നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ!
ആ വയോധികൻ വാഗ്ദത്ത മിശിഹായെ കാണുന്നതിനുള്ള സമയം ഒടുവിൽ വന്നെത്തി! “കർത്താവിന്റെ [“യഹോവയുടെ,” NW] ക്രിസ്തുവിനെ കാണുംമുമ്പെ മരണം കാൺകയില്ല” എന്നു ദിവ്യ വെളിപാടിനാൽ ശിമ്യോന് അറിയാമായിരുന്നു. (ലൂക്കൊസ് 2:26) എന്നാൽ ആലയത്തിൽ പ്രവേശിച്ച ശിമ്യോന്റെ കരങ്ങളിൽ മറിയയും യോസേഫും പൈതലായ യേശുവിനെ വെച്ചുകൊടുത്തപ്പോൾ അത് എത്ര പുളകപ്രദമായിരുന്നു! “ഇപ്പോൾ നാഥാ തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയക്കുന്നു. ജാതികൾക്കു വെളിപ്പെടുവാനുള്ള പ്രകാശവും നിന്റെ ജനമായ യിസ്രായേലിന്റെ മഹത്വവുമായി . . . നിന്റെ രക്ഷയെ എന്റെ കണ്ണു കണ്ടുവല്ലോ” എന്നു പറഞ്ഞുകൊണ്ട് അവൻ ദൈവത്തെ സ്തുതിച്ചു.—ലൂക്കൊസ് 2:27-32; യെശയ്യാവു 42:1-6 താരതമ്യം ചെയ്യുക.
30-ാമത്തെ വയസ്സിലെ തന്റെ സ്നാപനം മുതൽ മരണത്തോളം യേശു ലോകത്തിന്റെ “വെളിച്ച”മാണെന്നു തെളിഞ്ഞു. ഏതു വിധങ്ങളിൽ? അവൻ ദൈവത്തിന്റെ രാജ്യത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പ്രസംഗിച്ചുകൊണ്ട് ആത്മീയ വെളിച്ചം വിതറി. അവൻ വ്യാജമത പഠിപ്പിക്കലുകളെ തുറന്നുകാട്ടുകയും അന്ധകാരത്തിന്റെ പ്രവൃത്തികളെ വ്യക്തമായി തിരിച്ചറിയിക്കുകയും ചെയ്തു. (മത്തായി 15:3-9; ഗലാത്യർ 5:19-21) അതുകൊണ്ട്, “ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു” എന്നു യേശുവിന് ഉചിതമായി പറയാൻ കഴിഞ്ഞു.—യോഹന്നാൻ 8:12.
എന്നിരുന്നാലും, പൊ.യു. [പൊതുയുഗം] 33-ൽ യേശു മരിച്ചു. വെളിച്ചം അപ്പോൾ അണഞ്ഞുപോയോ? തീർച്ചയായുമില്ല! ഭൂമിയിൽ ജീവനോടിരുന്നപ്പോൾ, ‘നിങ്ങളുടെ വെളിച്ചം മനുഷ്യരുടെ മുമ്പിൽ പ്രകാശിക്കട്ടെ’ എന്നു യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 5:16) തദനുസരണം, യേശുവിന്റെ മരണശേഷം അവന്റെ അനുഗാമികൾ ആ വെളിച്ചം പ്രകാശിപ്പിച്ചുകൊണ്ടിരുന്നു.
ഇന്നു ക്രിസ്ത്യാനികൾ യേശുവിനെ അനുകരിച്ചുകൊണ്ടു പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുകവഴി യഹോവയുടെ വെളിച്ചം പ്രതിഫലിപ്പിക്കുന്നു. ക്രിസ്തീയ ജീവിതത്തിൽ ജ്വലിക്കുന്ന മാതൃകകളായി അവർ സ്വയം തെളിയിച്ചുകൊണ്ട് ‘വെളിച്ചത്തിന്റെ മക്കളായി തുടർന്നു നടക്കുന്നു.’—എഫെസ്യർ 5:8, NW.