ആരുടെ നിയന്ത്രണത്തിൽ?
“ലോകത്തെ ഭരിക്കുന്നതാരാണ്?” നിങ്ങളോടാരെങ്കിലും ആ ചോദ്യം ചോദിച്ചാൽ നിങ്ങളെങ്ങനെ മറുപടി പറയും? മതവിശ്വാസമുള്ള മിക്ക ആളുകളും “ദൈവം” എന്നോ “യേശു” എന്നോ ആയിരിക്കും പറയുക. ബഹാമാസിലെ ഒരു വർത്തമാനപത്രമായ ദ ഫ്രീപോർട്ട് ന്യൂസിൽ പ്രത്യക്ഷപ്പെട്ട ഒരു ലേഖനം അധികമാരും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമാണു നൽകിയത്.
“ഞാൻ വീട്ടുവാതിൽക്കൽ ഒരു ലഘുലേഖ കിടക്കുന്നതു കണ്ടു,” ലേഖനത്തിന്റെ എഴുത്തുകാരി അങ്ങനെയാണ് ആരംഭിച്ചത്. “സാധാരണഗതിയിൽ ഞാൻ അത്തരത്തിലുള്ള ഒന്ന് അവഗണിക്കാറാണു പതിവ്. പക്ഷേ, ഇപ്രാവശ്യം അതു വായിക്കാൻ തീരുമാനിച്ചു. തലക്കെട്ട് ‘ആർ യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു?’ എന്ന ഒരു ചോദ്യമുന്നയിച്ചു.” ആ ബൈബിളധിഷ്ഠിത ലഘുലേഖ വായിച്ചതിലൂടെ, ദൈവമോ യേശുവോ അല്ല, പകരം പിശാചായ സാത്താനാണ് ഈ ലോകത്തിന്റെ ഭരണാധിപൻ എന്ന് ആ സ്ത്രീ മനസ്സിലാക്കി.—യോഹന്നാൻ 12:31; 14:30; 16:11; 1 യോഹന്നാൻ 5:19.
“ഭീകരവും നിഷ്ഠുരവുമായ ക്രൂരതയുടെ ആധിക്യത്തെക്കുറിച്ചു പരിചിന്തിക്കുക,” ലഘുലേഖ വിശദീകരിക്കുന്നു. “വിഷവാതക അറകൾ, തടങ്കൽ പാളയങ്ങൾ, അഗ്നിനിക്ഷേപണായുധങ്ങൾ, നാപാം ബോംബുകൾ എന്നിവയും മറ്റു ചില അതിദുഷ്ടമായ രീതികളും ദയയില്ലാതെ പരസ്പരം പീഡിപ്പിക്കുന്നതിനും കൊന്നൊടുക്കുന്നതിനും വേണ്ടി മനുഷ്യർ ഉപയോഗിച്ചിരിക്കുന്നു. . . . ഇപ്രകാരം വെറുക്കത്തക്ക കൃത്യങ്ങളിലേക്കു മനുഷ്യരെ തിരിച്ചുവിടുകയും തങ്ങൾ ഘോരകർമങ്ങളിലേർപ്പെടാൻ നിർബന്ധിതരാണെന്നു തോന്നാൻ ഇടയാക്കുന്ന സാഹചര്യങ്ങളിൽ അവരെ കൗശലപൂർവം ആക്കിത്തീർക്കുകയും ചെയ്യുന്നത് ഏതു ശക്തികളാണ്? ഇപ്രകാരമുള്ള അക്രമ പ്രവൃത്തികൾ ചെയ്യുന്നതിനു മനുഷ്യരെ ഏതോ അദൃശ്യ, ദുഷ്ട ശക്തി സ്വാധീനിക്കുന്നുണ്ടെന്നു നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?” ബൈബിൾ സാത്താനെ “ഈ ലോകത്തിന്റെ ദൈവം” എന്നു വിളിക്കുന്നുവെന്നത് അത്ഭുതകരമാണോ?—2 കൊരിന്ത്യർ 4:4.
സന്തോഷകരമെന്നു പറയട്ടെ, സാത്താനെയും അവന്റെ ഭൂതങ്ങളെയും ഇല്ലായ്മ ചെയ്യുന്നതിനുള്ള സമയം അടുത്തിരിക്കുന്നു. “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (1 യോഹന്നാൻ 2:17) അതേ, ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവർക്കു നീതിനിഷ്ഠമായ ഒരു പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയുണ്ടെന്നു ബൈബിൾ വാഗ്ദത്തം ചെയ്യുന്നു. (സങ്കീർത്തനം 37:9-11; 2 പത്രൊസ് 3:13; വെളിപ്പാടു 21:3, 4) സാത്താന്റെയും അവന്റെ ഭൂതങ്ങളുടെയും ദുഷ്ട സ്വാധീനത്തിന് അറുതിയുണ്ടാകുമ്പോൾ എത്ര ആശ്വാസമായിരിക്കും!
ഈ ചെറിയ ലഘുലേഖയുടെ ഉള്ളടക്കത്തിന്റെ ചുരുക്കം കൊടുത്തിട്ട്, ദ ഫ്രീപോർട്ട് ന്യൂസിലെ ലേഖനത്തിന്റെ എഴുത്തുകാരി ഇങ്ങനെ അവസാനിപ്പിച്ചു: “ആ ലഘുലേഖ വായിച്ചതിൽ എനിക്കു വളരെയേറെ സന്തോഷമുണ്ട് . . . കാരണം, ലോകത്തിന്റെ അവസ്ഥയും അത് ആരുടെ നിയന്ത്രണത്തിലാണെന്നതും സംബന്ധിച്ചു ഞാനും ഉത്കണ്ഠാകുലയായിരുന്നു.”