‘ദൈവം എന്റെ സങ്കേതം’
ഇടപെടാൻ പ്രയാസമായ ഈ “ദുർഘടസമയങ്ങ”ളിൽ പ്രലോഭനങ്ങളും സമ്മർദങ്ങളും പൂർവാധികം വർധിക്കുകയാണ്. ഉദാഹരണത്തിന്, ജോലിസ്ഥലത്തു നമ്മുടെ സത്യസന്ധതയുടെ മാറ്റുരയ്ക്കപ്പെട്ടേക്കാം. സ്കൂളിലായിരിക്കുമ്പോൾ, ചാരിത്ര്യം കളഞ്ഞുകുളിക്കാൻ ഇടയാക്കുന്ന പ്രവർത്തനങ്ങളിലേർപ്പെടാൻ സഹപാഠികൾ നമ്മെ പ്രലോഭിപ്പിച്ചേക്കാം. കൂടാതെ, ധാർമികമായി അധഃപതിച്ച ലോകത്തിൽ മിക്കപ്പോഴും നമ്മുടെ നിർമലത പരിശോധിക്കപ്പെടുന്നു.—2 തിമൊഥെയൊസ് 3:1-5.
ദുഷ്ടത തഴച്ചുവളർന്നിരുന്ന സമയത്താണു ബൈബിൾ എഴുത്തുകാരനായ ആസാഫും ജീവിച്ചിരുന്നത്. അവന്റെ സമകാലീനരിൽ ചിലർ തങ്ങളുടെ ഭക്തിവിരുദ്ധമായ നടത്തയെക്കുറിച്ചു വീമ്പിളക്കുകപോലും ചെയ്തു. “ഡംഭം അവർക്കു മാലയായിരിക്കുന്നു; ബലാല്ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു. അവർ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു,” ആസാഫ് എഴുതി. (സങ്കീർത്തനം 73:6, 8) ഇതു പരിചിതമായ മനോഭാവമാണെന്നു തോന്നുന്നുണ്ടോ?
ശരിയായതു ചെയ്യാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അത്തരം നടത്ത വളരെ ദുഃഖകരമാണെന്നു മാത്രമല്ല, നിരുത്സാഹജനകവുമാണ്. “ഞാൻ ഇടവിടാതെ ബാധിതനായിരുന്നു. എനിക്കു പ്രയാസമായി തോന്നി” എന്ന് ആസാഫ് വിലപിച്ചു. (സങ്കീർത്തനം 73:14, 16) നിങ്ങൾക്കും അങ്ങനെ തോന്നിയേക്കാം. എന്നാൽ, നിരാശപ്പെടരുത്! തന്റെ നാളിലെ ദുഷ്ടത തരണംചെയ്യാൻ ആസാഫിനു കഴിഞ്ഞു. നിങ്ങൾക്കും അതിനു കഴിയും. എങ്ങനെ?
മനുഷ്യരുടെ അപൂർണ ഭരണത്തിൻ കീഴിൽ യഥാർഥ നീതി കണ്ടെത്തുക ഏതാണ്ട് അസാധ്യമാണെന്ന് ആസാഫ് തിരിച്ചറിയാനിടയായി. (സങ്കീർത്തനം 146:3, 4; സദൃശവാക്യങ്ങൾ 17:23) തന്മൂലം, ചുറ്റുമുണ്ടായിരുന്ന ദുഷ്ടതയെല്ലാം തുടച്ചുനീക്കാനായി തന്റെ വിലയേറിയ സമയവും ഊർജവും വിഭവങ്ങളും ചെലവിടാൻ മിനക്കെടുന്നതിനു പകരം ദൈവവുമായുള്ള ബന്ധത്തിൽ അവൻ ശ്രദ്ധ കേന്ദ്രീകരിച്ചു. “ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; . . . ഞാൻ യഹോവയായ കർത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു” എന്ന് ആസാഫ് പ്രഖ്യാപിച്ചു.—സങ്കീർത്തനം 73:28.
ഇന്ന്, ദുഷിച്ച ബിസിനസ് സംരംഭങ്ങളിലേർപ്പെടുന്നവർ മിക്കപ്പോഴും ഭൗതിക നേട്ടങ്ങൾ ആസ്വദിക്കുന്നുണ്ട്. ദൈവത്തിന്റെ ധാർമിക നിയമങ്ങൾ തുച്ഛീകരിക്കുന്നതായി അനേകർ വീമ്പിളക്കുകപോലും ചെയ്തേക്കാം. എന്നാൽ അവർ രക്ഷപ്പെടാൻ പോകുന്നില്ല. “നിശ്ചയമായി നീ അവരെ വഴുവഴുപ്പിൽ നിർത്തുന്നു. നീ അവരെ നാശത്തിൽ തള്ളിയിടുന്നു,” ആസാഫ് എഴുതി.—സങ്കീർത്തനം 73:18.
അതേ, സത്യക്രിസ്ത്യാനികൾ കണിശമായും ഒഴിവാക്കേണ്ട ചതിയും അക്രമവും അഴിമതിയും ഭക്തിവിരുദ്ധമായ മറ്റു പ്രവൃത്തികളും തക്ക സമയത്തു ദൈവം ഇല്ലായ്മ ചെയ്യും. “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും” എന്നു ബൈബിൾ വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:9) അതിനിടയിൽ, നമുക്ക് സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകൾ ആവർത്തിക്കാം: “യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാൻ ശരണമാക്കുന്ന [“സങ്കേതമാക്കുന്ന,” NW] എന്റെ പാറയും . . . ആകുന്നു.”—സങ്കീർത്തനം 18:2.