“നിങ്ങൾക്കു സഹിഷ്ണുതയുടെ ആവശ്യം ഉണ്ട്”
നാം “വാഗ്ദത്തനിവൃത്തി” പ്രാപിക്കണമെങ്കിൽ, നമുക്കു “സഹിഷ്ണുതയുടെ ആവശ്യം ഉണ്ട്.” (എബ്രായർ 10:36, NW) ഈ വാക്യത്തിൽ അപ്പോസ്തലനായ പൗലോസ് ഉപയോഗിച്ച “സഹിഷ്ണുത” എന്ന ഗ്രീക്ക് പദം “പ്രയാസമുള്ള പ്രതികൂല സാഹചര്യങ്ങളിൽ വളരാനുള്ള ഒരു ചെടിയുടെ പ്രാപ്തി”യെ വർണിക്കാൻ ചിലപ്പോൾ ഉതകിയതായി ഒരു ബൈബിൾ പണ്ഡിതൻ വിശദീകരിക്കുന്നു.
യൂറോപ്പിലെ പർവതങ്ങളിൽ അത്തരം ഒരു ചെടിതന്നെ വളരുന്നുണ്ട്. വിചിത്രമെന്നു പറയട്ടെ, അത് ചിരഞ്ജീവി (live-forever) എന്നു വിളിക്കപ്പെടുന്നു. ഈ ആൽപ്പൈൻ പ്രദേശത്തെ ചെടി തീർച്ചയായും എന്നേക്കും ജീവിക്കുന്നില്ല, എന്നാൽ അത് ഓരോ വേനലിലും വിശിഷ്ടമായ പൂക്കൾ ഉത്പാദിപ്പിച്ചുകൊണ്ട് അനേകവർഷക്കാലം നിലനിൽക്കുകതന്നെ ചെയ്യുന്നു. അതിന്റെ “ഉറപ്പും സ്ഥിരതയും” നിമിത്തമാണു ചിരഞ്ജീവി എന്ന പേർ അതിനു കൊടുക്കപ്പെട്ടതെന്നു ദി ന്യൂ എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ പറയുന്നു. (സെമ്പർവിവം എന്ന വർഗത്തിൽപ്പെട്ട ഈ ചെടിയുടെ ശാസ്ത്രീയനാമത്തിന്റെയും അർഥം “ചിരഞ്ജീവി” എന്നാണ്.)
ഈ നിലനിൽക്കുന്ന ചെടിയെ ശ്രദ്ധേയമാക്കുന്നത് അത് ഏററം പ്രതികൂല സാഹചര്യങ്ങളുള്ള സ്ഥലങ്ങളിൽ വളരുന്നു എന്നതാണ്. കാററടിച്ചുകൊണ്ടിരിക്കുന്ന ഉയർന്ന പർവതചെരിവുകളിൽ അതു കാണാൻ കഴിയും, അവിടെ താപനില വെറും 24 മണിക്കൂറിനുള്ളിൽ 35°C-വരെ കുത്തനേ താണേക്കാം. അതിന് ഒരു പാറപ്പിളർപ്പിലെ അൽപ്പം മണ്ണിൽ വേരുപിടിക്കാൻ കഴിയും. അത്തരം പ്രതികൂലാവസ്ഥകളിലെ അതിന്റെ സഹിഷ്ണുതയുടെ രഹസ്യങ്ങളിൽ ചിലത് ഏവയാണ്?
ചിരഞ്ജീവിക്കു ജലാംശമുള്ള ഇലകളാണുള്ളത്, അവ ശ്രദ്ധാപൂർവം വെള്ളം സംഭരിച്ചുവെക്കുന്നു. അതു മഴയിൽനിന്നോ ഉരുകുന്ന മഞ്ഞിൽനിന്നോ ലഭ്യമായ സകല ഈർപ്പവും പൂർണമായി പ്രയോജനപ്പെടുത്താൻ അതിനെ പ്രാപ്തമാക്കുന്നു. മാത്രവുമല്ല, അത് അവയുടെ പാറത്താങ്ങിൽ ദൃഢമായ പിടി കിട്ടാൻ ശക്തി സംയോജിപ്പിക്കുന്ന കററകളായി വളരുന്നു. പാറപ്പിളർപ്പുകളിൽ വേരുപിടിക്കുന്നതിനാൽ അൽപ്പം മണ്ണേ ഉള്ളുവെങ്കിൽപ്പോലും അതിനു പ്രകൃതിമൂലകങ്ങളിൽനിന്നു കുറേ സംരക്ഷണം ലഭിക്കുന്നു. മററു വാക്കുകളിൽ പറഞ്ഞാൽ അതു കഠിന സാഹചര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടു തഴച്ചുവളരുന്നു.
ആത്മീയമായി പറഞ്ഞാൽ, നാം നമ്മുടെ സഹിഷ്ണുതയുടെ ഗുണത്തെ പരിശോധിക്കുന്ന സാഹചര്യങ്ങളിൽ വന്നെത്തിയേക്കാം. പരിശോധനയിൻകീഴിൽ സഹിച്ചുനിൽക്കാൻ നമ്മെ എന്തു സഹായിക്കും? ചിരഞ്ജീവിച്ചെടിയെപ്പോലെ, നമുക്കു ദൈവവചനത്തിലെ ജീവദായകമായ വെള്ളം സംഭരിക്കാനും പിന്തുണയ്ക്കും സംരക്ഷണത്തിനുമായി സത്യക്രിസ്ത്യാനികളോട് അടുത്തു സഹവസിക്കാനും കഴിയും. എല്ലാററിനുമുപരിയായി ആ ആൽപ്പൈൻ ചെടിയെപ്പോലെ നാം നമ്മുടെ “പാറ”യായ യഹോവയോടും അവന്റെ വചനത്തോടും അവന്റെ സ്ഥാപനത്തോടും വിടാതെ പററിനിൽക്കണം.—2 ശമൂവേൽ 22:3.
സത്യമായി, ലഭ്യമായ കരുതലുകളെ പ്രയോജനപ്പെടുത്തുന്നുവെങ്കിൽ നമുക്ക് ഒരു കഠിന സാഹചര്യത്തിൽ പോലും സഹിച്ചുനിൽക്കാനാവും എന്നതിന്റെ ആകർഷകമായ ഒരു അനുസ്മരണമാണു ചിരഞ്ജീവിച്ചെടി. അങ്ങനെയുള്ള സഹിഷ്ണുത നാം ‘വാഗ്ദത്തങ്ങളെ അവകാശമാക്കു’ന്നതിലേക്കു നയിക്കുമെന്നു യഹോവ നമുക്ക് ഉറപ്പുനൽകുന്നു, അതിന്റെ അക്ഷരാർഥം നാം എന്നേക്കും ജീവിക്കുമെന്നായിരിക്കും.—എബ്രായർ 6:12; മത്തായി 25:46.