോൻ എന്ന പുരാതന നഗരത്തിലാണിത്. ഹരീം ഏൽ കലീൽ, ഗോത്രപിതാക്കൻമാരുടെ ശവകുടീരം എന്നിങ്ങനെയാണ് ഈ നിർമിതവസ്തു അറിയപ്പെടുന്നത്. അതേ, ഗോത്രപിതാക്കൻമാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരുടെയും യഥാക്രമം അവരുടെ ഭാര്യമാരായ സാറാ, റിബേക്കാ, ലേയാ എന്നിവരുടെയും ശവമടക്കിയിരിക്കുന്ന സ്ഥലമായി ഇത് പരക്കെ അംഗീകരിക്കപ്പെടുന്നു.
തന്റെ പ്രിയപ്പെട്ട ഭാര്യ സാറായുടെ മരണത്തെത്തുടർന്ന് അബ്രഹാം ഒരു ശ്മശാനസ്ഥലമെന്ന നിലയിൽ ഹെബ്രോനിനടുത്തുള്ള മക്പേലായിലെ ഗുഹയും കുറച്ചു സ്ഥലവും വാങ്ങിയ കാര്യം ബൈബിളിൽനിന്ന് ഓർക്കുക. (ഉല്പത്തി 23:2-20) പിന്നീട്, അബ്രഹാമിനെയും മററു പല കുടുംബാംഗങ്ങളെയും അവിടെ അടക്കം ചെയ്തു. നൂററാണ്ടുകൾ കഴിഞ്ഞ്, ഈ പരമ്പരാഗത ശ്മശാനസ്ഥലത്തിനു ചുററും മഹാനായ ഹെരോദ് ചേതോഹരങ്ങളായ കെട്ടിടങ്ങൾ പണികഴിപ്പിച്ചു. പിൽക്കാലത്ത് അതു കീഴടക്കിയവർ അവയ്ക്ക് രൂപഭേദം വരുത്തുകയും വലുതാക്കുകയും ചെയ്തു. അതിലെല്ലാം അവരുടെ മതവിശ്വാസങ്ങൾ പ്രതിഫലിപ്പിക്കുകയും ചെയ്തു.
അകത്തേക്കു പ്രവേശിക്കുന്നതോടെ നിങ്ങൾക്ക് ആറു സ്മാരകസ്തൂപങ്ങൾ (സ്മാരകങ്ങളോ ശൂന്യ കല്ലറകളോ) കാണാം. അബ്രഹാമിന്റെ പുത്രനായ ഇസഹാക്കിന്റേത് ഇൻസെററിൽ കാണാം. അതിനടുത്തായി കാണുന്ന തറയിലെ ദ്വാരങ്ങളിലൂടെയാണ് താഴേക്ക് ഇറങ്ങിയിരുന്നത്. എണ്ണമററ പുരാതന അസ്ഥികൾ നിക്ഷേപിച്ചിരിക്കാൻ ഇടയുള്ള അറകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അബ്രഹാമിന്റെ കാര്യമോ? ഈ സ്ഥലത്തിനു കീഴെയുള്ള ഗുഹയിൽ അബ്രഹാമിനെ സംസ്കരിച്ചിരുന്നെങ്കിൽ, അദ്ദേഹം എത്രയോ നാളുകൾക്കുമുമ്പു മരിച്ചിരിക്കണം, ശരിയല്ലേ? മിക്ക സന്ദർശകരും ഇതിനോടു യോജിക്കും. എന്നിട്ടും, ഒരർഥത്തിൽ അബ്രഹാം ഇപ്പോഴും ജീവിക്കുന്നു എന്ന് അബ്രഹാമിനെക്കാളും വലിയ ഒരു പ്രവാചകൻ പറഞ്ഞു. എങ്ങനെ? ഇതിനു നിങ്ങളുടെ വിശ്വാസത്തിൻമേൽ എന്തു ഫലമുണ്ടാക്കാൻ കഴിയും?
ദയവായി, “നിങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവർ—അവർ എവിടെയാണ്?” (പേജ് 3) എന്ന ലേഖനം കാണുക. അത് അബ്രഹാം ജീവിച്ചിരിക്കുന്നതു സംബന്ധിച്ചു വലിയ പ്രവാചകൻ പറഞ്ഞത് അവതരിപ്പിക്കുന്നു. പ്രസ്തുത വിവരം നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും അളവററ മൂല്യമുള്ളതാകാം.