“നാമെല്ലാം ഒരേ കുടുംബത്തിൽ പെട്ടവരാണ്”
സമീപ വർഷങ്ങളിൽ മത മുൻവിധിയും വർഗീയവാദവും ഭൂവ്യാപകമായി പടർന്നിട്ടുണ്ട്. വംശീയ ഭിന്നതകൾ കൊലകൾക്കും പീഡനങ്ങൾക്കും ലജ്ജാകരമായ മറ്റു നിഷ്ഠുരതകൾക്കും തിരികൊളുത്തിയിട്ടുണ്ട്. അമ്നെസ്റ്റി ഇന്റർനാഷണലിന്റെ ഒരു റിപ്പോർട്ടുപ്രകാരം, മനുഷ്യാവകാശ ലംഘനങ്ങൾ 1994-ൽ ലോകവ്യാപകമായി 2.3 കോടിയിലധികം ആളുകളെ സ്വന്തം വീടുവിട്ട് ഓടാൻ നിർബന്ധിതരാക്കി.
റുവാണ്ടയിൽ മാത്രം, ടൂട്സികൾക്കും ഹൂട്ടുകൾക്കുമിടയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഏതാണ്ട് 5,00,000 പേർ കശാപ്പു ചെയ്യപ്പെടുകയും 20,00,000-ത്തിലധികം പേർ അഭയാർഥികളായിത്തീരുകയും ചെയ്തു. “ആയുധങ്ങളേന്താൻ വിസമ്മതിച്ചതു നിമിത്തം യഹോവയുടെ സാക്ഷികൾ വിശേഷിച്ചും പീഡിപ്പിക്കപ്പെട്ടു” എന്നു ബെൽജിയൻ ദിനപ്പത്രമായ ല സ്വാർ റിപ്പോർട്ടു ചെയ്തു. യഹോവയുടെ സാക്ഷികൾ സായുധ കലഹങ്ങളിൽ പങ്കെടുക്കുന്നില്ല. എങ്കിലും, അവരിൽ നൂറുകണക്കിനുപേർ അക്രമത്തിൽ കൊല്ലപ്പെട്ടു. അതു ശിഷ്യന്മാരോടുള്ള യേശുവിന്റെ പിൻവരുന്ന വാക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു: “നിങ്ങൾ ലോകത്തിന്റേതല്ലാത്തതുകൊണ്ട് . . . ലോകം നിങ്ങളെ ദ്വേഷിക്കുന്നു.”—യോഹന്നാൻ 15:19, പി.ഒ.സി. ബൈ.
ഒരു സാക്ഷിക്കുടുംബം—യോഷൻ ത്നാബാനായും ഭാര്യയും രണ്ടു മക്കളും—തലസ്ഥാന നഗരമായ കിഗാളിയിലാണു താമസിച്ചിരുന്നത്. ക്രിസ്തീയ നിഷ്പക്ഷതയെക്കുറിച്ചു തന്റെ അയൽക്കാരോടു വിശദീകരിക്കുമ്പോൾ ഉഷ്ണ കാലാവസ്ഥയിൽ തഴച്ചു വളർന്നു പടർന്നുപന്തലിക്കുന്ന ബൊഗേൻവില്ലയെക്കുറിച്ചു യോഷൻ മിക്കപ്പോഴും പറയുമായിരുന്നു.—മത്തായി 22:21.
“ഇവിടെ, കിഗാളിയിൽ ബൊഗേൻവില്ലയിൽ ചെമപ്പ്, പിങ്ക് നിറങ്ങളിലും ചിലപ്പോഴൊക്കെ വെള്ള നിറത്തിലും പൂക്കൾ ഉണ്ടാകുന്നു. എങ്കിലും അവയെല്ലാം ഒരേ വർഗത്തിൽ പെട്ടതാണ്. മനുഷ്യരുടെ കാര്യവും അതുതന്നെയാണ്. വ്യത്യസ്ത വർഗങ്ങളിലോ നിറങ്ങളിലോ വംശീയ പശ്ചാത്തലത്തിലോ ഉള്ളവരാണെങ്കിലും നാമെല്ലാം ഒരേ കുടുംബത്തിൽപ്പെട്ടവരാണ്—മനുഷ്യവർഗമെന്ന കുടുംബത്തിൽ” എന്നു യോഷൻ വിശദീകരിക്കുമായിരുന്നു.
ശാന്തപ്രകൃതവും നിഷ്പക്ഷ നിലപാടും ഉള്ളവരായിരുന്നിട്ടും ത്നാബാനാ കുടുംബത്തെ രക്തദാഹിയായ ഒരു ജനക്കൂട്ടം കൊലചെയ്തു എന്നതു ദുഃഖകരമാണ്. എങ്കിലും, അവർ വിശ്വസ്തരായി മരിച്ചു. മേലാൽ മുൻവിധി ഉണ്ടായിരിക്കുകയില്ലാത്ത ഒരു ലോകം അവകാശപ്പെടുത്തുന്നതിന് ഉയിർപ്പിക്കുമെന്ന അത്തരക്കാരോടുള്ള തന്റെ വാഗ്ദത്തം യഹോവയാം ദൈവം നിവർത്തിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. (പ്രവൃത്തികൾ 24:15) അന്നു മറ്റുള്ളവരോടൊപ്പം ത്നാബാനാ കുടുംബം “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കും.”—സങ്കീർത്തനം 37:11.