പ്രജനന-യുദ്ധ ദേവിമാർ
സിറിയയിലെ എബ്ലയിൽ ഒരു പുരാവസ്തു ഗവേഷണം നടത്തിയപ്പോൾ പ്രജനനത്തിന്റെയും യുദ്ധത്തിന്റെയും ബാബിലോന്യ ദേവിയായ ഇഷ്ടാറിനെ ചിത്രീകരിക്കുന്ന ഒരു പുരാവസ്തു അവശിഷ്ടം കണ്ടുപിടിക്കപ്പെട്ടു. “ഉയരമുള്ള കൃശമായ ഒരു താങ്ങുതണ്ടിന്മേൽ ശിരസ്സ് ഉറപ്പിച്ചിരിക്കുന്ന . . . അസാധാരണമായ ഒരു ദിവ്യ പ്രതിമയുടെ മുമ്പിൽ മൂടുപടമണിഞ്ഞുനിൽക്കുന്ന ഒരു പുരോഹിതയെ ചിത്രീകരിക്കുന്ന ഒരു പൂജാരംഗത്തോടുകൂടിയ സിലണ്ടർ ആകൃതിയിലുള്ള മുദ്ര”യായി പുരാവസ്തു ഗവേഷകനായ പൗലോ മാത്തേയ് അതിനെ വർണിക്കുന്നു.
ആ കണ്ടുപിടിത്തം പ്രാധാന്യമുള്ള ഒന്നാണ്. കാരണം ആ വിഗ്രഹം പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 18-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലുള്ളതാണ്. മാത്തേയ് പറയുന്നതനുസരിച്ച്, ഇഷ്ടാർ ആരാധനയ്ക്ക് 2,000 വർഷത്തെ പഴക്കമുള്ളതായി അതു “തർക്കമറ്റ തെളിവ്” നൽകുന്നു.
ഇഷ്ടാർ ആരാധന തുടങ്ങിയതു ബാബിലോനിലാണ്. തുടർന്നുവന്ന നൂറ്റാണ്ടുകളിൽ അതു റോമാ സാമ്രാജ്യത്തിലുടനീളം വ്യാപിച്ചു. വാഗ്ദത്ത ദേശത്തുനിന്നു വ്യാജാരാധനയുടെ സകല കണികകളും തുടച്ചുനീക്കാൻ യഹോവ ഇസ്രായേല്യരോടു കൽപ്പിച്ചു. എന്നാൽ അതു ചെയ്യാൻ അവർ പരാജയപ്പെട്ടതുകൊണ്ട് അസ്തോരെത്തിന്റെ (ഇഷ്ടാറിന്റെ കനാന്യ കൂട്ടാളിയുടെ) ആരാധന അവർക്കൊരു കെണിയായി.—ആവർത്തനപുസ്തകം 7:2, 5; ന്യായാധിപന്മാർ 10:6.
ഇഷ്ടാറും അവളുടെ കൂട്ടാളിയായ അസ്തോരെത്തും അസ്തിത്വത്തിലില്ലെന്നുവരികിലും അവർ പ്രതിനിധാനംചെയ്ത സ്വഭാവവിശേഷങ്ങൾ—അധാർമികതയും അക്രമവും—വിപുലവ്യാപകമാണ്. ഈ പ്രജനന-യുദ്ധ ദേവിമാരെ ആരാധിച്ചിരുന്ന ആ പുരാതന സംസ്കാരങ്ങളിൽനിന്നു തികച്ചും വ്യത്യസ്തമാണോ വാസ്തവത്തിൽ ആധുനിക സമുദായം എന്നു നാം ചോദിക്കുന്നതു നന്നായിരിക്കും.
[20-ാം പേജിലെ ചിത്രം]
താനിത്തിനു കുട്ടികളെയും ബലിയർപ്പിച്ചിരുന്നു
[കടപ്പാട്]
Ralph Crane/Bardo Museum