“അതു യഹോവയുടെ വേലയാണ്”
മെക്സിക്കോയിലെ മോൺടെറി നഗരത്തിലെ എൽ നോർട്ടെ എന്ന ഒരു പത്രത്തിൽ വന്ന ഒരു ലേഖനത്തിന്റെ ശീർഷകമായിരുന്നു അത്. ആ ലേഖനം യഹോവയുടെ സാക്ഷികളുടെ ഒരു പുതിയ സമ്മേളന ഹാളിനെക്കുറിച്ചുള്ളതായിരുന്നു.
മോൺടെറി, മെക്സിക്കോയുടെ വടക്കുഭാഗത്ത്, (നഗരപ്രാന്തമുൾപ്പെടെ) 23,00,000 ജനസംഖ്യയുള്ള ഒരു നഗരമാണ്. അവിടെ 19,200 രാജ്യപ്രസാധകരുണ്ട്. സൗകര്യപ്രദമായ 3,000 ഇരിപ്പിടങ്ങളും എയർകണ്ടീഷനിങ്ങുമുള്ള മനോഹരവും പ്രായോഗികവുമായ ഒരു സമ്മേളനഹാൾ പണിയുന്നതിന് ഏതാണ്ട് ഒന്നര വർഷക്കാലം സാക്ഷികൾ തങ്ങളുടെ ശ്രമങ്ങളെ ഏകോപിപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗം അതിന്റെ സമർപ്പണപ്രസംഗം നടത്തിയപ്പോൾ അവിടത്തെ സാക്ഷികൾ സന്തോഷിച്ചു. മോൺടെറിയിലെ പ്രവർത്തനത്തിന്റെ ഒരു ഹ്രസ്വചരിത്രം പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. നിർമാണത്തിൽ പങ്കെടുത്തവരുമായുള്ള അഭിമുഖങ്ങളുമുണ്ടായിരുന്നു. അതിനുശേഷം, ആ യോഗത്തിൽ സംബന്ധിച്ച 4,500 പേർ സമർപ്പണ പ്രസംഗം ആസ്വദിച്ചു.
“വലിപ്പമേറിയതും മെച്ചപ്പെട്ടതുമായ കൂടുതൽ രാജ്യഹാളുകളും സമ്മേളനഹാളുകളും” എന്നു വർണിക്കപ്പെടുന്ന ഒരു പരിപാടിപ്രകാരം മെക്സിക്കോയിൽ അടുത്തകാലത്തു നിർമിക്കപ്പെട്ട മൂന്നാമത്തെ സമ്മേളനഹാളാണ് ഇത്.
മെക്സിക്കോയിൽ 4,43,000-ത്തിലധികം പ്രസാധകരുള്ളതിനാലും 1995-ലെ സ്മാരകത്തിൽ 14,92,500 പേർ സംബന്ധിച്ചതിനാലും, മോൺടെറിയിലേതുപോലുള്ള, പുതിയ സമ്മേളനഹാളുകൾ തീർച്ചയായും ദിവ്യോദ്ദേശ്യത്തിനു പ്രയോജകീഭവിക്കും.