‘ഞാൻ അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കുന്നു’
“ഞാൻ എവിടെനിന്നു വന്നു?” മിക്ക യുവജനങ്ങളും ഒരിക്കലല്ലെങ്കിൽ മറെറാരിക്കൽ ചോദിക്കുന്ന ഒരു ചോദ്യമാണിത്. കുട്ടികൾ വളരുന്നതോടെ അവരുടെ ചോദ്യം കൂടുതൽ ഗാംഭീര്യമുള്ളതായിത്തീരുന്നു: “ജീവൻ എവിടെനിന്ന് ഉരുത്തിരിഞ്ഞു?” ആയിരക്കണക്കിനു വർഷങ്ങളായി ഈ ചോദ്യത്തെക്കുറിച്ചു ചർച്ച നടത്തിയിട്ടുണ്ട്. ജീവന്റെ ഉത്ഭവം സംബന്ധിച്ചുള്ള ആശയക്കുഴപ്പത്തിന് ഏററവും ന്യായയുക്തമായ ഉത്തരമായി ഇപ്പോൾ ശാസ്ത്രജ്ഞൻമാർ പരിണാമത്തെ വീക്ഷിക്കുന്നു. അടിസ്ഥാനമായി പറഞ്ഞാൽ ജീവൻ യദൃച്ഛാ ഉരുത്തിരിഞ്ഞുവെന്നാണ് ശാസ്ത്രജ്ഞൻമാരുടെ വിശദീകരണം.
ഏതാണ്ട് 3,000 വർഷംമുമ്പ് ദാവീദ് രാജാവ് എഴുതി: “ഞാൻ ഭയജനകമായ ഒരു വിധത്തിൽ അത്ഭുതകരമായി നിർമിക്കപ്പെട്ടിരിക്കു”ന്നു. (സങ്കീർത്തനം 139:14, NW) ജീവിതത്തെക്കുറിച്ചു നാം കൂടുതൽ അറിയുമ്പോൾ ആ വാക്കുകളിൽ കൂടുതൽ സത്യം ഉൾക്കൊള്ളുന്നതായി നാം തിരിച്ചറിയും. “ജീവന്റെ സങ്കീർണത സംബന്ധിച്ച് ജീവരസതന്ത്രജ്ഞൻമാർ കൂടുതൽ കൂടുതൽ തെളിവുകൾ കണ്ടുപിടിക്കുന്നതിന്റെ അടിസ്ഥാനത്തിൽ, അതു യദൃച്ഛയാ സംഭവിക്കുന്നതിനുള്ള സാധ്യത തീരെ ഇല്ലാത്തതിനാൽ അത് അപ്പാടെ തള്ളിക്കളയാനാവുമെന്നത് വ്യക്തമാണ്. ജീവൻ യദൃച്ഛയാ ഉരുത്തിരിഞ്ഞിരിക്കാൻ വഴിയില്ല” എന്ന് ഭൗതികശാസ്ത്രജ്ഞനായ ഫ്രെഡ് ഹോയ്ൽ എഴുതി.
എങ്കിൽപ്പിന്നെ ജീവന്റെ ഉറവിടം എന്ത് ആകുന്നു? ഈ മാസികയിലെ ആദ്യത്തെ രണ്ടു ലേഖനങ്ങൾ ആ ചോദ്യം ചർച്ചചെയ്യുന്നു. നിങ്ങൾ കൂടുതൽ വിവരങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ദയവായി Watch Tower, H-58 Old Khandala Road, Lonavla 410 401, Mah. India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.