ശാന്തഹൃദയത്തിന്റെ പ്രയോജനങ്ങൾ
അനിയന്ത്രിത കോപം മനുഷ്യശരീരത്തിന് അപകടമാണെന്ന് ആധുനിക വൈദ്യശാസ്ത്രത്തിനു ദീർഘനാളായി അറിയാം. നൂറിലധികം വർഷംമുമ്പ്, ദ ജേണൽ ഓഫ് ദി അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (ജാമ) പ്രസ്താവിച്ചു: “ഒരു കോപാവേശ പ്രകടനത്തിന്റെ ഫലമായി ഒരുവൻ മരിച്ചുവീഴാം. ദുർബല ഹൃദയമായിരിക്കാം കാരണം. മാനസികാവസ്ഥ അടിച്ചേൽപ്പിക്കുന്ന സമ്മർദം ഒരുപക്ഷേ അതിനു താങ്ങാനായില്ലായിരിക്കാം. അത്തരം കോപാവേശപ്രകടനങ്ങളുടെ നീണ്ട പരമ്പരയുടെ പാരമ്യമാണ് ആ മരണം എന്നും അവതന്നെയാണു ഹൃദയത്തെ ദുർബലമാക്കിയത് എന്നും ആരും ചിന്തിക്കുന്നില്ലെന്നു തോന്നുന്നു.”
മേൽപ്പറഞ്ഞ വാക്കുകൾ ദൈവവചനമായ ബൈബിളിന്റെ പഠിതാക്കളെ അതിശയിപ്പിക്കുന്നില്ല. കോപാവേശത്തിന്റെ അപകടങ്ങളെക്കുറിച്ചു ജാമ പ്രസ്താവിച്ചതിന് ഏതാണ്ട് 29 നൂറ്റാണ്ടുകൾക്കുമുമ്പ്, ശലോമോൻ രാജാവ് നിശ്വസ്തതയിൽ ഇങ്ങനെ എഴുതി: “ശാന്തമനസ്സു ദേഹത്തിന്നു ജീവൻ.” (സദൃശവാക്യങ്ങൾ 14:30) ഈ വാക്കുകൾ ഇന്നും സത്യമാണ്.
ശാന്തമായ മാനസികാവസ്ഥ നിലനിർത്തിക്കൊണ്ട്, ഉയർന്ന രക്തസമ്മർദം, തലവേദന, ശ്വസനസംബന്ധമായ ക്രമക്കേടുകൾ എന്നിങ്ങനെയുള്ള മിക്കവാറും സമ്മർദവുമായി ബന്ധപ്പെട്ട അനേകം രോഗങ്ങളിൽനിന്നു നാം ഒഴിവാകുന്നു. കൂടാതെ, നാം “കോപം കളഞ്ഞു ക്രോധം ഉപേക്ഷി”ക്കാൻ യത്നിക്കുന്നെങ്കിൽ മെച്ചപ്പെട്ട ആരോഗ്യം മാത്രമല്ല, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങളും പുഷ്ടിപ്പെടും. (സങ്കീർത്തനം 37:8) യേശുവിന്റെ സൗമ്യപ്രകൃതവും ആളുകളോടുള്ള ഹൃദയംഗമമായ താത്പര്യവും നിമിത്തം അവർ അവനിലേക്ക് സ്വാഭാവികമായും ആകർഷിക്കപ്പെട്ടു. (മർക്കൊസ് 6:31-34) അതുപോലെ, നാം ശാന്തമായ ഒരു ഹൃദയം നട്ടുവളർത്തുന്നെങ്കിൽ, മറ്റുള്ളവർക്കു നാം നവോന്മേഷത്തിന്റേതായ ഒരു ഉറവായിരിക്കും.—മത്തായി 11:28-30.