സൃഷ്ടിപരത—ദൈവത്തിൽനിന്നുള്ള ഔദാര്യപൂർവമായ ഒരു ദാനം
യഹോവ സൃഷ്ടിപരമായ വേലകളിൽ സന്തോഷിക്കുന്നു. (സങ്കീർത്തനം 104:31) സൃഷ്ടിപ്പിൻ പ്രവൃത്തികളിൽനിന്ന് അവനു ലഭിക്കുന്ന ആഴമായ സംതൃപ്തി ഉല്പത്തി 1:31-ൽ പ്രകടിപ്പിച്ചിരിക്കുന്നു: “താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.”
ഈ സന്തോഷം തനിക്കുമാത്രം മതിയെന്നു യഹോവ വിചാരിച്ചില്ല. മററുള്ള സകലതും സൃഷ്ടിക്കുന്നതിൽ പ്രതിനിധി, അഥവാ ഉപാധി ആയിരിക്കുവാനുള്ള പദവി അവൻ യേശുവിനു കൊടുത്തു. (യോഹന്നാൻ 1:3; കൊലൊസ്സ്യർ 1:16, 17) “ശില്പി” എന്നനിലയിൽ, യേശു “ഇടവിടാതെ അവന്റെ [യഹോവയുടെ] മുമ്പിൽ വിനോദിച്ചുകൊണ്ടിരുന്നു.”—സദൃശവാക്യങ്ങൾ 8:30, 31.
എന്നാൽ സൃഷ്ടിപരമായ കഴിവു സ്വർഗത്തിൽ മാത്രമല്ല ഉള്ളത്. “അതിനെ മനുഷ്യവർഗത്തിൽ ആന്തരികമായി പിടിപ്പിച്ചിരിക്കുന്നു,” നിങ്ങൾ എത്രമാത്രം സൃഷ്ടിപരമാണ്? (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ യൂജിൻ റൗഡ്സെപ് എഴുതുന്നു. ഇതു കേവലം ഒത്തുവന്നതല്ല, കാരണം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നതു ദൈവത്തിന്റെ ഛായയിലാണ്. (ഉല്പത്തി 1:26) അങ്ങനെ, യഹോവ സംതൃപ്തിദായകമായ, സൃഷ്ടിപരമായ പ്രാപ്തികൾ നൽകി മനുഷ്യവർഗത്തെ അനുഗ്രഹിച്ചിരിക്കുന്നു.—യാക്കോബ് 1:17.
അതുകൊണ്ട്, പാട്ട്, നൃത്തം, നെയ്ത്ത്, പാചകം, കരകൗശലപ്പണികൾ, സൃഷ്ടിപരമായ മററു ക്രിയാത്മക പണികൾ എന്നിവയെക്കുറിച്ചെല്ലാം ബൈബിൾ പുകഴ്ചയായി സംസാരിക്കുന്നതിൽ അതിശയിക്കാനില്ല. (പുറപ്പാടു 35:25, 26; 1 ശമൂവേൽ 8:13; 18:6, 7; 2 ദിനവൃത്താന്തം 2:13, 14) “സാമഗ്രികൾ രൂപകല്പന ചെയ്യുന്ന”തിൽ തന്റെ കഴിവ് ഉപയോഗിച്ചുകൊണ്ട് ഒരു കരകൗശലപ്പണിക്കാരനായ ബെസലേൽ സമാഗമനകൂടാരപ്പണിയിൽ സഹായിച്ചു. (പുറപ്പാട് 31:3, 4, NW) നാടോടികളായി ജീവിക്കുന്നവർക്കു സൗകര്യമായി ഉപയോഗിക്കാവുന്ന ഒന്നാണല്ലോ കൂടാരം. സൃഷ്ടിപരമായ ഈ കണ്ടുപിടിത്തം നടത്തിയത് ഇടയനായ യാബാൽ ആയിരിക്കാം. (ഉല്പത്തി 4:20) ദാവീദ് ഒരു ഗായകനും സംഗീതസംവിധായകനും മാത്രമായിരുന്നില്ല, പുതിയ വാദ്യോപകരണങ്ങൾ രൂപകല്പന ചെയ്യുന്നവനുമായിരുന്നു. (2 ദിനവൃത്താന്തം 7:6; സങ്കീർത്തനം 7:17; ആമോസ് 6:5) ചെങ്കടലിലൂടെയുള്ള ഇസ്രായേൽ ജനതയുടെ വിമോചനം ആഘോഷിച്ചുകൊണ്ടുള്ള ഉല്ലാസനൃത്തം സംവിധാനം ചെയ്തത് മിര്യം ആയിരിക്കാം.—പുറപ്പാടു 15:20.
സത്യാരാധനയുടെ ഉന്നമനത്തിൽ സൃഷ്ടിപരത പലപ്പോഴും ഒരു മുതൽക്കൂട്ടാണ്. യേശു തന്റെ സന്ദേശം മററുള്ളവരിലേക്കു പകരാൻ ദൃഷ്ടാന്തങ്ങളും ദൃഷ്ടാന്തപാഠങ്ങളും സൃഷ്ടിപരമായി ഉപയോഗിച്ചു. അതുപോലെ, “പ്രസംഗിക്കുന്നതിലും പഠിപ്പിക്കുന്നതിലും കഠിനാധ്വാനം” ചെയ്യാൻ അവന്റെ അനുഗാമികൾ ഉദ്ബോധിപ്പിക്കപ്പെടുന്നു. (1 തിമോത്തി 5:17, NW) അതേ, അവരുടെ പ്രസംഗവേല ദിനചര്യയിൽപ്പെട്ട കേവലം ഒരു പ്രവൃത്തിയല്ല. സൃഷ്ടിപരമായ പഠിപ്പിക്കൽ രീതികൾ ആവശ്യമുള്ള ഒരു കലയാണത്. (കൊലൊസ്സ്യർ 4:6) ഒരുവന്റെ കുട്ടികളെ പഠിപ്പിക്കുമ്പോൾ ഇതു വിശേഷാൽ മർമപ്രധാനമാണ്.—ആവർത്തനപുസ്തകം 6:6, 7; എഫെസ്യർ 6:4.
അങ്ങനെ, സൃഷ്ടിക്കുന്നതിൽ തനിക്കു ലഭിക്കുന്ന സന്തോഷം യഹോവ മററുള്ളവരുമായി പങ്കുവെക്കുന്നു. എന്തൊരു ഔദാര്യപൂർവമായ ദാനം!