‘സത്യത്തിന്റെ രത്നങ്ങൾ’
‘സത്യത്തിന്റെ രത്നങ്ങൾ.’ യഹോവയുടെ സാക്ഷികളുടെ നൈജീരിയ ബ്രാഞ്ചിലേക്കുള്ള ഒരു കത്ത് രണ്ടു പ്രത്യേക മാസികകളെ വിവരിക്കുന്നത് അപ്രകാരമാണ്. അത് എഴുതിയ ചെറുപ്പക്കാരൻ വിശദീകരിക്കുന്നു:
“വീക്ഷാഗോപുരം, ഉണരുക! മാസികകളിലൂടെ അനുദിന ജീവിതത്തിന്റെ മിക്കവാറുമെല്ലാ വശങ്ങളെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കാൻ നിങ്ങൾ ചെലുത്തുന്ന ശ്രമങ്ങൾക്ക് ആത്മാർഥമായ നന്ദി പ്രകടിപ്പിക്കാനാണ് ഞാൻ ഇത് എഴുതുന്നത്.
“എനിക്ക് 17 വയസ്സുണ്ട്. ‘പ്രേമത്തിൽ ലൈംഗികതയെക്കാൾ കൂടുതൽ ഉൾപ്പെട്ടിരിക്കുന്നു—എയ്ഡ്സ് യാഥാർഥ്യമാണ്’ എന്ന വിഷയത്തിൽ കഴിഞ്ഞ വർഷം പ്രാദേശിക റേഡിയോനിലയം ഒരു ഉപന്യാസ മത്സരം സംഘടിപ്പിച്ചു. ഓരോ ഉപന്യാസവും നാനൂറു വാക്കുകളിൽ കുറയരുതായിരുന്നു. ഏറ്റവും നല്ല ഉപന്യാസത്തിന് 1,000 നൈറയുടെ [12.50 യു.എസ്. ഡോളർ] ഒരു സമ്മാനം നൽകുമായിരുന്നു. തീർച്ചയായും, കേവലം സമ്മാനം നേടാൻവേണ്ടിയല്ല, മറിച്ച് ചിലതു പഠിക്കാൻവേണ്ടി . . . ആളുകൾ ഇത് എഴുതണമെന്ന് അവർ പറഞ്ഞു.
“രണ്ടു മാസികകളിലും ഞാൻ എയ്ഡ്സിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തി. പ്രേമത്തെക്കുറിച്ച് ഒട്ടനവധി ലേഖനങ്ങൾ ഉണ്ടായിരുന്നു. 1978 ആഗസ്റ്റ് 8 ഉണരുക!യിൽനിന്നുള്ള (ഇംഗ്ലീഷ്) ആശയങ്ങൾ ഞാൻ ഉപയോഗിച്ചു.
“എന്റെ ഉപന്യാസം അയച്ചിട്ട് രണ്ടുമാസം തികയുന്നതിനുമുമ്പേ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ക്രോസ് റിവെർ, ആക്വാ ഇബം എന്നീ സംസ്ഥാനങ്ങളിൽ ഞാൻ ഒന്നാമതെത്തിയത് എന്നെ അതിശയിപ്പിച്ചു.
“ഞാൻ ഉപയോഗിച്ച മുഴു വിവരങ്ങളും ആ മാസികകളിൽനിന്നുള്ളതായിരുന്നു. പ്രശ്നബാധിതവും രോഗാതുരവുമായ ഈ ലോകത്ത് യഹോവ നമുക്കു കാലോചിതമായ വിവരങ്ങൾ പ്രദാനം ചെയ്യുന്നതു വാസ്തവത്തിൽ അത്ഭുതകരമാണ്. പ്രേമത്തിൽ ലൈംഗികതയെക്കാൾ വളരെ, വളരെയേറെ ഉൾപ്പെട്ടിരിക്കുന്നുവെന്ന് സത്യക്രിസ്ത്യാനികൾ എന്ന നിലയിൽ നമുക്കറിയാം. കൂടാതെ, ഒരു ശുദ്ധമായ, ധാർമിക ജീവിതം നയിക്കുന്നത് നമ്മെ എയ്ഡ്സ് പോലുള്ള രോഗങ്ങളിൽനിന്നു തീർച്ചയായും സംരക്ഷിക്കുന്നു.
“നിങ്ങൾ മടുപ്പില്ലാതെ പ്രസിദ്ധീകരിക്കുന്ന സത്യത്തിന്റെ ഈ രത്നങ്ങളെപ്രതി നിങ്ങൾക്കു നന്ദിപറയാതിരിക്കാൻ എനിക്കാവില്ല. ഈ അമൂല്യ മാസികകൾ നിങ്ങൾ തുടർച്ചയായി പ്രദാനംചെയ്യവേ നിങ്ങളുടെ ശ്രമങ്ങളെ യഹോവ തുടർന്നും അനുഗ്രഹിക്കട്ടെ.”