‘അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ പിന്തുടരുന്നു’
ആയിരത്തിത്തൊള്ളായിരത്തിതൊണ്ണൂററിനാല് ജൂലൈ 28, രാവിലെ 8:50-നു ജോർജ് ഡി. ഗാംഗസിന്റെ ഭൗമികജീവിതഗതി അവസാനിച്ചു. അഭിഷിക്തരിൽപ്പെട്ട ഈ 98 വയസ്സുകാരൻ, ജോർജ് ഗാംഗസ്, 1971 ഒക്ടോബർ 15 മുതൽ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായിരുന്നു.
നീതിയോടുള്ള ഗാംഗസ് സഹോദരന്റെ സ്നേഹത്തെയും ദുഷ്ടതയോടുള്ള വെറുപ്പിനെയും കുറിച്ച് അദ്ദേഹവുമായി വ്യക്തിപരമായി അടുത്ത് ഇടപഴകിയിട്ടുള്ളവർക്കൊക്കെ അറിയാമായിരുന്നു. അദ്ദേഹം സാത്താനെ വർണിക്കുന്ന വിധം അവർക്കു നല്ല ഓർമയുണ്ട്, മയമില്ലാത്ത, രാക്ഷസീയ, ദുഷ്ട, അധമ, നികൃഷ്ട നുണയനായി അദ്ദേഹം അവനെ ആവർത്തിച്ചു വർണിച്ചു. അതിനു നേർവിപരീതമായി, സ്നേഹനിധിയായ, ദയാവായ്പുള്ള, സഹാനുഭൂതിയുള്ള, ആർദ്രതയുള്ള, കരുതലുള്ള ഒരു പിതാവായി അദ്ദേഹം യഹോവയെക്കുറിച്ചു സംസാരിച്ചു. ബൈബിൾചോദ്യങ്ങൾ ചോദിക്കാനുള്ള അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യത്തെക്കുറിച്ചും അനേകർക്ക് ഓർമയുണ്ട്. ഏതു സംഭാഷണത്തിലായാലും, അദ്ദേഹം ചോദ്യങ്ങൾ തൊടുത്തുവിടാതിരിക്കില്ല—ചിലതു ലളിതമാണെങ്കിൽ, മററു ചിലതു കുഴപ്പിക്കുന്നതായിരിക്കും. തീർച്ചയായും, അദ്ദേഹം ബൈബിൾസത്യത്തെ സ്നേഹിച്ചു.
ഗാംഗസ് സഹോദരൻ സ്നാപനമേററത് 1921 ജൂലൈ 15-നായിരുന്നു. 1928 മാർച്ചിൽ അദ്ദേഹം തന്റെ ജീവിതഗതി എന്നനിലയിൽ മുഴുസമയ പ്രസംഗവേലയിൽ (പയനിയറിങ്) പ്രവേശിച്ചു. അങ്ങനെ, ആകെക്കൂടി അദ്ദേഹത്തിന് 66 വർഷം മുഴുസമയ സേവനം ചെയ്യാൻ സാധിച്ചു. 1928 ഒക്ടോബർ 31-ന് അദ്ദേഹം വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററിയുടെ ആസ്ഥാന സ്ററാഫ് അംഗങ്ങളിൽ ഒരുവനായിത്തീർന്നു.
1966 ഒക്ടോബർ 15 വീക്ഷാഗോപുരം (ഇംഗ്ലീഷ്) ലക്കത്തിൽ അദ്ദേഹത്തിന്റെ ജീവചരിത്രം വന്നിട്ടുണ്ട്. അതു ദൈവത്തിന്റെ ഒരു യഥാർഥ ആത്മീയ മനുഷ്യനെ വർണിക്കുന്നു. ആ ലേഖനത്തിൽ അദ്ദേഹം പിൻവരുന്ന ഹൃദയോഷ്മളമായ ആശയപ്രകടനം നടത്തുകയുണ്ടായി: “ഞാൻ ജീവനെ സ്നേഹിക്കുകയും എന്റെ സഹോദരങ്ങൾ ജീവൻ നേടാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അപ്പോസ്തലനായ പൗലോസിനെപ്പോലെ, ഞാനും ‘ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം എല്ലാം [“മററു സംഗതികളെല്ലാം,” NW] ചേതം’ എന്നു കരുതുന്നു.”—ഫിലിപ്പിയർ 3:8.
തീർച്ചയായും ജീവനെ സ്നേഹിച്ചിരുന്നുവെന്നു പ്രവൃത്തികളാൽ പ്രകടമാക്കിയ ഗാംഗസ് സഹോദരൻ ‘ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനം’ മററുള്ളവരുമായി പങ്കുവെക്കുന്നതിൽ ഉത്സുകനായിരുന്നു. അദ്ദേഹം നമ്മോടുകൂടെ ഇല്ലാത്തതിൽ നമുക്കു വിഷമമുണ്ട്. എന്നാൽ അദ്ദേഹത്തിനിപ്പോൾ തന്റെ സ്വർഗീയ പ്രതിഫലം ലഭിച്ചിട്ടുണ്ട് എന്നതിൽ നമുക്ക് എന്തൊരു ആഹ്ലാദമാണ്! ഇപ്പോൾ, ‘അദ്ദേഹം തന്റെ അധ്വാനത്തിൽനിന്നു വിരമിച്ചു സ്വസ്ഥനാകും. അദ്ദേഹത്തിന്റെ പ്രവൃത്തികൾ അദ്ദേഹത്തെ അനുഗമിക്കും.’—വെളിപാട് 14:13, ന്യൂ ഇൻറർനാഷണൽ വേർഷൻ.