വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ആദ്യം ഹവ്വായും പിന്നീട് ആദാമും തിന്ന നൻമതിൻമകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലമായ വിലക്കപ്പെട്ട കനി ആപ്പിൾ ആയിരുന്നോ?
നമുക്കറിഞ്ഞുകൂടാ. ‘വിലക്കപ്പെട്ട കനി’ ആപ്പിൾ ആയിരുന്നുവെന്ന് അനേകർ കരുതുന്നു. കൂടാതെ, നൂററാണ്ടുകളായി ചിത്രകാരൻമാർ മിക്കപ്പോഴും അതേവിധത്തിലാണ് വർണിച്ചിരിക്കുന്നതും. എന്നാൽ വൃക്ഷത്തിന്റെയോ ഫലത്തിന്റെയോ പേര് ബൈബിൾ നൽകുന്നില്ല. “തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം” എന്നു മാത്രമേ ഹവ്വാ അതേക്കുറിച്ചു പരാമർശിക്കുന്നുള്ളൂ.—ഉല്പത്തി 3:3.
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച(ഇംഗ്ലീഷ്)യിൽ കൊടുത്തിരിക്കുന്ന “ആപ്പിൾ” എന്ന ലേഖനം ഇതിനോടുള്ള ബന്ധത്തിൽ രസകരമായ വിവരങ്ങൾ നൽകുന്നു.
“ടപ്പുവാക് എന്ന എബ്രായ പദംകൊണ്ട് അർഥമാക്കുന്ന വൃക്ഷത്തിന്റെയും ഫലത്തിന്റെയും താദാത്മ്യം സംബന്ധിച്ച് ധാരാളം അഭ്യൂഹങ്ങൾ നിലവിലുണ്ട്. അത് നറുമണം അഥവാ പരിമളം നിമിത്തം തിരിച്ചറിയപ്പെടുന്ന വസ്തു എന്ന് ആ പദംതന്നെ സൂചിപ്പിക്കുന്നു. നാപാക് എന്ന മൂലപദത്തിൽനിന്നാണ് അതു വന്നിരിക്കുന്നത്. അതിന്റെ അർഥം ‘ഊതുക, ദ്രുതഗതിയിൽ ശ്വാസോച്ഛ്വാസം ചെയ്യുക, ശ്വാസമെടുക്കാൻ ആയാസപ്പെടുക’ എന്നാണ്. (ഉല്പ 2:7; ഇയ്യോ 31:39; യിരെ 15:9) ഇതു സംബന്ധിച്ച് എം. സി. ഫിഷർ ഇങ്ങനെ എഴുതി: ‘[നാപാകിനോടു ബന്ധപ്പെടുത്തിയുള്ള] അർഥം അൽപ്പം അധികപ്പററായില്ലേ എന്നു സംജ്ഞാശാസ്ത്രപ്രകാരം ആദ്യം തോന്നും. എന്നാൽ, “ശ്വസിക്കുക,” “ഒരു സുഗന്ധം ഉച്ഛ്വസിക്കുക” എന്നീ ആശയങ്ങൾ ബന്ധമുള്ളവയാണ്. പൂവാ എന്ന സമാന്തരപദം (കാററ്) “ഊതുക” എന്നും “ആസ്വാദ്യമായ ഒരു സുഗന്ധം, ഒരു നറുമണം ഉച്ഛ്വസിക്കുക” എന്നും അർഥമാക്കും’”—ആർ. എൽ. ഹാരിസ് 1980-ൽ പ്രസാധനം ചെയ്ത തിയോളജിക്കൽ വേർഡ്ബുക്ക് ഓഫ് ദി ഓൾഡ് ടെസ്ററമെൻറ്, 1980, വാല്യം 2, പേ. 586.
“ആപ്പിളിന്റെ സ്ഥാനത്ത് ഓറഞ്ച്, മാതളനാരങ്ങ, ശീമമാതളം, ശീമബദാംപഴം (ആപ്രിക്കോട്ട്) എന്നിവ ഉൾപ്പെടെ അനേകം ഫലങ്ങൾ നിർദേശിച്ചിട്ടുണ്ട്. . . . എന്നിരുന്നാലും, ബന്ധപ്പെട്ട അറബി പദമായ ററുഫാക് എന്ന പദത്തിന്റെ പ്രഥമ അർഥം ‘ആപ്പിൾ’ എന്നാണ്. കൂടാതെ, ഈ പദപ്രയോഗത്തിലൂടെ തപ്പൂഹ, ബേത്ത് തപ്പൂഹ എന്നീ എബ്രായ സ്ഥലനാമങ്ങൾ (അങ്ങനെ പേരുവരാൻ കാരണം ഈ ഫലം അവിടെ ധാരാളം ലഭ്യമാണെന്നതാകാം) അതിനു തത്തുല്യമായ അറേബ്യൻ പദങ്ങളിൽ നിലനിർത്തിയിരിക്കുന്നു എന്നതു ശ്രദ്ധേയമാണ്. (യോശു 12:17; 15:34, 53; 16:8; 17:8) ഈ സ്ഥലങ്ങൾ താഴ്ന്നപ്രദേശത്തായിരുന്നില്ല മറിച്ച്, മലമ്പ്രദേശത്തായിരുന്നു. അവിടെ ഏതാണ്ട് മിതമായ കാലാവസ്ഥയായിരുന്നു. അതിനുപുറമേ, കഴിഞ്ഞകാലത്ത് കാലാവസ്ഥയിലുണ്ടായിട്ടുള്ള മാററങ്ങൾ നിരുപാധികം തള്ളിക്കളയാവുന്നതല്ല. ആപ്പിൾ മരങ്ങൾ ഇന്നും ഇസ്രായേലിൽ വളരുന്നുണ്ട്. തൻമൂലം ബൈബിളിന്റെ വിവരണത്തോട് അത് തൃപ്തികരമാംവിധം ഒത്തുപോകുന്നുണ്ട്. കഴിഞ്ഞ നൂററാണ്ടിൽ സിറിയയിലും പാലസ്തീനിലും ധാരാളം വർഷങ്ങൾ ചെലവഴിച്ച വില്യം തോംസൺ ആപ്പിൾത്തോട്ടങ്ങൾ ഫിലിസ്ത്യായിലെ സമതലപ്രദേശത്തുള്ള അഷ്കലോനിൽ കണ്ടെത്തിയതായിപോലും റിപ്പോർട്ടു ചെയ്തതായി പറയപ്പെടുന്നു.—ദേശവും ഗ്രന്ഥവും (ഇംഗ്ലീഷ്), 1910-ൽ ജെ. ഗ്രാൻഡെ പരിഷ്കരിച്ചെഴുതിയ പുസ്തകത്തിന്റെ 545, 546 പേജുകൾ.
“ആപ്പിൾ മരത്തെക്കുറിച്ച് (പൈറസ് മാലസ്) പ്രധാനമായും ശലോമോന്റെ ഉത്തമഗീതത്തിലാണ് സൂചിപ്പിച്ചിരിക്കുന്നത്. ശൂലേംകാരി പെൺകുട്ടിയുടെ ഇടയ സുഹൃത്തിന്റെ പ്രണയ പ്രകടനങ്ങളെ ആപ്പിൾ മരത്തിന്റെ സുഖകരമായ തണലിനോടും അതിന്റെ ഫലത്തിന്റെ മാധുര്യത്തോടും താരതമ്യം ചെയ്തിരിക്കുന്നു. (ഉത്ത 2:3, 5) തിരിച്ച്, അയാൾ അവളുടെ നിശ്വാസഗന്ധത്തെ ആപ്പിളിന്റെ നറുമണത്തോടു തുലനം ചെയ്യുന്നു. (ഉത്ത 7:8; ഇതുകൂടെ കാണുക: 8:5.) തക്കസമയത്തെ, ഉചിതമായ വാക്കുകളെ സദൃശവാക്യം (25:11, [ഓശാന ബൈബിൾ]) ‘വെള്ളിത്താലത്തിൽ വച്ച സ്വർണ ആപ്പിൾ പഴങ്ങളോടു’ തുലനം ചെയ്തിരിക്കുന്നു. ആപ്പിളിനെക്കുറിച്ചു വീണ്ടും ഒരേയൊരു സ്ഥലത്തുകൂടിയേ പരാമർശിക്കുന്നുള്ളൂ: യോവേൽ 1:12. ഏദനിലെ വിലക്കപ്പെട്ട കനിയാണ് ആപ്പിൾ എന്ന പൊതുധാരണക്ക് തിരുവെഴുത്തുപരമായ യാതൊരു പിന്തുണയുമില്ല. സമാനമായി, ജയിംസ് രാജാവിന്റെ ഭാഷാന്തരത്തിൽ (സങ്കീ 17:8, സദൃ 7:2; കൂടാതെ, മററു തിരുവെഴുത്തുകളിലും) കൊടുത്തിരിക്കുന്ന ‘കണ്ണിലെ ആപ്പിൾ’ എന്ന പ്രയോഗം ഒരു എബ്രായ പദപ്രയോഗമല്ല. അതിന്റെ അക്ഷരീയ പരിഭാഷ ‘[ഒരുവന്റെ] കണ്ണിലെ കൃഷ്ണമണി’ എന്നാണ്.”—1988-ൽ വാച്ച്ടവർ ബൈബിൾ സൊസൈററി പ്രസിദ്ധീകരിച്ച തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 1, പേജുകൾ 131-2.