ബാല്യത്തിൽ നുകം ചുമക്കൽ
ഈ“ദുർഘടസമയങ്ങ”ളിൽ, യുവജനങ്ങൾ കനത്ത സമ്മർദങ്ങളെ അഭിമുഖീകരിക്കുന്നു. (2 തിമൊഥെയൊസ് 3:1) അധാർമികതയെയും പുകവലിയെയും നാശകരമായ മറ്റു ശീലങ്ങളെയും ഉന്നമിപ്പിക്കുന്ന ആശയപ്രചരണങ്ങൾ അനുദിനം അവരെ വേട്ടയാടുകയാണ്. ബൈബിൾ പ്രമാണങ്ങൾ പിൻപറ്റുന്നവർ, നാടോടുമ്പോൾ നടുവേ ഓടുന്ന പ്രകൃതക്കാരല്ലാത്തതുകൊണ്ടു പരിഹാസത്തിനു പാത്രമായേക്കാം. അതിനു മുമ്പിൽ പതറിവീഴുന്നതാണ് എളുപ്പമെന്നു ചില ക്രിസ്ത്യാനികൾക്കു തോന്നിയേക്കാം.
പൊ.യു.മു. ഏഴാം നൂറ്റാണ്ടിന്റെ അന്ത്യത്തോടടുത്തു യിരെമ്യാ പ്രവാചകൻ ഇങ്ങനെ എഴുതി: “ബാല്യത്തിൽ നുകം ചുമക്കുന്നതു ഒരു പുരുഷന്നു നല്ലതു.” (വിലാപങ്ങൾ 3:27) അവൻ എന്താണർഥമാക്കിയത്? ബാല്യത്തിൽ പരിശോധനകൾ നേരിടാൻ പഠിക്കുന്നത് ഒരുപക്ഷേ, പ്രായപൂർത്തിയാകുമ്പോൾ ദുഷ്കരമായ പ്രശ്നങ്ങൾ തരണംചെയ്യുന്നതിനു സജ്ജനാകാൻ ഒരുവനെ സഹായിക്കുന്നു. ക്രിസ്ത്യാനികളായ യുവജനങ്ങൾക്കും മുതിർന്നവർക്കും അനിഷ്ട സംഗതികളിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല. (2 തിമൊഥെയൊസ് 3:12) എങ്കിലും, അനുരഞ്ജനപ്പെടുന്നതു നിമിത്തമുണ്ടായേക്കാവുന്ന ഏതൊരു താത്കാലിക ആശ്വാസത്തെയും കടത്തിവെട്ടുന്നതാണു വിശ്വസ്തത കൈവരുത്തുന്ന പ്രയോജനങ്ങൾ.
നിങ്ങളൊരു യുവാവാണെങ്കിൽ, വിശ്വാസത്തിന്റെ പരിശോധനകളെ പതറാതെ നേരിടുക. ദുർന്നടപ്പിൽ ഏർപ്പെടാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ വഴങ്ങാതിരിക്കുക. അപ്പോൾ അതു ചെയ്യുക ദുഷ്കരമാണെന്നു വരികിലും പിൽക്കാല ജീവിതത്തിൽ നിങ്ങൾക്ക് ഉത്കണ്ഠകൾ കുറവായിരിക്കും. ‘എന്റെ നുകം ഏററുകൊൾവിൻ, എന്നാൽ നിങ്ങൾ നിങ്ങളുടെ ദേഹികൾക്കു നവോന്മേഷം കണ്ടെത്തും. എന്തുകൊണ്ടെന്നാൽ എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു’ എന്ന് യേശു വാഗ്ദാനം ചെയ്തു.—മത്തായി 11:29, 30, NW.
ബൈബിൾ തത്ത്വങ്ങളനുസരിച്ചു ജീവിക്കുന്നതു നിമിത്തമുള്ള വെല്ലുവിളികൾ ഏറ്റെടുക്കുക. അപ്രകാരം ചെയ്യുന്നത് ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും മികച്ച ജീവിതവും ഉറച്ച ഭാവിപ്രത്യാശയും പ്രദാനം ചെയ്യും. ബൈബിൾ പറയുന്നപ്രകാരം, “ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.”—1 യോഹന്നാൻ 2:17.