“ഞാൻ സ്വപ്നം കാണുകയല്ല, ആണോ?”
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ച് വേനൽക്കാലത്തു മലാവിയിൽ നടന്ന യഹോവയുടെ സാക്ഷികളുടെ ചരിത്രപ്രധാനമായ “സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്ററ് കൺവെൻഷനെക്കുറിച്ച് അവിടെനിന്നുള്ള റിപ്പോർട്ടാണ് പിൻവരുന്നത്.
“മലാവി തടാകത്തിന്റെ പശ്ചിമ തീരത്തേക്കുള്ള പ്രധാന വീഥിയിൽ പകുതി ദൂരം എത്തുമ്പോൾ, 29 വർഷത്തിൽ ആദ്യമായി ഒരു അടയാളം സ്ഥാപിച്ചിരുന്നു. ‘യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്ററ് കൺവെൻഷൻ’ എന്ന് അതു വായിക്കപ്പെടുന്നു.
“ആ അടയാളത്തിന്റെ സമീപം ഒരു വലിയ ട്രക്ക് പാർക്കുചെയ്തിരിക്കുന്നു, അതിന്റെ ട്രയിലറിൽനിന്ന് മ്സൂസൂ പട്ടണത്തിൽനിന്നുള്ള 200 പ്രതിനിധികൾ പുറത്തുവരുന്നു. മറ്റു സ്ഥലങ്ങളിൽനിന്നുള്ള 3,000-ത്തോളം വരുന്ന തങ്ങളുടെ സഹോദരീസഹോദരൻമാരോടൊപ്പം ചേരാൻ, അവർ കെട്ടുകണക്കിനു വസ്ത്രം, കമ്പിളി, കലങ്ങൾ, ബക്കറ്റുകൾ, ഭക്ഷണം, വിറക്, കൂടാതെ ബൈബിൾ എന്നിവ കൊണ്ടുവന്നിട്ടുണ്ട്.
“ട്രക്കിൽനിന്ന് ഇറങ്ങുന്ന സഹോദരങ്ങളെ ഞങ്ങൾ അഭിവാദ്യം ചെയ്യവേ, 63-കാരനായ ജോർജ് ചികാകോ തന്റെ സൈക്കിൾ മണലിലൂടെ തള്ളിക്കൊണ്ടു വരുന്നു, ന്കൊടാകോടായിൽനിന്നും രണ്ടു ദിവസം സൈക്കിളിൽ യാത്ര ചെയ്താണ് അദ്ദേഹം അവിടെ എത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ, ബൈബിൾ തത്ത്വങ്ങളിൽ വിട്ടുവീഴ്ചചെയ്യാനുള്ള അദ്ദേഹത്തിന്റെ വിസമ്മതത്തിന്റെ ഫലമായി ചികാകോ സഹോദരൻ നാലുതവണ ജയിലിൽ ശിക്ഷ അനുഭവിച്ചു. ജയിൽവാസകാലത്തു ലഭിച്ച പ്രഹരം നിമിത്തം അദ്ദേഹത്തിന്റെ മച്ചുനൻ മരിച്ചു. ‘ഞാൻ സ്വപ്നം കാണുകയല്ല, ആണോ?’ എന്ന് ചികാകോ സഹോദരൻ ചോദിക്കുന്നു. ‘ഈ കൺവെൻഷൻ പൂർണ പകൽ വെളിച്ചത്തിലാണ് നടക്കുന്നത്, ഈ ആളുകൾ രാജ്യഗീതങ്ങൾ ഉച്ചത്തിൽ ആലപിക്കുന്നു! ഈ കാലമത്രയും ഞങ്ങൾക്കു രാത്രിയുടെ മറവിൽ സമ്മേളിക്കുകയും രാജ്യഗീതങ്ങൾ മന്ത്രിക്കുകയും കരഘോഷം മുഴക്കാനായി ഞങ്ങൾ കൈകൾതമ്മിൽ തിരുമ്മുകയും ചെയ്യേണ്ടിയിരുന്നു. ഇപ്പോൾ ഞങ്ങൾ പരസ്യമായി സമ്മേളിക്കുന്നു. ഞങ്ങൾ ഏതാനും പേരേ ഉണ്ടായിരുന്നുള്ളൂവെന്ന് ആളുകൾ ചിന്തിച്ചിരുന്ന സമയത്തു ഞങ്ങൾ അനേകരുണ്ടെന്നു കാണുന്നത് ആളുകളെ അതിശയിപ്പിക്കുന്നു!’
“കൺവെൻഷൻ സ്ഥലം ഒരു പുൽവേലികൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. തണൽ നൽകുന്നതിനു മേൽക്കൂര ഞാങ്ങണകൊണ്ടു മേഞ്ഞിരിക്കുന്നു. പ്രതിനിധികളെ പാർപ്പിക്കുന്നതിനു ചെറിയ പുൽക്കുടിലുകളും തുറസ്സായ ഡോർമിറ്ററികളും നിർമിച്ചിരുന്നു. മനോഹരമായ സംഗീത സ്വരങ്ങളാൽ രാത്രി വായു ശബ്ദായമാനമാണ്, പീഡനഭയം നിമിത്തം അവ മേലാൽ നിശ്ശബ്ദമാക്കപ്പെടുന്നില്ല.
“കൺവെൻഷനു ‘സന്തുഷ്ട സ്തുതിപാഠകർ’ എന്ന പ്രതിപാദ്യവിഷയം ഉള്ളത് എത്ര അനുയോജ്യമാണ്!”
[കടപ്പാട്]
Mountain High Maps® Copyright © 1995 Digital Wisdom, Inc.