403 വർഷമെത്തിയ ഒരു വിവാഹം കുഴപ്പത്തിൽ
സ്വീഡനിൽ 400-ലേറെ വർഷമായി സഭയും രാഷ്ട്രവും തമ്മിൽ ഒരടുത്ത ബന്ധം ആസ്വദിച്ചിട്ടുണ്ട്. ഇപ്പോൾ മതവും ഗവൺമെൻറും തമ്മിലുള്ള വിവാഹം ക്ഷയിച്ചുവരുന്നു.
1593-ൽ ലൂഥറൻ സഭ രാഷ്ട്രമതമായി സുസ്ഥാപിതമായി. സ്വീഡൻകാരെല്ലാം സ്നാപനമേറ്റ അംഗങ്ങളാകണമായിരുന്നു. വർഷങ്ങൾക്കുശേഷം 1850-കളിൽ ഒരു ക്രമീകരണം നടന്നു. സ്വീഡൻകാർക്കു മേലാൽ സ്നാപനമേൽക്കേണ്ടതില്ലായിരുന്നു; എങ്കിലും അവർ ലൂഥറൻ സഭയിലെ അംഗങ്ങളായി കണക്കാക്കപ്പെട്ടു. അതിനാൽ നികുതിയടയ്ക്കുന്ന വരുമാനത്തിന്റെ ഒരു ശതമാനം സഭയെ പിന്തുണയ്ക്കുന്നതിനും സഭ ചെയ്യുന്ന ചില പൊതുസേവന ഫണ്ടിലേക്കും അടയ്ക്കാൻ അവരോട് ആവശ്യപ്പെട്ടു. അടുത്ത കാലത്ത് മറ്റൊരു മാറ്റം സംഭവിച്ചു. 1952 മുതൽ, സ്വീഡൻകാർക്ക് സഭയിൽനിന്നു നിയമപരമായി പിൻമാറാൻ സാധിക്കുമായിരുന്നു. അങ്ങനെ അവർക്കു സഭാ നികുതിയുടെ നല്ലൊരു പങ്ക് അടയ്ക്കുന്നതിൽനിന്ന് ഒഴിവുള്ളവരായിരിക്കാമായിരുന്നു.
സമീപകാലത്ത് ലൂഥറൻ സഭയ്ക്ക് സ്വീഡന്റെ മേലുള്ള നിയന്ത്രണം തുടർന്നും നഷ്ടപ്പെട്ടിരിക്കുന്നു. ഇത് അനിവാര്യമായിരുന്നു. കാരണം സ്വീഡനിലെ നിവാസികളിൽ 10 ശതമാനം ലൂഥറൻ സഭയിൽപ്പെടാത്ത കുടിയേറ്റക്കാരായിരുന്നു. യഹൂദന്മാരും കത്തോലിക്കരും മുസ്ലീങ്ങളും ഇതിൽ ഉൾപ്പെടും. അങ്ങനെ 1996-ന്റെ തുടക്കത്തിൽ സ്വീഡൻകാരിൽ 86 ശതമാനം മാത്രമേ ലൂഥറൻ സഭയിൽപ്പെട്ടവരായി ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല എണ്ണം കുറഞ്ഞുവരുകയും ചെയ്യുന്നു.
വളർന്നുവരുന്ന ഉദാസീനത സഭയ്ക്കും രാഷ്ട്രത്തിനുമിടയിൽ ഒരു വിടവ് സൃഷ്ടിക്കുന്നു. രാജാവ് ലൂഥറൻ മതത്തിൽപ്പെട്ടവനായിരിക്കേണ്ടതില്ലെന്നും ലൂഥറൻ സഭയിൽപ്പെട്ട ഒരു മാതാവിനോ പിതാവിനോ ജനിക്കുന്ന കുട്ടികൾ സ്വാഭാവികമായി ലൂഥറൻ രാഷ്ട്ര സഭയിലെ അംഗങ്ങളായി കണക്കാക്കപ്പെടുന്നില്ലെന്നും ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. അതിലുപരി, ദ ഡള്ളാസ് മോർണിങ് ന്യൂസ് പറയുന്നതനുസരിച്ച് 2,000-ാമാണ്ടോടെ “സ്ഥലത്തെ ഇടവകകളും രാഷ്ട്രങ്ങളും സഭയുടെ കൈവശമുള്ള വിപുലമായ വസ്തുവകകളുടെ വില നിർണയിച്ച് വിഭാഗിക്കണം. സഭ അതിന്റെ 168 കോടി വരുന്ന വാർഷിക ബജറ്റ് വെട്ടിച്ചുരുക്കണം. ഇതിലധികവും നികുതികളിലൂടെയാണ് ശേഖരിക്കുന്നത്.” ഈ നൂറ്റാണ്ടിനുശേഷം സഭ സ്വന്തമായി ബിഷപ്പുമാരെ നിയമിക്കും.
ഉദാസീനതയും ക്ഷയിച്ചുവരുന്ന അംഗസംഖ്യയും ക്രൈസ്തവലോകത്തെ ഗ്രസിക്കുമ്പോൾ സ്വീഡനിൽ യഹോവയുടെ സാക്ഷികൾ തഴച്ചുവളരുന്നു. ആ ദേശത്ത് ദൈവരാജ്യത്തിന്റെ 24,487 പ്രസാധകരുണ്ടെന്നും 10 ശതമാനത്തോളം മുഴുസമയ പയനിയർ ശുശ്രൂഷകരാണെന്നും യഹോവയുടെ സാക്ഷികളുടെ 1997-ലെ വാർഷിക പുസ്തകം റിപ്പോർട്ടു ചെയ്യുന്നു. ഇവരിൽ പലരും വലിയ വലിയ സേവനപദവികൾ എത്തിപ്പിടിക്കുന്നു. ഉദാഹരണത്തിന്, 1995-ലെ യഹോവയുടെ സാക്ഷികളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ 20 വിവാഹിത ദമ്പതികൾ വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിൽ മിഷിനറി പരിശീലനത്തിനായി അപേക്ഷകൾ സമർപ്പിച്ചു. ആ സമയത്ത് മുൻ ഗിലെയാദ് ക്ലാസ്സുകളിൽനിന്നു ബിരുദമെടുത്ത, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷിനറിമാരായി സേവിക്കുന്ന 75 സ്വീഡൻകാർ ഉണ്ടായിരുന്നു. സംശയലേശമെന്യേ അവരുടെ നല്ല മാതൃകയും പ്രോത്സാഹനമേകുന്ന കത്തുകളും സന്ദർശനങ്ങളും, ഇപ്പോൾ ഈ വലിയ പദവി എത്തിപ്പിടിക്കാൻ ശ്രമിക്കുന്നവരെ ഉത്തേജിപ്പിച്ചിട്ടുണ്ട്.
അങ്ങനെ, ക്രൈസ്തവലോകത്തിലെ ലക്ഷക്കണക്കിനാളുകൾ മനോവീര്യത്തകർച്ചമൂലം ക്ലേശിക്കുമ്പോൾ യഹോവയുടെ സാക്ഷികൾ “ഹൃദയാനന്ദംകൊണ്ടു ഘോഷിക്കു”ന്നു.—യെശയ്യാവു 65:13, 14.
[30-ാം പേജിലെ ഭൂപടം]
സ്വീഡൻ